Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

അക്ഷരവെളിച്ചത്തിന്റെ അമ്പതാണ്ട് പിന്നിട്ട് ഞാറയില്‍കോണം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ

എം. ഷിബു /ഫീച്ചര്‍

         തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് അക്ഷരജ്വാല പകര്‍ന്ന ഞാറയില്‍കോണം  അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ അമ്പതാണ്ട് പിന്നിടുകയാണ്. ഒരു ജനതയെ ഇസ്‌ലാമികാദര്‍ശത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ  ഈ കലാലയം പ്രദേശത്തെ ഒരോ മനസ്സിന്റെയും വികാരമാണ്. ഇത് കേവലം മദ്‌റസയുടെ അമ്പതാണ്ടല്ല, ഞാറയില്‍കോണത്തെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ  അമ്പതാണ്ടു കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ ഞാറയില്‍കോണം എന്ന പ്രദേശത്തിന്റെ തന്നെ സുവര്‍ണ ഏടുകളായിരുന്നു ഈ അമ്പത് വര്‍ഷങ്ങള്‍. ദീനീചര്യയുടെ സമഗ്രമായ സാമൂഹിക സംവേദനങ്ങള്‍ ഇന്നാട്ടില്‍ ഒരുപക്ഷേ മിമ്പറുകളേക്കാള്‍ കൂടുതല്‍ യഥാര്‍ഥ്യമായത്  മദ്‌റസ വഴിയായിരിക്കാം. കാരണം നിരവധി തലമുറകളാണ് ഈ വിളക്കുമാടത്തില്‍ നിന്ന് ഇസ്‌ലാമികമായ അതിജീവനത്തിന്റെ ചൂട്ടുവെട്ടങ്ങള്‍ ഇടനെഞ്ചിലേക്ക് കൊളുത്തിയെടുത്തത്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ 19 വരെ നടക്കുന്ന  സുവര്‍ണ ജൂബിലി ഈ പ്രദേശത്തെ സംബന്ധിച്ച് ഓര്‍മപ്പാടുകളുടെ പകര്‍ത്തിയെഴുത്തും ഭാവിയിലേക്കുള്ള കരുത്താര്‍ജിക്കലും കൂടിയാണ്. 

പരിഷ്‌കരണങ്ങളുടെ  രാജപാതയില്‍ ഒരു മഹല്ലും നാടും

തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക ഉണര്‍ച്ചകളില്‍ നെടുനായകത്വം വഹിച്ച പ്രദേശങ്ങളിലൊന്നാണ് ഞാറയില്‍കോണം. വക്കം മൗലവിയില്‍ തുടങ്ങി എട്ടടി മുസ്‌ലിയാര്‍ വഴി കെ.ടി അബ്ദുര്‍റഹീം മൗലവിയില്‍ എത്തി നില്‍ക്കുന്ന ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാറിലെ മഖ്ദൂം പാരമ്പര്യത്തിന്റെ പരോക്ഷ സ്വാധീനമുണ്ട്. ഇവിടെ ഇമാമുമാരായി സേവനമനുഷ്ഠിച്ച മലബാര്‍ പണ്ഡിതന്മാരുടെ സംഭാവനകളും ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഞാറയില്‍കോണം.  തുടക്കം എവിടെയെന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഞാറയില്‍കോണം മഹല്ലിന്. വക്കം മൗലവിയും, മലബാര്‍ ലഹളക്ക് ശേഷം മലബാറിലുണ്ടായ ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളും ഞാറയില്‍കോണത്തെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് സമീപ മഹല്ലുകളെ അപേക്ഷിച്ച് നവോത്ഥാനരംഗത്ത് തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കാന്‍ ഞാറയില്‍കോണത്തിന് സാധിച്ചു; അത് ഇന്നും തുടരുന്നു. ഇതിന്റെ കേന്ദ്രമാണ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ. 

