Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

അഖാദ്: പ്രതീക്ഷാ നിര്‍ഭരം ജ്വലിച്ച ജീവിതം

എസ്. കമറുദ്ദീന്‍ /വ്യക്തിചിത്രം

         2005 നവംബര്‍ 9. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനിലെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടല്‍. ലോബിയിലേക്ക് കടന്നുവന്ന ഒരാള്‍ പെട്ടെന്ന് തീഗോളമായി മാറി. ചാവേര്‍ സ്‌ഫോടനം! ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഒരു പുതിയ പൊട്ടിത്തെറിയുടെ വാര്‍ത്ത സാവധാനം നിരങ്ങി നീങ്ങി. ഫ്രെയിമിലെ ചലനങ്ങളുടെ ധാരാളിത്വത്തില്‍, കയോസ് പോലെ, പിന്നെ  പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍. രക്തം മൊണ്ടാഷ് പകര്‍ന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്കൊടുവില്‍, 34 വയസ്സുള്ള ഒരു യുവതി മരണപ്പെട്ടതായി നാമറിയുന്നു. മാരകമായി മുറിവേറ്റ അവളുടെ പിതാവ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ലോകത്തോട് യാത്ര പറഞ്ഞു. അതൊരു പ്രതിഭയുടെ ശഹാദത്തായിരുന്നു. മുസ്ത്വഫ അഖാദ് എന്ന അതുല്യ വ്യക്തിത്വത്തിന്റെ.

ഇസ്‌ലാമിക സിനിമയെ കുറിച്ചുള്ള ചര്‍ച്ച, അഖാദിനെക്കുറിച്ച് പറയാതെ നമുക്ക് മുഴുമിപ്പിക്കാനാവില്ല. സിറിയയിലെ പഠനം കഴിഞ്ഞ്, ബാല്യകൗമാരങ്ങളില്‍ സ്വപ്‌നമായി വളര്‍ന്ന തന്റെ സിനിമാപഠനത്തിനായി അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള പ്രസിദ്ധമായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലേക്ക് യാത്രതിരിക്കാനൊരുങ്ങുമ്പോള്‍, കസ്റ്റംസ് ഓഫീസറായ പിതാവ്, ഇരുനൂറു ഡോളറും സുന്ദരമായൊരു മുസ്ഹഫും മകന് നല്‍കി. അമേരിക്കയിലേക്ക് യാത്രയാവുന്ന, സിനിമാസംവിധാനവും സിനിമാനിര്‍മ്മാണവും പാഠ്യവിഷയമായ തനിക്കുള്ള ഒരു സന്ദേശമാണതെന്ന് അഖാദിന് മനസ്സിലായി. ആ മുസ്ഹഫ് നെഞ്ചോടു ചേര്‍ത്താണ്- ഖുര്‍ആന്‍ ഹൃദയത്തിലേറ്റിയാണ്- ആ പ്രതിഭാശാലി അവസാനംവരെയും മുന്നോട്ടുനീങ്ങിയത്. ബിരുദം പൂര്‍ത്തിയാക്കി, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയാണ് അദ്ദേഹം സിനിമാരംഗത്തെ പ്രവര്‍ത്തനം ആരംഭിച്ചത്.

പടിഞ്ഞാറന്‍ ശൈലിയും സാങ്കേതിക മികവും മുസ്ത്വഫ അഖാദ് വളരെ നൈപുണ്യത്തോടെ തന്റെ സിനിമകള്‍ക്ക് ഉപയോഗപ്പെടുത്തി. അതോടൊപ്പം പൗരസ്ത്യദേശത്തെ മൂല്യബോധത്തെയും സൗന്ദര്യശാസ്ത്രത്തെയും കൂട്ടിയിണക്കാന്‍ മറന്നില്ല. ഈയൊരു ഫ്യൂഷന്‍ അത്യത്ഭുതകരമായ പ്രതിഭാസമാണ്  സമ്മാനിച്ചത്.  സംവിധായകനായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായും കാമറാമാനായും പ്രവര്‍ത്തിക്കാനായത് അഖാദിന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. സിറിയയില്‍ നിന്നെത്തി, അമേരിക്കയില്‍ ജീവിക്കുന്ന പ്രവാസ സമൂഹത്തോടൊപ്പം ചേര്‍ന്ന്, അവിടെ തന്നെ തന്റെ പ്രവര്‍ത്തനകേന്ദ്രമാക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകസിനിമയോടൊപ്പം സഞ്ചരിക്കാനും ലോകത്തെ തന്റെ കാന്‍വാസായി കാണാനും അഖാദിന് കഴിഞ്ഞിരുന്നു. ഈ കാഴ്ചപ്പാടുകള്‍ അഖാദിന്റെ ഇതിഹാസതുല്യമായ സൃഷ്ടികളില്‍ തെളിഞ്ഞുകാണാം.

