ഇസ്‌ലാം ജാതി/സമുദായ മതമല്ല
ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് 'മുസ്‌ലിം.' തന്നെ സൃഷ്ടിച്ച ദൈവത്തെ അറിഞ്ഞ്, അവന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ് മുസ്‌ലിം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെങ്കിലും ഇന്നത് ഒരു ജാതിയുടെ, അല്ലെങ്കില്‍ സമുദായത്തിന്റെ പേര് എന്ന നിലയിലാണ് അറിയപ്പെടുന്നത്. 'ഇസ്‌ലാം' എന്ന പദവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഈ ഭൂമിയില്‍ മനുഷ്യന്‍ തന്റെ ഇഹ-പര രക്ഷക്കായി എങ്ങനെ ജീവിക്കണം എന്ന കാര്യത്തില്‍ സ്രഷ്ടാവായ ദൈവം പ്രവാചകന്മാരിലൂടെ അറിയിച്ച ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെങ്കിലും ഇന്നത് മുസ്‌ലിം സമുദായത്തിന്റെ 'മതം' ആയിട്ടാണ് മനസ്സിലാക്കപ്പെടുന്നത്; ക്രൈസ്തവ സമുദായത്തിന്റെ മതം ക്രിസ്തുമതം എന്ന പോലെ, ഹൈന്ദവ സമുദായത്തിന്റെ മതം ഹിന്ദുമതം എന്ന പോലെ.
എന്നാല്‍, വായുവും വെള്ളവും വെളിച്ചവുമൊക്കെ ഏതുപോലെ എല്ലാവര്‍ക്കുമുള്ള ദൈവത്തിന്റെ അനുഗ്രഹമാണോ അതുപോലെ എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ സന്മാര്‍ഗമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ ദൈവത്തെക്കുറിച്ച് 'ജനങ്ങളുടെ ദൈവം' (114:3) എന്നും, അന്ത്യപ്രവാചകനെക്കുറിച്ച് 'എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകന്‍' (7:158) എന്നും, അന്ത്യവേദമായ വിശുദ്ധ ഖുര്‍ആനെക്കുറിച്ച് 'ജനങ്ങള്‍ക്കുള്ള സന്മാര്‍ഗം' (2:185) എന്നും പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.
അതായത്, സ്രഷ്ടാവായ അല്ലാഹുവും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും അന്ത്യവേദമായ വിശുദ്ധ ഖുര്‍ആനും ജനങ്ങളുടേതാണ്. ആര്‍ക്കു വേണമെങ്കിലും പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി, ഇഹ-പര രക്ഷയുടെ ഈ വഴി അഥവാ ഇസ്‌ലാം തെരഞ്ഞെടുക്കാം; നിരാകരിക്കാം. പ്രസ്തുത മാര്‍ഗം തെരഞ്ഞെടുത്ത് അതിനു വേണ്ടി ജീവിക്കുന്നവരത്രെ മുസ്‌ലിംകള്‍.
മുസ്‌ലിം സമൂഹത്തിന്റെ നിയോഗ ലക്ഷ്യങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പല രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. ദീനിന്റെ കാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കി വെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്നു വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!'' (22:78).
ഇവിടെ ഖുര്‍ആന്‍ പറഞ്ഞുതരുന്നത് മുഹമ്മദ് നബിയുടെ അനുയായികള്‍ മാത്രമല്ല എല്ലാ പ്രവാചകന്മാരുടെ അനുയായികളും മുസ്‌ലിംകള്‍ ആയിരുന്നു എന്നാണ്. ഒരേ മാതാപിതാക്കളുടെ മക്കളായ മനുഷ്യരില്‍ ആരെല്ലാം പ്രവാചകന്മാരുടെ പാത പിന്‍പറ്റി ജീവിച്ചുവോ അവരെല്ലാം മുസ്‌ലിംകളായിരുന്നു. അല്ലാഹുവിനെ 'അനുസരിക്കുന്നവര്‍' എന്നാണല്ലോ അറബിയില്‍ അതിനര്‍ഥം. മുസ്‌ലിംകള്‍ എന്നത് ഒരു 'ജാതി സമുദായ'മല്ല ഒരു ആദര്‍ശ സമൂഹമാണ് എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. മുസ്‌ലിംകളായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കരുത്'' (3:102). ഖുര്‍ആന്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് മുസ്‌ലിം ജാതിബോധത്തിനെതിരിലുള്ള പ്രഹരമാണ്. മാത്രമല്ല, പ്രവാചകന്‍ ഏതുപോലെ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് സാക്ഷിയായോ അതുപോലെ മുസ്‌ലിംകളും ഇസ്‌ലാമിനെ പ്രതിനിധീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് സാക്ഷികളാവണം എന്നതാണ് മുസ്‌ലിംകള്‍ എന്ന വിഭാഗം നിലനില്‍ക്കേണ്ടതിന്റെ ന്യായമായി ഖുര്‍ആന്‍ പറയുന്നത്.
മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ പറയുന്നു: ''ഇവ്വിധം നാം നിങ്ങളെ ഒരു മിത സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനങ്ങളുടെ മേല്‍ സാക്ഷികളാവാന്‍ വേണ്ടി. റസൂല്‍ നിങ്ങളുടെ മേല്‍ സാക്ഷിയാവാനും'' (2:143). ''ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു'' (3:110) എന്നും മുസ്‌ലിം സമൂഹത്തിന്റെ നിയോഗലക്ഷ്യമായി ഖുര്‍ആനില്‍ കാണാം. അതിനര്‍ഥം, ദൈവത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ ജനങ്ങളിലേക്കിറങ്ങി നന്മ കല്‍പിക്കലും തിന്മ തടയലും ബാധ്യതയാക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍ എന്നാണ്.
മറ്റു ജാതി മത വിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കുന്ന പോലെ നിയോഗ ലക്ഷ്യം മറന്ന് അവകാശങ്ങള്‍ക്കായി സംഘടിക്കുന്ന ഒരു സാമുദായിക പ്ലാറ്റ്‌ഫോം വിശുദ്ധ ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന മുസ്‌ലിം സമൂഹത്തിനില്ല.
ദൈവികാധ്യാപനങ്ങളെ നിരാകരിച്ചതിന്റെ പേരില്‍ ദൈവിക ശിക്ഷക്ക് വിധേയനായ മകന്‍ വെള്ളത്തില്‍ മുങ്ങി മരിക്കുമ്പോള്‍ നൂഹ് നബി ഒരു പിതാവെന്ന നിലക്ക് തന്റെ മകനെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോടാവശ്യപ്പെടുമ്പോള്‍ 'അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല'(11:46) എന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചതിന്റെ താല്‍പര്യമെന്താണ്? ചേര്‍ത്തുവെക്കുന്നതിന്റെ മാനദണ്ഡം ആദര്‍ശ പ്രതിബദ്ധതയാണ്, രക്തബന്ധം പോലുമല്ല എന്നല്ലേ? ഇബ്‌റാഹീം നബി സ്വന്തം പിതാവിനോട് സലാം പറഞ്ഞ് പിരിഞ്ഞതിലും മൂസാ നബി സ്വന്തം കുടുംബത്തിലെ ഖാറൂനോട് കലഹിച്ചതിന്റെ പിന്നിലും മുഹമ്മദ് നബിക്ക് സ്വന്തം പിതൃസഹോദരന്മാരോടടക്കം ഏറ്റുമുട്ടേണ്ടിവന്നതിന്റെ പിന്നിലുമെല്ലാം വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മ രൂപപ്പെടേണ്ടതിന്റെ മൗലിക മാനദണ്ഡം എന്ത് എന്ന് നിര്‍ണയിച്ചുതരുന്നുണ്ട്. എന്നു മാത്രമല്ല, പ്രവാചകന്മാര്‍ 'യാ ഖൗമീ' (എന്റെ ജനമേ) എന്ന് കാരുണ്യത്തോടെ സ്വന്തത്തിലേക്ക് ചേര്‍ത്ത് വിളിച്ചത് പെറ്റുപെരുകി രൂപപ്പെട്ട ഒരു പാരമ്പര്യ മുസ്‌ലിം സമുദായത്തെയല്ല; അവര്‍ ഏതൊരു ജനതയില്‍ ജീവിച്ചുവോ ആ ജനതയെ ഒന്നടങ്കമാണ്.
ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: ''എന്നാല്‍ വേദവിശ്വാസികളില്‍ എല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗം അവരിലുണ്ട്'' (3:113). വേദക്കാരില്‍ നിന്ന് മുസ്‌ലിംകളായവരെക്കുറിച്ചല്ല ഈ പറഞ്ഞിരിക്കുന്നത്. 'മുസ്‌ലിം സമുദായം' എന്ന പ്ലാറ്റ്‌ഫോമിലല്ല അവര്‍. എന്നിട്ടും അവര്‍ സന്മാര്‍ഗത്തിലാണ്. 'ഇരട്ട പ്രതിഫലത്തിനുടമസ്ഥരായവര്‍' എന്ന് ഇവരെക്കുറിച്ച് വേറെയും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കാരണം, അവര്‍ നേരത്തെ സ്വര്‍ഗാവകാശികളാണ്. അന്ത്യപ്രവാചകന്റെ ആഗമനം അറിഞ്ഞപ്പോള്‍ അവര്‍ പ്രവാചകനെ പിന്‍പറ്റാന്‍ സ്വാഭാവികമായും തയാറാവുകയും ചെയ്തു.
എന്നാല്‍, നരകത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരത്രെ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍). അവരുള്ളതാകട്ടെ മുസ്‌ലിംകള്‍ക്കിടയിലാണ് താനും. അതിനര്‍ഥം മറ്റു സമുദായങ്ങളില്‍ സ്വര്‍ഗാവകാശികളുള്ളതുപോലെ മുസ്‌ലിം സമുദായത്തില്‍ നരകാവകാശികളുമുണ്ട് എന്നതാണ്. സന്മാര്‍ഗത്തിന്റെ പ്ലാറ്റ്‌ഫോം സാമുദായികമല്ല എന്ന യാഥാര്‍ഥ്യത്തിനാണ് ഇവിടെ അടിവരയിടുന്നത്.
എന്നു മാത്രമല്ല, സന്മാര്‍ഗം കേവലം മതവുമല്ല എന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകനും വരച്ചുകാണിക്കുന്നുണ്ട്. മക്കയില്‍ പതിമൂന്ന് വര്‍ഷക്കാലം അസഹ്യമായ പീഡനങ്ങള്‍ സഹിച്ച് ദൈവ കല്‍പന പ്രകാരം മദീനയിലേക്ക് ഹിജ്‌റ ചെയ്ത പ്രവാചകനെ പിന്നെ കാണുന്നത് മദീനയിലുണ്ടാക്കിയ ഒരു പള്ളിയുടെ പള്ളികമ്മിറ്റി പ്രസിഡന്റ് എന്ന നിലക്കോ പള്ളി ഇമാം എന്ന നിലക്കോ അല്ല. ഭൂരിപക്ഷമായ ജൂത, ക്രൈസ്തവരടക്കമുള്ള മദീനാ വാസികള്‍ അധിവസിക്കുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലക്കാണ്. അതോടെ 'നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആക്കേണമേ' (ബൈബിള്‍, പുതിയ നിയമം, മത്തായി 6:10) എന്ന യേശു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം 'ദൈവരാജ്യം' ഒരു യാഥാര്‍ഥ്യമാവുന്നതിന് തുടക്കമാവുകയാണ് ചെയ്തത്.
അതിനു ശേഷം അവതീര്‍ണമായ ഖുര്‍ആനിലെ പല അധ്യാപനങ്ങളും ഒരു പള്ളി ഇമാമിനോ പള്ളിക്കമ്മിറ്റിക്കോ നടപ്പാക്കാവുന്നവയല്ല. ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും മാത്രം സാധിക്കുന്നവയാണ്. ഉദാഹരണത്തിന്, ''നീ അവരുടെ സ്വത്തില്‍ നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'' (9:103).