വക്കം മൗലവിയും ഞാറയില്‍കോണവും

വക്കം മൗലവിയുടെ നവോത്ഥാന ആശയങ്ങള്‍ക്ക് ഇവിടെ ആദ്യമേ  സ്വീകാര്യത കിട്ടിയിരുന്നു. സമീപ പ്രദേശങ്ങളൊക്കെ യാഥാസ്ഥിതിക മനോഭാവത്തിലും കര്‍മശാസ്ത്ര ശാഠ്യങ്ങളിലും കാലം കഴിച്ചപ്പോള്‍  പരിഷ്‌കരണ വ്യഗ്രതയും ഉല്‍പതിഷ്ണു ചിന്താഗതിയും ആദ്യകാലം മുതലേ ഇവിടെ പ്രകടമായതിന് കാരണം വക്കം മൗലവിയുടെ സ്വാധീനമാണ്. ഞാറയില്‍കോണം മഹല്ലില്‍ 12 വര്‍ഷം ഇമാമായി  സേവനമനുഷ്ഠിച്ച നാദാപുരം കോട്ടപ്പള്ളി സ്വദേശി ചങ്ങാറ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ (സി.എ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍) എന്ന എട്ടടി മുസ്‌ലിയാര്‍ വക്കം മൗലവിയുടെ ശിഷ്യനായിരുന്നു. മലബാറില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക്  കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എത്തുന്നത് വക്കം മൗലവിയുടെ ക്ഷണം സ്വീകരിച്ചാണ്.  മൗലവിയുടെ കുടുംബ ബന്ധുവിനെയാണ് മുസ്‌ലിയാര്‍  വിവാഹം കഴിച്ചത്. വക്കം മൗലവിയുടെ നിര്‍ദേശപ്രകാരം സമീപ്രപദേശമായ ഇടവയില്‍ 30 കൊല്ലം ഇമാമായ ശേഷമാണ് മുസ്‌ലിയാര്‍ ഞാറയില്‍കോണത്തേക്ക് വന്നത്. കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ഖുത്വ്ബകള്‍, ആത്മബന്ധങ്ങള്‍ എന്നിവയെല്ലാം ആശയപ്രചാരണത്തിന്റെ വഴികളായി. ജുമുഅ ഖുത്വ്ബ അറബിയിലായിരുന്നെങ്കിലും നുബാത്തി കിതാബിന്റെ പദാനുപദ മലയാള അവതരണം ഖത്വീബായിരുന്ന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ നടത്തിപ്പോന്നിരുന്നു. 'അല്‍ഹംദുലില്ലാഹ്' എന്ന് ഖുത്വ്ബയില്‍ ഓതിയ ഉടന്‍ 'അല്ലാഹുവിനു സ്തുതി' എന്ന് അതേ ഈണത്തില്‍ മലയാളത്തില്‍ പറഞ്ഞുപോകുന്നതായിരുന്നു രീതി. 

ഞാറയില്‍കോണത്ത് വക്കം മൗലവിക്ക് ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. പ്രദേശത്തെ ആദ്യ അറബിക് അധ്യാപകനായ പാതിരിയോട് മുസ്ത്വഫ മുന്‍ഷി, കാല്‍ നടയായി വക്കം വരെ നടന്നു പോയാണ് വക്കം മൗലവിയില്‍ നിന്ന് അറബിയിലും മറ്റും അറിവ് നേടിയിരുന്നത്. ഇത്തരം ശിഷ്യര്‍ വഴിയും  മൗലവിയുടെ ആശയങ്ങള്‍ ഇവിടെയെത്തി. വക്കം മൗലവിയുടെ കുടുംബ ബന്ധുവായ മുഹമ്മദ് കുഞ്ഞ് മൗലവി  ഞാറയില്‍കോണത്ത് നിന്നാണ് വിവാഹം കഴിച്ചിരുന്നത്. ഖിലാഫത്ത് മാസിക നടത്തിയിരുന്നതിനാല്‍ 'ഖിലാഫത്ത്' എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന മുഹമ്മദ് കുഞ്ഞ്  വഴിയും മൗലവിയുടെ നവോത്ഥാനാശയങ്ങള്‍ ഇവിടെയെത്തി.  വര്‍ക്കല, വക്കം, ഇടവ മേഖലയില്‍ നിന്ന് താമസ സൗകര്യം തേടിയുള്ള കുടിയേറ്റങ്ങളില്‍ നല്ലൊരു ശതമാനവും ഞാറയില്‍കോണത്തേക്കായിരുന്നു. 