അമേരിക്കയിലെ ജീവിതമാണ് ദ മെസ്സേജ് എന്ന തന്റെ ചിത്രത്തിന് പ്രേരകമായതെന്ന് അഖാദ് വിശദീകരിക്കുന്നു. അമേരിക്കയിലെത്തിയ അഖാദിനെ ഏറെ വിസ്മയിപ്പിച്ചത്, എഴുനൂറു മില്യന്‍ അനുയായികളുള്ള ഒരു മതം, ഒരു മഹാസംസ്‌കാരം, പടിഞ്ഞാറന്‍ ജനതയ്ക്ക്  എത്രമാത്രം അജ്ഞാതമാണെന്നതാണ്. ഒരു ടി.വി പരമ്പരയിലൂടെ അദ്ദേഹം പ്രവാചകജീവിതം ചിത്രീകരിക്കാനാരംഭിച്ചു. താന്‍ നിര്‍മിക്കാന്‍ പോകുന്ന മുഴുനീള സിനിമയുടെ ടെസ്റ്റ്‌ഡോസ്! 1986-ല്‍ മുഹമ്മദ്, ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം പൂര്‍ത്തിയായി. പ്രവാചക ജീവിതാഖ്യാനങ്ങളും ചരിത്രവും പാരമ്പര്യവുമൊക്കെ സസൂക്ഷ്മം പരിശോധിച്ച്, ഇസ്‌ലാമിക പണ്ഡിതന്‍മാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയാണ് അഖാദ് ഈ മഹദ് ചിത്രം പൂര്‍ത്തീകരിച്ചത്. ഇസ്‌ലാമിക ബിംബകല്‍പനകളും മാനങ്ങളും അഖാദ് എത്ര സൂക്ഷ്മ തലത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് നോക്കൂ. ആ അതുല്യ പ്രതിഭയ്ക്കല്ലാതെ, ഈ സാഹസികത ആര്‍ക്കാണ് കഴിയുക? പ്രവാചകനെയോ, പ്രമുഖ ഖലീഫമാരെയോ, പ്രവാചക പത്‌നിമാരെയോ ചിത്രീകരിക്കാതെ, ആശയചോര്‍ച്ചകൂടാതെ പ്രവാചക ജീവിതം അഭ്രപാളികളില്‍ അദ്ദേഹം ആലേഖനം ചെയ്തു. മുഹമ്മദ്, ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന തലക്കെട്ട് ചിത്രം റിലീസുചെയുമ്പോള്‍ ദ മെസ്സേജ് എന്ന് പരിവര്‍ത്തിപ്പിച്ചത്, തെറ്റുദ്ധരിക്കപ്പെടാതിരിക്കാനാണെന്നാണ് അഖാദ് വിശദീകരിച്ചത്.

