ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത അഫ്ഗാന്‍ അധിനിവേശം
അഫ്ഗാനിസ്താനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തെക്കുറിച്ച ഒബാമയുടെ പുതിയ പ്രസ്താവന അഫ്ഗാന്‍ അധിനിവേശം അന്താരാഷ്ട്ര മേഖലയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുന്നു. 2016 അവസാനത്തോടെ പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് സേനാ പിന്മാറ്റം നടത്തുമെന്ന് പറഞ്ഞിരുന്ന ഒബാമ ആ തീരുമാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ തീരുമാനമനുസരിച്ച് 2016 അവസാനം വരേക്കും 9800-ലധികം സൈനികര്‍ ബഹുമുഖ ആവശ്യങ്ങള്‍ക്കായി അഫ്ഗാനില്‍ തുടരും. പല സന്ദര്‍ഭങ്ങളിലായി അഫ്ഗാനിലെ സൈനികരുടെ എണ്ണം കുറക്കുകയും കൂട്ടുകയും സേനാ പിന്മാറ്റത്തിന്റെ സമയക്രമങ്ങള്‍ അടിക്കടി മാറ്റിപ്പറയുകയും ചെയ്യുമ്പോള്‍, അമേരിക്കയുടെ മനസ്സിലിരുപ്പിനെക്കുറിച്ച സംശയങ്ങള്‍ ജനിക്കുക സ്വാഭാവികം.
2001-ല്‍ ആരംഭിച്ച അധിനിവേശം നീണ്ട 14 വര്‍ഷം പിന്നിടുമ്പോഴും കാര്യമായൊന്നും നേടിയിട്ടില്ല എന്നതാണ് സത്യം. അധിനിവേശ നീക്കത്തിന്റെ അടിയൊഴുക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍, അലക്ഷ്യമായി ഇരുട്ടില്‍ തപ്പിത്തടയുന്ന അമേരിക്കയെയാണ് കാണേണ്ടിവരിക. അമേരിക്ക അഫ്ഗാനില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുന്നുവെന്നും യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും ഇപ്പോള്‍ ലോകത്തിന് മനസ്സിലായിട്ടുണ്ട്. അഫ്ഗാന്‍ അധിനിവേശം തീര്‍ത്തും പരാജയമായിരുന്നുവെന്ന് ലോകം മനസ്സിലാക്കിയെങ്കിലും ഒബാമയും കൂട്ടരും ഉപായങ്ങള്‍ കൊണ്ട് ഗിമ്മിക്കുകള്‍ കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
താലിബാന്റെ തായ്‌വേരറുക്കാന്‍ 'സുസ്ഥിര സ്വാതന്ത്ര്യ ദൗത്യ' (Operation Enduring Freedom)വുമായി അഫ്ഗാനിലെത്തിയ അമേരിക്ക അത്യാധുനിക ഡ്രോണ്‍ വിമാനങ്ങള്‍ പറപ്പിച്ച് യുദ്ധം നയിച്ചിട്ടും, ഒബാമ തന്നെ സമ്മതിച്ചത് പോലെ താലിബാന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും കാലം അമേരിക്ക ഏത് ശത്രുവിനെയാണ് വേട്ടയാടിയിരുന്നതെന്നും ശത്രു സംഹാരത്തില്‍ അമേരിക്കക്ക് ലക്ഷ്യം തെറ്റിയോ എന്നു പോലും സംശയിക്കേണ്ടിവരുന്നു. കാന്തഹാര്‍, ജലാലാബാദ് തുടങ്ങിയ നഗരങ്ങളില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വലിയ തോതില്‍ ഉണ്ടായിട്ടും ഈയിടെ താലിബാന്‍ കുന്ദൂസ് നഗരം പിടിച്ചടക്കിയപ്പോള്‍ പൊളിഞ്ഞുവീണത് സൈനിക ബലത്തിന്റെ ഊതിവീര്‍പ്പിച്ച വീമ്പു പറച്ചിലുകളാണ്. ഇക്കഴിഞ്ഞ വര്‍ഷം തന്നെയാണ് താലിബാന്‍ പ്രതിനിധികളുമായി ഒബാമയും കൂട്ടരും സമാധാന ചര്‍ച്ചകള്‍ നടത്തിയത് എന്ന വസ്തുത ഇതിനോട് ചേര്‍ത്തുവായിക്കുക. ഈ ചര്‍ച്ചകള്‍ തന്നെ അമേരിക്കന്‍ പരാജയത്തിന്റെ തുറന്ന് പറച്ചിലായി വിലയിരുത്താവുന്നതാണ്.
