ചോദ്യോത്തരം
ചെകുത്താന് പ്രതീകമോ?
പ്രതീകം വിഗ്രഹമല്ലേ? ദൈവത്തിന്റെ പ്രതീകങ്ങളായ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വിലക്കിയ ദീന്‍ ചെകുത്താന്റെ പ്രതീകമായ സ്തൂപങ്ങളെ നിന്ദിക്കുവാന്‍ അനുവദിക്കുമോ? കല്ലെറിഞ്ഞോ മറ്റ് രീതികളിലോ ആരെയെങ്കിലും, എന്തിനെയെങ്കിലും നിന്ദിക്കാന്‍ പാടുണ്ടോ? മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുതെന്ന് അല്ലാഹു അരുള്‍ ചെയ്തിട്ടില്ലേ? നിന്ദിക്കല്‍ സംസ്‌കാര ശൂന്യമായ പ്രവൃത്തിയല്ലേ? ജംറയില്‍ കല്ലെറിയുന്നത് പിശാചിനെയാണെന്ന് വിശ്വാസ യോഗ്യമായ ഹദീസുകളിലുണ്ടോ? ഇബ്‌റാഹീം നബി മകനെ ബലിയര്‍പ്പിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ വന്ന പിശാചിനെ അദ്ദേഹം കല്ലെറിഞ്ഞകറ്റി എന്ന ഹദീസ് പ്രബലമാണോ? കല്ലെറിയുമ്പോള്‍ ഓടുന്നവനാണോ പിശാച്? കല്ലെറിഞ്ഞ് ഓടിക്കാനും ബോംബിട്ട് തകര്‍ക്കാനുമൊക്കെ കഴിയുന്ന ഒന്നാണോ പിശാച്?
ജംറയിലെ കല്ലേറ് അബ്രഹത്തിന്റെ ആനപ്പടയെ അബാബീല്‍ പക്ഷികള്‍ കല്ലെറിഞ്ഞ് കൊന്നൊടുക്കിയതിന്റെ അനുസ്മരണമാണെന്ന മറ്റൊരു ഐതിഹ്യമുണ്ടല്ലോ? അതിനെപ്പറ്റി എന്ത് പറയുന്നു? ഹജ്ജിലെ കര്‍മങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് സൂചിപ്പിക്കുന്ന വല്ല നബിവചനവുമുണ്ടോ?
പിശാചിനെ എറിഞ്ഞു വീഴ്ത്താനുള്ള ഭ്രാന്തമായ ആവേശത്തള്ളിച്ചയില്‍ ധൃതിപ്പെട്ട് കുതിക്കുമ്പോള്‍ നിയമം പാലിക്കാനോ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനോ ക്ഷമയില്ലാത്തതല്ലേ അരുതാത്തത് സംഭവിക്കാന്‍ ഇടയാക്കുന്നത്? പിശാച് സ്തൂപങ്ങളില്‍ കുടിയിരുത്തപ്പെട്ടത് എന്ന് മുതല്‍ക്കാണ്?
അബ്ദുല്‍ ഖാദര്‍, കാഞ്ഞിരോട്
പ്രതീകം വിഗ്രഹമോ പ്രതിമയോ ആവണമെന്നില്ല. ജംറ എന്നാല്‍ ചെറിയ കല്ല് എന്നാണര്‍ഥം. ചെകുത്താന്റെ പ്രതീകങ്ങളാണ് ജംറകള്‍ എന്ന് വന്നാലും അത് അദൃശ്യ ജീവികളായ ജിന്നുകളില്‍ പെട്ട ഇബ്‌ലീസ്, പ്രവാചകനായ ഇബ്‌റാഹീമിനെ വഴിതെറ്റിക്കാന്‍ നടത്തിയ വിഫല ശ്രമത്തിന്റെ ഓര്‍മകളുണര്‍ത്തുന്നതേ ആവൂ. അല്ലാതെ ഇബ്‌ലീസ് എന്ന സൃഷ്ടിയുടെ പ്രതിരൂപമല്ല. കൊമ്പുകളുള്ള ഒരു ബീഭത്സ രൂപമായാണ് ചെകുത്താന്‍ ചിത്രീകരിക്കപ്പെടാറ്. മിനായിലെ കല്ലുകള്‍ മാത്രമായ ജംറകള്‍ സ്തൂപങ്ങളായി പുനര്‍നിര്‍മിക്കപ്പെട്ടത് തീര്‍ഥാടകര്‍ക്ക് എറിയാനുള്ള സൗകര്യാര്‍ഥം പില്‍ക്കാലത്താണ്. ഇത് ആരുടെയും ആരാധനാമൂര്‍ത്തിയല്ല.
