കളിയും കാര്യവും
ചരിത്രത്തിന്റെ ഗതി മാറ്റിയ ഒരു ബാലനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു സമൂഹവും രാജ്യവും സന്മാര്‍ഗം പ്രാപിക്കാന്‍ നിമിത്തമായ ഒരു ബാലന്‍. അതുപോലെ അറിവിന്റെ അവസാന വാക്കായ മറ്റൊരു ബാലനെക്കുറിച്ച് നിങ്ങള്‍ക്ക് കേട്ടറിവുണ്ടോ? രണ്ടും അസംഭവ്യമെന്നായിരിക്കും നിങ്ങളുടെ മറുപടി. ഇത് ചരിത്രത്തില്‍ സത്യമായി പുലര്‍ന്ന രണ്ട് സംഭവങ്ങളാണ്. ഒന്നാമത്തെ ബാലന്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ 'കിടങ്ങി'ന്റെ കഥയിലെ നായകനാണ്. അല്ലാഹുവില്‍ വിശ്വസിച്ച ഭക്തനായ പണ്ഡിതന്റെ ശിക്ഷണത്തില്‍ വളര്‍ന്നവനാണ് ആ കുമാരന്‍. വിശ്വാസത്തിന്റെ ശക്തിയും ആത്മ വിശ്വാസവും ദൈവ സമര്‍പ്പണം, മതാഭിമാനം, നിര്‍ഭയത്വം തുടങ്ങിയ ഗുണങ്ങള്‍ മനുഷ്യനില്‍ ഉളവാക്കുന്ന കരുത്തും ഗുരുമുഖത്ത് നിന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ച ബാലന്‍ തന്നെ വധിക്കാന്‍ ഒരുമ്പെട്ട ഭരണാധികാരിയുടെ മുഖത്ത് നോക്കി ധൈര്യസമേതം പറഞ്ഞു: ''നിങ്ങള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ 'ഈ കുട്ടിയുടെ രക്ഷിതാവിന്റെ നാമത്തില്‍' എന്ന് ഉച്ചരിച്ച് അമ്പെയ്യുക. കുട്ടിയുടെ നിര്‍ദേശം ചെവിക്കൊണ്ട ഭരണാധികാരി ദൈവനാമത്തില്‍ അമ്പെയ്തപ്പോള്‍ കുട്ടി മരിച്ചു വീണു. ഈ ദൃശ്യത്തിന് സാക്ഷികളായ ജനങ്ങള്‍ ഒന്നടങ്കം ബാലന്റെ മതമായ ഇസ്‌ലാം സ്വീകരിച്ചു. തന്റെ സമൂഹത്തിന്റെ സന്മാര്‍ഗ പ്രാപ്തിക്ക് വേണ്ടി ആ ബാലന്‍ തന്റെ അമൂല്യ ജീവന്‍ ത്യജിക്കുകയായിരുന്നു.
രണ്ടാമത്തെ ബാലന്‍ 'ഖുര്‍ആന്റെ ഭാഷ്യക്കാരന്‍' അബ്ദുല്ലാഹിബ്‌നു അബ്ബാസ്. നബി(സ)യുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഈ ബാലന്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അഗ്രഗണ്യനാണ്. ദൈവദത്തമായ ആവിഷ്‌കാര സിദ്ധിയാല്‍ അനുഗൃഹീതനായ ഈ ബാലന്‍ ചെറുപ്രായത്തില്‍ത്തന്നെ വിവിധ വിജ്ഞാന ശാഖകളിലും കര്‍മശാസ്ത്രത്തിലും വ്യുല്‍പത്തി നേടി. ബാല്യകാലം തൊട്ടേ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ശിക്ഷണ പാഠങ്ങള്‍ ലഭിച്ചു എന്നതാണ് ഈ രണ്ടു ബാലന്മാരുടെയും സവിശേഷ സിദ്ധി. കളികള്‍ അവരുടെ ചെറുപ്രായത്തില്‍ കേവല വിനോദത്തിന് വേണ്ടിയായിരുന്നില്ല. അതിലുമുണ്ടായിരുന്നു ശിക്ഷണത്തിന്റെ ഒരംശം. വിനോദത്തിലെ ശിക്ഷണവും ശിക്ഷണത്തിലെ വിനോദവും ഇഴപിരിച്ചറിയാന്‍ ഉതകും ഈ രണ്ടു ബാലന്മാരുടെയും ബാല്യ-കൗമാര ജീവിതത്തെ കുറിച്ച പഠനം.
