Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

മതാന്ധതക്കെതിരെ മുസ്‌ലിം-ബുദ്ധിസ്റ്റ് പണ്ഡിതന്മാര്‍

അബൂസ്വാലിഹ

മതാന്ധതക്കെതിരെ 
മുസ്‌ലിം-ബുദ്ധിസ്റ്റ് പണ്ഡിതന്മാര്‍

യോഗിഅഗര്‍ത്ത ഇന്തോനേഷ്യയിലെ ജാവക്കടുത്ത നഗരമാണ്. ഈയിടെ, തെക്ക്-തെക്ക് കിഴക്കന്‍ ഏഷ്യയിലെ 15 രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം-ബുദ്ധിസ്റ്റ് നേതാക്കളും പണ്ഡിതന്മാരും ഇവിടെ ഒത്തുകൂടി മതത്തിന്റെ പേരില്‍ നടക്കുന്ന ഹിംസകളെ കടുത്ത ഭാഷയില്‍ അപലപിക്കുകയുണ്ടായി. സമ്മേളനം അംഗീകരിച്ച പ്രമേയം 'യോഗിഅഗര്‍ത്ത പ്രഖ്യാപനം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇസ്‌ലാമിനെയും ബുദ്ധമതത്തെയും ഹിംസാത്മക രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് പ്രമേയം ഓര്‍മപ്പെടുത്തുന്നു. ''ലോകത്തെ രണ്ട് പ്രമുഖ മതങ്ങളായ ഇസ്‌ലാമും ബുദ്ധിസവും സമാധാനമാണ് ഉദ്‌ഘോഷിക്കുന്നത്. അവക്ക് ഹിംസയുടെ തീവ്ര ആഖ്യാനങ്ങള്‍ നല്‍കുന്നത് അനുവദിക്കാന്‍ പാടില്ല.'' ശ്രീലങ്ക കൗണ്‍സില്‍ ഓഫ് റിലീജ്യന്‍ ഫോര്‍ പീസ് പ്രസിഡന്റ് ബലന്‍വില വിമല രത്‌നെ പറഞ്ഞു.

ഇന്തോനേഷ്യന്‍ ഉലമ കൗണ്‍സിലും കൗണ്‍സില്‍ ഓഫ് ബുദ്ധിസ്റ്റ് കമ്യൂണിറ്റീസും സംയുക്തമായാണ് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്. സ്‌പോണ്‍സര്‍ ചെയ്തത് ഇന്റര്‍നാഷ്‌നല്‍ ഫോറം ഓണ്‍ ബുദ്ധിസ്റ്റ്-മുസ്‌ലിം റിലേഷന്‍സും. ഇന്റര്‍നാഷ്‌നല്‍ മൂവ്‌മെന്റ് ഫോര്‍ എ ജസ്റ്റ് വേള്‍ഡിന്റെ അമരക്കാരനും പ്രമുഖ ചിന്തകനുമായ ചന്ദ്ര മുസഫറും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ''ഇരു വിഭാഗങ്ങളും തമ്മില്‍ ഐക്യത്തിനുള്ള വേദികളൊരുക്കണം. അതിന് സംയുക്ത സ്ട്രാറ്റജികള്‍ രൂപപ്പെടുത്തണം. സോഷ്യല്‍-ബദല്‍ മീഡിയ വഴി ക്രിയാത്മക സന്ദേശങ്ങള്‍ കൈമാറാനും സാധിക്കണം. തായ്‌ലന്റ്, മ്യാന്‍മര്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ മുസ്‌ലിം-ബുദ്ധിസ്റ്റ് സംഘര്‍ഷങ്ങള്‍ രൂപെപ്പടുന്ന സാഹചര്യത്തില്‍ ഈ സന്ദേശത്തിന് വളരെ പ്രാധാന്യമുണ്ട്''- ചന്ദ്ര പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മുസ്‌ലിംകള്‍ 42 ശതമാനവും ബുദ്ധ മതക്കാര്‍ 40 ശതമാനവുമാണെന്നും ഏതാണ്ട് തുല്യശക്തികളായ ഈ രണ്ട് വിഭാഗങ്ങളും തമ്മില്‍ നല്ല ബന്ധങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര രേഖയായിത്തീര്‍ന്ന 'യോഗിഅഗര്‍ത്ത പ്രഖ്യാപനം' ഒമ്പത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചുകൊടുക്കാനും സംഘാടകര്‍ക്ക് പരിപാടിയുണ്ട്. 

