നയപ്രഖ്യാപനം
ഖലീഫ അബൂബക്‌റിനെ കണ്ടാല്‍ കുട്ടികള്‍ ഓടിച്ചെന്ന് സ്‌നേഹത്തോടെ കൈപിടിച്ചു പറയും: 'യാ അബതി' (പ്രിയ പിതാവേ). അപ്പോള്‍ കരുണാപൂര്‍വം അദ്ദേഹം അവരുടെ ശിരസ്സില്‍ തലോടും. ഉമറിനെ കണ്‍വെട്ടത്ത് കണ്ടാല്‍ കുട്ടികള്‍ പേടിച്ച് ഓടിയകലുകയും ഒളിച്ചു നിന്ന് നോക്കുകയും മുതിര്‍ന്നവര്‍ ഭയാദരവുകളോടെ ഇരുന്നേടത്ത് നിന്നെഴുന്നേറ്റ് മാറിക്കളയുകയും ചെയ്യും. ഈ വിവരം ഉമറിന് കിട്ടിയപ്പോള്‍ അദ്ദേഹം ഉറക്കെ: 'അസ്സ്വലാത്തു ജാമിഅ' (എല്ലാവരെയും ഒരുമിച്ചുകൂട്ടാനുള്ള വിളി അന്ന് അങ്ങനെയായിരുന്നു). എല്ലാവരും സന്നിഹിതരായി. മിമ്പറില്‍ അബൂബക്ര്‍ കാല്‍വെക്കുന്നിടത്താണ് ഉമര്‍ ഇരുന്നത്. പിന്നീട് എഴുന്നേറ്റ് നിന്ന ഉമര്‍ ഹംദിനും സ്വലാത്തിനും ശേഷം:
എന്റെ കാര്‍ക്കശ്യം ജനങ്ങള്‍ക്ക് ഭയമാണെന്നും എന്റെ പരുക്കന്‍ സ്വഭാവം അവര്‍ക്ക് പേടിയാണെന്നും ഞാനറിഞ്ഞു. ജനങ്ങള്‍ പറയുകയാണ്: 'നബി(സ) ഉയിരോടും ഉടലോടും കൂടി ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഉമറിന് ഞങ്ങളോട് കര്‍ക്കശ സമീപനമായിരുന്നു. അബൂബക്ര്‍ ഞങ്ങളുടെ ഭരണാധികാരിയായി വന്നപ്പോഴും ഉമര്‍ ഞങ്ങളോട് കര്‍ക്കശ രൂപത്തില്‍ പെരുമാറി. ഇനിയിപ്പോള്‍ ഭരണാധികാരം ഉമറിന്റെ കൈകളില്‍ വന്നിരിക്കെ എന്തായിരിക്കും കഥ?' ശരിയാണ് ആ പറഞ്ഞത്. ഞാന്‍ റസൂലിനോടൊപ്പം ജീവിച്ച കാലത്ത് അദ്ദേഹത്തിന്റെ ഒരു ദാസനും പരിചാരകനുമായിരുന്നു. കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും സൗമ്യതയുടെയും കാര്യത്തില്‍ ആര്‍ക്കും അവിടെയെത്താനാവില്ല. 'വിശ്വാസികളോട് അലിവുള്ളവനും കരുണാനിധിയുമാണ്' എന്ന് റസൂലിനെക്കുറിച്ച് അല്ലാഹു തന്നെ പറഞ്ഞതാണല്ലോ. റസൂലിന്റെ കൈയിലെ ഊരിപ്പിടിച്ച വാളായിരുന്നു ഞാന്‍. അദ്ദേഹമാണത് ഉറയില്‍ ഇടുന്നതും ഉറയില്‍ നിന്ന് ഊരുന്നതും. നബി(സ) ജീവിച്ചിരുന്ന കാലമത്രയും ഇതായിരുന്നു സ്ഥിതി. എന്നെ സംബന്ധിച്ച പൂര്‍ണ തൃപ്തിയോടെയാണ് നബി കണ്ണടച്ചത്. അതിന് അല്ലാഹുവിന് അനേകം സ്തുതി. അങ്ങേയറ്റം ഭാഗ്യവാനാണ് ഞാന്‍. അതില്‍ എനിക്ക് നിറഞ്ഞ സന്തോഷവുമുണ്ട്. പിന്നെ മുസ്‌ലിംകളുടെ കൈകാര്യ കര്‍തൃത്വം അബൂബക്‌റിന്റെ ചുമലുകളിലായി. അദ്ദേഹത്തിന്റെ സൗമ്യശീലവും ആര്‍ദ്രതയും ഉദാര സമീപനങ്ങളും അറിയാത്തവരല്ല നിങ്ങള്‍. അദ്ദേഹത്തിന്റെ പരിചാരകനും സേവകനും സഹായിയുമായിരുന്നു ഞാന്‍. എന്റെ കാര്‍ക്കശ്യം അദ്ദേഹത്തിന്റെ ആര്‍ദ്രതയുമായി ഞാന്‍ സംയോജിപ്പിച്ചുപോന്നു. അദ്ദേഹത്തിന്റെ കൈയിലെയും ഊരിയ ഖഡ്ഗമായിരുന്നു ഞാന്‍. ഉറയിലിടുന്നതും ഊരുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തെ അല്ലാഹു തിരിച്ചു വിളിക്കുന്നത് വരെ ഈ നില തുടര്‍ന്നു. എന്നെക്കുറിച്ച പൂര്‍ണ തൃപ്തിയോടെയാണ് അദ്ദേഹവും കണ്ണടച്ചത്. അതിന് അല്ലാഹുവിന് അനേകം സ്തുതി. സന്തോഷവാനാണ് ഞാന്‍. മഹാ ഭാഗ്യവാനുമാണ്. ജനങ്ങളേ, പിന്നെ നിങ്ങളുടെ ഉത്തരവാദിത്തം എന്നില്‍ അര്‍പ്പിതമായി. അന്നത്തെ ആ കാഠിന്യവും കാര്‍ക്കശ്യവുമെല്ലാം ഞാന്‍ ഇരട്ടിയാക്കിയിട്ടുണ്ടെന്ന് അറിഞ്ഞു കൊള്ളുക. പക്ഷേ, അക്രമികള്‍ക്കും കൈയേറ്റക്കാര്‍ക്കുമെതിരിലാണ് ഞാനത് പ്രയോഗിക്കുക. എന്നാല്‍ സമാധാനപ്രിയരും ദീനീ തല്‍പരരും മിതവാദികളുമായ ആളുകളോട് ഞാന്‍ സൗമ്യമായി മാത്രമേ വര്‍ത്തിക്കുകയുള്ളൂ. ആരെങ്കിലും ആരോടെങ്കിലും അക്രമത്തിന് മുതിരുകയോ അവകാശ ഹനനം നടത്തുകയോ ചെയ്താല്‍ അവനെ പിടികൂടി അവന്റെ കവിള്‍ത്തടം ഭൂമിയോട് ചേര്‍ത്തുവെക്കും ഞാന്‍. എന്നിട്ട് മറ്റേ കവിളില്‍ കാല്‍വെച്ച് സത്യത്തിനും നീതിക്കും കീഴൊതുങ്ങുന്നതുവരെ ഞാന്‍ അവനെ അമര്‍ത്തി പിടിക്കും. എന്റെ ഈ കഠിന മനസ്സിനോടൊപ്പം തന്നെ ഞാന്‍ അന്തസ്സായും മാന്യമായും ജീവിക്കുന്നവര്‍ക്ക് വേണ്ടി എന്റെ കവിള്‍ത്തടം മണ്ണിനോടു ചേര്‍ത്തു വെക്കും.
എനിക്ക് നിങ്ങളോടു ചില ബാധ്യതകളുണ്ട്. അവ ഞാന്‍ നിങ്ങളോട് വ്യക്തമാക്കാം. നിങ്ങളുടെ 'ഖറാജി'ല്‍ നിന്നോ 'ഫൈഇല്‍' നിന്നോ അന്യായമായി ഞാന്‍ ഒന്നും പിടിച്ചുവാങ്ങില്ല. അവ എന്റെ കൈയില്‍ വന്നാല്‍ സത്യസമേതമല്ലാതെ അത് പുറത്ത് പോകില്ല. നിങ്ങള്‍ക്കുള്ള വിഭവങ്ങളും വരുമാനങ്ങളും ഞാന്‍ വര്‍ധിപ്പിച്ചുതരും. നിങ്ങളുടെ ആവശ്യങ്ങള്‍ പഴുതുകള്‍ അടച്ച് ഞാന്‍ പൂര്‍ത്തിയാക്കിത്തരും. നിങ്ങളെ ഒരിക്കലും ആപത്തുകള്‍ക്ക് എറിഞ്ഞു കൊടുക്കുകയില്ല ഞാന്‍. യുദ്ധ മുന്നണികളില്‍ ദീര്‍ഘകാലം തങ്ങാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കില്ല. വല്ല ദൗത്യ നിര്‍വഹണത്തിനും നിങ്ങള്‍ക്ക് മറുനാടുകളില്‍ പോവേണ്ടിവന്നാല്‍ കുടുംബത്തില്‍ തിരിച്ചെത്തുന്നതുവരെ നിങ്ങളുടെ മക്കളുടെ പിതാവും രക്ഷാകര്‍ത്താവും ഞാനായിരിക്കും.
അതിനാല്‍ അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ അവനെ സൂക്ഷിക്കുക. നിങ്ങള്‍ എന്നെ സഹായിക്കുക. നന്മ കല്‍പിച്ചും തിന്മ തടഞ്ഞും, അല്ലാഹു എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയും നിങ്ങള്‍ എപ്പോഴും എന്നോടൊപ്പം ഉണ്ടാവണം. ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് വേണ്ടിയും എനിക്ക് വേണ്ടിയും ഞാന്‍ അല്ലാഹുവിനോട് മാപ്പിരക്കുന്നു.
Comments