യുദ്ധം ഒഴിയാതെ യമന്‍
''യമനില്‍ നിന്നുള്ള വാര്‍ത്തകള്‍ എന്നെ ദുഃഖിപ്പിക്കുന്നു. യമനികള്‍ വിവേകമുള്ളവരാണ് എന്ന് പ്രവാചകന്‍ പ്രശംസിച്ചിട്ടുണ്ട്. ആ പാരമ്പര്യം മുറുകെപ്പിടിച്ച് അവിവേകത്തെ വിവേകവും, ഹിംസയെ സമാധാനകാംക്ഷയും മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' യമനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂശിയുടെ പ്രതികരണം. ഇപ്പോഴത്തെ നില വെച്ച് വിവേകത്തിന്റെ പാതയിലേക്ക് യമന്‍ തിരിച്ചെത്തുമെന്ന് ഒരാള്‍ക്കും പ്രതീക്ഷയില്ല. യമനികള്‍ വിവേകികളായിരുന്നിട്ടും കാര്യമില്ല. പുറം ശക്തികളുടെ കളിക്കളമായി മാറിയിരിക്കുന്നു ആ രാജ്യം. ഹൂഥി വിഭാഗത്തെ മുമ്പില്‍ നിര്‍ത്തി മേഖലയില്‍ ആധിപത്യം നേടാനുള്ള ഇറാന്റെ ശ്രമമാണ് സുഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും കനത്ത ബോംബാക്രമണത്തിന് വഴിയൊരുക്കിയത്.
ബോംബാക്രമണങ്ങളിലും, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂഥികളും അവരെ പിന്തുണക്കുന്ന മുന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ സൈന്യവും നടത്തുന്ന ആക്രമണങ്ങളിലും നൂറിലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സന്‍ആ, സ്വഅദ, ളാലിഅ്, ഹുദൈദ, ലഹ്ജ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. അഗതികളെ പാര്‍പ്പിക്കാനായി 2009-ല്‍ ഐക്യരാഷ്ട്ര സഭ സ്ഥാപിച്ച മസ്‌റഖ് അഭയാര്‍ഥി ക്യാമ്പിലും ബോംബ് വീണു. ഈ ആക്രമണത്തില്‍ പരിക്കേറ്റവരിലധികവും കുട്ടികളാണ്. ഹൂഥികള്‍ ഒരു വശത്തും പ്രസിഡന്റ് ഹാദിയെ പിന്തുണക്കുന്ന സൈന്യവും ഗോത്ര സഖ്യങ്ങളും മറുവശത്തുമായി തെക്കന്‍ യമനില്‍ നടക്കുന്ന നേരിട്ടുള്ള പോരാട്ടങ്ങളിലാണ് കൂടുതല്‍ ആളപായമുണ്ടാകുന്നത്. സുഊദി സഖ്യസേനയെ പ്രകോപിപ്പിക്കാന്‍ ഹൂഥികള്‍ ലക്കും ലഗാനുമില്ലാതെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നതായും വാര്‍ത്തയുണ്ട്. സ്വദേശികളും വിദേശികളുമെല്ലാം സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പലായനം ചെയ്യുകയാണ്. കരയുദ്ധം തുടങ്ങുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമെന്ന് മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ഓക്‌സ് ഫാം' പോലുള്ള കൂട്ടായ്മകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ 'ഓക്‌സ് ഫാം' നടത്തിയ പഠനത്തില്‍, യമനിലെ ആറിലൊരു കുട്ടിക്ക് മതിയായ പോഷകാഹാരമോ ശുദ്ധ ജലമോ മറ്റു അവശ്യ സേവനങ്ങളോ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കടുത്ത പോഷകാഹാരക്കമ്മി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം പത്തു ലക്ഷത്തിലധികമായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഈ വ്യോമാക്രമണങ്ങളും ആഭ്യന്തര പോരുകളും.
തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ഹൂഥികളുടെ മുന്നേറ്റത്തിന് തടയിട്ടിട്ടുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിച്ചു എന്ന് പറയാറായിട്ടില്ല. കരയുദ്ധത്തിലൂടെ മാത്രമേ അവരെ തുരത്താനാവൂ. കരയുദ്ധം തുടങ്ങിയാല്‍ അത് തീക്കളിയാകുമെന്നും മേഖല മുഴുവന്‍ പടരുമെന്നും നയതന്ത്രജ്ഞരും രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമാക്രമണമായാലും കരയുദ്ധമായാലും നശിപ്പിക്കപ്പെടുന്നത് മുഴുവന്‍ യമന്റെ അടിസ്ഥാന സൗകര്യങ്ങളാണ്. വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, റോഡുകള്‍, ആയുധപ്പുരകള്‍ ഇവയൊക്കെയാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളത്രയും തകര്‍ന്നിരിക്കുന്നു എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട്. നേരത്തേ പ്രതിസന്ധിയിലായിരുന്ന സമ്പദ്ഘടനയുടെ കാര്യം പറയാനുമില്ല. പാചകവാതകവും മറ്റു അവശ്യ വസ്തുക്കളും കിട്ടാതെ നരകിക്കുകയാണ് ജനങ്ങള്‍.
യുദ്ധം അവസാനിച്ചാല്‍ തകര്‍ക്കപ്പെട്ടതൊക്കെയും പുനഃസ്ഥാപിക്കാമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാഷ്ട്രങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ജനം. പക്ഷേ, യുദ്ധം എന്നു തീരും? ഒന്നുകില്‍, കരയുദ്ധത്തിനിറങ്ങി ഹൂഥികളെയും സ്വാലിഹ് പക്ഷ സൈന്യത്തെയും തുരത്തണം. സഞ്ചാരം ദുസ്സഹമായ, കുന്നും മലകളും ചരല്‍ പ്രദേശങ്ങളും നിറഞ്ഞ യമനില്‍ കരയുദ്ധത്തിനിറങ്ങുന്നത് ആത്മഹത്യാപരം തന്നെയാണ്. അത് ഗള്‍ഫ് സഖ്യസേനകള്‍ക്ക് നന്നായറിയാം. അതുകൊണ്ടാണവര്‍ മടിച്ചു നില്‍ക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാമത്തെ വഴി, ഹൂഥികള്‍ ചര്‍ച്ചക്ക് തയാറാവുകയാണ്. കടുത്ത വ്യവസ്ഥകള്‍ അവര്‍ മുന്നോട്ടുവെക്കുകയാണെങ്കില്‍ ആ ചര്‍ച്ചയും നടക്കാതെ പോകും. പ്രശ്‌നപരിഹാരത്തിന് പോംവഴികള്‍ തെളിഞ്ഞു വരാത്ത സാഹചര്യത്തില്‍ ഇറാഖിന്റെയും ലിബിയയുടെയും സിറിയയുടെയും വഴിയേ യമനും എന്ന നിഗമനത്തിലെത്താനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.
നേതൃത്വത്തിന്റെ അഭാവം
അലി അബ്ദുല്ല സ്വാലിഹ് അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഫോര്‍മുല പ്രകാരം രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലിക പ്രസിഡന്റായി അധികാരമേറ്റയാളാണ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദി. ആ കാലാവധി എന്നേ കഴിഞ്ഞു. ഇപ്പോഴും അദ്ദേഹം 'നിയമാനുസൃത' പ്രസിഡന്റ് തന്നെ! അലി സ്വാലിഹ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഇദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചത്. നേതൃത്വശേഷി കുറഞ്ഞ, തന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാത്ത ഒരാളെയായിരിക്കും ഏതൊരു ഏകാധിപതിയും തന്റെ രണ്ടാമനായി നിയോഗിക്കുക. യമന്‍ പ്രതിസന്ധി ഇത്ര വഷളാവാന്‍ ഒരു പ്രധാന കാരണവും ദുര്‍ബലനായ ഈ ഇടക്കാല പ്രസിഡന്റ് തന്നെ. ഇപ്പോള്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടുന്നു. എന്നാല്‍, കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ഒരു വൈസ് പ്രസിഡന്റിനെ വെക്കണമെന്ന നിര്‍ദേശം അദ്ദേഹത്തിന് സ്വീകാര്യമല്ല. കടിഞ്ഞാണ്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകാതിരിക്കാന്‍ ഹാദിയെ പോലുള്ള ഒരാള്‍ തലപ്പത്തിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് ഗള്‍ഫ് സഖ്യസേനയും കരുതുന്നുണ്ടാവണം.
Comments