Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

അനവധി ലോകങ്ങളും അധ്യായങ്ങളുമുള്ള വിശ്വപ്രകൃതിയുടെ പരിപാലകന്‍- അല്ലാഹു

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

2ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-12

         വിശ്വപ്രകൃതി എന്ന വലിയ കൃതിയെ ആസ്വദിക്കാനും അതിന്റെ കര്‍ത്താവായ അല്ലാഹുവെ ആശ്ചര്യ പ്രകര്‍ഷത്തോടെ അനുമോദിക്കാനുമുള്ള മനോഭാവമാണ് സ്തുതി എന്നാണ് ഇതുവരെ പറഞ്ഞതിന്റെ താല്‍പര്യം. സ്തുതിയും പ്രാര്‍ഥനയും തമ്മില്‍ സാരമായ ചില വ്യത്യാസങ്ങളുണ്ട്. പ്രാര്‍ഥനയില്‍ സ്തുതിയുണ്ടാകാം; എന്നാല്‍ സ്തുതിയില്‍ പ്രാര്‍ഥന വേണമെന്നില്ല. 'നീ സുന്ദരിയാണ്' എന്നത് സ്തുതിയാണ്. എന്നാല്‍ 'അല്ലയോ സുന്ദരി ഭവതി എന്റെ ഭാര്യയാകാന്‍ ദയ കാണിക്കണം' എന്നത് സ്തുതി എന്നതിനേക്കാള്‍ പ്രാര്‍ഥനയാണ്. ഒരു ആസ്വാദകന്‍ എഴുത്തുകാരനെ വിളിക്കുന്നത് അദ്ദേഹത്തെ അനുമോദിക്കാന്‍ വേണ്ടി മാത്രമായിരിക്കും. എന്നാല്‍ ഒരു പുസ്തക പ്രസാധകന്‍ എഴുത്തുകാരനെ സമീപിക്കുന്നത് അദ്ദേഹത്തെ അനുമോദിക്കാന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പ്രസാധനാവകാശം അഭ്യര്‍ഥിക്കാനായിരിക്കും. യഥാര്‍ഥ ഭക്തന്‍ ദൈവത്തോട് ഒന്നും ചോദിക്കണമെന്നില്ല. എന്തെന്നാല്‍, തനിക്ക് വേണ്ടതെന്തെന്നു തന്നേക്കാള്‍ നന്നായറിയാവുന്ന ദൈവത്തോട് താനായിട്ട് എന്തെങ്കിലും ചോദിക്കേണ്ടതില്ല എന്നായിരിക്കും അയാളുടെ നിലപാട്. അതിനാല്‍ യഥാര്‍ഥ ദൈവ ഭക്തന്‍ 'വല്ലതും തരണേ' എന്നു ദൈവത്തോട് പ്രാര്‍ഥിക്കുന്നതില്‍ വിമുഖനായിരിക്കും. എന്നാല്‍ യഥാര്‍ഥ ദൈവ ഭക്തന്‍ അല്ലാഹുവിന്റെ മഹിമകളെ എപ്പോഴും അനുമോദിക്കുന്നതില്‍ അത്യുത്സാഹിയായിരിക്കും. അയാളുടെ ഹൃദയം 'അല്ലാഹു അക്്ബര്‍'-ദൈവം മഹാനാണ്- എന്നിങ്ങനെ എപ്പോഴും പ്രകീര്‍ത്തനം ചെയ്യുന്നതില്‍ ആനന്ദം കൊള്ളുന്നതായിരിക്കും. 

ഇത്രയും പറഞ്ഞത് പ്രാര്‍ഥന അഥവാ അല്ലാഹുവിനോടുള്ള 'ദയാ യാചന' മോശമാണെന്ന് പറയാനല്ല; മറിച്ച് ദയാ യാചനയും മഹിമാ കീര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കാന്‍ മാത്രമാണ്. പ്രാര്‍ഥനയില്‍ ആവശ്യത്തിനാണ് ഊന്നല്‍. സ്തുതിയിലാകട്ടെ ആസ്വാദനത്തിനും അനുമോദനത്തിനുമാണ് ഊന്നല്‍. സ്വൂഫികള്‍ കൂടുതലായും ദൈവത്തെ സ്തുതിക്കുന്നതില്‍ ഉത്സുകരായിരിക്കും. സാധാരണക്കാര്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സ്തുതിയും പ്രാര്‍ഥനയും തമ്മിലുള്ള ഭാവപരമായ ഈ വ്യത്യാസം ഓര്‍മിക്കണം. 