പള്ളി വരാന്തയില്‍ നിന്ന് ക്ലാസ്മുറികളിലേക്ക്

പള്ളി വരാന്തയിലായിരുന്നു ആദ്യ കാലത്തെ ദീനീ പഠനം. ഖുര്‍ആന്‍ പാരായണം, അറബി ഭാഷ എന്നിവയായിരുന്നു പ്രധാന പാഠ്യ വിഷയങ്ങള്‍. ഉസ്താദ് ഓതും, കുട്ടികള്‍ കേേട്ടാതും. പരീക്ഷയോ ക്ലാസ് കയറ്റമോ ഇല്ല. പല ്രപായക്കാര്‍ പഠിക്കാനുണ്ടാകും. മുതിര്‍ന്നവര്‍ക്ക് അറബി ഭാഷയിെല വ്യാകരണ നിയമങ്ങള്‍ പ്രത്യേകം പഠിപ്പിച്ചിരുന്നു. രാ്രതിയിലായിരുന്നു ഇത്തരം ക്ലാസുകള്‍. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ മുതല്‍ പുരോഗമന ആശയക്കാരായ നിരവധി പണ്ഡിതന്‍മാര്‍ ഇവിടെ ഇമാമുമാരും മദ്‌റസാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്തെ ശാസ്ത്രീയ പ്രവണതകളും സംവിധാനങ്ങളും സ്വാംശീകരിച്ച് മദ്‌റസാ സംവിധാനത്തെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചവരും അതില്‍ വിജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവയെ സര്‍വാത്മനാ സ്വീകരിക്കാനുള്ള വിശാല മനസ്‌കത ഞാറയില്‍കോണവും  കാണിച്ചു. ഞാറയില്‍കോണത്തെ  മതപഠന സംവിധാനത്തില്‍ വിപ്ലവകരമായ ആദ്യ  ഇടപെടല്‍ ഒരു പക്ഷേ, കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടേതായിരിക്കും. പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും  അദ്ദേഹം പക്ഷേ മുടങ്ങാതെ 'പള്ളിയിലെ പഠിപ്പിക്കല്‍' തുടര്‍ന്നു.  'മതപഠനം മൗലവിയാകുന്നതിന്' എന്ന തെറ്റിദ്ധാരണ അദ്ദേഹം തിരുത്തി. അദ്ദേഹത്തിന്റെ രാത്രികാല അറബി വ്യാകരണ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടി. ഇവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി അധ്യാപകരായി. ഈ പൊതുബോധവും താല്‍പര്യവും ഞാറയില്‍കോണത്തെ മദ്‌റസാ സംവിധാനത്തോടൊപ്പം മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്. മദ്‌റസക്ക്  സ്വന്തമായി കെട്ടിടം എന്ന ആശയമുയരുന്നത് 1964-'65 കാലത്താണ്. സാമ്പത്തിക ശേഷി കുറഞ്ഞ പ്രദേശത്ത് മഹല്ലിലെ ഓേരാ  വീട്ടിലും പാ്രതം വെച്ച്, ഓരോ ദിവസവും ചോറിനെടുക്കുന്ന  അരിയില്‍ നിന്ന് നിശ്ചിത വിഹിതം അളന്ന് വാങ്ങി, അത് ശേഖരിച്ച് വിറ്റാണ് കെട്ടിടനിര്‍മാണത്തിന് പണം കണ്ടെത്തിയത്. യൂനാനി മുസ്‌ലിയാര്‍ എന്നറിയപ്പെടുന്ന അബ്ദുറഷീദ് മുസ്‌ലിയാരുടെ മുന്‍ൈകയിലാണ് ഇത് നടന്നത്. പിടിയരിയില്‍ പിറന്നതാണ് ഈ മദ്‌റസാ കെട്ടിടം എന്നു പറയാം. വടക്ക് നിന്ന് കൊണ്ടുവന്ന  ഇസ്‌ലാമിക ഗുണപാഠ പുസ്തകങ്ങളും അറബി ഭാഷാ പഠന സഹായിയുമെല്ലാം ഇന്നാട്ടിലെ കുട്ടികള്‍ക്ക് പ്രാപ്യമായത് മലബാറിലെ ഉസ്താദുമാര്‍ വഴിയാണ്. സത്യവിശ്വാസം ഒന്ന്, രണ്ട്, മൂന്ന് ഭാഗങ്ങള്‍ എന്ന  പുസ്തകം അങ്ങനെയെത്തിയതാണ്. ഖുര്‍ആന്‍ പാരായണത്തിന് പുറമേ 'ഖുര്‍ആന്‍ അര്‍ഥം' എന്ന ഒരു പിരീഡ് കൂടി അന്നുണ്ടായിരുന്നു. ഖുര്‍ആന്‍ ബോര്‍ഡിലെഴുതാന്‍ പാടില്ലെന്ന മതവിധികളുള്ള കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.

