ഹാഷിംപുരയില്‍ നടന്നതെന്ത്?
1987-ലെ ഹാഷിംപുര കൂട്ടക്കൊല അന്നത്തെ ഗാസിയാബാദ് പോലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് ഓര്‍ത്തെടുക്കുന്നു.
ജീവിതകാലം മുഴുവന്‍ നിങ്ങളെ വിട്ടുപോകാത്ത ചില അനുഭവങ്ങളുണ്ട്. ഒരു ദുഃസ്വപ്നം പോലെ എല്ലായ്‌പ്പോഴും അവ നിങ്ങളോടൊത്തുണ്ടാകും. ചിലപ്പോഴവ നിങ്ങളുടെ പിരടിയില്‍ ഒരു ഭാരമായി നില്‍ക്കും. ഹാഷിംപുര കൂട്ടക്കൊല എനിക്ക് അങ്ങനെ ഒരു അനുഭവമാണ്.
''1987 മെയ് 22-ന് രാത്രി മീററ്റിനടുത്ത ഹാഷിംപുരയില്‍ നാല്‍പത്തിയഞ്ചോളം മുസ്‌ലിം പുരുഷന്മാരെ പിടികൂടി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി)യുടെ ട്രക്കില്‍ കയറ്റി'' (പ്രവീണ്‍ ജയിന്‍/ ഇന്ത്യന്‍ എക്‌സ്പ്രസ്).
ദല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ മഖന്‍പൂര്‍ ഗ്രാമത്തിലൂടെ ഒഴുകുന്ന തോടിന്റെ കരയിലുള്ള കുറ്റിക്കാടുകളില്‍ ഞാന്‍ ചെലവഴിച്ച ആ രാത്രി (22-23 മെയ് 1987) ഒരു ഹൊറര്‍ സിനിമ പോലെ എന്റെ ഓര്‍മകളില്‍ ആഴ്ന്നുകിടക്കുകയാണ്. ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍, ആ കുറ്റിക്കാടുകള്‍ക്കുള്ളില്‍, രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയില്‍ ജീവനുള്ള ഒരു ശരീരമെങ്കിലും ബാക്കിയുണ്ടോ എന്ന് തെരയുകയായിരുന്നു ഞാന്‍.
ഹാപൂരില്‍ നിന്ന് രാത്രി 10.30-ന് മടങ്ങിയെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ ഞാന്‍. കൂടെ ജില്ലാ മസ്ജിസ്‌ട്രേറ്റ് നാസിം സൈദിയുമുണ്ടായിരുന്നതിനാല്‍ പോലീസ് വസതിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിട്ടു. പോലീസ് വസതിയുടെ കവാടത്തില്‍ കാറിന്റെ വെളിച്ചം വീണതേയുള്ളൂ, പേടിച്ചരണ്ട്, ഒറ്റക്ക് നിന്ന് പരുങ്ങുന്ന സബ് ഇന്‍സ്‌പെക്ടര്‍ ബി.ബി സിംഗിനെയാണ് ഞാന്‍ കാണുന്നത്. ആ സമയത്ത് അടുത്തു തന്നെയുള്ള ലിങ്ക് റോഡ് പോലീസ് സ്റ്റേഷന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ഗൗരവമുള്ള എന്തോ അവിടെ സംഭവിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് അനുഭവത്തില്‍ നിന്ന് എനിക്ക് കണക്കുകൂട്ടാന്‍ കഴിഞ്ഞു. ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഞാന്‍ പുറത്തിറങ്ങി. ഭയാധിക്യം കാരണം കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പോലും ബി.ബി സിംഗിന് കഴിയുന്നുണ്ടായിരുന്നില്ല. വാക്കുകളിടറി, തീരെ ക്രമമില്ലാതെ അദ്ദേഹം പറഞ്ഞു തീര്‍ത്ത കാര്യങ്ങള്‍ തന്നെ എന്നെ ആവോളം സ്തബ്ധനാക്കാന്‍ പോന്നവയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റേഷന്‍ പരിധിയിലെവിടെയോ പി.എ.സി കുറച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തിയിരിക്കുന്നു.