14 വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തച്ചുതരിപ്പണമാക്കിയത് ഒരു ജനതയുടെ സൈ്വര ജീവിതവും സഞ്ചാര സ്വാതന്ത്ര്യവും അടിസ്ഥാന സൗകര്യങ്ങളുമാണ് എന്നാണ് അധിനിവേശം നല്‍കുന്ന ഒന്നാമത്തെ പാഠം. താലിബാനെ തറപറ്റിക്കാന്‍ അനേകായിരം കുഞ്ഞുങ്ങളെയും 26000-ത്തിലധികം സാധാരണക്കാരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ വഴിയും ബോംബിട്ടും അരുംകൊല നടത്തണമായിരുന്നുവോ എന്ന പ്രസക്തമായ ചോദ്യത്തിന് ആര് മറുപടി പറയും? ഏതാനും ആയിരങ്ങള്‍ വരുന്ന താലിബാന്‍ പടയാളികളെയും തീവ്രവാദികളായ മറ്റു മിലീഷ്യകളെയും തുരത്താന്‍ അവരുടെ പതിയിരുപ്പു കേന്ദ്രങ്ങള്‍ മുന്‍കൂട്ടിയറിയാവുന്ന അമേരിക്കക്ക് കേവലം മാസങ്ങള്‍ മാത്രം മതിയായിരുന്നെങ്കില്‍, എന്തിനു വേണ്ടിയായിരുന്നു അധിനിവേശത്തിന് ഇത്രയും കാല ദൈര്‍ഘ്യം? താലിബാന്‍ ധ്വംസനമായിരുന്നില്ല അമേരിക്കന്‍ ലക്ഷ്യം എന്നാണിത് വ്യക്തമാക്കുന്നത്.
സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്ക് ആന്റ് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2001-ല്‍ മാത്രം യുദ്ധം ആരംഭിച്ചപ്പോള്‍ ചെലവായത് 641.7 ബില്യന്‍ ഡോളറാണ്. യുദ്ധത്തിന് ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും പ്രത്യേകിച്ചൊന്നും നേടാതെ അധിനിവേശം തുടര്‍ന്നുപോകുന്നത് മറ്റൊരര്‍ഥത്തില്‍ നിഗൂഢമായ മറ്റേതോ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം. അമേരിക്കയാകുമ്പോള്‍ മുടക്കിയതിന്റെ ഇരട്ടി തിരിച്ചു പിടിക്കാന്‍ അവര്‍ക്ക് നന്നായറിയാം. പ്രശസ്ത അഫ്ഗാന്‍ യുദ്ധ വിശകലന വിദഗ്ധനായ തോമസ് റട്ടിംഗ് തന്റെ പഠനത്തില്‍ വ്യക്തമാക്കിയത്, ചെലവഴിക്കപ്പെട്ട ഡോളറുകളും മനുഷ്യാധ്വാനവും എല്ലാം നിഷ്ഫലമാണെന്നാണ്. മറ്റു പല വിദഗ്ധരും അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യം തീര്‍ത്തും പരാജയമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2014-ല്‍ സി.എന്‍.എന്‍ നടത്തിയ അന്താരാഷ്ട്ര സര്‍വേ പ്രകാരം 75 ശതമാനം അമേരിക്കക്കാരും ആ വര്‍ഷം തന്നെ അഫ്ഗാനില്‍ നിന്ന് യു.എസ് പിന്‍വാങ്ങണമെന്ന അഭിപ്രായക്കാരായിരുന്നു. അസോസിയേറ്റഡ് പ്രസ് നടത്തിയ മറ്റൊരു അഭിപ്രായ സര്‍വേയില്‍, 57 ശതമാനം പേരും അഫ്ഗാന്‍ ആക്രമണം തന്നെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് വ്യക്തമാക്കിയത്.
