Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

ഒരു മഹല്ല് പ്രഖ്യാപനം ഉണര്‍ത്തുന്ന ചിന്തകള്‍

അനീസുദ്ദീന്‍ ചെറുകുളമ്പ് /കുറിപ്പ്

         നമ്മുടെ സാമൂഹിക ഘടനയില്‍ വളരെ സുപ്രധാനമായ  ഒന്നാണ് മഹല്ല് സംവിധാനം. മുസ്‌ലിം സമൂഹം ജീവിക്കുന്ന പ്രദേശത്ത് പള്ളിയും, അതിന് ചുറ്റും താമസിക്കുന്ന  നിവാസികളുടെ  ഭൗതികവും ആത്മീയവുമായ ബഹുമുഖമായ വളര്‍ച്ചക്കുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ  മഹല്ല് സംവിധാനവും അനിവാര്യമാണ്. പള്ളിയെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് തന്നെ  ആ പള്ളി നിലനില്‍ക്കുന്ന നാടിന്റെ നിര്‍ഭയത്വം കളിയാടുന്ന അന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ്. മഹല്ല് നിവാസികളുടെ നിര്‍ഭയത്വം, ആത്മീയവും വിദ്യാഭ്യാസപരവും ഭൗതികവുമായ  വികാസം, ദാരിദ്ര്യനിര്‍മാര്‍ജനം, സമഭാവന തുടങ്ങിയ മഹദ് ഗുണങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട  ഉത്തരവാദിത്തം ഓരോ  മഹല്ല് സാരഥിക്കും ഉണ്ട്.  ഇസ്‌ലാം വിഭാവനം ചെയ്യുന്ന  ഉന്നതമായ സമൂഹത്തിന്റെ സൃഷ്ടിപ്പിന് മഹല്ല് സംവിധാനങ്ങള്‍ എങ്ങനെ ഊര്‍ജിതമാക്കാം എന്ന ചര്‍ച്ച ആധുനിക സാമൂഹിക പശ്ചാത്തലങ്ങളെയും സമകാലീന  സാഹചര്യങ്ങളെയും മുന്നില്‍ വെച്ചുകൊണ്ട് നടക്കണം. 

കേരളത്തിലെ ഒട്ടേറെ മഹല്ലുകള്‍ ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നുണ്ട്. അത്തരം മാതൃകകള്‍ അവയുടെ സാധ്യതകള്‍ തിരിച്ചറിയാത്ത മറ്റു മഹല്ലുകള്‍ക്ക് കൂടി പകര്‍ത്താവുന്ന രൂപത്തില്‍ പങ്കുവെക്കുന്നത് പ്രയോജനകരമായിരിക്കും. മഹല്ലുകളുടെ നടത്തിപ്പില്‍ നേരിടേണ്ടിവരുന്ന അനേകം വെല്ലുവിളികളും പ്രതിസന്ധികളുമുണ്ട്. അവ ഏതൊക്കെയാണെന്നും അതിനുള്ള പരിഹാരമെന്താണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ നമ്മുടെ മഹല്ലുകളെ കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്ത കാലത്തോളം നമ്മുടെ പള്ളികള്‍ കേവലം നമസ്‌കരിക്കാനുള്ള  ഒരിടം എന്നതിലുപരി മറ്റു ക്രിയാത്മക പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത സ്ഥാപനങ്ങളായി മാറും.

ഈ  കുറിപ്പുകാരന്‍  ജനിച്ചു  വളര്‍ന്നത് മലപ്പുറം നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ചെറുകുളമ്പ് എന്ന ഗ്രാമപ്രദേശത്താണ്. ഇവിടത്തെ മഹല്ലുമായി ബന്ധപ്പെട്ട ചില  കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ  ഒക്‌ടോബര്‍ നാലിന് ജമാഅത്തെ  ഇസ്‌ലാമി  മലപ്പുറം ജില്ലാ  പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ഇവിടത്തെ  മസ്ജിദുല്‍ ഹുദ കേന്ദ്രമായി പുതുതായി  ഉണ്ടായ മഹല്ലിന്റെ പ്രഖ്യാപനം ഔപചാരികമായി നടത്തുകയുണ്ടായി. പ്രദേശത്തെ മത-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ അറിയപ്പെട്ട പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.  രണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ജുമുഅത്ത് പള്ളികളൊന്നും  ഇല്ലാത്ത സന്ദര്‍ഭത്തില്‍  ചെറുകുളമ്പ് വെസ്റ്റ് പ്രദേശത്ത്  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപസ്ഥലത്ത് രണ്ടര ദശകങ്ങള്‍ക്കു മുമ്പ് മര്‍ഹൂം പറവത്ത് കുഞ്ഞാലന്‍  ഹാജി, മെയിന്‍ റോഡിന്റെ അരികത്ത് നല്‍കിയ മുപ്പത്  സെന്റ് ഭൂമിയിലാണ് ഈ മസ്ജിദ്  സ്ഥാപിച്ചത്. മലയാളത്തില്‍  ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുന്ന മസ്ജിദ് അന്ന്  നിര്‍മിച്ചപ്പോള്‍ പലരില്‍ നിന്നും  രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം ക്ഷമാപൂര്‍വം മൗനം പാലിക്കാനും ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു  പോകാനുമാണ് അന്ന് ഞങ്ങള്‍ക്ക്  വഴികാട്ടികളായി  മുന്നില്‍  നടന്നിരുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നത്. ഈ കുറിപ്പുകാരന്റെ പിതാവുകൂടിയായ ടി. ജമാലുദ്ദീന്‍ മൗലവി, യു.ടി കലന്തര്‍ ഹാജി, തുളുവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി, ടി. കുഞ്ഞീതുമൗലവി, കെ. അബ്ദുര്‍റഹ്മാന്‍, പറവത്ത് അഹ്മദ് കുട്ടി തുടങ്ങിയ വ്യക്തിത്വങ്ങളുടെ മഹിതമായ സേവനങ്ങളും പ്രയത്‌നങ്ങളും ഇന്നും  ഈ പ്രദേശത്തുകാര്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. 