എന്തിന്, എത്ര പേരെ, എവിടെ? ഒന്നും വ്യക്തമല്ല. തനിക്കറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയിപ്പിച്ച് സംഭവങ്ങളുടെ ഒരു ഏകദേശ രൂപം അല്‍പാല്‍പമായി ഞാനുണ്ടാക്കിയെടുത്തു. ബി.ബി സിംഗില്‍ നിന്ന് കൂട്ടിയോജിപ്പിച്ചു കിട്ടിയ വിവരങ്ങള്‍ പ്രകാരം സംഭവിച്ചതിതാണ്: ബി.ബി സിംഗ് തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഏകദേശം 9 മണിയോടു കൂടി മഖന്‍പൂര്‍ ഭാഗത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടു. അദ്ദേഹവും സ്റ്റേഷനിലെ മറ്റുള്ളവരും ഗ്രാമത്തില്‍ വല്ല കൊള്ളയും നടക്കുകയാവും എന്നാണ് കരുതിയത് (ഇന്ന് മഖന്‍പൂര്‍ എന്ന പേര് റവന്യൂ രേഖകളില്‍ മാത്രമേ കാണൂ. വലിയ കെട്ടിടങ്ങളാണ് ഇന്നവിടെ മുഴുവനും. എന്നാല്‍ 1987-ല്‍ അതൊരു തരിശു ഭൂമിയായിരുന്നു). ഈ തരിശുഭൂമിയിലൂടെ പോകുന്ന ഒരു ചെക്‌റോഡിലൂടെ തന്റെ മോട്ടോര്‍ സൈക്കിളില്‍ ബി.ബി സിംഗ് ഗ്രാമത്തിലേക്ക് പാഞ്ഞു. സ്റ്റേഷന്‍ ഓഫീസറും ഒരു കോണ്‍സ്റ്റബിളും അദ്ദേഹത്തിന്റെ പിന്നിലിരുന്നു. ചെക്ക് റോഡിലൂടെ അവര്‍ ഒരു നൂറു വാര പിന്നിട്ടില്ല, അപ്പോഴേക്കും എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രക്ക് ചീറിപ്പാഞ്ഞ് വരുന്നത് കണ്ടു. ബി.ബി സിംഗ് തന്റെ മോട്ടോര്‍ സൈക്കിള്‍ റോഡില്‍ നിന്ന് തെറ്റിച്ചില്ലായിരുന്നുവെങ്കില്‍ ആ ട്രക്ക് അവര്‍ക്കു മേല്‍ കയറിയിറങ്ങുമായിരുന്നു.
വാഹനം ബാലന്‍സ് തെറ്റാതെ നോക്കുന്നതിനിടയില്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഇത്രമാത്രം: പിന്‍ഭാഗത്ത് 41 എന്ന നമ്പര്‍ എഴുതിയ ഒരു മഞ്ഞ ട്രക്കാണത്. കാക്കി ധരിച്ചവര്‍ പിന്‍സീറ്റിലിരിക്കുന്നതും അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. 41-ാം ബറ്റാലിയനിലെ ചില ഓഫീസര്‍മാരുമായി പോകുന്ന ഒരു പി.എ.സി ട്രക്കാണതെന്ന് മനസ്സിലാക്കാന്‍ ഒരു പോലീസ് ഓഫീസര്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും വേണ്ട. എന്നാല്‍, ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ സമയത്ത് എന്തിനാവും മഖന്‍പൂരില്‍ നിന്ന് ഒരു പി.എ.സി ട്രക്ക് വരുന്നത്? നേരത്തേ കേട്ട വെടിവെപ്പിലെ നിഗൂഢതയെന്ത്? ഏതായാലും ബി.ബി സിംഗ് വീണ്ടും ഗ്രാമത്തിലേക്കുതന്നെ ബൈക്ക് വിട്ടു. ഒരു മൈല്‍ അകലെയല്ലാതെ കണ്ടെത്തിയ കാഴ്ച അവരെ അടിമുടി നടുക്കിക്കളഞ്ഞു!
ചെക്ക് റോഡിന് കുറുകെ ഒഴുകുന്ന തോടിന്റെ പാലത്തിനു മുകളില്‍ നിന്ന് ബി.ബി സിംഗ് മോട്ടോര്‍ സൈക്കിളിന്റെ ഹെഡ് ലൈറ്റ് തോടിന്റെ കരകളിലേക്ക് തെളിച്ചപ്പോള്‍ നേരത്തെ കേട്ട വെടിയൊച്ചയുടെ സത്യാവസ്ഥ അവര്‍ക്ക് പിടികിട്ടി. അവിടമാകെ രക്തക്കറ പടര്‍ന്നിരുന്നു. കരയിലും കുറ്റിക്കാടുകള്‍ക്കിടയിലും വെള്ളത്തിലും അല്‍പസമയം മുമ്പു മാത്രം പറ്റിയ മുറിവുകളോടെ മൃതദേഹങ്ങള്‍ കാണാമായിരുന്നു. ഇന്‍സ്‌പെക്ടറും സംഘവും പരിസരം പരിശോധിക്കുകയും സംഭവിച്ചത് ഊഹിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആകെ അവര്‍ക്ക് കണക്കുകൂട്ടിയെടുക്കാന്‍ കഴിഞ്ഞത് ആ ശവശരീരങ്ങളും നേരത്തെ കടന്നുപോയ പി.എ.സി ട്രക്കും തമ്മില്‍ ബന്ധമുണ്ടാകണം എന്നതു മാത്രം. കോണ്‍സ്റ്റബ്‌ളിനെ അവിടെ നിര്‍ത്തി, ബി.ബി സിംഗ് തന്റെ കൂടെയുള്ള ഓഫീസറുമൊത്ത് ദല്‍ഹി ഗാസിയാബാദ് റോഡില്‍ പോലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന പി.എ.സി 41-ാം ബറ്റാലിയന്റെ ആസ്ഥാനത്തേക്ക് തിരിച്ചു.