അല്‍ഫാതിഹയില്‍ സ്തുതിയും പ്രാര്‍ഥനയും സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട്. 'കരുണാമയനും ദയാമയനുമായ അല്ലാഹു' എന്നത് മുഖ്യമായും സ്തുതിയാണ്. 'നീ ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ' എന്നതാകട്ടെ മുഖ്യമായും പ്രാര്‍ഥനയുമാണ്. ഇത് രണ്ടും ചേര്‍ന്നതാണ് അല്‍ ഫാതിഹ. നമ്മള്‍ എന്താണ് 'സ്തുതി' എന്നും 'സ്തുതി' പുറപ്പെടുന്നത് ഏതുതരം മനോഭാവത്തില്‍ നിന്നാണ് എന്നുമൊക്കെയാണ് ഇതുവരെ ചിന്തിച്ചത്. ഇനി ചിന്തിക്കുന്നത് 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന വാക്യത്തിലെ 'സര്‍വലോകം' എന്ന പ്രയോഗത്തെക്കുറിച്ചാണ്.

വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രതിഭാ വൈഭവം അതിശയനീയമായതിനാല്‍ അല്ലാഹു എല്ലായ്‌പ്പോഴും സ്തുതി അര്‍ഹിക്കുന്നു എന്നു പറഞ്ഞു. അല്ലാഹു സ്തുത്യര്‍ഹനാകുന്നത് വിശ്വപ്രകൃതിയുടെ സ്രഷ്ടാവായതിനാല്‍ മാത്രമല്ല, സംരക്ഷകന്‍ അഥവാ പരിപാലകന്‍ കൂടിയാണെന്നതിനാലാണ്. ഏത് പിതാവും ജനകന്‍ എന്ന നിലയില്‍ മക്കള്‍ക്ക് സ്തുത്യര്‍ഹനാണ്. ഒപ്പം പിതാവ് അന്ന-വസ്ത്രാദികളും വിദ്യാഭ്യാസവും നല്‍കി വേണ്ടവിധം മക്കളെ പരിപാലിക്കുന്നവനാണെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ സ്തുത്യര്‍ഹനായിരിക്കും. ഇതേ നിലയില്‍ അല്ലാഹു സര്‍വഥാ സ്തുത്യര്‍ഹനാണ്. കാരണം, അവന്‍ സ്രഷ്ടാവു മാത്രമല്ല, പരിപാലകന്‍ കൂടിയാണ് എന്നതുതന്നെ. പക്ഷേ, സര്‍വലോക സ്രഷ്ടാവായ അല്ലാഹു സര്‍വലോക പരിപാലകനായതിനാലാണ് കൂടുതല്‍ സ്തുത്യര്‍ഹനായിരിക്കുന്നതെന്ന് അല്‍ ഫാതിഹയിലെ 'അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍' എന്ന വാക്യം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ 'സര്‍വലോകങ്ങള്‍' എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്തെന്നും കൂടി ചിന്തിക്കാതെ അല്ലാഹുവിന്റെ പരിപാലന സാമര്‍ഥ്യത്തെപ്പറ്റി ചിന്തിക്കാന്‍ വയ്യ. എന്താണ് സര്‍വലോകങ്ങള്‍? ഈ ചോദ്യത്തിന് നമുക്ക് ഉത്തരം തേടി നോക്കാം.