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍  വി.പി മുഹമ്മദലി എന്ന ഹാജി സാഹിബിന്റെ സഹോദരീപുത്രനും  ശാന്തപുരം  ഇസ്‌ലാമിയാ കോളേജ് അധ്യാപകനുമായിരുന്ന മര്‍ഹൂം ടി. ജമാലുദ്ദീന്‍ മൗലവിയായിരുന്നു  മസ്ജിദുല്‍ഹുദ സ്ഥാപിച്ച ചെറുകുളമ്പ് ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍. അദ്ദേഹത്തിന്റെ സഹോദരനായ ടി. അബ്ദുല്‍ കരീമാണ് ഇപ്പോള്‍ ഈ ട്രസ്റ്റിനെ നയിക്കുന്നത്. 

മഹല്ലു നിവാസികളുടെ   കൂട്ടായ്മയില്‍  വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്  ചെറുകുളമ്പ് മഹല്ല് മാതൃകയാവുകയാണ്. ഈ പ്രദേശത്ത് ഇന്ന് പള്ളിക്ക് വേണ്ടിയും മഖ്ബറക്ക്  വേണ്ടിയും തങ്ങളുടെ കൈവശമുള്ള  ഭൂമിയുടെ നല്ലൊരു ഭാഗം വഖ്ഫ് ചെയ്ത സുമനസ്സുകള്‍ ഉണ്ട്. മസ്ജിദുല്‍  ഹുദ കേന്ദ്രമായുള്ള  മഹല്ലിനെ നിയന്ത്രിക്കുന്ന ട്രസ്റ്റിന്റെ അമരക്കാരന്‍ മഖ്ബറക്ക് ആവശ്യമായ ഭൂമി  വഖ്ഫ്  ചെയ്തു കൊണ്ടാണ് വലിയ മാതൃക കാണിച്ചത്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട്  ആവശ്യമായ സേവനങ്ങള്‍, സംഘടിത സകാത്ത് വിതരണം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും  ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാനുള്ള സംവിധാനം, മഹല്ല് സര്‍വേ നടത്തി ആവശ്യമായ മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ  മഹല്ലിലെ ഏതൊരാള്‍ക്കും ചെയ്തു  കൊടുക്കാന്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ  മഹല്ല്  കൂട്ടായ്മക്ക്   സാധിക്കുന്നു. ജാതി മത ഭേദമന്യേ ബഹുമുഖ പദ്ധതികളും മഹല്ലിനു കീഴില്‍  ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് മഹല്ല് സാരഥികള്‍. മഹല്ല് നിവാസികളുടെ ഐക്യവും സഹകരണവും, ചെലവഴിക്കാനുള്ള നല്ല മനസ്സും ഉണ്ടെങ്കില്‍ ഇങ്ങനെ വമ്പിച്ച മുന്നേറ്റം ഓരോ പ്രദേശത്തും ഉണ്ടാക്കാന്‍ സാധിക്കുമെന്ന്  ചെറുകുളമ്പ് പ്രദേശം നമ്മെ ബോധ്യപ്പെടുത്തുന്നു. വ്യവസ്ഥാപിതമായ ഇത്തരമൊരു സംവിധാനം  മഹല്ലുകള്‍ക്ക്  കീഴില്‍  ഉണ്ടായി വരികയാണെങ്കില്‍ നമ്മുടെ സാമൂഹിക ഘടനയില്‍ വമ്പിച്ച മാറ്റം സൃഷ്ടിക്കാന്‍ അതിന് സാധിക്കും. അത്തരം മുന്നേറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി  മാറുകയും ചെയ്യും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