കെ.ടിയും മദ്‌റസാ  സംവിധാനവും

കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പാകപ്പെടുത്തിയ മണ്ണില്‍, ജീവിതം കൊണ്ട് ഇസ്‌ലാമിനെ അടയാളപ്പെടുത്തിയാണ് കെ.ടി അബ്ദുര്‍റഹീം മൗലവി ഞാറയില്‍കോണത്തിന് നവോത്ഥാനത്തിന്റെ പുതുപാഠങ്ങള്‍  പകര്‍ന്ന് നല്‍കിയത്. 1960-കൡലാണ് കെ.ടി ഞാറയില്‍കോണത്തെത്തുന്നത്. കൊല്ലം ജില്ലയിലെ റോഡുവിളയില്‍ ഇസ്‌ലാമിക ്രപഭാഷണങ്ങള്‍ക്കെത്തുന്നതിനിടയിലാണ് ഞാറയില്‍കോണത്തിനും ആ ഭാഗ്യം ലഭിച്ചത്. ഞാറയില്‍കോണം എം.എല്‍.പി.എസില്‍ സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുക്കാനെത്തിയ  കെ.ടി പിന്നീട് ഞാറയില്‍കോണത്തിന്റെ ഖത്വീബാവുകയായിരുന്നു. മദ്‌റസാ സംവിധാനം കാര്യക്ഷമമാക്കുന്നതില്‍ അദ്ദേഹം ്രകിയാത്മകമായി ഇടപെട്ടു. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയോ സമാന മദ്‌റസാ സംവിധാനങ്ങളോ ഇല്ലാതിരുന്ന അക്കാലത്തെ ദീനീ പഠന പരിഷ്‌കരണം കെ.ടിയുടെ കഴിവുറ്റ അധ്യാപനത്തിനും വിദ്യാഭ്യാസ കാഴ്ചപ്പാടിനും മികച്ച തെളിവാണ്. ക്ലാസ് സംവിധാനത്തിലല്ലാതെ വിദ്യാര്‍ഥികളെ ഗ്രഹണക്ഷമതയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചായിരുന്നു അധ്യാപനം. ആയത്തുകളും ഹദീസുകളുമൊക്കെ എഴുതി നല്‍കിയ ശേഷം വിശദീകരിക്കും. പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. കെ.ടി നല്‍കുന്ന വിശദീകരണങ്ങള്‍ കുട്ടികള്‍ കുറിച്ചെടുത്തിരുന്നു.  ഇവ  തുടര്‍ പഠനാവശ്യാര്‍ഥം പിന്നീട് പുസ്തകമായി സൂക്ഷിച്ചു. മുതിര്‍ന്നവരോടെന്ന പോലെ കുട്ടികളോടും ഊഷ്മളമായ സ്‌നേഹബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. മദ്‌റസാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി ആലപ്പുഴ സ്വദേശിയായ എസ്.എം ത്വയ്യിബ് സാഹിബിനെയും മുഹമ്മദ് സാഹിബിനെയും അദ്ദേഹം മുന്‍കൈയെടുത്ത് ഞാറയില്‍കോണത്തേക്ക് കൊണ്ടുവന്നു. ഇക്കാലത്താണ് ഞാറയില്‍കോണത്ത് നിരവധി ്രപതിഭകള്‍ കഴിവ് തെളിയിച്ച  മദ്‌റസാ വാര്‍ഷികം നടന്നത്. കലാരൂപങ്ങളുടെ ഇസ്‌ലാമികവത്കരണമെന്ന  പുതിയ സാധ്യതകള്‍ക്ക്  തെക്കന്‍ കേരളത്തില്‍ ഒരു പക്ഷേ ആദ്യമായി മുന്‍കൈയെടുത്തതും മാതൃകയായതും ഞാറയില്‍കോണത്തെ മദ്‌റസാ വാര്‍ഷികങ്ങളാണ്. സ്‌കൂളുകളിലെ വാര്‍ഷികങ്ങളെക്കാള്‍ ജനകീയമായിരുന്നു മദ്‌റസാ വാര്‍ഷികങ്ങള്‍.  ഓത്തുപള്ളി എന്ന പരിമിതവും സങ്കുചിതവുമായ സങ്കല്‍പ്പത്തില്‍ നിന്ന്    കലാ-സാംസ്‌കാരിക ഇടപെടലുകള്‍ നിര്‍വഹിക്കുന്ന ഒരു നവോത്ഥാന സംരംഭം എന്ന നിലയിലേക്ക് മദ്‌റസയെ കൈപിടിച്ചുയര്‍ത്തിയതില്‍ ഇത്തരം വാര്‍ഷികങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. 

