Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

എന്തിന് ഇങ്ങനെയൊരു രക്ഷാസമിതി?

ആദില്‍ ലത്വീഫി /കവര്‍‌സ്റ്റോറി

         അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ ഐക്യ രാഷ്ട്രസഭയുടെ പൊതു സഭയെക്കുറിച്ച് ആരും സംസാരിക്കാതെയായിട്ടുണ്ട്. കാരണം, അമേരിക്കയുടെയും മറ്റു അധിനിവേശ ശക്തികളുടെയും നീക്കങ്ങള്‍ ഏറ്റവുമധികം ശണ്ഡീകരിച്ചിട്ടുള്ളത് ലോക രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള ഈ പൊതുസഭയെയാണ്. അതിനാല്‍ യു.എന്‍ രക്ഷാസമിതിയെക്കുറിച്ചാണ് ചര്‍ച്ചകള്‍. ശീതയുദ്ധം അവസാനിച്ചതോടെ തന്നെ ലോകം പുതിയൊരു ഘട്ടത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ടാം ഗള്‍ഫ് യുദ്ധത്തോടെ ആ മാറ്റം കൂടുതല്‍ പ്രകടമായി. അപ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഘടനയില്‍ കാതലായ മാറ്റം വരുത്തണമെന്ന മുറവിളി കൂടുതല്‍ ഉയര്‍ന്നു കേട്ടത്. ഭീകരതക്കെതിരായ യുദ്ധവും പ്രാദേശികവും വംശീയവുമായ സംഘട്ടനങ്ങളും വന്‍ രാഷ്ട്രങ്ങളുടെ മുഖ്യ അജണ്ടകളായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ചര്‍ച്ച മുഖ്യമായും രക്ഷാസമിതിയുടെ ഘടന പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും അതില്‍ പുതിയ സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും അത് കുത്തകയാക്കി വെച്ചിരിക്കുന്ന വീറ്റോ അധികാരത്തെക്കുറിച്ചുമൊക്കെയായിരുന്നു.

രണ്ടാം ലോക യുദ്ധം അവസാനിച്ചതിന് ശേഷമുള്ള സവിശേഷ ലോക സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ നിലവില്‍ വന്നത്. കൂറെക്കൂടി ആഴത്തില്‍ പരിശോധിച്ചാല്‍ ഐക്യരാഷ്ട്രസഭയുടെ ഘടന നിശ്ചയിക്കുന്നതില്‍ ഒന്നാം ലോക യുദ്ധത്തിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികളും പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. അന്നത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ ലോക രാഷ്ട്രീയ സാഹചര്യം. പക്ഷേ, കാര്യമായ യാതൊരു മാറ്റവുമില്ലാതെ ഐക്യരാഷ്ട്രസഭ, പ്രത്യേകിച്ച് അതിന്റെ രക്ഷാസമിതി എന്നു പറയുന്ന സംവിധാനം അപ്പടി നിലനില്‍ക്കുകയാണ്.

ലോകയുദ്ധങ്ങളില്‍ വിജയം നേടിയ രാഷ്ട്രങ്ങള്‍ പരാജിത രാഷ്ട്രങ്ങളെ ഒതുക്കാനും അവര്‍ വീണ്ടും ഒരു സൈനിക ശക്തിയായി തലപൊക്കാതിരിക്കാനും കൊണ്ടുവന്നതാണ് രക്ഷാസമിതിയും അതിന്റെ വീറ്റോ അധികാരവുമൊക്കെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പുതിയ കൊളോണിയല്‍ ശക്തികളായി ഉയര്‍ന്നുവന്ന ജര്‍മനിയെയും ഇറ്റലിയെയും ജപ്പാനെയും ശിക്ഷിക്കുന്ന തരത്തിലായിരുന്നു അതിന്റെ ഘടന. ചോദ്യം ഇതാണ്: അതിഭീകരമായ രണ്ട് യുദ്ധ സന്ദര്‍ഭങ്ങളുടെ യുക്തിയും സംസ്‌കാരവും രൂപം നല്‍കിയ ഒരു ആഗോള ഘടനക്ക് എങ്ങനെയാണ് ആര്‍ത്തികള്‍ക്ക് പിന്നാലെ പായുന്ന ഒരു ലോകത്ത് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനാവുക?

