Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

ഇസ്‌ലാമിക് ഫിനാന്‍സ് ഇനിയും ഇന്ത്യ മാറി നടക്കണോ?

എച്ച്. അബ്ദുര്‍റഖീബ് /അഭിമുഖം

ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമായ തമിഴ്‌നാട് സ്വദേശി എച്ച്. അബ്ദുര്‍റഖീബ് ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രബോധനത്തോട് സംസാരിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം അവസാനം തുടക്കം കുറിക്കാനിരുന്ന ശരീഅ മ്യൂച്ചല്‍ ഫണ്ട്  നിര്‍ത്തിവെച്ചതായി അറിയിപ്പ് ലഭിക്കുകയുണ്ടായല്ലോ. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?

2014 ഡിസംബര്‍ ഒന്നിന് തുടക്കം കുറിക്കാനിരുന്ന എസ്.ബി.ഐ ശരീഅ മ്യൂച്ച്വല്‍ ഫണ്ട് ഒരു ദിവസം മുമ്പ് നവംബര്‍ 30-ന് നിര്‍ത്തിവെച്ചതായി അതിന്റെ ഫണ്ട് മാനേജ്‌മെന്റ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ദിനേഷ് കുമാര്‍ ഖാര പത്രക്കുറിപ്പിറക്കി. പ്രത്യേകിച്ച് കാരണങ്ങളൊന്നും അവര്‍ നിരത്തിയില്ല. ചില പരിഷ്‌കരണങ്ങള്‍ വരുത്തി വിപണിയിലിറക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഞാന്‍ ദിനേഷ് കുമാര്‍ ഖാരക്ക് മെയില്‍ അയച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും അതേ മറുപടി തന്നെയാണ് ലഭിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് നിര്‍ത്തിവെച്ചതെന്നാണ് എനിക്ക് തോന്നുന്നത്.

എസ്.ബി.ഐ ശരീഅ മ്യൂച്ച്വല്‍ ഫണ്ട് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് അവര്‍ ഇന്ത്യന്‍ സെന്റര്‍ ഓഫ് ഇസ്‌ലാമിക് ഫിനാന്‍സി(ഐ.സി.ഐ.എഫ്)ന്റെ ആളുകളെയും വിളിച്ചിരുന്നു. ഞാനും ശാരിക് നിസാറും തന്‍വീര്‍ മുഹ് യിദ്ദീനും അവരെ ചെന്ന് കണ്ടു. അന്നൊക്കെ നല്ല ആത്മ വിശ്വാസത്തിലായിരുന്നു അവര്‍. ഒരാഴ്ച കൊണ്ട് തന്നെ 100 കോടി കടക്കുമെന്നും വന്‍ വിജയമായി തീരുമെന്നുമവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പിന്നെ എന്തുകൊണ്ട് നിര്‍ത്തിവെച്ചു എന്നറിയില്ല. ഇപ്പോള്‍ ഞങ്ങളുദ്ദേശിക്കുന്നത് എം പി മാരെ കണ്ട് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് അവരോട് ആവശ്യപ്പെടാനാണ്. അതോടൊപ്പം ധനകാര്യമന്ത്രിയെയും  കണ്ട് സംസാരിക്കണമെന്ന് ഉദ്ദേശിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ശരീഅ മ്യൂച്ച്വല്‍ ഫണ്ട് യാഥാര്‍ഥ്യമാക്കാന്‍ വലിയ തോതിലുള്ള പരിശ്രമം ഉണ്ടായിരുന്നല്ലോ?

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ ഇസ്‌ലാമിക് ഫിനാന്‍സ് ആരംഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം രഘുറാം രാജന് സമര്‍പ്പിച്ചിരുന്നു. അതേസമയം തന്നെ അന്നത്തെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി റഹ്മാന്‍ ഖാന്‍ ഹാജിമാര്‍ക്ക് വേണ്ടി മലേഷ്യയിലെ തപുങ് ഹാജി ഫണ്ട് പോലെ ഒരു ഹജ്ജ് തീര്‍ഥാടക ഫണ്ട് കൊണ്ടുവരുവാനുള്ള ശ്രമവും നടത്തിയിരുന്നു. പക്ഷെ പല കാരണങ്ങളാല്‍ നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല. അതിനെ തുടര്‍ന്ന് ചിദംബരത്തിന്റെ നേതൃത്വത്തില്‍ കാബിനറ്റ് മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റി മുന്നോട്ടു വെച്ച നിര്‍ദേശമാണ് എസ്.ബി.ഐ ശരീഅ മ്യൂച്ച്വല്‍ ഫണ്ട്. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ഈ കമ്മിറ്റിക്ക് മുമ്പില്‍ ഇതിനാവശ്യമായ എല്ലാ ഡോക്യുമെന്റുകളും സമര്‍പ്പിച്ചു എന്ന് മാത്രം. ഇസ്‌ലാമിക് ഫിനാന്‍സ് ബാങ്കിംഗ് മേഖലയില്‍ ആരംഭിക്കാനാവശ്യമായ രേഖകള്‍ ധനകാര്യ വകുപ്പിനും റിസര്‍ വ് ബാങ്കിനും അയച്ചുകൊടുക്കുകയും ചെയ്തു.

ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇസ്‌ലാമിക് ഫിനാന്‍സിന്‍ ഇന്ത്യയില്‍ പ്രതീക്ഷ മങ്ങുകയല്ലേ?

ഒരിക്കലുമല്ല, പുതിയ ഗവണ്‍മെന്റിന് നല്ല സാധ്യതയാണുള്ളത്. അവര്‍ക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് നിയമ ഭേദഗതി വരുത്താന്‍  പ്രയാസവുമില്ലല്ലോ. നിക്ഷേപകരുടെ സമ്മര്‍ദമുണ്ടായാല്‍ തീര്‍ച്ചയായും ബാങ്കിങ് റഗുലേഷന്‍ ആക്ട് ഭേദഗതി വരുത്തും. 

ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുമോ?

ലോകത്ത് 75 രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ നടന്നു വരുന്നു. അവയില്‍ പലതും സെക്യുലര്‍ രാഷ്ട്രങ്ങളാണ്. എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം പറ്റില്ല? ബ്രിട്ടന് ഇസ്‌ലാമിക് ഫിനാന്‍സിന്റെ ഹബ്ബാകാം, ടോക്കിയോക്കാകാം, ഹോങ്കോങിനാകാം, സിങ്കപ്പൂരിനാകാം. എന്തുകൊണ്ട് മുംബൈക്ക് ആയിക്കൂടാ.... കൊച്ചിക്ക് ആയിക്കൂടാ.... എന്തിന് ഇന്ത്യ മാത്രം വിട്ട് നില്‍ക്കുന്നു?

ഇന്ത്യയില്‍ അനുവദിക്കപ്പെട്ടാല്‍ ഇത് ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഗുണം ചെയ്യുമോ?

തീര്‍ച്ചയായും. മുസ്‌ലിംകള്‍ മാത്രമല്ല, മറ്റു മതസ്ഥരും പലിശയും ഊഹക്കച്ചവടവുമൊന്നുമില്ലാത്ത, ധാര്‍മികതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഫിനാന്‍സ് ആഗ്രഹിക്കുന്നുണ്ട്. ധാരാളം പണം ഇത്തരം സ്ഥാപനങ്ങളിലേക്ക് നിക്ഷേപിക്കപ്പെടും. ടോറസ് ഇക്വിറ്റി ഫണ്ട് എന്ന ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിന്റെ 40 ശതമാനം നിക്ഷേപകര്‍ ജൈന മതക്കാരാണ്. കാരണം പന്നി മാംസ ബിസിനസിലും മദ്യത്തിലും പലിശാധിഷ്ഠിത സംവിധാനങ്ങളിലുമൊക്കെ നിക്ഷേപിക്കുന്നതിന് അവര്‍ക്കും മതപരമായ തടസ്സങ്ങളുണ്ട്. സമാനമായ അനുഭവമാണ് മലേഷ്യയിലും; 40 ശതമാനം ഉപഭോക്താക്കളും മുസ്‌ലിംകളല്ല. ഇന്ത്യയില്‍ ധാരാളം സാധ്യതകളുണ്ടെന്നതിന് തെളിവാണിത്. അതോടൊപ്പം എന്‍.ആര്‍.ഐ നിക്ഷേപം ക്രിയാത്മകമായി ഉപയോഗപ്പെടുത്താം. രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താന്‍ ഇത് ഏറെ ഉപകരിക്കും. പ്രത്യേകിച്ച് സുഖൂഖ് (Islamic Bond) വഴി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് വിദേശ നിക്ഷേപം നേടിയെടുക്കാനും സാധിക്കും. വികസ്വര രാഷ്ട്രങ്ങളായ മലേഷ്യയിലും ഇന്തോനേഷ്യയിലും, വികസിത രാജ്യങ്ങളായ യു കെ യിലും ജപ്പാനിലും സുഖൂഖ് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇന്ത്യയിലും ഇസ്‌ലാമിക് ഫിനാന്‍സിന് നല്ല ഭാവി നമുക്ക് പ്രതീക്ഷിക്കാം.

