Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

കുറ്റപ്പെടുത്തലിന്റെ മനശ്ശാസ്ത്രം

അസ്‌ലം വാണിമേല്‍

         ആദിപിതാവും അല്ലാഹു ഭൂമിയിലേക്കയച്ച ആദ്യ പ്രവാചകനുമായ ആദം നബി(അ)യില്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് പഠിക്കാനും പകര്‍ത്താനുമുള്ള ഉത്തമ മാതൃക ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. തങ്ങള്‍ക്ക് സംഭവിച്ചുപോയ തെറ്റിന്റെ പേരില്‍ അന്യരെ കുറ്റപ്പെടുത്തുകയോ ഒഴികഴിവുകള്‍ പറഞ്ഞ് ന്യായീകരിക്കുകയോ ചെയ്യാതെ, ചെയ്തുപോയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആര്‍ജവം കാണിച്ചു എന്നതാണത്. സ്വര്‍ഗീയ സുഖാനുഭൂതികള്‍ നുകര്‍ന്ന് കഴിയവെ, ആദമും പ്രിയ പത്‌നി ഹവ്വായും പൈശാചിക പ്രേരണക്ക് അടിപ്പെട്ട് അല്ലാഹുവിന്റെ വിലക്ക് ലംഘിച്ചപ്പോള്‍ അവര്‍ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച ഈ തെറ്റിന്റെ പേരില്‍ പിശാചിനെയോ മറ്റെന്തെങ്കിലും ശക്തിയെയോ ഒരിക്കല്‍ പോലും അവര്‍ കുറ്റപ്പെടുത്തുകയോ സ്വന്തം പിഴവിനെ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. പകരം, ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുത്ത് അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ് ചെയ്തത്. ''അവര്‍ ഇരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തുപോയി. നീ ഞങ്ങള്‍ക്ക് മാപ്പുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലായെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടുപോകും'' (7:23).

എന്നാല്‍, പൊതുവില്‍ മനുഷ്യന്‍ വ്യക്തിതലം മുതല്‍ രാഷ്ട്രതലം വരെ സ്വന്തം തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സ്വന്തം വീഴ്ചകളെ പലരീതിയില്‍ ന്യായീകരിക്കുകയും ചെയ്തുവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മദ്യപനായ ഭര്‍ത്താവ് ഭാര്യയുടെ പെരുമാറ്റ ദൂഷ്യത്തെ കുറ്റപ്പെടുത്തി മദ്യപാനത്തെ ന്യായീകരിക്കുന്നതും, സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളെയും സംഘട്ടനങ്ങളെയും മതങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും അക്കൗണ്ടില്‍ എഴുതി ചേര്‍ക്കുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്.

അമേരിക്കന്‍ എഴുത്തുകാരന്‍ ജെ. മിഖായേല്‍ സ്‌ട്രേസെന്‍സ്‌കി (J. Michael Stracznski)യുടെ വാക്കുകള്‍ കാണുക: ''ഇന്നത്തെ മനുഷ്യന്‍ തന്റെ സമയത്തിന്റെ വലിയൊരു പങ്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താനും, തന്റെ ഊര്‍ജത്തിന്റെ വലിയൊരളവ് താന്‍ വരുത്തിയ വീഴ്ചകളെ ന്യായീകരിക്കാനുമാണ് ഉപയോഗിക്കുന്നത്. സംഭവിച്ച തെറ്റുകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ അവന്‍ തീരെ സമയം കണ്ടെത്തുന്നില്ല.'' വ്യക്തി, കുടുംബ, സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ പരസ്പര വിദ്വേഷവും ശത്രുതയും ഉടലെടുക്കാനും ബന്ധങ്ങള്‍ ശിഥിലമാകാനും ഇടയാകുന്ന കുറ്റപ്പെടുത്തലിന്റെയും സ്വന്തം വീഴ്ചകള്‍ ന്യായീകരിക്കുന്നതിന്റെയും പിന്നിലുള്ള മനശ്ശാസ്ത്രം എന്താണെന്ന് നോക്കാം.

1. തെറ്റ് ചെയ്ത വ്യക്തിയെ വിമര്‍ശിക്കുക

ചെയ്യുന്ന തെറ്റിന്റെ പേരില്‍ വ്യക്തികളെ വിമര്‍ശിക്കാനും സമൂഹ മധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കാനും നാം ശ്രമിക്കുന്നു. എന്നാല്‍, കുറ്റപ്പെടുത്തലിലൂടെ ഒരാളെയും തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യമല്ല. കാരണം നമ്മുടെ കുറ്റപ്പെടുത്തല്‍ തെറ്റു ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നമുക്കെതിരെ ശത്രുതാ മനോഭാവം ഉണ്ടാക്കുകയാണ് ചെയ്യുക. തെറ്റ് ആവര്‍ത്തിക്കാന്‍ അത് കാരണമാവുകയും ചെയ്യും. തിന്മ തടയാന്‍ ഖുര്‍ആന്‍ ചില നടപടിക്രമങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.  ''നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി എഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍ 110).

