Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

കൊച്ചുമുഹമ്മദ്

കെ.എം അബൂബക്കര്‍ സിദ്ദീഖ്‌

         ജമാഅത്തെ ഇസ്‌ലാമി കടപ്പൂര് കാര്‍ക്കൂന്‍ ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്ന കൊച്ചുമുഹമ്മദ് എന്ന കൊച്ചുക്ക തന്റെ 84-ാം വയസ്സില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി.  തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ എറിയാട് പ്രദേശത്ത് പ്രസ്ഥാന ശബ്ദം എത്തിച്ച പണ്ഡിത ശ്രേഷ്ഠനായ മര്‍ഹൂം എന്‍. കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യകാല സഖാക്കളില്‍ ഒരാളായിരുന്നു കൊച്ചുക്ക. അന്നു മുതല്‍ മരണം വരെയും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. 

ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാത്ത മത്സ്യത്തൊഴിലാളിയായിരുന്ന കൊച്ചുക്ക വാരാന്ത യോഗങ്ങളിലും ചര്‍ച്ചകളിലും സജീവസാന്നിധ്യമായിരുന്നു. ഹല്‍ഖായോഗങ്ങളില്‍ നിന്നും ക്ലാസ്സുകളില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം താന്‍ ജോലി ചെയ്തിരുന്ന മേഖലകളില്‍ കഴിവിന്‍പടി പ്രസ്ഥാനത്തിന്റെ ശബ്ദമെത്തിക്കാന്‍ ശ്രമിച്ചു. പ്രസ്ഥാനം പടുത്തുയര്‍ത്തിയ എറിയാട് മാര്‍ക്കറ്റ് മസ്ജിദും അനുബന്ധ സ്ഥാപനവും അദ്ദേഹത്തിന് ജീവനായിരുന്നു. പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന ആരേയും തന്റെ പരിമിതമായ അറിവ് വെച്ച് ശക്തിയുക്തം നേരിടുമായിരുന്നു. ശയ്യാവലംബിയാകുന്നതുവരെയും വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള മാര്‍ക്കറ്റ് മസ്ജിദിലേക്ക് ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് കണിശമായി എത്തുന്ന കാഴ്ച പുതുതലമുറയിലെ അടക്കം പ്രവര്‍ത്തകര്‍ക്ക് ആവേശത്തോടെയേ ഓര്‍ക്കാന്‍ കഴിയൂ. രോഗിയായി കിടക്കുമ്പോള്‍ ഇളം തലമുറക്കാരായ ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ദീര്‍ഘനേരം ഞങ്ങളുടെ കൈകള്‍ പിടിച്ച് മൗനമായിക്കിടന്ന് കണ്ണീര്‍ പൊഴിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന രണ്ട് പേരടക്കം മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍മക്കളുമാണ് അദ്ദേഹത്തിന്. മൂന്ന് പേരക്കുട്ടികള്‍ ഇസ്‌ലാമിക കലാലയങ്ങളില്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുകയാണ്. ഒരു മകന്‍ ഖത്തറില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഒരു മകന്റെ ഭാര്യ കടപ്പൂര് വനിതാ ഹല്‍ഖയുടെ നാസിമത്താണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