ആഗോള തലത്തില്‍ എന്താണ് ഇസ്‌ലാമിക് ഫിനാന്‍സിന്റെ ഇപ്പോഴത്തെ സ്ഥിതി?

വികസിച്ചു കൊണ്ടിരിക്കുകയാണ്. മിഡിലീസ്റ്റിലെന്നപോലെ പടിഞ്ഞാറന്‍ രാജ്യങ്ങളിലും നല്ല മുന്നേറ്റമാണ്. മലേഷ്യയിലും യു.കെയിലുമൊക്കെ 15-20 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. മുഖ്യമായും സുഖൂഖ് (ഇസ്‌ലാമിക് ബോണ്ട്) ആണ് നല്ല വളര്‍ച്ച രേഖപ്പെടുത്തുന്നത്.

പാര്‍ലമെന്റില്‍ ഇന്‍ഷൂറന്‍സ് ബില്ല് സമര്‍പ്പിച്ചപ്പോള്‍  അതില്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സും (തകാഫുല്‍) ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ നിലവിലെ അവസ്ഥ എന്താണ്?

ഇന്‍ഷുറന്‍സ് ബില്ലില്‍ പ്രധാനമായും അവര്‍ ഉദ്ദേശിക്കുന്നത് നിലവിലെ വ്യത്യസ്ത ഇന്‍ഷൂറന്‍സ് നിയമങ്ങള്‍ ഒന്നാക്കുക എന്നതും, ഇന്‍ഷൂറന്‍സ് രംഗത്തെ വിദേശ നിക്ഷേപം 26-ല്‍ നിന്ന് 49 ശതമാനത്തിലേക്ക് ഉയര്‍ത്തുക എന്നതുമാണ്. എന്നാല്‍, വെറും 5/6 ശതമാനം ആളുകള്‍ മാത്രമാണ് നിലവില്‍ ഇന്‍ഷുറന്‍സ് ഉപയോഗിക്കുന്നത്. ഇതിന്റെ വ്യാപനവും കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുക എന്നതും ബില്ല് ലക്ഷ്യമിടുന്നു. യു.പി.എ ഭരണകാലത്ത് 2008-ല്‍ തന്നെ ഇത് പാര്‍ലമെന്റിന് മുന്നില്‍ വന്നതാണ്. അന്ന് ബി.ജെ.പി എതിര്‍ത്തു. എന്‍.ഡി.എ വന്നതോടെ വീണ്ടും പൊടി തട്ടിയെടുത്തു. ലോക്‌സഭയില്‍ പാസ്സാക്കിയെടുത്തെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസായില്ല. പകരം 15 അംഗ സെലക്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ആഗോള തലത്തില്‍ മ്യൂച്ചല്‍ ഇന്‍ഷൂറന്‍സിന് പൊതുവിലും അതില്‍ തന്നെ ഇസ്‌ലാമിക് ഇന്‍ഷുറന്‍സിന് വിശേഷിച്ചും ഡിമാന്റ് വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മിഡിലീസ്റ്റ് കമ്പനികളില്‍ റീഇന്‍ഷൂറന്‍സ്(റീ-തകാഫുല്‍) നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി റീ-തകാഫുല്‍ നടത്തിക്കൊണ്ടിരിക്കെ എന്തുകൊണ്ട് തകാഫുല്‍ നടത്തിക്കൂടാ? ഞങ്ങള്‍ പാര്‍ലമെന്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. അവര്‍ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ആ മീറ്റിംഗിനെക്കുറിച്ച പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ്, അതിന്റെ രീതികള്‍, ഗുണങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2008-ല്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഓണ്‍ ഫിനാന്‍ഷല്‍ സെക്ടര്‍ റിഫോംസ് (സി.എഫ്.എസ്.ആര്‍), പലിശ രഹിത ബാങ്കിങ് ഇന്ത്യയില്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ആയിരിക്കുന്ന സന്ദര്‍ഭത്തില്‍ എന്താണ് പ്രതീക്ഷ?