ഇബ്‌റാഹീമും (അ) പുത്രന്‍ ഇസ്മാഈലും (അ) ചേര്‍ന്ന് അല്ലാഹുവിന്റെ കല്‍പന പ്രകാരം കഅ്ബാലയം പണിത ശേഷം, അത് ലക്ഷ്യം വെച്ച് ലോകത്തെങ്ങുമുള്ള എക്കാലത്തെയും വിശ്വാസികളോട് ഹജ്ജിനായി ആഹ്വാനം ചെയ്തു എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങളില്‍ ചിലത് ഇബ്‌റാഹീമിന്റെയും പത്‌നി ഹാജറിന്റെയും പുത്രന്‍ ഇസ്മാഈലിന്റെയും ത്യാഗ കര്‍മങ്ങളുടെ സ്മരണകളുയര്‍ത്തുന്നതാണ്. മുഹമ്മദ് നബി (സ)യുടെ വിയോഗത്തിന് മുമ്പേ ഹജ്ജ് അറബി ഗോത്രങ്ങളുടെ ആചാരമായിരുന്നു. മക്കയെ അവര്‍ തീര്‍ഥാടന കേന്ദ്രമാക്കുകയും അതിന്റെ സുഗമമായ നിര്‍വഹണത്തിന് ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം മാസങ്ങളില്‍ യുദ്ധം വിലക്കുകയും ചെയ്തു. പിന്നീട് അതിലേക്ക് മുദര്‍ ഗോത്രത്തിന് വേണ്ടി റജബും കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാം ഹജ്ജിനെ അടിസ്ഥാന കര്‍മങ്ങളിലൊന്നായി സ്ഥിരപ്പെടുത്തുകയും യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളുടെ പവിത്രത മാനിക്കുകയും ഹജ്ജിനെ അനാചാര മുക്തമാക്കുകയുമാണ് ചെയ്തത്. നഗ്നരായി ആണും പെണ്ണും കഅ്ബ പ്രദക്ഷിണം ചെയ്യുന്ന സമ്പ്രദായം നിര്‍ത്തി. സഫാ-മര്‍വകള്‍ക്കിടയിലെ ഓട്ടം അംഗീകരിച്ചു. അതും കല്ലെറിയലും ചരിത്രസംഭവങ്ങളുടെ സ്മരണകളാണെന്ന് വ്യക്തമാക്കുന്ന ഹദീസുകളുണ്ട്. നബി(സ) അരുള്‍ ചെയ്തതായി ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ''ഇബ്‌റാഹീം ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ജംറതുല്‍ അഖബായുടെ അരികില്‍ നിന്ന് പിശാച് അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ അദ്ദേഹം ഏഴു കല്ലുകള്‍ കൊണ്ട് അവനെ എറിഞ്ഞു; അവന്‍ ഭൂമിയില്‍ ആണ്ടുപോവുന്നതു വരെ. പിന്നീട് രണ്ടാമത്തെ ജംറയുടെ അരികില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴും ഏഴ് കല്ലുകള്‍ കൊണ്ട് അദ്ദേഹം അവനെ എറിഞ്ഞു. അവന്‍ ഭൂമിയില്‍ ആണ്ടുപോയി. അപ്പോഴവന്‍ മൂന്നാമത്തെ ജംറയുടെ അരികില്‍ പ്രത്യക്ഷപ്പെട്ടു. അന്നേരവും അവന്‍ ഭൂമിയില്‍ ആണ്ടുപോകുന്നത് വരെ അദ്ദേഹം ഏഴു കല്ലുകള്‍ക്കൊണ്ടവനെ എറിഞ്ഞു. ഇബ്‌നു അബ്ബാസ് തുടരുന്നു: ആ പിശാചിനെയാണ് നിങ്ങള്‍ എറിയുന്നത്. പിന്‍പറ്റുന്നത് നിങ്ങളുടെ പിതാവിന്റെ മാര്‍ഗത്തെയും'' (ബൈഹഖി, അബ്‌നു ഖുസൈമ, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്. ഇത് ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിവേദക പരമ്പരയിലുള്ളവര്‍ ഉദ്ധരിച്ച സ്വഹീഹായ ഹദീസാണെന്നും ഹാകിം രേഖപ്പെടുത്തുന്നു). പിശാച് ആള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് കൊണ്ടാവാം ഇബ്‌റാഹീം നബിക്ക് അവന്‍ ദൃശ്യനായത്. അബ്രഹത്തിന്റെ പട കഅ്ബ ആക്രമിക്കാന്‍ വന്നത് നബി(സ)യുടെ ജനനത്തിന് ഒമ്പത് വര്‍ഷം മുമ്പാണ്. സ്വാഭാവികമായും ഇബ്‌റാഹീം നബിയുടെ കല്ലേറുമായി അതിന് ബന്ധമില്ല. കല്ലേറ് ഇബ്‌റാഹീം നബിയാണ് തുടങ്ങിവെച്ചത് എന്ന് നബി(സ) വ്യക്തമാക്കുകയും ചെയ്തു. കല്ലേറ് പ്രതീകാത്മക കര്‍മമാണ്. ഓരോരുത്തരും തങ്ങളെ വഴിപിഴപ്പിക്കുന്ന പിശാചിനെ എറിഞ്ഞാട്ടുകയാണെന്ന ബോധത്തോടെയാണത് നിര്‍വഹിക്കേണ്ടത്. സ്വഫാ-മര്‍വാ മലകള്‍ക്കിടയിലെ ഓട്ടം, ഇബ്‌റാഹീം നബിയുടെ പത്‌നി ഹാജറ, പ്രിയപുത്രന്‍ ഇസ്മാഈല്‍ മുലകുടിക്കുന്ന ശിശുവായിരിക്കെ പൈദാഹങ്ങളാല്‍ വാവിട്ടു കരഞ്ഞപ്പോള്‍, ആരെയെങ്കിലും കണ്ടെത്താനാവുമോ എന്ന വിഭ്രാന്തിയില്‍ സ്വഫാ-മര്‍വാ കുന്നുകള്‍ക്ക് മുകളില്‍ മാറി മാറി നടത്തിയ നെട്ടോട്ടത്തിന്റെ ഓര്‍മക്കാണെന്ന് ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചതായി ബുഖാരിയിലുണ്ട് (ഫിഖ്ഹുസ്സുന്ന: ഹജ്ജ് എന്ന അധ്യായം). എത്ര ആത്മാര്‍ഥതയുള്ള വിശ്വാസികളായാലും ചിട്ടയും വ്യവസ്ഥയും സാമാന്യ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാതെ വന്നാല്‍ ദുരന്തങ്ങളുണ്ടാവും. ഉഹ്ദ് യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയിച്ച പ്രവാചകനും ശിഷ്യരും, രണ്ടാം ഘട്ടത്തില്‍ തോല്‍ക്കാനിടയായത് നബിയുടെ കല്‍പന ഉഹ്ദ് മലമുകളില്‍ നിര്‍ത്തിയ കാവല്‍പ്പട ലംഘിച്ചതാണെന്ന ചരിത്ര പാഠം ഓര്‍ക്കുക. മിനായുടെ ദുരന്തത്തിനുത്തരവാദി കല്ലേറ് എന്ന ചടങ്ങല്ല. സമാധാനപരമായി കല്ലേറ് നടത്തി പിരിഞ്ഞു പോകാനുള്ള എല്ലാ സംവിധാനവും സുഊദി സര്‍ക്കാര്‍ ചെയ്ത് വെച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷങ്ങളില്‍ അവ പരിഷ്‌കരിക്കാറുമുണ്ട്. ധൃതി പൈശാചികമാണെന്ന തിരുവചനം വിസ്മരിക്കുന്നതാണ് പല ദുരന്തങ്ങളുടെയും ഹേതു.