ഹൂഥികള്‍ അല്‍ ഇസ്വ്‌ലാഹിനോട് പക തീര്‍ക്കുന്നു

മനിലെ ഏറ്റവും ശക്തമായ ജനകീയ പ്രസ്ഥാനങ്ങളിലൊന്നാണ് അല്‍ ഇസ്വ്‌ലാഹ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്‌ലാഹ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ തവക്കുല്‍ കര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭകര്‍ അല്‍ ഇസ്വ്‌ലാഹിന്റെ സന്തതികളാണ്. അവര്‍ നയിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 33 വര്‍ഷം യമന്‍ ഭരിച്ച ഏകാധിപതി അലി അബ്ദുല്ല സ്വാലിഹ് നാട് വിട്ടോടി. വിമത കലാപകാരികളായ ഹൂഥികളുമായി ചേര്‍ന്ന് അലി സ്വാലിഹ് അധികാരം തിരിച്ചുപിടിക്കാന്‍ ഗൂഢതന്ത്രങ്ങളുമായി മുന്നോട്ടുപോകവെയാണ് സുഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സേന അവര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയത്. സ്വാഭാവികമായും ഇസ്‌ലാമിസ്റ്റുകളും മിതവാദി സലഫികളുമെല്ലാം അണിനിരന്ന അല്‍ ഇസ്വ്‌ലാഹ്, സഖ്യസേനക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ പ്രകോപിതരായി ഹൂഥികള്‍ അല്‍ ഇസ്വ്‌ലാഹിന്റെ മുതിര്‍ന്ന നേതാക്കളെ പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് ഏറ്റവുമൊടുവില്‍ യമനില്‍ നിന്ന് ലഭിക്കുന്ന വിവരം.

തലസ്ഥാനമായ സന്‍ആയില്‍ നിന്നാണ് അല്‍ ഇസ്വ്‌ലാഹിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ഖഹ്ത്വാനെ തട്ടിക്കൊണ്ടുപോയത്. സമാധാന ചര്‍ച്ചകളില്‍ അല്‍ ഇസ്വ്‌ലാഹിനെ പ്രതിനിധീകരിച്ച് അദ്ദേഹമാണ് പങ്കെടുക്കാറുള്ളത്. ദിവസങ്ങളോളം അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. അല്‍ ഇസ്വ്‌ലാഹ് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ഹസന്‍ അല്‍ യഅ്‌രിയെ ദിമാര്‍ നഗരത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മുഹമ്മദ് ശര്‍അബി, അഹ്മദ് ശറഫുദ്ദീന്‍, അലി അല്‍ അന്‍സി, ഹമൂദ് ഹാശിം തുടങ്ങിയവരാണ് ഹൂഥികളുടെ പിടിയിലായ മറ്റു പ്രമുഖര്‍. അല്‍ ഇസ്വ്‌ലാഹ് അധ്യക്ഷന്‍ മുഹമ്മദ് അല്‍യദൂമിയുടെയും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗവും പ്രശസ്ത പണ്ഡിതനുമായ അബ്ദുല്‍ മജീദ് സന്‍ദാനിയുടെയും വീടുകള്‍ നേരത്തെ ഹൂഥികള്‍ കൈയേറിയിരുന്നു. പാര്‍ട്ടിയുടെ നാല്‍പതോളം ഓഫീസുകളും ഹൂഥികള്‍ തകര്‍ത്തു. വ്യോമാക്രമണം നടക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ ഇവരെ ബന്ദികളാക്കി വെക്കാന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍  പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അല്‍ ഇസ്വ്‌ലാഹ് വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി.

അല്‍ ഇസ്വ്‌ലാഹ് പാര്‍ട്ടിയെ പിരിച്ചുവിട്ടിരിക്കുന്നു എന്ന ഹൂഥികളുടെ പ്രഖ്യാപനത്തെയും അല്‍ ഇസ്വ്‌ലാഹ് നേതൃത്വം തള്ളി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് പോലും അത്തരമൊരു അധികാരമില്ലാതിരിക്കെ എങ്ങനെയാണ് കലാപകാരികളായ ഒരു വിമത ഗ്രൂപ്പിന് അതിന് സാധിക്കുക എന്നവര്‍ ചോദിച്ചു. 

ഓട്ടിസം ബാധിച്ച 10 വയസ്സുകാരന് 
ഖുര്‍ആന്‍ മനഃപാഠം

ത്തു വയസ്സുകാരന്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് ഇന്ന് വാര്‍ത്തയല്ല. ഒട്ടേറെ പഠന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ഓട്ടിസം എന്ന രോഗം ബാധിച്ച കുട്ടിയാണ് ആ നേട്ടം കൈവരിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്തയുമാണ്. ഗസ്സയില്‍ നിന്നുള്ള ഖാലിദ് അബൂമൂസ എന്ന വിദ്യാര്‍ഥിയാണ് പത്തു വയസ്സാകുമ്പോഴേക്കും ഓട്ടിസത്തെ തോല്‍പിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ഒറ്റ വര്‍ഷം കൊണ്ടാണത്രേ ഖുര്‍ആന്‍ മുഴുവന്‍ അവന്‍ ഹൃദിസ്ഥമാക്കിയത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും വളരെ പ്രയാസമാണെങ്കിലും ഖാലിദ് അബൂമൂസ വ്യത്യസ്തനാണെന്ന് അവന്റെ അധ്യാപകര്‍ പറയുന്നു. ഖുര്‍ആന്‍ വചനങ്ങള്‍ തുടര്‍ച്ചയായി ചൊല്ലിക്കേട്ടാണ് മനഃപാഠമാക്കാറുണ്ടായിരുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