മൂന്ന് ഘട്ടങ്ങള്‍

യു.എന്‍ രക്ഷാസമിതി മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടിട്ടുണ്ട്. ഓരോന്നിനെയും നിര്‍ണയിച്ചത് അന്നത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരമുള്ള ഒരു ചെറിയ കാലയളവാണ് ഒന്നാം ഘട്ടം. രണ്ടാം ലോക യുദ്ധത്തില്‍ പരാജയപ്പെട്ട അച്ചുതണ്ട് ശക്തികള്‍ അവയുടെ സാമ്രാജ്യത്വ അജണ്ടകള്‍ പുനരാരംഭിക്കുന്നത് തടയുക എന്നതിനായിരുന്നു അന്നത്തെ രക്ഷാസമിതിയുടെ മുഖ്യ ഊന്നല്‍. അതേസമയം യുദ്ധവിജയികളായ രാഷ്ട്രങ്ങള്‍ നടത്തിയ വെട്ടിപ്പിടിത്തങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന പണിയും അത് ചെയ്യുന്നുണ്ടായിരുന്നു. മധ്യ പൗരസ്ത്യ രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാനും അതുവഴി മേഖലയില്‍  ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ കുടിയിരുത്താനും സാധ്യമായത് അങ്ങനെയാണ്.

ഈ ഘട്ടത്തിലാണ് സോവിയറ്റ് യൂനിയന്‍ ഒരു ലോക ശക്തിയായി ഉയര്‍ന്നുവരുന്നത്. ഇത് ഏറക്കുറെ അപ്രതീക്ഷിതമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങളും സോവിയറ്റ് യൂനിയന്‍ മറച്ചുവെച്ചില്ല. ആണവായുധ മത്സരത്തിലേക്കും ലോകം എടുത്തെറിയപ്പെട്ടു. മുഖ്യശത്രുക്കളുടെ സ്ഥാനത്തുണ്ടായിരുന്ന ജര്‍മനിയെയും ജപ്പാനെയും ഒപ്പം കൂട്ടുന്നതാണ് പിന്നെ നാം കാണുന്നത്. അങ്ങനെ രക്ഷാസമിതിയുടെ രണ്ടാമത്തെ ഘട്ടം ആരംഭിക്കുകയായി. ഇതിനെ ശീതയുദ്ധ ഘട്ടം എന്ന് വിളിക്കാം. രണ്ട് ചേരികള്‍ രൂപപ്പെട്ടു. സോവിയറ്റ് ചേരിയും പാശ്ചാത്യ ചേരിയും. ലോക രാഷ്ട്രങ്ങളെ പേടിപ്പിച്ച് ആ ചേരിയിലോ ഈ ചേരിയിലോ നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. പ്രത്യക്ഷത്തില്‍ ഇരു ചേരികളും തമ്മില്‍ ഒരു ശീതയുദ്ധം നടക്കുന്നുണ്ട് എന്നാണ് തോന്നുക. പക്ഷേ, യഥാര്‍ഥത്തില്‍ ഇരു ചേരികളും ശ്രമിച്ചുകൊണ്ടിരുന്നത് മൂന്നാം ലോക രാഷ്ട്രങ്ങളെ വിധേയപ്പെടുത്തി തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റാനാണ്. ഈ ഘട്ടത്തില്‍ രക്ഷാസമിതിയിലുണ്ടായ വീറ്റോ പ്രയോഗങ്ങള്‍ പരിശോധിച്ചു നോക്കുക. രാഷ്ട്രീയമായോ സൈനികമായോ തങ്ങളുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന രാഷ്ട്രങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇരു ചേരിയിലും പെട്ട വന്‍ ശക്തികള്‍ വീറ്റോ പ്രയോഗിച്ചിട്ടുള്ളൂ എന്ന് കാണാന്‍ കഴിയും. ആഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരെ ഇക്കാലത്ത് ഒരു വീറ്റോ പ്രയോഗവും നടന്നിട്ടില്ല (വളരെക്കഴിഞ്ഞാണ് ഈ വിഷയം രക്ഷാസമിതിയില്‍ എത്തുന്നത്). ശീതയുദ്ധകാലത്ത് യു.എന്‍ പൊതുസഭയില്‍ ഏറ്റവും കൂടുതല്‍ പ്രമേയങ്ങള്‍ വന്നിട്ടുണ്ടാവുക സയണിസ്റ്റ് ഇസ്രയേലിനെതിരെയും സൈനിക സ്വേഛാധിപത്യം പിടിമുറുക്കിയ തുര്‍ക്കിക്കെതിരെയുമായിരിക്കും. ശാക്തിക സംതുലനത്തില്‍ ഈ രണ്ട് രാഷ്ട്രങ്ങളും പാശ്ചാത്യ ചേരിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ ഒരു പ്രമേയവും നടപ്പാവുകയുണ്ടായില്ല.