താലിബാന്റെ സ്വാധീനം വര്‍ധിക്കുമ്പോള്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ നിയന്ത്രണം തലസ്ഥാനത്തും അതിനു ചുറ്റുമുള്ള നിര്‍ണിത കിലോമീറ്റര്‍ പ്രദേശങ്ങളിലും പരിമിതപ്പെടുകയാണ്. 2001-ല്‍ അധിനിവേശം ആരംഭിക്കുമ്പോള്‍ താലിബാന് ഇന്നത്തെ പോലെ ശക്തിയും പ്രശസ്തിയും ഉണ്ടായിരുന്നില്ല. അമേരിക്കന്‍ ആക്രമണം താലിബാന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. അമേരിക്ക പരിശീലിപ്പിക്കുന്ന അഫ്ഗാന്‍ ലോക്കല്‍ പോലീസ് (എ.എല്‍.പി) സ്വഭാവത്തിലും ചെയ്തികളിലും അമേരിക്കന്‍ പോലീസിനെ പോലും വെല്ലുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ അമേരിക്ക അഫ്ഗാന്‍ വിട്ടാലും തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ലോക്കല്‍ പോലീസ് നിര്‍വഹിച്ചുകൊള്ളുമെന്ന് പെന്റഗണിന് ഉറപ്പാണ്. ഈ പരിശീലനങ്ങള്‍ക്കായി 2014-ല്‍ മാത്രം ഏകദേശം 38000 അമേരിക്കന്‍ സൈനികരും 5200 ബ്രിട്ടീഷ് സൈനികരും അഫ്ഗാനിലുണ്ടായിരുന്നു. 2016-ഓടെ അന്തിമമായി പിന്‍വാങ്ങല്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2024 വരെ ആയിരക്കണക്കിന് പ്രത്യേക സൈനികരെയും സൈനിക പരിശീലകരെയും സി.ഐ.എ ഉദ്യോഗസ്ഥരെയും കോണ്‍ട്രാക്ടര്‍മാരെയും നിരീക്ഷകരെയും അഫ്ഗാനില്‍ തന്നെ കുടിയിരുത്താന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഇതിനുവേണ്ടി അഫ്ഗാന്‍ സര്‍ക്കാറുമായി നിരന്തരം ചര്‍ച്ചകള്‍ ഒബാമ നടത്തിവരുന്നുണ്ട്. പകരം, മില്യന്‍ കണക്കിന് ഡോളറുകള്‍ സൈനിക പരിശീലനത്തിനായും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കായും സഹായം നല്‍കാമെന്ന് അമേരിക്ക ഏറ്റിട്ടുണ്ടത്രെ. മോഹിപ്പിക്കുന്ന ഇത്തരം വാഗ്ദാനങ്ങളിലൂടെ അമേരിക്ക ഉദ്ദേശിക്കുന്ന 'റിട്ടേണ്‍ ബെനിഫിറ്റുകള്‍' ഇതുവരെ ചെലവഴിച്ച യുദ്ധ ചെലവുകളേക്കാള്‍ പതിന്മടങ്ങായിരിക്കുമെന്ന് അവര്‍ക്കുറപ്പുണ്ട്.
അമേരിക്ക ഈയിടെ പ്രാധാന്യം നല്‍കുന്ന ഭൗമ രാഷ്ട്രീയ (Geo Political) താല്‍പര്യങ്ങളുടെ പ്രധാന കേന്ദ്രമായി അഫ്ഗാനെ ഉപയോഗിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് അധിനിവേശത്തിന്റെ കാല ദൈര്‍ഘ്യം കൂട്ടാന്‍ പ്രധാന കാരണമായി പറയുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ കുതിച്ചുചാട്ടത്തിനും പുരോഗതിക്കും തടയിടാനും, ഏഷ്യന്‍ മേഖലയില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് ഒരു സ്ഥിരം സൈനിക താവളം തരപ്പെടുത്താനും ആഗ്രഹിച്ച അമേരിക്കക്ക് അഫ്ഗാന്‍ അധിനിവേശം അതിനുള്ള സുവര്‍ണാവസരമാണ് സമ്മാനിച്ചത്. അത് നഷ്ടപ്പെടാതെ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും മാറിയ സാഹചര്യത്തില്‍ അമേരിക്കന്‍ നയമായിത്തന്നെ മാറിക്കഴിഞ്ഞോ എന്ന് സംശയിക്കണം. അമേരിക്ക എപ്പോഴും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ള ഇറാന്‍, ചൈന, റഷ്യ, പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ തങ്ങളുടെ നിരീക്ഷണ പഥത്തില്‍ കൊണ്ടുവരാന്‍ ഈ താവളത്തിലൂടെ അമേരിക്കക്ക് സാധിക്കും. അതുപോലെ, ഹിലരി ക്ലിന്റന്‍ പ്രഖ്യാപിച്ച സില്‍ക്ക് റോഡ് പദ്ധതിയിലൂടെയും ലക്ഷ്യമിട്ടിരിക്കുന്നത് അമേരിക്കന്‍ താല്‍പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകുന്ന മറ്റൊരു കാര്യം, അമേരിക്കയുടെ വര്‍ധിച്ചുവരുന്ന 'ചൈന പേടി'യും അഫ്ഗാനില്‍ പിടിച്ചുനില്‍ക്കാന്‍ ഒബാമയെ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ്. ഏഷ്യന്‍ മേഖലയില്‍ കിട്ടാവുന്ന സ്വാധീനം മോഹിച്ചാണ് ദിനം തോറും നേരിട്ടുകൊണ്ടിരിക്കുന്ന പരാജയവും വന്‍ തിരിച്ചടികളും വകവെക്കാതെ അമേരിക്ക അഫ്ഗാനില്‍ പിടിച്ചുനില്‍ക്കുന്നത്.
Comments