Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

ഇസ്‌ലാമിക ശരീഅത്തിലെ വധശിക്ഷ

ഇല്‍യാസ് മൗലവി /പ്രതികരണം

         വധശിക്ഷയെക്കുറിച്ച വ്യത്യസ്ത നിരീക്ഷണങ്ങള്‍ പങ്കുവെച്ച പ്രബോധനം (ലക്കം 2920) വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

''കുറച്ച് കാലം സര്‍ക്കാര്‍ ചെലവില്‍ ജയിലില്‍ കഴിയാം. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം സര്‍ക്കാര്‍ തന്നെ വഹിച്ചുകൊള്ളും. പോരാത്തതിന് കൂലികിട്ടുന്ന ജോലിയും ലഭിച്ചേക്കാം. ജയില്‍ വാസം എത്ര നീണ്ടാലും പ്രശ്‌നമില്ല. കോടതി വിധി വരാന്‍ തന്നെ എത്രയോ കാലമെടുക്കും. അതുവരെ സുഖമായി ജീവിക്കാമല്ലോ. ജയില്‍ വാസം കഴിഞ്ഞാല്‍ പിന്നെ സ്വതന്ത്രനുമായി. അതിനാല്‍ ആരെയും എപ്പോഴും കൊല്ലാം. കൊലയാളിക്കുവേണ്ടി ഇടപെടാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ പിന്നെ പ്രശ്‌നമേയില്ല, കുടുംബത്തിന്റെ കാര്യം ബന്ധപ്പെട്ട പാര്‍ട്ടി നോക്കും.''

പറക്കമുറ്റാത്ത പിഞ്ചു മക്കളും, വൃദ്ധരും രോഗികളുമായ മാതാപിതാക്കളും, തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന സഹോദരീ സഹോദരന്‍മാരുമുള്ള ഒരു ഗൃഹനാഥനെ വളരെ ആസൂത്രിതമായി വെട്ടിക്കൊല്ലാന്‍ പരിപാടിയിട്ട ഒരുത്തന്റെ പ്രതികരണമാണിത്. മനുഷ്യനിര്‍മിത നിയമ വ്യവസ്ഥകളുടെ പരിമിതികളുടെയും ദൗര്‍ബല്യത്തിന്റെയും സ്വാഭാവിക ഫലം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന പരിസരങ്ങളില്‍ പോലും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ കാരണം ഇനി വേറെ അന്വേഷിക്കേണ്ടതുണ്ടോ?

തന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ - അത് സാമ്പത്തികമാകട്ടെ, മറ്റെന്തെങ്കിലുമാവട്ടെ- സംരക്ഷിക്കാനാണ് കൊലക്കുറ്റം ചെയ്യുന്നത്. ശത്രുഭയം കൂടാതെ സുഖമായും ഐശ്വര്യമായും ജീവിക്കണം - അതു മാത്രമാണ് ചിന്ത. എന്നാല്‍, ഇത്തരം കുറ്റങ്ങള്‍ ചെയ്തവന് ജീവിക്കാന്‍ തന്നെ അവസരമുണ്ടാവുകയില്ല എന്ന് ബോധ്യമുണ്ടെങ്കില്‍ പിന്നെ അതിനൊരുമ്പെടുമ്പോള്‍ നൂറ് വട്ടം ചിന്തിക്കും. സാമാന്യ ബുദ്ധിയുണ്ടെങ്കില്‍ അവന്‍ ആ കുറ്റം ചെയ്യുന്നതില്‍ നിന്ന് പിന്തിരിയും. അങ്ങനെ അവനും സമൂഹവും രക്ഷപ്പെടുന്നു. ഇസ്‌ലാം ഈ വഴിയാണ് സ്വീകരിച്ചിട്ടുള്ളത്. കുറ്റവാളികളെ സൃഷ്ടിച്ച് ശിക്ഷ നടപ്പാക്കുകയല്ല, പ്രത്യുത കുറ്റകൃത്യം ചെയ്യുന്നത് പോയിട്ട് അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഒരു സമൂഹത്തെ എങ്ങനെ സംവിധാനിക്കാമെന്നും, ശിക്ഷ നടപ്പാക്കാതിരിക്കാന്‍ എങ്ങനെ സാഹചര്യം ഒരുക്കാമെന്നുമാണ് അത് ആലോചിക്കുന്നത്.