ഇസ്‌ലാമിക നവോത്ഥാനം തിരിച്ചടി നേരിടുന്നു?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ക്രമ പ്രവൃദ്ധമായ വളര്‍ച്ച നേടുകയും, ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമാന്തര ഇസ്‌ലാമിക ചിന്താ പ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവത്തോടെ വളരെയധികം മുന്നോട്ട് നയിക്കപ്പെടുകയും ചെയ്ത ഇസ്‌ലാമിക നവോത്ഥാനം 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ലോകത്തെ നയിക്കാനും വഴികാണിക്കാനും ഉതകും വിധം സ്വാധീനവും സ്വീകാര്യതയും നേടും എന്ന തോന്നലുണ്ടാക്കിയ ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെയധികം പിന്നോട്ടടിക്കുന്നതായി കാണുന്നു. 'ഗ്രാസ് റൂട്ടില്‍' വേരോട്ടം നേടിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും, നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുംവിധം ഭരണകൂടങ്ങളാലും മാധ്യമങ്ങളാലും വേട്ടയാടപ്പെടുന്നു. തുനീഷ്യയില്‍ റാഷിദുല്‍ ഗനൂശിയുടെ വിശാലവും തന്ത്രപരവുമായ നീക്കങ്ങളും വിജയം കാണുന്നതായി തോന്നുന്നില്ല. തുര്‍ക്കിയില്‍ മഹാധിഷണാശാലിയായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാന്‍ ബീജാവാപം ചെയ്യുകയും, പശ്ചാത്യനാഗരികതയുടെ നല്ല മൂല്യങ്ങളും തുറസ്സായ സമീപനങ്ങളും ഇസ്‌ലാമിന്റെ ആദര്‍ശ മഹിമയും സംയോജിപ്പിച്ച് റജബ് ത്വയ്യിബ് ഉറുദുഗാന്‍ വികസിപ്പിച്ചെടുത്തതുമായ അക് പാര്‍ട്ടിയുടെ മാതൃകയും ഒരു ദശകം പിന്നിട്ടപ്പോഴേക്കും പിന്നോട്ട് പോവുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലോക നാഗരികതയെയും ജനസമൂഹങ്ങളെയും നയിക്കാന്‍ ഇസ്‌ലാമിക മൂല്യങ്ങളും, ഇസ്‌ലാമിക പ്രസ്ഥാനങ്ങളും വിശ്വാസ്യതയും സ്വീകാര്യതയും കരുത്തും നേടിയിട്ടില്ല എന്നതും, അല്‍ജസീറ ഒഴിച്ചു നിര്‍ത്തിയാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും സംരംഭങ്ങളോടും നീതി പുലര്‍ത്തുന്ന ലോക മാധ്യമങ്ങള്‍ നിലവിലില്ല എന്നതുമല്ലേ ഈ അവസ്ഥക്ക് കാരണം?
പാക്കത്ത് മുഹമ്മദ്, അലനല്ലൂര്‍
ജനസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങള്‍ക്ക് ദൈവികമായ വ്യവസ്ഥയും മാനദണ്ഡങ്ങളും കാര്യകാരണങ്ങളുമുണ്ട്. അവ സൂക്ഷ്മമായി പാലിച്ചാലേ ഇസ്‌ലാമിന്റെ എന്നല്ല, ഏത് പ്രത്യയശാസ്ത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉയര്‍ച്ചയും താഴ്ചയും എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്ന് പിടികിട്ടുകയുള്ളൂ. സമ്പൂര്‍ണവും സമഗ്രവും പ്രായോഗികവുമായ ഒരു ദര്‍ശനവും പ്രത്യയശാസ്ത്രവും തന്നെയാണ് ഇസ്‌ലാം. എങ്കിലും അത്‌കൊണ്ട് മാത്രം അത് എക്കാലത്തും ഭൗതീകമായി വിജയിക്കുകയോ നിലനില്‍ക്കുകയോ ചെയ്ത് കൊള്ളണം എന്നില്ല. ബലഹീനരായ മനുഷ്യര്‍ എത്രയളവില്‍ എത്രകാലം അത് യഥാവിധി മനസ്സിലാക്കി പ്രയോഗവത്കരിക്കാന്‍ തയാറുണ്ടോ അത്രയുമാണ് അതിന്റെ അതിജീവനം. അല്ലെങ്കില്‍ സാക്ഷാല്‍ ഇസ്‌ലാമിക ഖിലാഫത്ത് കേവലം 30 വര്‍ഷം നിലനിന്നാല്‍ പോരായിരുന്നല്ലോ. സ്വന്തക്കാരുടെ വ്യതിയാനങ്ങളും ശത്രുക്കളുടെ ഉപജാപങ്ങളും നവോത്ഥാന നായകരുടെ അഭാവവും മൂലം ഇസ്‌ലാമിന് ഒരുപാട് തിരിച്ചടികളും അപചയങ്ങളും ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും മഹാകവി ഇഖ്ബാല്‍ പാടിയ പോലെ ഓരോ കര്‍ബലാക്ക് ശേഷവും ഇസ്‌ലാം ജീവിക്കുകയാണ് ചെയ്തിട്ടുള്ളത്.