മദ്‌റസാധ്യാപകന്‍ എന്നതിനൊപ്പം ഞാറയില്‍കോണത്തുകാര്‍ക്ക് സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ടി. അദ്ദേഹത്തെകുറിച്ച് സംസാരിക്കുമ്പോള്‍ ഒരു തലമുറ ഇന്നും വികാരവായ്‌പോടെ  ഇവിടെ  ആവേശം കൊള്ളുന്നവരായുണ്ട്. തെക്കന്‍ കേരളത്തില്‍ കാര്‍ഷിക വിളകളുടെ സംഘടിത സകാത്ത് സംരംഭം ആദ്യമായി നിലവില്‍ വരുന്നത് കെ.ടിയുടെ നേതൃത്വത്തില്‍ ഞാറയില്‍കോണത്താണ്. സമാധാനത്തിലും സഹകരണാടിസ്ഥാനത്തിലും  നടന്നുപോകുന്ന ഒരു സാമൂഹിക സംവിധാനം രൂപപ്പെടുത്തുന്നതിന് കെ.ടി   ്രപഥമ പരിഗണന നല്‍കി. അതിന്റെ ഗുണഫലങ്ങള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഞാറയില്‍കോണത്ത് ഇന്നും പ്രകടമാണ്.  ഒരു മഹല്ല് എന്ന നിലയില്‍ പരിഷ്‌കരണത്തിന്റെ രാജപാതയിലും, ഒരു നാട് എന്ന നിലയില്‍ സാമൂഹിക സംസ്‌കരണത്തിന്റെ അച്ചുകൂടത്തിലും ഞാറയില്‍കോണം കടന്നുപോയ അസുലഭ കാലമായിരുന്നു കെ.ടിയുടേത്. കഠിന പ്രയത്‌നത്തിലൂടെ മാതൃകാപരമായ പരിഷ്‌കരണങ്ങള്‍ സാധ്യമാക്കി മടങ്ങുകയായിരുന്നില്ല കെ.ടി. പരിഷ്‌കരണങ്ങളുടെ   ചൈതന്യം തൊട്ടറിഞ്ഞ് ഏറ്റെടുത്ത് നിലനിര്‍ത്താന്‍ പ്രാപ്തരായ ഒരു പുതുതലമുറയെ സൃഷ്ടിച്ച ശേഷമാണ് കെ.ടി മടങ്ങിയത്. വ്യവസ്ഥാപിതമായ മദ്‌റസാ സംവിധാനമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. അക്ഷരവെളിച്ചത്തിന്റെ പാതയില്‍ തലമുറകള്‍ക്ക് വഴികാട്ടിയായ ഈ  മദ്‌റസാ സംരംഭം കാലത്തിനൊത്ത പുതിയ ഭാവത്തിലേക്ക് നീങ്ങുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിര്‍ദിഷ്ട മദ്‌റസ കോംപ്ലക്‌സ് ഇതിന് കരുത്താകുമെന്നാണ് പ്രതീക്ഷ. സാമൂഹിക മാറ്റത്തിന്റെ ആശയധാരകള്‍ മദ്‌റസയിലൂടെ ഒരു തലമുറയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ പ്രതിഫലനമാണ് മര്‍ഹമ സകാത്ത് ആന്റ് റിലീഫ് കമ്മിറ്റി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