കുറ്റം ചെയ്യാനുള്ള ചിന്ത പോലും ഉയര്‍ന്നുവരാത്ത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ജീവന്റെയും രക്തത്തിന്റെയും പവിത്രതയെ പറ്റിയുള്ള ബോധവത്കരണം ശരീഅത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍(മഖാസിദുശ്ശരീഅ) പെട്ടതാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യന്റെ മാത്രമല്ല ഇതര ജീവജാലങ്ങളുടെ പോലും ജീവന്റെ സംരക്ഷണം വളരെ ഗൗരവമുള്ള കാര്യമാണെന്നും അതിനെ ക്ഷതപ്പെടുത്തുന്നതും നിന്ദിക്കുന്നതും മഹാ പാപമാണെന്നും ഉദ്‌ബോധിപ്പിക്കുന്നു. വിട്ടുവീഴ്ചയുടെയും മാപ്പിന്റെയും വാതായനങ്ങള്‍ തുറന്നിടുകയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നത് വലിയ പ്രതിഫലമുള്ള കാര്യമായി ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

സാമ്പത്തികവും സദാചാരപരവുമായ എന്തെല്ലാം കാര്യങ്ങളാണോ മനുഷ്യനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം. കൊലക്ക് പ്രേരണ നല്‍കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരാള്‍ കൊലക്കുറ്റം ചെയ്താല്‍, ഒരാള്‍ കൊല്ലപ്പെട്ടു എന്ന ഒറ്റ കാരണത്താല്‍ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയില്ല. ആ കുറ്റകൃത്യത്തെ സംബന്ധിച്ച് പല കാര്യങ്ങളും വ്യക്തമാവേണ്ടതുണ്ട്. ഇസ്‌ലാമിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സിദ്ധാന്തങ്ങളാണ് 'ഇദ്‌റഉല്‍ ഹുദൂദ ബിശ്ശുബുഹാത്'എന്നത്. അതായത് സംശയത്തിന്റെ ആനുകൂല്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവെക്കുക എന്ന്. അങ്ങനെ നോക്കുമ്പോള്‍ വടികൊണ്ട് അടിയേറ്റോ കല്ലേറുകൊണ്ടോ, വാഹനമിടിച്ചോ, കീഴ്‌പ്പോട്ട് തള്ളി വീഴ്ത്തിയോ ആണ് ഒരാള്‍ കൊല്ലപ്പെട്ടതെങ്കില്‍ ആ കാരണങ്ങള്‍ കൊണ്ട് മാത്രം അതിന് കാരണക്കാരനായവന്റെ മേല്‍ വധശിക്ഷ വിധിക്കുകയില്ല. കാരണം കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, തല്ലിയപ്പോള്‍ മരണം സംഭവിച്ചതാകാമല്ലോ. മറ്റു കാരണങ്ങള്‍ക്കും അത് ബാധകമാണ്. എന്നാല്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്തോ തോക്കെടുത്ത് വെടിവെച്ചതോ ഒക്കെ ആണ് മരണ കാരണമെങ്കില്‍, മറ്റു ഒഴികഴിവുകള്‍ക്ക് ഇടമില്ലാത്തതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കേണ്ടതായി വന്നേക്കാം. അവിടെ കുറ്റം ചെയ്യാനുള്ള പ്ലാനും പദ്ധതിയും സംശയത്തിന് ഇടയില്ലാത്തവിധം പ്രകടവും വ്യക്തവുമാണ്. മറ്റൊരു സാധ്യതക്കും അവിടെ പഴുത് കാണുകയില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വരെ രക്തബന്ധുക്കള്‍ ആരെങ്കിലും പ്രതിക്ക് മാപ്പ് കൊടുത്താല്‍- അത് ശിക്ഷ നടപ്പാക്കുന്നതിന്റെ തൊട്ടുമുമ്പുള്ള നിമിഷത്തിലാണെങ്കില്‍ പോലും- ശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

1. കൊല്ലപ്പെട്ട വ്യക്തി രക്തവും ജീവനും സംരക്ഷിക്കപ്പെടാന്‍ അര്‍ഹതയുള്ള നിരപരാധിയായ പൗരനായിരിക്കണം. കൊലക്കുറ്റം കാരണമോ മറ്റോ നേരത്തേ വധശിക്ഷക്കര്‍ഹനായവനാകരുത്.