യു.എന്‍ രക്ഷാസമിതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് രണ്ടാം ഗള്‍ഫ് യുദ്ധത്തിനു ശേഷമാണ്. ഐക്യ രാഷ്ട്രസഭയെന്ന പൊതുവേദിയെ അമേരിക്കയും പാശ്ചാത്യ ശക്തികളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിര്‍ലജ്ജം പരസ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഇതോടെയാണ്. സ്വതന്ത്ര കമ്പോളത്തിലൂടെ ലോകം ഏകീകരിക്കപ്പെട്ടത് ഈ മൂന്നാം ഘട്ടത്തിലായിരുന്നു. മൂലധനത്തിന്റെ സ്വതന്ത്ര സഞ്ചാരത്തിന് രാഷ്ട്രീയമായും സാമ്പത്തികമായും പാതയൊരുക്കുക എന്നതായി രക്ഷാസമിതിയുടെ ദൗത്യം. 'സമാധാന'വും 'ജനാധിപത്യ'വും മൂന്നാം ലോകത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പിന്നില്‍ മുതലാളിത്ത കമ്പോളം വിപുലമാക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.

ഇങ്ങനെ ഐക്യരാഷ്ട്രസഭയെ ചട്ടുകമാക്കി മാറ്റിയതിന്റെ തെളിവന്വേഷിച്ചു വേറെങ്ങും പോവണ്ട. അറബ് രാഷ്ട്രങ്ങള്‍ക്ക് എതിരായും (ഇറാഖ്, സുഡാന്‍, സിറിയ, ലിബിയ) ആപേക്ഷികമായി അനുകൂലമായും (ഫലസ്ത്വീന്‍) വന്ന പ്രമേയങ്ങള്‍ മാത്രം നോക്കിയാല്‍ മതി. യഥാര്‍ഥത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു അറബ് ലോകം. അത് അറബിയായത് കൊണ്ട് സംഭവിച്ചതല്ല; വന്‍ശക്തികള്‍ പ്രാന്തവത്കരിച്ച് നിര്‍ത്തിയ രാജ്യങ്ങളില്‍ മര്‍മപ്രധാനമായത് അവയായത് കൊണ്ടാണ്.

പ്രമേയങ്ങളുടെ ഗതി

രക്ഷാസമിതി പലതരം പ്രമേയങ്ങള്‍ പാസാക്കാറുണ്ട്. ചിലത് നടപടിയെടുക്കുമെന്ന് താക്കീത് ചെയ്യും. ചിലത് വെറുതെ പ്രമേയത്തിനുള്ള പ്രമേയമായിരിക്കും. 'ശക്തമായി അപലപിക്കുന്ന' പ്രമേയങ്ങളും ധാരാളം. എല്ലാറ്റിന്റെയും ഗതി ഒന്നുതന്നെ. വന്‍ശക്തികളുടെ താല്‍പര്യങ്ങള്‍ നോക്കിയാണ് നടപ്പാക്കണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത്. ഈ എല്ലാ തരത്തിലുള്ള പ്രമേയങ്ങളും ഇസ്രയേലിനെതിരെ വന്നിട്ടുണ്ട്. ഏതെങ്കിലുമൊന്ന് നടപ്പായതായി ചരിത്രമില്ല.