സകാത്ത് ധനവാന്റെ ധനത്തിലുള്ള ദരിദ്രന്റെ അവകാശമാണ്; ധനവാന്‍ ദരിദ്രനു കൊടുക്കുന്ന ഔദാര്യമല്ല. അത് പിടിച്ചെടുത്ത് ദരിദ്രന് എത്തിക്കാന്‍ ധാര്‍മികോപദേശം മാത്രം മതിയാവുകയില്ല. മാത്രമല്ല, ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കല്‍പനകളൊന്നും പള്ളിക്കമ്മിറ്റിക്കോ മഹല്ല് കമ്മിറ്റിക്കോ നടപ്പാക്കാനാവുന്നവയല്ല.
മദീനയില്‍ സ്ഥാപിതമായ മാര്‍ക്കറ്റിലൂടെ നടന്ന്, മുകളില്‍ ഉണങ്ങിയ ഗോതമ്പിട്ട് അടിയിലെ നനഞ്ഞ ഗോതമ്പ് ഉപഭോക്താവറിയാതെ വില്‍പന നടത്തിയ കച്ചവടക്കാരന്റെ കൈക്ക് പിടിച്ച് താക്കീത് ചെയ്ത പ്രവാചകന്‍ പള്ളിക്കാര്യം മാത്രമല്ല, അങ്ങാടിക്കാര്യമടക്കം അവിടുത്തെ സകല കാര്യങ്ങളിലും ഇടപെട്ടിരുന്നു. പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതു കൊണ്ടു മാത്രം അങ്ങാടിയിലെ അധര്‍മം മാറുകയില്ലല്ലോ.
ഒരു മുസ്‌ലിം നടത്തിയ മോഷണക്കുറ്റം ഒരു ജൂതന്റെ പേരില്‍ ആരോപിക്കാന്‍ ചില മുസ്‌ലിംകള്‍ വരെ ശ്രമം നടത്തിയപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന് അനുകൂലമായി അവതരിക്കപ്പെടുകയും മുസ്‌ലിമിന് ശിക്ഷ വിധിക്കുകയും ചെയ്തതോടെ പ്രവാചകന്‍ ഒരു മത നേതാവോ സമുദായ നേതാവോ അല്ലെന്നും മാനവ സമൂഹത്തില്‍ ദൈവിക നീതി നടപ്പിലാക്കി മാതൃക കാണിക്കേണ്ട ദൈവ നിയോഗിതനായ ഭരണാധികാരിയാണെന്നുമാണ് സ്ഥാപിതമായത്.
പ്രവാചകനിലൂടെ വിത്ത് പാകപ്പെട്ട 'ദൈവ രാജ്യം' ക്രമേണ വളര്‍ന്ന് വികസിച്ച് രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ഫാറൂഖിന്റെ കാലമായപ്പോഴേക്കും പൂത്തുലയാന്‍ തുടങ്ങി. സ്വതന്ത്ര ഇന്ത്യയെ വിഭാവന ചെയ്തപ്പോള്‍ ഗാന്ധിജി പോലും പറഞ്ഞുപോയി 'ഞാന്‍ വിഭാവന ചെയ്യുന്ന രാമരാജ്യം ഖലീഫാ ഉമറിന്റെ കാലഘട്ടത്തിലേതുപോലുള്ള ഒന്നാണ്' എന്ന്. ആം ആദ്മി നേതാവ് കെജ്‌രിവാളിനും പറയാനുള്ളത് അതുതന്നെയാണ്.
പള്ളിയുടെ സൗകര്യം മതിയാവാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ക്രൈസ്തവ സ്ത്രീയുടെ വീട് അവര്‍ക്കിഷ്ടമില്ലാഞ്ഞിട്ടും മാറ്റി പണിത് പള്ളി വികസിപ്പിച്ച ഗവര്‍ണറുടെ നടപടി അറിഞ്ഞപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ഭരണഘടനയായിട്ടുള്ള ഭരണകൂടത്തിന്റെ ഭരണാധികാരി ഖലീഫാ ഉമര്‍ ഗവര്‍ണറെ വിളിച്ച് പള്ളി പൊളിക്കാനും വീട് പുനര്‍ നിര്‍മിക്കാനുമാണ് കല്‍പിച്ചത്. ഒരു ക്രൈസ്തവ സഹോദരിയുടെ നീതിക്കുവേണ്ടി മുസ്‌ലിം പള്ളി പൊളിക്കാനാഹ്വാനം ചെയ്യുന്നു ഇസ്‌ലാമിക ഭരണകൂടത്തിന്റെ തലവന്‍.