2. മരണം സംഭവിക്കാന്‍ ഇടയാക്കുന്ന കൃത്യം പ്രതിയില്‍ നിന്നുണ്ടാവുകയും മരണം നടന്നിട്ടുള്ളത് പ്രസ്തുത കൃത്യത്തിന്റെ ഫലമായിട്ടാണെന്ന് ഉറപ്പാവുകയും ചെയ്യണം (അത്തശ്‌രീഉല്‍ ജിനാഈ: 2/25 അബ്ദുല്‍ ഖാദിര്‍ ഔദ, ബദാഇഅ്: 7/233).

3. പ്രതി കൊല ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നു എന്ന് വ്യക്തമായും തെളിയണം. ഇത് മനസ്സിലുള്ള കാര്യമായതിനാല്‍ സാഹചര്യ തെളിവുകള്‍ വെച്ചാണ് ഈ ദുരുദ്ദേശ്യം തിരിച്ചറിയുക. ഉപയോഗിച്ച ആയുധം, അത് പ്രയോഗിച്ച ഇടം, രൂപം, മുറിവേറ്റ സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ നിര്‍ണായകമാണ്.

ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങള്‍ ഓരോന്നുമെടുത്ത് പരിശോധിച്ചാല്‍ അവ നടപ്പാക്കുക അത്ര എളുപ്പമല്ല എന്ന് ബോധ്യമാകും. കാരണം അതിനുമാത്രം കര്‍ശനമായ ഉപാധികളും നിബന്ധനകളും കടന്നുവേണം അവ നടപ്പാക്കാന്‍ എന്നതുതന്നെ. സുരക്ഷയും ശാന്തിയും സമാധാനവും പരിലസിക്കുന്ന, പൗരന്മാര്‍ ഐശ്വര്യത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച്, കുറ്റം ചെയ്യാനായി മെനക്കെട്ട ഒരാള്‍ക്ക് മാത്രമേ ആ സമൂഹത്തില്‍ കുറ്റം ചെയ്യാനൊക്കൂ. അത്തരമൊരു കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നത് തന്നെയാണ് യുക്തി. ഇസ്‌ലാമും അതേ പറയുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ കൊലയാളികളെ വീണ്ടും സൃഷ്ടിക്കാന്‍ സഹായിക്കുന്ന, കൊലയാളിതന്നെ വീണ്ടും കൊലയാളിയായി വിലസാന്‍ ഇടയാക്കുന്ന ശിക്ഷയല്ല, മറിച്ച് ഇനിയൊരാളും ഇത്തരം കുറ്റ കൃത്യങ്ങളെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതിരിക്കാന്‍ ഉതകുന്ന ശിക്ഷ തന്നെയാണ് നടപ്പാക്കേണ്ടത്. അതുപക്ഷെ അനേകം ജീവന്‍ സംരക്ഷിക്കുവാനാകുമ്പോള്‍ തികച്ചും യുക്തമാണ് താനും. ഇത്തരം നിയമങ്ങള്‍ പ്രയോഗവത്കരിക്കപ്പെടുകയും ഐശ്വര്യ പൂര്‍ണമായ ഒരു സമൂഹം ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നതിനാല്‍ ഒരു താരതമ്യ പഠനം തികച്ചും പ്രസക്തമാണ്. എന്നിട്ട് നിഷ്പക്ഷമതികള്‍ പറയട്ടെ, ഈ നിയമവ്യവസ്ഥയുടെ ഔചിത്യം എത്രമാത്രമുണ്ടെന്ന്. ഭാഗികമായി ഇസ്‌ലാം നടപ്പിലുള്ള പ്രദേശങ്ങളില്‍ പോലും വലിയ മാറ്റം നാം കാണുന്നുണ്ട്. ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെടുന്ന സമൂഹം എത്രമാത്രം ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കുമെന്ന് ഊഹിക്കാം. 