തിന്മ നിരോധിക്കാന്‍ ആദ്യം വേണ്ടത് നാം ഉത്തമ ഗുണങ്ങളുള്ളവരാവുക എന്നതാണ്. രണ്ടാമതായി നാം ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാകുക എന്നതും. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരുടെ മിത്രങ്ങളാവുക. മൂന്നാമതായി, നന്മ കല്‍പിക്കുക. ഇതൊരു പോസിറ്റീവ് സമീപനമാണ്. നാലാമതായി തിന്മ വിരോധിക്കുക. തെറ്റ് ചെയ്യുന്ന വ്യക്തികളെ നേരില്‍ കുറ്റപ്പെടുത്തുന്നതിന് പകരം, ഈ രീതി സ്വീകരിക്കുന്നത് തീര്‍ച്ചയായും ഫലം ചെയ്യും.

2. സമൂഹത്തില്‍ പദവിയും നിയന്ത്രണവും നേടിയെടുക്കുക

സ്വന്തം സമുദായത്തെയോ ഗ്രൂപ്പിനെയോ ഉയര്‍ത്തിക്കാട്ടാനും സമൂഹത്തിനു മേല്‍ നിയന്ത്രണം ലഭിക്കാനും ചിലര്‍ കുറ്റപ്പെടുത്തലിന്റെ ശൈലി സ്വീകരിക്കാറുണ്ട്. സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് താനും തന്റെ ഗ്രൂപ്പുമൊഴികെ മറ്റെല്ലാവരും മോശക്കാരാണെന്ന് സ്ഥാപിച്ചതിനു ശേഷം ഉദ്ദേശിച്ച സ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ ഇവര്‍ ശ്രമിക്കും.

3. അനിഷ്ടം പ്രകടിപ്പിക്കുക

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ ഇഷ്ടമില്ലെങ്കില്‍ അതയാള്‍ പലപ്പോഴും കുറ്റപ്പെടുത്തലിലൂടെ പ്രകടിപ്പിക്കും. ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. തനിക്കിഷ്ടമില്ലാത്ത വ്യക്തികളും സംഘടനകളും ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും അംഗീകരിക്കാന്‍ അയാള്‍ തയാറാവുകയില്ല. അത്തരം കാര്യങ്ങളില്‍ പോലും തെററ് കണ്ടുപിടിക്കാനായിരിക്കും ശ്രമം. ''നിങ്ങള്‍ സംസാരിക്കുമ്പോള്‍ നല്ലത് സംസാരിക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക'' എന്ന പ്രവാചക നിര്‍ദേശം ഓര്‍മിക്കുക.

4. സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കുക

കൃത്യനിര്‍വഹണത്തില്‍ തങ്ങള്‍ വരുത്തുന്ന വീഴ്ചകള്‍ മറച്ചുവെക്കാന്‍ ചിലര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താറുണ്ട്.  സംഘടനാ തലങ്ങളില്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ പതിവാണ്. സ്വന്തം വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് അതിന് കാരണം. ഇത്തരക്കാര്‍ വലിയ ആശയങ്ങളും ഭാവനകളും ഉള്ളവരായിരിക്കും. എന്നാല്‍ സ്വന്തം കഴിവുകേടുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും ഇവര്‍ക്ക് ബോധമുണ്ടാവുകയുമില്ല. അതിനാല്‍ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുകയും അത് നിര്‍വഹിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യും. അവര്‍ സൂറത്തുസ്സ്വഫ്ഫിലെ 2,3 വചനങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ''സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തത് എന്തിന് നിങ്ങള്‍ പറയുന്നു? ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.''

5. മുന്‍വൈരാഗ്യങ്ങള്‍ തീര്‍ക്കുക

പൂര്‍വ വൈരാഗ്യം വെച്ച് പുലര്‍ത്തുന്നവര്‍ അത് പ്രകടിപ്പിക്കാനുള്ള മാര്‍ഗമായും കുറ്റപ്പെടുത്തലിനെ ഉപയോഗിക്കാറുണ്ട്. തെറ്റും ശരിയും നോക്കാതെ എന്തു ചെയ്താലും കുറ്റപ്പെടുത്തുക എന്ന രീതിയാവും ഇത്തരക്കാര്‍ സ്വീകരിക്കുക. പകയും വിദ്വേഷവും വര്‍ധിച്ച് സാമൂഹിക ബന്ധങ്ങള്‍ തകരാന്‍ ഈ സ്വഭാവം കാരണമാകും.