പ്രധാന കവാടം അടച്ചിരുന്നു. ഒരുപാട് തര്‍ക്കിച്ചെങ്കിലും അകത്തു കടക്കാന്‍ കാവല്‍ നില്‍ക്കുന്ന സെന്‍ട്രി സമ്മതിച്ചില്ല. അങ്ങനെയാണ് ബി.ബി സിംഗ്, സോണല്‍ ഓഫീസില്‍ വന്ന് എന്നെ കാര്യങ്ങള്‍ അറിയിക്കുന്നത്.
എനിക്ക് അറിയാന്‍ കഴിഞ്ഞേടത്തോളം സംഭവിച്ചിരിക്കുന്നത് വളരെ ഗുരുതരമാണ്. പിറ്റേന്ന് തന്നെ ഗാസിയാബാദ് തീയിലമരുമെന്ന് എനിക്ക് വ്യക്തമായി. കഴിഞ്ഞ കുറെ ആഴ്ചകളായി അയല്‍ ജില്ലയായ മീററ്റില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. അവ ഗാസിയാബാദിലേക്ക് പടരാന്‍ തുടങ്ങിയിട്ടുമുണ്ടായിരുന്നു.
ആദ്യം ഞാന്‍ ജില്ലാ മജിസ്‌ട്രേറ്റ് നാസിം സൈദിയെ വിളിച്ചു. അദ്ദേഹം ഉറങ്ങാറായായിരുന്നു. തുടര്‍ന്ന് ജില്ലാ ആസ്ഥാനത്തെ അഡീഷനല്‍ എസ്പിയെയും കുറച്ച് ഡെപ്യൂട്ടി എസ്.പിമാരെയും മജിസ്‌ട്രേറ്റുമാരെയും വിളിച്ച് തയാറാവാന്‍ നിര്‍ദേശം കൊടുത്തു. 45 മിനിറ്റുകള്‍ക്കുള്ളില്‍ 7/8 കാറുകളിലായി ഞങ്ങള്‍ മഖന്‍പൂര്‍ ഗ്രാമത്തിലേക്ക് തിരിച്ചു.
തോടിനു കുറുകെയുള്ള പാലത്തിന് അല്‍പം മുമ്പായി കാറുകള്‍ പാര്‍ക്കു ചെയ്തു. തോടിന് അപ്പുറമുള്ള ഗ്രാമത്തില്‍ നിന്ന് ഒരാളും അവിടെ എത്തിച്ചേര്‍ന്നിട്ടില്ല. ഭീതി അവരെയെല്ലാം വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണെന്ന് തോന്നി. ലിങ്ക് റോഡ് പോലീസ് സ്റ്റേഷനിലെ ഏതാനും ഓഫീസര്‍മാര്‍ എത്തിയിരുന്നു. അവരുടെ ടോര്‍ച്ചുകളിലെ മങ്ങിയ വെളിച്ചത്തിന് ഇരുട്ടു മൂടിയ കുറ്റിക്കാടുകള്‍ക്കിടയിലുള്ള ഒന്നും വ്യക്തമായി കാണിക്കാനായില്ല. കാറുകള്‍ തോടിനു നേരെ നിര്‍ത്തി ഹെഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നൂറ് വാരയോളം വിസ്താരത്തില്‍ വെളിച്ചം കിട്ടി. ഈ വിവരണത്തിന്റെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ച ദുഃസ്വപ്നം ഈ വെളിച്ചത്തില്‍ ഞാന്‍ കണ്ട കാഴ്ചയാണ്.