ദൈവരാജ്യവും മത രാഷ്ട്രവും ഒന്നല്ല; ദൈവ വിശ്വാസവും മത വിശ്വാസവും ഒന്നല്ലാത്തതുപോലെ. ദൈവ വിശ്വാസമില്ലാത്തവര്‍ക്കു പോലും മത വിശ്വാസിയാവാന്‍ കഴിയും. സൂക്ഷ്മ വിശകലനത്തില്‍ മത വിശ്വാസത്തില്‍ സാമുദായികതയുണ്ട്. കാരണം മതങ്ങളെ പ്രതിനിധീകരിക്കുന്നത് സമുദായങ്ങളാണ്. മത പ്രവര്‍ത്തനങ്ങള്‍ അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയോ വളര്‍ച്ചക്ക് വേണ്ടിയോ ആയിത്തീരുന്നത് അതുകൊണ്ടാണ്. ആദിവാസികളെ മതത്തില്‍ ചേര്‍ക്കാന്‍ പണിയെടുക്കുന്ന മത സംഘടനകള്‍ക്ക് അവര്‍ തങ്ങളുടെ മതത്തില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും മനുഷ്യരെന്ന നിലക്ക് അവര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാണെന്നതിനാല്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പണിയെടുക്കല്‍ മാനവിക ബാധ്യതയാണെന്ന് തോന്നാത്തത് മതം മാനവികം എന്നതിനേക്കാള്‍ സാമുദായികമാണെന്നത് കൊണ്ടാണ്. ഇത്തരം മത കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രാഷ്ട്രം മത രാഷ്ട്രമായിരിക്കും. സാമുദായികതയും വര്‍ഗീയതയും ആയിരിക്കും അതിന്റെ മുഖമുദ്ര.
എന്നാല്‍, അന്ത്യപ്രവാചകന്‍ പ്രതിനിധീകരിച്ച ദൈവരാജ്യം അഥവാ ഇസ്‌ലാമിക രാഷ്ട്രം യഥാര്‍ഥ ദൈവവിശ്വാസത്തിലധിഷ്ഠിതമായിരുന്നു. മതവിശ്വാസം സാമുദായികമാണെങ്കില്‍ ദൈവവിശ്വാസം മാനവികമാണ്. അതുകൊണ്ടുതന്നെ മത രാഷ്ട്രം സാമുദായികതയിലും ദൈവരാജ്യം മാനവികതയിലും അധിഷ്ഠിതമായിരിക്കും. മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രവാചകന്‍ മദീനയില്‍ അവിടത്തെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരിക്കെ മക്കയിലെ ജനങ്ങള്‍ വരള്‍ച്ച കാരണം പട്ടിണി കിടക്കുന്നു എന്നറിഞ്ഞപ്പോള്‍ ധാന്യ ശേഖരങ്ങളുമായി റിലീഫ് സംഘങ്ങളെ അയച്ചത് ദൈവരാജ്യത്തിന്റെ മാനവികതക്കാണ് അടിവരയിടുന്നത്.
ചുരുക്കത്തില്‍, മുഹമ്മദ് നബി സ്ഥാപിച്ചത് ഒരു മത രാഷ്ട്രത്തെയല്ല, ദൈവ രാജ്യത്തെയാണ്. മുസ്‌ലിം രാഷ്ട്രത്തെയല്ല, ഇസ്‌ലാമിക രാഷ്ട്രത്തെയാണ്. ആദര്‍ശത്തില്‍ കാര്‍ക്കശ്യവും മാനവികതയില്‍ ഉദാരതയും എന്നതത്രെ അതിന്റെ പ്രത്യേകത. ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മുസ്‌ലിം സംഘടനകളും വേര്‍തിരിയുന്ന മൗലിക തലം ഇതത്രെ.
Comments