ഇമാം റാസി രേഖപ്പെടുത്തുന്നു: ''നിങ്ങള്‍ക്ക് പ്രതിക്രിയ(ഖിസ്വാസ്)യില്‍ ജീവിതമുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു. ഖിസ്വാസ് എന്നത് ജീവിതമാണ് എന്നല്ല ഈ ആയത്തിന്റെ താല്‍പര്യം. കാരണം ഖിസ്വാസ് ജീവിതം ഇല്ലാതാക്കലാണ്. ഒന്നിനെ ഇല്ലാതാക്കുന്നത് ഒരിക്കലും അതിനെ ഉണ്ടാക്കലാവില്ലല്ലോ. യഥാര്‍ത്ഥത്തില്‍ അപ്പറഞ്ഞതിന്റെ അര്‍ത്ഥം, ഖിസ്വാസ് നിയമമാക്കിയതിലൂടെ ജീവന്‍ സംരക്ഷിക്കപ്പെടും എന്നാണ്. അത് കൊലക്കുറ്റം ചെയ്യണമെന്നുദ്ദേശിക്കുന്നവന്റെ കാര്യത്തിലും, കൊല്ലപ്പെടാന്‍ സാധ്യതയുള്ളവന്റെ കാര്യത്തിലും, അവര്‍ രണ്ടുപേരുമല്ലാത്തവരുടെ കാര്യത്തിലും ഒരു പോലെയാണ്. കൊലയാളിയുടെ കാര്യത്തില്‍ എങ്ങനെയെന്നു വെച്ചാല്‍, താന്‍ കൊല്ലപ്പെടുമെന്ന് ബോധ്യമുണ്ടെങ്കില്‍ അവന്‍ അതുപേക്ഷിക്കും. അപ്പോള്‍ അവനെ സംബന്ധിച്ചേടത്തോളം അത് ജീവിതമായി. കൊല്ലപ്പെടാന്‍ സാധ്യതയുള്ളവനും അക്കാരണത്താല്‍ അതില്‍ നിന്ന് രക്ഷപ്പെടും. അങ്ങനെ അവന്റെ ജീവിതവും സംരക്ഷിക്കപ്പെടും. രണ്ടുപേരും രക്ഷപ്പെട്ട സ്ഥിതിക്ക് ധാരാളം കൊലക്കുറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കാമായിരുന്ന പകയും വിദ്വേഷവും ഇല്ലാതാവുകയും സര്‍വരുടെയും ജീവന്ന് അഭയവും സുരക്ഷിതത്വവും ലഭിക്കുന്ന ഒരു സാഹചര്യം സംജാതമാവുകയും ചെയ്യുന്നു'' (തഫ്‌സീര്‍ അര്‍റാസി 5/229). 

ഇത്തരം ശിക്ഷാ നടപടികളുടെ അഭാവത്തില്‍, ഒരിക്കല്‍ കുറ്റം ചെയ്തവര്‍ തന്നെയാകും വീണ്ടും കുറ്റം ചെയ്യുക. ഇന്ന് നടപ്പാക്കപ്പെടുന്ന ശിക്ഷാ നടപടികള്‍ കുറ്റവാളികളെ കൂടുതല്‍ കുറ്റവാളികളാക്കാന്‍ പോന്നതാണ്. അതുകൊണ്ടാണല്ലോ ഒരു കുറ്റകൃത്യം നടന്നാല്‍ പോലീസ് ആദ്യം തെരയുന്നത് നേരത്തെ കുറ്റം ചെയ്യുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരെയാകുന്നത്. പലപ്പോഴും അതേ കുറ്റവാളികള്‍ തന്നെയായിരിക്കും വീണ്ടും കുറ്റം ചെയ്തിട്ടുണ്ടായിരിക്കുക. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് വിളിച്ചുകൂവുന്ന രാഷ്ട്രങ്ങളും കക്ഷികളും, ലോകത്ത് മനുഷ്യ ജീവന്‍ അന്യായമായി ഹനിക്കപ്പെടുന്നതില്‍ യാതൊരു അസ്വസ്ഥതയുമില്ലാത്തവരും പലപ്പോഴും ആ കുറ്റകൃത്യത്തിന് ആളും അര്‍ത്ഥവും നല്‍കി നേതൃത്വം നല്‍കുന്നവരുമാണ് എന്നതാണ് സത്യം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