ശിക്ഷണത്തെ കേവല വിനോദമാക്കി എന്നതാണ് നമ്മുടെ വൈകല്യം. നമ്മുടെ മക്കളെ വിനോദത്തിലൂടെ ശിക്ഷണം നല്‍കി വളര്‍ത്തുന്നവര്‍ അവരുടെ ചിന്തകളും വീക്ഷണങ്ങളുമാണ് ആ പിഞ്ചു ഹൃദയങ്ങളില്‍ വിതയ്ക്കുന്നത്. കളിയുടെയും വിനോദത്തിന്റെയും വാതിലിലൂടെയാണ് അവ പിഞ്ചുഹൃദയങ്ങളില്‍ പ്രവേശിക്കുന്നത്. ഇന്നത്തെ കുട്ടികള്‍ക്കായുള്ള ചാനലുകള്‍ കണ്ട് നോക്കൂ. ഇവിടെ ശിക്ഷകന്‍ കേവല കാഴ്ചക്കാരനാണ്. അല്ലെങ്കില്‍ ശൂന്യഹൃദയനാണ്. വിനോദത്തിനും വേണം ശിക്ഷണത്തിന്റെ ഒരു മുഖം. അതാണ് അല്ലാഹു ആഗ്രഹിക്കുന്നത്. ''നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മിലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ ധരിച്ചുവെച്ചിട്ടുള്ളത്?'' എന്ന് അല്ലാഹു ചോദിക്കുന്നു. ''ആകാശത്തും ഭൂമിയിലും അതിന്നിടയിലുള്ളതും കേവല കളിയായല്ല നാം സൃഷ്ടിച്ചിട്ടുള്ളത്'' (ഖുര്‍ആന്‍). സത്യവും അസത്യവും ആകുന്നു പ്രശ്‌നം. ഇഹലോക ജീവിതത്തിന്റെ പൊരുള്‍ കളിയും വിനോദവും ഒക്കെത്തന്നെ. ''നിങ്ങള്‍ അറിയുക. ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവുമൊക്കെയാണ്'' (ഖുര്‍ആന്‍). തന്നെ ആരാധിക്കാനും തനിക്ക് കീഴ്‌വണങ്ങി ജീവിക്കാനും വേണ്ടിയാണ് മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചതെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ''എന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ് ജിന്നു വര്‍ഗത്തെയും മനുഷ്യ വര്‍ഗത്തെയും ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.'' ഇഹലോക ജീവിതം കളിച്ചു കളയാനാണ് അവിശ്വാസികള്‍ ഉപയോഗപ്പെടുത്തിയതെന്ന് ഖുര്‍ആന്‍: ''നീ അവരോട് ചോദിച്ചാല്‍ അവര്‍ പറയും, ഞങ്ങള്‍ അങ്ങനെ കളിച്ചും അര്‍മാദിച്ചും ജീവിക്കുകയായിരുന്നു. വിശ്വാസികളാവട്ടെ തങ്ങളുടെ അനര്‍ഘ സമയം വൃഥാവിലാക്കില്ല. വ്യര്‍ഥ വിനോദങ്ങളില്‍ നിന്ന് അകന്ന് കഴിയുന്നവരാണവര്‍.''