അഖാദ് തന്റെ ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുന്നേടത്ത് സവിശേഷമായ ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചതായി കാണാം. കഴിവുറ്റ താരങ്ങളെ മാത്രമേ അഖാദ് സ്വീകരിച്ചിട്ടുള്ളൂ. അതിനാല്‍ ആശയങ്ങള്‍ അശേഷം ചോര്‍ന്നുപോകാതെ ദൃശ്യവല്‍ക്കരിക്കുന്നേടത്ത് അദ്ദേഹം വിജയം കണ്ടു. പടിഞ്ഞാറന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതമായ മുഖങ്ങളിലൂടെ ഹംസയും ഉമര്‍ മുഖ്താറും ഇതര ചരിത്ര പുരുഷന്‍മാരും വളരെ വേഗം സംവേദനം ചെയ്യപ്പെടുമെന്ന അഖാദിന്റെ വീക്ഷണം ശരിയായിരുന്നു. എന്നാല്‍ പൗരസ്ത്യ കാഴ്ചക്കാരെ, അസ്വസ്ഥപ്പെടുത്താത്തവിധം കൊറിയോഗ്രഫി ചെയ്യാന്‍ അഖാദ് ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് അന്യമായി തോന്നിയ സംസ്‌ക്കാരത്തെ പശ്ചാത്യമനസ്സിലേക്ക് പ്രസാരണം ചെയ്യാന്‍ സിനിമയെന്ന കലയെ അഖാദ് ഉപയോഗപ്പെടുത്തുകയായിരുന്നു.

അഖാദിന്റെ മറ്റൊരു സംഭാവനയാണ് ദ ലയന്‍ ഓഫ് ദ ഡെസര്‍ട്ട്. ലിബിയയില്‍ ജീവിച്ച, അവിടെ ആധിപത്യം വാണ മുസ്സോളിനിയുടെ ഇറ്റലിക്ക് നേരെ പൊരുതി മരിച്ച  ഉമര്‍ മുഖ്താറിന്റെ ജീവിത കഥ. പോരാട്ടവീര്യത്തിന്റെ ഗരിമ ചോര്‍ന്നു പോകാതെയാണ് ചിത്രം വിന്യസിച്ചിരിക്കുന്നത്. ഉമര്‍ മുഖ്താര്‍ മലഞ്ചെരുവുകളില്‍ സ്ഥാപിക്കുന്ന സാവിയകളിലെ ലാളിത്യവും സ്വാശ്രയത്വവും വിശുദ്ധഖുര്‍ആന്റെ പ്രായോഗിക മാതൃകകളായി മാറുന്നു. തന്റെ കരുത്തിന്റെ ഉറവിടം വരുംതലമുറക്ക് ബാക്കിവെച്ചുപോകുന്ന അവസാനരംഗം, ദൃശ്യമനോഹരമായ  ഒരു സന്ദേശമാണ്. കേണല്‍ ഗദ്ദാഫിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന കാരണം പറഞ്ഞ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉമര്‍ മുഖാതിറിനെ ബഹിഷ്‌ക്കരിച്ച്, സാമ്പത്തിക പരാജയത്തിന് കളമൊരുക്കിയെങ്കിലും അഖാദ് അക്ഷോഭ്യനായിരുന്നു.

ദ മെസ്സേജും ഉമര്‍ മുഖ്താറും മരുഭൂപശ്ചാത്തലത്തിലെ ദൃശ്യവിരുന്നുകളാണ്. പലപ്പോഴും മരുഭൂമി പശ്ചാത്തലമാകുമ്പോള്‍, വരണ്ട, നിറം മങ്ങിയ കാഴ്ചകളായാണ് ഭവിക്കാറ്. അങ്ങനെയാണ് പ്രതീക്ഷിക്കുക. പക്ഷെ, വര്‍ണ്ണ പശ്ചാത്തലം കൊണ്ട് രണ്ട് സിനിമകളിലും ഒരാഘോഷം സൃഷ്ടിക്കാന്‍ അഖാദ് ശ്രദ്ധിച്ചിരുന്നു. ഈ നിറം ചാലിച്ച ഫ്രെയിമുകള്‍, അതിഭാവുകത്വമില്ലാതെ, പ്രതീക്ഷയുടെ നാളങ്ങള്‍ വിരിയിക്കുന്നു. പോരാട്ടവും രക്തസാക്ഷ്യവും അത്മവിശ്വാസത്തോടെയും ആര്‍ജ്ജവത്തോടെയും കണ്ടിരിക്കാനുള്ള മനസ്സ് രൂപം കൊള്ളുന്നു. സാങ്കേതിക തികവില്‍ ഒരു കുറവും വരരുതെന്ന അഖാദിന്റെ ഉറച്ച തീരുമാനം ഈ സിനിമകളെ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തതാക്കി മാറ്റുന്നു. ഇസ്‌ലാമിക സിനിമയെന്ന പുതിയൊരു ശ്രേണിയുണ്ടാക്കുന്നതിനല്ല, നിലവിലെ ലോകസിനിമയില്‍, ഇസ്‌ലാമിക സങ്കല്‍പത്തെ വിളക്കി ചേര്‍ക്കുന്നതിനാണ് അഖാദ് ശ്രമിച്ചത്. 