അദ്ദേഹം ധനകാര്യ വകുപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കാലത്ത് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നു. സ്ഥാനം ഏറ്റെടുത്ത ശേഷം മെയില്‍ വഴി അദ്ദേഹത്തോട് സംവദിച്ചു. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിനു വേണ്ടി ഒരു ആഭ്യന്തര സമിതി രൂപീകരിക്കുകയും ചെയ്തു. ആ കമ്മിറ്റി മലേഷ്യയിലും മറ്റും പോയി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പുതിയ ഗവണ്‍മെന്റ് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ഇന്ത്യയുടെ ബാങ്കിങ് നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണ കാലത്ത് തയാറാക്കിയതോ അവരില്‍ നിന്ന് കടം കൊണ്ടതോ ആണ്. ബ്രിട്ടനില്‍ ബാങ്കിംഗ് നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടല്ലോ. ഇന്ത്യയിലും ഇത് സാധ്യമല്ലേ?

തീര്‍ച്ചയായും, ഇസ്‌ലാമിക് ഫിനാന്‍സിന് അനുഗുണമായി നിയമ ഭേദഗതി വരുത്താം. ഇത് പഠിക്കാനായിരുന്നു 2006-ല്‍ അന്നത്തെ ആര്‍.ബി.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ആനന്ദ് സിംഹയുടെ നേതൃത്വത്തില്‍ ഒരു അഞ്ച് അംഗ വര്‍ക്കിങ് ഗ്രൂപ്പ് നിലവില്‍ വന്നത്. ബാങ്കിങ് റഗുലേഷന്‍ ആക്ട് 1949-ഉം ടാക്‌സേഷന്‍ ലോയും ഭേദഗതി വരുത്താതെ നിലവിലെ നിയമമനുസരിച്ച് ഇസ്‌ലാമിക് ഫിനാന്‍സിന് ഇടം നല്‍കാന്‍ സാധ്യമല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളെപ്പറ്റി സഹസ്രാബ്ദങ്ങള്‍  പഴക്കമുള്ള കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങളടക്കം എടുത്തുദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍, ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ആധുനിക ഇസ്‌ലാമിക് ഫിനാന്‍സ് റഗുലേറ്റിംഗ് ഏജന്‍സികളായ Accounting and Auditing Organization for Islamic Finance Institutions (AAOIFI) Bahrain, Islamic Financial Services Board (IFSB) Malaysia തുടങ്ങിയവയോട് അന്വേഷിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തില്ലെന്നതാണ്  റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രധാന ആക്ഷേപം. മാത്രമല്ല, സെക്യുലര്‍ മോഡേണ്‍ വ്യാവസായിക രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന Financial Services Authortiy (FSA) UK, Monitory Authortiy of Singapore, HM Treasury തുടങ്ങിയവ   എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പിന്നെ എന്താണവര്‍ പഠിച്ചത്? കമ്മിറ്റിയിലാണെങ്കില്‍ ആറ് അംഗങ്ങളില്‍ ഒരാള്‍ പോലും ഇസ്‌ലാമിക് ഫിനാന്‍സ് എക്‌സ്‌പേര്‍ട്ട് അല്ല. കുറ്റമറ്റ രീതിയില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പരിഹരിക്കാവുന്നതേ ഉള്ളൂ നിയമ പ്രശ്‌നങ്ങള്‍.

ഇതിനു വേണ്ടി ഐ.സി.ഐ.എഫിന് എന്തെങ്കിലും ശ്രമം നടത്താന്‍ സാധിച്ചോ?

ഇതിനു ശേഷം ഞങ്ങള്‍ മലേഷ്യ, സിംഗപ്പൂര്‍, യു.കെ, ദുബൈ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രവര്‍ത്തന രീതികള്‍ വിശദമായി പഠിച്ച് ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് എങ്ങനെ പ്രയോഗത്തില്‍ വരുത്താമെന്ന് ഫിനാന്‍സ് മിനിസ്റ്ററിക്കും ആര്‍.ബി.ഐക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തുടക്കമെന്ന നിലക്ക് ചില ബാങ്കുകളിലെങ്കിലും പലിശരഹിത വിന്റോ ആരംഭിക്കാനുള്ള ആവശ്യവും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

ഇനി നമുക്ക് എന്താണ് ചെയ്യാനുള്ളത്?

ശരീഅ മ്യൂച്ച്വല്‍ ഫണ്ടിനും ഇസ്‌ലാമിക് ബാങ്കിനും നിയമ നിര്‍മാണം ആവശ്യമാണ്. അതുകൊണ്ട് പാര്‍ലമെന്റ് അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കണം. പിന്നാക്ക അധഃസ്ഥിത ജന വിഭാഗങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്നും ബാങ്കിംഗ് രംഗത്ത് ഇത് നല്ലൊരു ബദലാണെന്നും സമര്‍ഥിക്കാന്‍ കഴിയണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