വന്‍ശക്തികള്‍ക്ക് അനഭിമത രാഷ്ട്രമാണെങ്കില്‍ പ്രമേയം നടപ്പാക്കാനുള്ള ഉത്സാഹം ഒന്നു വേറെത്തന്നെ. ആണവായുധ പ്രശ്‌നത്തില്‍ ഇറാനോടുള്ള നിലപാട് കാണുക. ഇറാന്‍ തങ്ങള്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ഉടന്‍ നടപടിയെടുക്കും എന്നാണ് ഭീഷണി. ഇതേ ആണവ പ്രശ്‌നം വടക്കന്‍ കൊറിയയിലുമുണ്ട്. പക്ഷേ, 'തെറ്റ് തിരുത്താന്‍' ആ രാഷ്ട്രത്തിന് വേണ്ടുവോളം സമയം നല്‍കിയിരിക്കുകയാണ്. ഇറാന്റെ അയല്‍പക്കത്തുള്ള ഇസ്രയേല്‍ ആണവായുധങ്ങളുടെ മേല്‍ അടയിരിക്കുകയാണെങ്കിലും അതേക്കുറിച്ച് മിണ്ടാട്ടമേ ഇല്ല. ഇറാഖ്, ലിബിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ കാര്യത്തിലും അവിടത്തെ ജനസമൂഹങ്ങളെ ഇകഴ്ത്തുകയും മാനം കെടുത്തുകയും ചെയ്യുന്ന നിലപാടാണ് രക്ഷാസമിതി സ്വീകരിച്ചുപോരുന്നത്. അവിടങ്ങളിലെ ജനസമൂഹങ്ങള്‍ ഇതില്‍ അങ്ങേയറ്റം രോഷാകുലരാണ്. അത് മുതലെടുത്താണ് ആ നാടുകളില്‍ ഭീകര പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നത്. ഭീകരത വളര്‍ത്തുന്നതില്‍ രക്ഷാസമിതിക്ക് അതിന്റേതായ പങ്കുണ്ട് എന്നര്‍ഥം.

സ്ഥിരാംഗത്വം, വീറ്റോ അധികാരം എന്നിവയാണ് രക്ഷാസമിതിയുടെ മറ്റു രണ്ട് പ്രശ്‌നങ്ങള്‍. രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ മുതലാളിത്ത ചേരികള്‍ തമ്മിലുണ്ടായിരുന്ന മത്സരത്തെ മുമ്പില്‍ കണ്ടാണ് ഐക്യരാഷ്ട്ര സഭ രൂപകല്‍പന ചെയ്യപ്പെട്ടത്. അത്തരമൊരു സംവിധാനത്തിന് ലോകത്ത് ജനാധിപത്യമോ സമാധാനമോ കൊണ്ടുവരാനാകില്ലെന്ന് വ്യക്തം. കാരണം, ഈ സംവിധാനത്തിന്റെ അടിസ്ഥാനംതന്നെ വിവേചനമാണ്.വന്‍ശക്തികളെന്നും, പ്രാന്തവത്കരിക്കപ്പെട്ട ദുര്‍ബലരെന്നും അത് രാഷ്ട്രങ്ങളെ രണ്ടായി വിവേചിച്ച് നിര്‍ത്തുന്നു.

യൂറോപ്യന്‍ സമൂഹങ്ങളില്‍ നിലനിന്നിരുന്ന വിവേചനത്തിന്റെ മറ്റൊരു പതിപ്പാണിത്. പാശ്ചാത്യ നാടുകളിലെ നാടുവാഴികളും പ്രഭുക്കന്മാരും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമോ ജനാധിപത്യമോ നല്‍കാന്‍ തയാറായിരുന്നില്ല. അങ്ങനെ ഒരു തരം രാഷ്ട്രീയ വരേണ്യത അവര്‍ സൃഷ്ടിച്ചെടുത്തു. ഫ്രാന്‍സില്‍ 1789-ലെ വിപ്ലവത്തിന് ശേഷവും ബ്രിട്ടനില്‍ 1688-ലെ വിപ്ലവത്തിന് ശേഷവും വോട്ടവകാശം ലഭിച്ചിരുന്നത് നിശ്ചിത സ്വത്ത് കൈവശമുണ്ടെങ്കില്‍ മാത്രമായിരുന്നു. ഇങ്ങനെ ദുര്‍ബലരായ തദ്ദേശീയ വിഭാഗങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ആഗോളീകൃത രൂപമാണ് യു.എന്‍ സംവിധാനത്തില്‍ നാം കാണുന്നത്.

രണ്ട് പ്രധാന ചോദ്യങ്ങള്‍ നാം ഉയര്‍ത്തേണ്ടതുണ്ട്. ഒന്ന്, ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ അഞ്ച് രാഷ്ട്രങ്ങള്‍ക്ക് മാത്രം അവകാശം നല്‍കുന്നതിന് എന്ത് നിയമ സാധുതയാണുള്ളത്? രണ്ട്, യാതൊരു കാലപരിധിയും വെക്കാതെ ഇവര്‍ മാത്രം ഈ അവകാശം കുത്തകയാക്കി വെക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? 

(തുനീഷ്യക്കാരനായ ലേഖകന്‍ ഫ്രാന്‍സിലെ സൊര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനും അല്‍ജസീറ കോളമിസ്റ്റുമാണ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