മാനസികോല്ലാസത്തിന് കളിയിലും വിനോദത്തിലും ഏര്‍പ്പെടാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടെന്ന വസ്തുത മറക്കരുത്. ഉത്സാഹവും ഉന്മേഷവും വര്‍ധിതമായ വിധത്തില്‍ ഉണ്ടാവുന്നത് ആരാധനകള്‍ക്ക് അനുഗുണമാവുമല്ലോ. നബി(സ) പത്‌നി ആഇശ(റ)യുമായി പന്തയം വെച്ച് ഓട്ടമല്‍സരം നടത്തിയിരുന്നു. പെരുന്നാള്‍ ദിനത്തില്‍ നബി(സ) ആഇശയോടൊത്ത് ഹബ്ശക്കാരുടെ നൃത്തം കണ്ടത് സുവിദിതമാണല്ലോ. താന്‍ 'കപട വിശ്വാസിയായിപ്പോയി' എന്ന് പരിതപിച്ച ഹന്‍ളല എന്ന അനുചരനോട് 'മനുഷ്യന്‍ പല നേരങ്ങളില്‍ പല വിധത്തിലാവും' എന്ന് നബി(സ) ആശ്വസിപ്പിച്ചത് ഓര്‍മയുണ്ടല്ലോ. വിധവയെ വിവാഹം കഴിച്ച ജാബിറി(റ)നോട് 'നിനക്ക് ശൃംഗരിക്കാനും സല്ലപിക്കാനും പറ്റുന്ന ഒരു കന്യകയെ ആവാമായിരുന്നില്ലേ' എന്ന ചോദ്യത്തിലെ നബി(സ)യുടെ സഹൃദയത്വം കാണാതിരുന്ന് കൂടാ. പൗത്രന്മാരായ ഹസനും ഹുസൈനുമൊപ്പം കളിക്കുമായിരുന്നു നബി (സ). പ്രവാചകന്മാരുടെ വസതികളിലുമുണ്ടായിരുന്നു കളിയും വിനോദവും ഒക്കെ. പക്ഷെ ലക്ഷ്യം ശിക്ഷണ പാഠങ്ങള്‍ നല്‍കുകയായിരുന്നു. യൂസുഫ് കഥയില്‍, യൂസുഫിന്റെ സഹോദരങ്ങള്‍ ആ ബാലനെ പുറത്തു കൊണ്ടു പോകാന്‍ പിതാവായ യഅ്ഖൂബിനോട് അനുവാദം ചോദിച്ചെത്തിയ സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നു: ''അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, അങ്ങ് എന്താണ് ഞങ്ങളെ വിശ്വാസത്തിലെടുക്കാത്തത്? അവന്റെ ഗുണകാംക്ഷികളാണ് ഞങ്ങള്‍. നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചാലും. അവന്‍ കളിക്കുകയും ഓടിത്തിമര്‍ക്കുകയും ചെയ്യട്ടെ. ഞങ്ങള്‍ അവനെ നന്നായി നോക്കിക്കൊള്ളാം.'' നബി(സ)യുടെ അനുചരന്മാര്‍ക്കുമുണ്ടായിരുന്നു പൂര്‍വകാല കഥകളോര്‍ത്ത് പറഞ്ഞ് ചിരിക്കുകയും നര്‍മ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ചില വേളകള്‍. മഹാ പണ്ഡിതപ്രതിഭയായ ഇബ്‌നുല്‍ ജൗസി, 'വിഡ്ഢികളുടെയും ശുംഭന്മാരുടെയും കഥകള്‍', 'സമര്‍ഥന്മാരുടെ കഥകള്‍' തുടങ്ങി വിനോദവും വിജ്ഞാനവും വാരിവിതറുന്ന നര്‍മ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മനുഷ്യന്റെ ആവശ്യകതകളില്‍ പെട്ടതാണ് മാനസികോല്ലാസത്തിന് കളികളും വിനോദങ്ങളുമൊക്കെ. വിശേഷിച്ച് കുട്ടികള്‍ക്ക്. കുട്ടികളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തി അവര്‍ക്കാവശ്യമായ കളികളും വിനോദങ്ങളും ഒരുക്കിക്കൊടുക്കുന്നതില്‍ മിക്ക കുടുംബങ്ങളും പരാജയമാണ് എന്ന എന്റെ കണ്ടെത്തലാണ് ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കളിവേളകള്‍ പോലും കുട്ടികളുടെ ബോധവല്‍ക്കരണത്തിന് പ്രയോജനപ്പെടുത്തുകയാണ് ശരിയായ രീതി. അപ്പോള്‍ വിനോദം ശിക്ഷണത്തിന്നായിത്തീരും. വിജ്ഞാനാര്‍ജ്ജനം ആനന്ദദായകമായ അനുഭവമായി മാറും. കുട്ടികളോടൊപ്പം കളിക്കാനും ചിരിക്കാനും അവരെപ്പോലെ ഓടാനും തുള്ളാനും കെട്ടിമറിയാനും മടിക്കേണ്ടതില്ല. ഇതെല്ലാം വിനോദം ശിക്ഷണോപാധിയാക്കാനുള്ള വഴികളാണ്. ചുറ്റിലുമുള്ളതെന്തും കുട്ടികളെ നന്നായി വളര്‍ത്താന്‍ ഉപയോഗിക്കുകയെന്നത് കഴിവാണ്, കലയാണ്, സിദ്ധിയാണ്, സാധനയാണ്.
വിവ: പി.കെ ജമാല്‍
Comments