Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

രക്ഷാസമിതിയില്ലാത്ത ഐക്യരാഷ്ട്രസഭ

         ഐക്യരാഷ്ട്രസഭ എഴുപത് വയസ്സ് പിന്നിട്ടിരിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം 1945 ഒക്‌ടോബര്‍ 24-നാണ് അത് നിലവില്‍ വന്നത്. അതിനു മുമ്പും ഒരു ആഗോള കൂട്ടായ്മയുണ്ടായിരുന്നു, ലീഗ് ഓഫ് നേഷന്‍സ് എന്ന പേരില്‍. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ രണ്ടാം ലോകയുദ്ധം തടയാന്‍ കഴിയാതെ അത് നാമാവശേഷമായപ്പോള്‍ യുദ്ധാനന്തരം ഉയര്‍ന്നുവന്നതാണ് ഇന്നത്തെ ഐക്യരാഷ്ട്രസഭ. അതിന്റെ രൂപീകരണ ലക്ഷ്യങ്ങളായി പറയുന്നത് നാല് കാര്യങ്ങളാണ്. ലോകസുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുക, ജനസമൂഹങ്ങള്‍ക്കിടയില്‍ സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തിയെടുത്ത് പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, ലോക സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി ഈ വേദിയെ ഉപയോഗപ്പെടുത്തുക. ഇപ്പറഞ്ഞ ഏതെങ്കിലും മേഖലകളില്‍ യു.എന്‍ മികച്ച സംഭാവനകള്‍ നല്‍കിയതായി ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല; അമ്പേ പരാജയപ്പെട്ടതിന് ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട് താനും.

അമേരിക്കയുടെ ഇറാഖ് അധിനിവേശം യു.എന്‍ ജനറല്‍ അസംബ്ലിയോടോ സെക്യൂരിറ്റി കൗണ്‍സിലിനോടോ അനുവാദം ചോദിച്ചിട്ടായിരുന്നില്ല. കള്ളക്കഥകള്‍ ചമച്ച് അമേരിക്കയും ബ്രിട്ടനും കയറി ഇടപെടുകയായിരുന്നു. ലോകത്തുടനീളം അലയടിച്ച യുദ്ധവിരുദ്ധ പ്രതിഷേധങ്ങളെ അവര്‍ തെല്ലും വകവെച്ചില്ല. ഉക്രെയിനിലും ക്രീമിയയിലും സൈന്യത്തെ അയച്ച് റഷ്യ ഭരണം പിടിച്ചെടുക്കുമ്പോഴും, സിറിയയില്‍ തോന്നുന്നിടത്തൊക്കെ ബോംബ് വര്‍ഷിക്കുമ്പോഴും യു.എന്‍ നോക്കുകുത്തിയായി നിന്നതേയുള്ളൂ. യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതിഷേധിച്ചോ എന്നു പോലും ആരും ചോദിക്കുന്നില്ല. പ്രതിഷേധിച്ചില്ലെങ്കിലും ആരുമത് പ്രശ്‌നമാക്കാന്‍ പോകുന്നില്ല. ഫലത്തില്‍ അങ്ങനെയൊരു സംവിധാനം ഇല്ലാതായിക്കഴിഞ്ഞതായി എല്ലാവരും അംഗീകരിച്ച മട്ടാണ്.