അഖാദിന്റെ മരണം ഒരു ചെറിയ വാര്‍ത്തയായാണ് മലയാള പത്രങ്ങളില്‍ വന്നത്. ആരാണ് അഖാദിനെ കൊന്നത്? അറിയില്ല... പക്ഷേ ഒന്നറിയാം, പശ്ചാത്യലോകത്തെ പിടിച്ചുലക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു 'എപികി'ന്റെ തുടക്കത്തിലായിരുന്നു അദ്ദേഹം. അതിനാണ് അമ്മാനിലെത്തിയത്. ദീപ്തമായ ഒരു വലിയ  മോഹവും സ്വപ്‌നവുമായി. സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ചൊരു ഇതിഹാസ ചിത്രം. അത് പൂവണിയാതെയാണ് അഖാദ് ആ ദുരന്തത്തില്‍ എരിഞ്ഞടങ്ങിയത്. സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ച് നിലവില്‍ സിനിമകള്‍ ഇല്ലാത്തത് കൊണ്ടല്ല, അവ കേവലമായ നരേഷന്‍ മാത്രമാണ്. ഭീകരതയെ കുറിച്ച കാലികമായ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുതിയൊരു വിഷനും മിഷനുമായാണ് താനീ ചരിത്രത്തിന് രൂപം നല്‍കിയതെന്ന് അഖാദ് പറയുന്നു. ''സ്വലാഹുദ്ദീന്‍ ഇസ്‌ലാമിനെയാണ് തന്റെ ജീവിതത്തിലൂടെ ചിത്രീകരിച്ചിരുന്നത്. പക്ഷേ ഇസ്‌ലാമിനെ ഇന്ന് ഭീകരതയുടെ മതമായി പ്രതീകവല്‍ക്കരിക്കുന്നു. മുസ്‌ലിംകളില്‍ ചില ഭീകരവാദികളുണ്ടാകാം; പക്ഷെ മുഴുവന്‍ മുസ്‌ലിംകളെയും ഭീകരരായി മുദ്ര കുത്തുകയാണ്. ഇസ്‌ലാമിക ദര്‍ശനം ഭീകരതയല്ല. ഏതെങ്കിലുമൊരു മതയുദ്ധം ഭീകരമായിരുന്നെങ്കില്‍ അത് കുരിശുയുദ്ധമാണ്. എന്നാല്‍ മുഴുവന്‍ ക്രിസ്ത്യാനികളെയും ഭീകരരെന്ന് മുദ്രകുത്താറില്ലല്ലോ''. തന്റെ ബ്ലോഗില്‍ അഖാദ് ഇങ്ങനെയാണ് കുറിച്ച് വച്ചത്. സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന അഖാദിന്റെ ചലച്ചിത്രം ആരുടെയൊക്കെയോ ഉറക്കം കെടുത്തിയിരിക്കണം. 

ഇത് അഖാദിന്റെ ജീവിതത്തെയോ സിനിമകളെയോ കുറിച്ചുള്ള പഠനമല്ല. വളരെ ദൂരെനിന്ന്, ഒരു നിഴലായി മാത്രം അഖാദിനെ കണ്ട, ഒരനുവാചകന്റെ ഗദ്ഗദം മാത്രം. നവംബറിലെ ദുരന്തത്തെ കുറിച്ചോര്‍ത്തപ്പോള്‍, തികട്ടി വന്ന ചിന്തകള്‍ മാത്രം. അഖാദ് എന്ന പ്രതിഭാശാലി, നമ്മുടെ  വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് വഴികാട്ടിയാകാതിരിക്കില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