നമ്മുടെ കാലഘട്ടത്തിലേക്ക് വന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജയാപചയങ്ങള്‍ അളക്കാനുള്ള ഒരേയൊരു മാനദണ്ഡം തെരഞ്ഞെടുപ്പ് ജയം മാത്രമാണെന്ന ധാരണയാണ് മൗലികമായി തിരുത്തേണ്ടത്. നിലവിലെ ദുഷിച്ച രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യവസ്ഥയുടെ സമഗ്രമാറ്റമാണ് പ്രധാനം. മാറ്റത്തിന്റെ മാര്‍ഗങ്ങളിലൊന്നാണ് പാര്‍ലമെന്ററി ജനാധിപത്യം. അത് തന്നെ സത്യസന്ധമായും സ്വതന്ത്രമായും നീതിപരമായും തെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ മാത്രമാണ്. എത്ര വലിയ ജനാധിപത്യത്തിലും ഇന്ന് പണാധിപത്യവും അപവാദ പ്രചാരണങ്ങളും വംശീയ വിഭാഗീയ വികാരങ്ങളുടെ ഉദ്ദീപനവുമാണ് നടക്കുന്നത് എന്നത് അനിഷേധ്യമാണ്. പാകിസ്താനിലെ പ്രഥമ തെരഞ്ഞെടുപ്പില്‍ സയ്യിദ് മൗദൂദി ചോദിച്ചത് പോലെ 'അതൊക്കെ നാമും പയറ്റണം എന്നാണെങ്കില്‍ പിന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആവശ്യകത എന്തുള്ളൂ; നമുക്ക് മുസ്‌ലിം ലീഗിലോ പി.പി.പിയിലോ ചേര്‍ന്നാല്‍ പോരേ?' നൂറ്റാണ്ടുകള്‍ നീണ്ട കോളനിവാഴ്ചയില്‍ ചിന്തയും പ്രവൃത്തിയും ദുഷിച്ചു പോയ ഒരു സമുദായത്തിന്റെ ധാര്‍മിക പുനഃസംവിധാനം സുഗമമോ ക്ഷിപ്രസാധ്യമോ അല്ല. സാമ്രാജ്യത്വവും സയണിസവും ഫാഷിസവും വെറുതെയിരിക്കുകയുമല്ല. എന്നിരിക്കെ തെരഞ്ഞെടുപ്പ് പരാജയങ്ങളോ തിരിച്ചടികളോ മാത്രം കണക്കിലെടുത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജയാപചയങ്ങള്‍ നിര്‍ണയിക്കുന്നത് യുക്തിസഹമല്ല.