ഐക്യരാഷ്ട്രസഭയുടെ ഘടന പരിഷ്‌കരിക്കുകയാണ് അതിനെ ക്രിയാത്മകമായ ഒരു ആഗോള സംവിധാനമായി മാറ്റിയെടുക്കുന്നതിനു വേണ്ടതെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. പക്ഷേ, ഓരോ വിഭാഗവും അവരവരുടേതായ പരിഷ്‌കരണവും മാറ്റവുമാണ് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ നവ വലത് പക്ഷത്തിനും ലിബറല്‍ ഡമോക്രാറ്റുകള്‍ക്കും പരിഷ്‌കരണത്തെക്കുറിച്ച് ഭിന്ന വിരുദ്ധ നിലപാടുകളാണുള്ളത്. റിച്ചാര്‍ഡ് പെറല്‍ എന്ന കടുത്ത വലത് പക്ഷവാദി (ബുഷ് ഭരണകൂടം ഇറാഖില്‍ അധിനിവേശം നടത്തുന്ന കാലത്ത് ഇദ്ദേഹം പെന്റഗണ്‍ ഡിഫന്‍സ് പോളിസി ബോര്‍ഡ് അധ്യക്ഷനായിരുന്നു) 'ദൈവമേ നന്ദി, യു.എന്‍ മരിച്ചുവല്ലോ' എന്ന തലക്കെട്ടില്‍ ഗാര്‍ഡിയന്‍ പത്ര(2003, മാര്‍ച്ച് 21)ത്തില്‍ ഒരു ലേഖനമെഴുതുകയുണ്ടായി. 'ലോകസുരക്ഷ'ക്ക് വേണ്ടി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാത്ത യു.എന്‍ നശിക്കുക തന്നെ വേണമെന്നാണ് അതില്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയെ പൂര്‍ണമായി അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമാക്കി മാറ്റാന്‍ കഴിയാത്തതിലുള്ള ഈര്‍ഷ്യയാണ് വരികള്‍ക്കിടയില്‍ വായിച്ചാല്‍ വ്യക്തമാവുക. റിപ്പബ്ലിക്കന്മാര്‍ക്കും യാഥാസ്ഥിതികരായ ഡമോക്രാറ്റുകള്‍ക്കും ഇതേ അഭിപ്രായമാണ്. ലിബറല്‍ ഡമോക്രാറ്റുകള്‍, എല്ലാ രാഷ്ട്രങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്ന പക്ഷക്കാരാണ്. അതിനുള്ള വേദിയായി ഐക്യരാഷ്ട്രസഭയെ മാറ്റണമെന്നും അവര്‍ വാദിക്കുന്നു. ഈ വിരുദ്ധ പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അമേരിക്കന്‍ വിദേശനയത്തെ മാത്രമല്ല, വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കുന്ന പ്രധാന ഘടകം.

ജര്‍മനി, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെ കൂടി യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളാക്കിയാല്‍ ഈ ആഗോള സംവിധാനത്തിന്റെ പോരായ്മകള്‍ ഒരളവ് വരെ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവയാണ് നിലവില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. ആറാമതൊരു രാജ്യത്തെ സ്ഥിരാംഗമായി എടുക്കരുത് എന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. പക്ഷേ, പുറമെക്ക് പറയുന്നത് എടുക്കാം, ആലോചിക്കാം, വേണ്ടത് തന്നെയാണല്ലോ എന്നൊക്കെയായിരിക്കും. ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് ചുരുക്കം. തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ക്കുന്നത് ആലോചിക്കാം എന്ന് പറയാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടെങ്കിലുമായി. ഇപ്പോഴും തുര്‍ക്കി പടിക്ക് പുറത്ത് തന്നെ. ഇതുതന്നെയായിരിക്കും രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാന്‍ മോഹിക്കുന്ന രാഷ്ട്രങ്ങളുടെയും ഗതി.

രക്ഷാസമിതിയില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ ചേര്‍ക്കാത്തതല്ല, ആ സമിതി തന്നെയാണ് യഥാര്‍ഥ പ്രശ്‌നം. എന്തടിസ്ഥാനത്തിലാണ് ചില രാജ്യങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നല്‍കിയിരിക്കുന്നത്? 'ചിലര്‍ ചിലരെക്കാള്‍ സമന്മാരാവുന്ന' അവസ്ഥ. ഇത് കടുത്ത അനീതിയും വിവേചനവുമാണ്. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം മുറവിളികൂട്ടിയാലും രക്ഷാസമിതിയിലെ ഒരംഗം എതിര് നിന്നാല്‍ പിന്നെയൊന്നും നടക്കില്ല. അവര്‍ ഇടപെടാത്ത ഒരു പ്രശ്‌നവും ലോകത്ത് ഉണ്ടാകുന്നുമില്ലല്ലോ. രക്ഷാസമിതിയില്ലാത്ത, എല്ലാ ലോക രാജ്യങ്ങള്‍ക്കും തുല്യാവകാശങ്ങളും ബാധ്യതകളുമുള്ള ഒരു ആഗോള സംവിധാനമായി ഐക്യരാഷ്ട്രസഭയെ പരിവര്‍ത്തിപ്പിച്ചെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ. അതേസമയം, എബോള പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിലും ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിലും അജ്ഞതയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുന്നതിലും വിവിധ യു.എന്‍ ഏജന്‍സികള്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ ഒരിക്കലും വില കുറച്ച് കാണാന്‍ കഴിയില്ല. രാഷ്ട്രീയമായി പരാജയപ്പെടുമ്പോഴും, യു.എന്‍ നിര്‍വഹിക്കുന്ന ഈ സേവന പ്രവര്‍ത്തനങ്ങളാണ് അത് ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ ന്യായം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