6. അനുയായികളെ പ്രചോദിപ്പിക്കുക

രാഷ്ട്രീയ നേതാക്കളും സംഘടനാ സാരഥികളും തങ്ങളുടെ അനുയായികളെ പലപ്പോഴും കര്‍മോത്സുകരാക്കാനും പ്രചോദിപ്പിക്കാനുമായി അവരുടെ നിലവിലുള്ള അവസ്ഥയെ കുറ്റപ്പെടുത്താറുണ്ട്. കുറ്റപ്പെടുത്തല്‍ എന്ന നെഗറ്റീവ് പ്രവണതയെ പോസിറ്റീവാക്കി മാറ്റുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ സമൂഹത്തെ നല്ല നിലയില്‍ ചലിപ്പിക്കാന്‍ ഒരു പരിധിവരെ സഹായകമാകും. എന്നാല്‍ ഇത് അധികമായാല്‍ ആത്മവിശ്വാസം നഷ്ടപ്പെടാനും കാരണമാകും.

ഇസ്‌ലാം സ്‌നേഹത്തിന്റെയും ഗുണകാംക്ഷയുടെയും ദര്‍ശനമായതിനാല്‍, ഈ രണ്ട് മൂല്യങ്ങളെയും ഇല്ലാതാക്കുന്ന എല്ലാതരം ദുഷ്പ്രവണതകളെയും അത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം കുറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതും വളരെ ഗൗരവമായാണ് ഖുര്‍ആന്‍ കാണുന്നത്: ''കുത്തുവാക്ക് പറയുന്നവര്‍ക്കും അവഹേളിക്കുന്നവര്‍ക്കും നാശം'' (104:1). ഒരു മനുഷ്യനും മറ്റുള്ളവനെ കുറ്റപ്പെടുത്താന്‍ മാത്രം പൂര്‍ണനല്ല. ബൈബിളില്‍ യേശുവിന്റെ ഒരു വചനമുണ്ട്, ''നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' (ജോണ്‍ 8:7). എല്ലാം തികഞ്ഞവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ടുതന്നെ കുറ്റപ്പെടുത്താനുള്ള അധികാരം അവന് മാത്രമാണ്. നബി(സ)യുടെ ഭാഗത്ത് നിന്നു പോലും വളരെ ചെറിയ ഒരശ്രദ്ധ വന്നപ്പോള്‍ അത് സൗമ്യമായി അല്ലാഹു തിരുത്തുന്നതായി കാണാം (അബസ 1-10).

നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങള്‍ക്കുള്ള ഉത്തരവാദിത്തം (നമ്മുടെ കഴിവിലും പരിമിതിയിലും പെട്ട കാര്യങ്ങളില്‍) നമുക്ക് മാത്രമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. 'ഒരാളുടെ കുറ്റം മറ്റൊരാള്‍ ഏറ്റെടുക്കുകയില്ല' എന്ന് പരിശുദ്ധ ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളിലായി അല്ലാഹു ഉണര്‍ത്തുന്നു (6:164, 17:15, 35:18, 39:7, 53:38). ഒരു വ്യക്തി സ്വന്തം തെറ്റിനും വീഴ്ചക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ സ്വന്തം തെറ്റ് തിരുത്താനുള്ള അവസരമാണ് അവന്‍ നഷ്ടപ്പെടുത്തുന്നത്. കാരണം സ്വന്തം തെറ്റ് മറ്റുള്ളവരുടെ തെറ്റായി അവന്‍ കാണുന്നു. നമുക്ക് ലഭിക്കുന്ന അവസരങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്തം നമുക്ക് തന്നെയാണെന്ന് മനസ്സിലാക്കുകയും, കുറ്റപ്പെടുത്തലിലൂടെ അതിന്റെ പങ്ക് അന്യര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്.

സ്വന്തം ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്ക് നല്‍കുന്നത് പോസിറ്റീവ് എനര്‍ജിയാണ്. എന്നാല്‍, സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ നാം നെഗറ്റീവ് എനര്‍ജിയാണ് കൈമാറ്റം ചെയ്യുന്നത്. 'എല്ലാവരും മരിക്കുന്നു, എന്നാല്‍ എല്ലാവരും ജീവിക്കുന്നില്ല' എന്നാണ് ആപ്തവാക്യം. നാം ഒരു കാര്യം കൂടുതല്‍ സമയമെടുത്ത് ചെയ്യുമ്പോള്‍ അത് സൂക്ഷ്മതയുടെ ഭാഗമായി വിലയിരുത്തുകയും മറ്റൊരു വ്യക്തി അതേ ജോലി അതേ സമയമെടുത്ത് ചെയ്യുമ്പോള്‍ അയാള്‍ വളരെ 'സ്‌ലോ' ആണ് എന്ന് പറയുകയും ചെയ്യുന്നത് ശരിയല്ല. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം സമയത്തിന് പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കാതെ വരുമ്പോള്‍ അത് തിരക്ക് കാരണമാണെന്നും, മറ്റൊരാള്‍ ഉത്തരവാദിത്തങ്ങള്‍ സമയത്ത് പൂര്‍ത്തിയാക്കാതിരിക്കുമ്പോള്‍ അത് അയാളുടെ അലസതയാണെന്നും വിലയിരുത്തുന്നതും തെറ്റായ പ്രവണതയാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