അതേയവസരത്തില്‍ കാപിറ്റലിസം, കമ്യൂണിസം, മെറ്റീരിയലിസം തുടങ്ങിയ കേവല ഭൗതിക ചിന്താപദ്ധതികള്‍ക്കെതിരെ ഇസ്‌ലാമിനെ സമഗ്ര ജീവിത സ്പര്‍ശിയായ വ്യവസ്ഥയായി അവതരിപ്പിക്കുന്നതില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കൈവരിച്ച വിജയം വിസ്മയാവഹമാണ്. ഹസനുല്‍ ബന്നയും മൗദൂദിയുമാണ് സകല ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെയും ശത്രുക്കള്‍ എന്ന് നാസ്തികര്‍, നിര്‍മത, അരാജകത്വവാദികള്‍ നാഴികക്ക് നാല്‍പത് വട്ടം പുലമ്പിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ ആത്മീയമായും ധാര്‍മികമായും ആ മഹാത്മാക്കള്‍ നേടിയെടുത്ത മേധാവിത്തത്തെയാണ് വ്യക്തമാക്കുന്നത്. തുര്‍ക്കിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട സമ്പൂര്‍ണ മതേതരവല്‍ക്കരണത്തെ ഒരു പിച്ചാങ്കത്തി പോലും പ്രയോഗിക്കാതെ തകര്‍ത്തു കളഞ്ഞ പ്രഫ. നജ്മുദ്ദീന്‍ അര്‍ബകാന്റെ ബൗദ്ധിക വിജയം ആര്‍ക്ക് ചോദ്യം ചെയ്യാനാകും? ഈജിപ്തിലും ബംഗ്ലാദേശിലും സൈനിക ശക്തിയുടെയും വൈദേശിക സഹായങ്ങളുടെയും പിന്‍ബലത്തോടെ ഏകാധിപതികള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നടത്തുന്ന ശ്രമം നേട്ടമോ, വിജയമോ ആയി ജനാധിപത്യത്തിലും സമാധാനത്തിലും മാനവികതയിലും വിശ്വസിക്കുന്ന ആരെങ്കിലും വിലയിരുത്തുമോ? ഇതിനൊന്നും തിരിച്ചടി ഉണ്ടാവില്ല എന്ന് നിരാശപ്പെടാറായോ? അറബ് വസന്തം തന്നെ ലോകത്തിന്റെ കണക്ക് കൂട്ടലുകള്‍ക്കപ്പുറത്ത് സംഭവിച്ചതല്ലേ?
ഒട്ടകപ്രേമം
ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം മുസ്‌ലിംകളുടെ ഖുര്‍ബാനിയാണെന്നും, കേരളമുള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് രാജസ്ഥാന്‍ ഒട്ടകങ്ങളെ വന്‍തോതില്‍ കടത്തിക്കൊണ്ട് പോകുന്നുവെന്നും മന്ത്രി മേനക. വാസ്തവം എന്താണ്?
എ.ആര്‍ ചെറിയമുണ്ടം
ഇന്ത്യയില്‍ ഒട്ടകങ്ങള്‍ കൂടുതലുള്ളത് രാജസ്ഥാനിലാണ്. അവിടെ നിന്ന് പല ആവശ്യങ്ങള്‍ക്കും ഒട്ടകങ്ങളെ പുറം സംസ്ഥാനങ്ങളിലുള്ളവര്‍ വാങ്ങിക്കൊണ്ടുപോവുന്നുണ്ടാവാം. വളര്‍ത്തു മൃഗമായത് കൊണ്ട് വംശ നാശം പേടിക്കേണ്ടതില്ല. അഥവാ പേടിയുണ്ടെങ്കില്‍ ഒട്ടക വധം നിരോധിക്കാം. ഖുര്‍ബാനിക്ക് ഒട്ടകവും ആവാമെന്നല്ലാതെ അത് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. ഒട്ടകങ്ങള്‍ സുലഭമായ അറേബ്യയില്‍ പോലും ഒട്ടക കശാപ്പ് അത്ര സുലഭമല്ല. കേരളത്തിലേക്ക് അപൂര്‍വമായേ ഒട്ടകങ്ങളെ കടത്താറുള്ളൂ. അത് ഒരു കൗതുകത്തിന് വേണ്ടിയാണെന്നാണ് മനസ്സിലാകുന്നത്. അതും തടയണമെന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിനോട് നിരോധം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ മതിയല്ലോ. പ്രയോജന ശൂന്യമായ ഒട്ടകങ്ങളെ എന്ത്‌ചെയ്യും എന്ന പ്രശ്‌നമുണ്ട്. മൃഗബലി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വൈകാരിക പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനല്ലാതെ ഗോക്കളടക്കമുള്ള കന്നുകാലി സംരക്ഷണം സംഘ്പരിവാറിന്റെ സജീവ അജണ്ടയല്ല.
Comments