കാറുകളുടെ വെളിച്ചവും മതിയാകുമായിരുന്നില്ല. എല്ലാവരും ടോര്‍ച്ചുകളെടുത്തിരുന്നു. മൃതദേഹങ്ങളിലെ രക്തം ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. അവയില്‍ നിന്ന് അപ്പോഴും രക്തം ഇറ്റുന്നുണ്ടായിരുന്നു. ശവശരീരങ്ങള്‍ അട്ടിയിട്ട് കിടക്കുകയാണ്. ചിലത് കുറ്റിക്കാടുകളില്‍ കുടുങ്ങിക്കിടപ്പാണ്. ചിലത് വെള്ളത്തില്‍ പകുതി മുങ്ങിയ നിലയിലും. മരിച്ചവരുടെ കണക്കെടുക്കുന്നതിനെക്കാളും മൃതദേഹങ്ങള്‍ എടുത്തുമാറ്റുന്നതിനെക്കാളും പ്രധാനം അവക്കിടയില്‍ ജീവനോടെ ആരെങ്കിലും ബാക്കിയുണ്ടോ എന്നറിയലാണെന്ന് എനിക്ക് തോന്നി.
ഞങ്ങള്‍ ഇരുപത് പേരുണ്ടായിരുന്നു. എല്ലാവരും ചുറ്റുപാടും തെരയാന്‍ തുടങ്ങി. വല്ല മറുപടിയും കിട്ടുമോ എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കൂടെ കൂടെ ഒച്ചയിട്ടു നോക്കും. ശത്രുക്കളല്ലെന്നും, പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ എത്തിയവരാണെന്നും അറിയിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ ഒരു മറുപടിയും കിട്ടിയില്ല. നിരാശരായി ചിലര്‍ പാലത്തിനിടയില്‍ ഇരുന്നു. ഇനി സമയം കളയുന്നതില്‍ കാര്യമില്ലെന്ന് ജില്ലാ മേധാവിയും ഞാനും ധാരണയിലായി. അടുത്ത ദിവസത്തേക്കുള്ള നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍ മൃതദേഹങ്ങള്‍ നീക്കുന്നതും കടലാസ് പണികളും തല്‍ക്കാലം നിര്‍ത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ ലിങ്ക് റോഡിലെ പോലീസ് സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് തോട്ടില്‍ നിന്ന് ഒരു ചുമയുടെ ശബ്ദം കേട്ടത്.
ഞങ്ങള്‍ പേടിച്ച് വിറങ്ങലിച്ചു പോയി. എങ്കിലും ഞാന്‍ തോട്ടിലേക്ക് ചാടി. നിശ്ശബ്ദത വീണ്ടും പരന്നു. രക്ഷപ്പെട്ട ഒരാള്‍ കൂട്ടത്തിലുണ്ടെന്നും എന്നാല്‍ ഞങ്ങള്‍ രക്ഷകരാണെന്ന് അയാള്‍ വിശ്വസിക്കുന്നില്ലെന്നും വ്യക്തമായിരുന്നു. ഞങ്ങള്‍ ഒച്ചയുണ്ടാക്കി ഓരോ മൃതദേഹത്തിനു മുകളിലും വെളിച്ചമടിച്ചു നോക്കി. ഒടുവില്‍ ഇളകുന്ന ഒരു ശരീരം കാണാനായി. പകുതി വെള്ളത്തിലായി, ഒരു കുറ്റിച്ചെടിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു ശരീരം. സൂക്ഷ്മമായി പരിശോധിക്കാതെ അയാള്‍ക്ക് ജീവനുണ്ടോ എന്ന് പറയുക വയ്യ. ഞങ്ങള്‍ ഉപദ്രവിക്കാനല്ല, രക്ഷിക്കാനാണെന്ന് പറഞ്ഞ് ഒരുപാട് ധൈര്യം കൊടുത്തതിനു ശേഷം മാത്രം, ഭയന്നു വിറച്ച്, ഉണ്ടായ ദാരുണ സംഭവം അയാള്‍ വിവരിച്ചു. പേര് ബാബുദ്ദീന്‍. ഒരു ചെറിയ മുറിവേല്‍പിച്ച് ബുള്ളറ്റ് നേരിയ വ്യത്യാസത്തില്‍ അയാളെ കടന്നുപോവുകയായിരുന്നു. ബോധമറ്റ് അയാള്‍ കുറ്റിക്കാട്ടില്‍ വീണു. തിരക്കിനിടയില്‍ ഘാതകര്‍ അയാള്‍ മരിച്ചുവോ എന്ന് ഉറപ്പിക്കാന്‍ വിട്ടുപോയി. ശ്വാസം അടക്കിപ്പിടിച്ച് പകുതി വെള്ളത്തിലും പകുതി കുറ്റിക്കാട്ടിലുമായി അയാള്‍ മരണത്തെ തോല്‍പിച്ചു കിടന്നു. അയാള്‍ക്ക് സാരമായ പരിക്കില്ലായിരുന്നു. അല്‍പനേരം പാലത്തിനുമേല്‍ വിശ്രമിച്ച് അയാള്‍ കാറിലേക്ക് നടന്നുവന്നു.
ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഹാഷിംപുരയെക്കുറിച്ച് പുസ്തകമെഴുതുന്നതിനു വേണ്ടി പി.എ.സി അയാളെ പൊക്കിയ അതേ സ്ഥലത്തുവെച്ച് ബാബുദ്ദീനെ ഞാന്‍ കണ്ടപ്പോള്‍, സംഭവദിവസം ഒരു കോണ്‍സ്റ്റബ്‌ളില്‍ നിന്ന് വാങ്ങിയ ബീഡി ഞാന്‍ അദ്ദേഹത്തിന് കൊടുത്തത് അയാള്‍ ഓര്‍ത്തെടുത്തു. ബാബുദ്ദീന്റെ വിവരണ പ്രകാരം, സാധാരണ പരിശോധനക്കിടയില്‍ അമ്പതോളം പേരെ പി.എ.സിക്കാര്‍ ട്രക്കില്‍ കയറ്റിയപ്പോള്‍ സ്റ്റേഷനിലേക്കോ ജയിലിലേക്കോ ആണ് കൊണ്ടുപോകുന്നതെന്നായിരുന്നു അവര്‍ കരുതിയത്. മഖന്‍പൂരില്‍ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താലെത്തുന്ന ദൂരത്ത് പ്രധാന റോഡില്‍ നിന്ന് മാറി ട്രക്ക് നിര്‍ത്തി അവരോട് ഇറങ്ങാന്‍ കല്‍പിച്ചു.
പകുതി പേര്‍ ഇറങ്ങിക്കഴിഞ്ഞില്ല, അപ്പോഴേക്കും പി.എ.സിക്കാര്‍ വെടിവെക്കാന്‍ തുടങ്ങി. ട്രക്കിലുള്ളവര്‍ അതില്‍ ഒളിക്കാന്‍ നോക്കി. ബാബുദ്ദീന്‍ അവരില്‍ ഒരാളായിരുന്നു. ഇറങ്ങിയവര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക എന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. വെടിവെപ്പിന്റെ ശബ്ദം അയല്‍ഗ്രാമങ്ങളില്‍ കേട്ടതു കാരണം അവിടെ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പി.എ.സിക്കാര്‍ വീണ്ടും ട്രക്കില്‍ കയറി പിന്നാക്കമെടുത്ത് ഗാസിയാബാദിനു നേര്‍ക്ക് പാഞ്ഞു. വഴിയില്‍ മഖന്‍പൂരിലെ തോടിനടുത്ത് നിര്‍ത്തി വീണ്ടും ഉള്ളിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
ഇറങ്ങാന്‍ വിസമ്മതിച്ചവരെ വലിച്ച് പുറത്തിട്ട് വെടിവെച്ച് തോട്ടിലേക്കെറിഞ്ഞു. ട്രക്കിലിരുന്നവരെ അവിടെത്തന്നെ വെടിവെച്ചിട്ടു. ബാബുദ്ദീന്‍ ഈ വിവരണങ്ങള്‍ നല്‍കവെ ആദ്യ കൊലപാതകം നടന്ന സ്ഥലം ഏതെന്ന് നിര്‍ണയിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. മീററ്റ്-ഗാസിയാബാദ് റോഡില്‍ മുറാദ് നഗര്‍ സ്റ്റേഷനരികിലൂടെ ഒഴുകുന്ന തോടിനടുത്താവും ഈ സ്ഥലമെന്ന് ആരോ അഭിപ്രായപ്പെട്ടു. ലിങ്ക് റോഡിലെ വയര്‍ലസ് വഴി ഞാന്‍ മുറാദ് നഗര്‍ സ്റ്റേഷനില്‍ വിളിച്ചന്വേഷിച്ചു. ഞങ്ങളുടെ ഊഹം ശരിയായിരുന്നു.
കുറച്ചു മുമ്പ് മുറാദ് നഗര്‍ സ്റ്റേഷനും സമാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ചിലരെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിലരെ രക്ഷപ്പെടുത്തി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
വിവ: കെ. യാസിര്‍
Comments