വിശ്വപ്രകൃതി എന്ന വലിയ സൃഷ്ടിയുടെ കര്‍ത്താവാണ് അല്ലാഹു എന്നതിനെ ആധാരമാക്കി ചിന്തിച്ചാല്‍ സര്‍വ ലോകം എന്നതു വിശ്വപ്രകൃതി എന്ന വലിയ കൃതിയിലെ  ഓരോരോ അധ്യായങ്ങളാണെന്ന് പറയാം. വിശ്വപ്രകൃതി എന്ന ബൃഹത്തര സൃഷ്ടിയിലെ ആകാശം ഒരു ലോകം അഥവാ അധ്യായമാണ്. വെള്ളം മറ്റൊരു ലോകവും അധ്യായവുമാണ്. വായു വേറൊരു ലോകവും അധ്യായവുമാണ്. അഗ്നി വേറൊരു ലോകവും അധ്യായവുമാണ്. മണ്ണ് വേറൊരു ലോകവും അധ്യായവുമാണ്. വായുവും വെള്ളവും അഗ്നിയും മണ്ണുമൊക്കെ ഉള്‍ക്കൊള്ളുന്ന ഭൂമിയിലെ പര്‍വതം മുതല്‍ പൂഴി വരെ ഉള്‍പ്പെടുന്ന അജൈവ പദാര്‍ഥ ലോകം വേറൊരു ലോകവും അധ്യായവുമാണ്. ഭൂമിയിലെ അമീബ മുതല്‍ മനുഷ്യന്‍ വരെയുള്ള ജൈവ പ്രതിഭാസങ്ങള്‍ വേറൊരു ലോകവും അധ്യായവും. മനുഷ്യരില്‍ ഓരോ മനുഷ്യനും ഓരോ ലോകമുണ്ട്. അതാണ് മനോലോകം. ഓരോ മനോലോകവും അല്ലാഹുവിന്റെ വിശ്വപ്രപഞ്ചം എന്ന വലിയ കൃതിയിലെ ഓരോരോ അധ്യായങ്ങളാണ്. ഇങ്ങനെ എണ്ണിയൊടുക്കുക അസാധ്യമായ വിധത്തില്‍ അനവധി ലോകങ്ങളുള്ള അഥവാ അധ്യായങ്ങളുള്ള വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ സ്രഷ്ടാവായ അല്ലാഹു തന്നെയാണ് സര്‍വചരാചര ലോകങ്ങളുടെയും പരിപാലകശക്തി. ഇത്രയും വിശാലമായ അര്‍ഥകല്‍പന 'സര്‍വലോകം' എന്ന അല്‍ഫാതിഹയിലെ പദത്തിന് ആളുകള്‍ കല്‍പിക്കാറില്ല. എല്ലാവരും വളരെ സൗകര്യപൂര്‍വം ഐഹിക ലോകം, പരലോകം എന്നിങ്ങനെ പറഞ്ഞ് 'സര്‍വലോകം' എന്ന പദത്തിന്റെ അര്‍ഥത്തെ പരിമിതപ്പെടുത്തുകയാണ് പതിവ്. പക്ഷേ, ഇത്തരത്തില്‍ വാക്കുകളുടെ അര്‍ഥങ്ങളെ 'ഇടുക്കുന്ന' രീതി ഇസ്്‌ലാമിന്റെ വിശാല ഭാവത്തോടു നീതി ചെയ്യുന്നതല്ല. കാരണം ഇസ്‌ലാം എന്നത് ജനനവും ജീവിതവും മരണവും മരണാനന്തരജീവിതവും ഉള്ള മനുഷ്യരുടെ മാത്രം സത്യമാര്‍ഗമാണെന്ന് വിശുദ്ധ ഖുര്‍ആനെ ആധാരമാക്കി പറയാനാവില്ല. ''അല്ലാഹുവിന്റേതല്ലാത്ത മറ്റേതെങ്കിലും മതമാണോ അവര്‍ ആഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവയെല്ലാം ഇഛാനുസാരമോ നിര്‍ബന്ധിതമായോ അവനു കീഴ്‌പ്പെട്ടിരിക്കുന്നു. അവനിലേക്കാണ് അവര്‍ മടക്കപ്പെടുന്നതും''  (വിശുദ്ധ ഖുര്‍ആന്‍ അധ്യായം 3, സൂക്തം 83) എന്ന വാക്യം അര്‍ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. അല്ലാഹു ഉദ്ദേശിച്ചതില്‍ നിന്ന് വരവണ്ണം വഴിപ്പിഴവില്ലാതെ പ്രവര്‍ത്തിക്കുന്ന ആകാശത്തിലെ സൂര്യ-ചന്ദ്രാദി- ഗ്രഹങ്ങളും, ജിബ്‌രീല്‍ ഉള്‍പ്പെടെയുള്ള മലക്കുകളും എല്ലാം എല്ലാം ഇസ്്‌ലാമിലാണെന്ന്. അതിനാല്‍ ഖുര്‍ആനില്‍ 'സര്‍വലോകം' എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതിന് മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിത ലോകങ്ങള്‍ എന്ന അര്‍ഥം മാത്രം പരിഗണിച്ചാല്‍ പോരാ. അതുകൊണ്ടുതന്നെയാണ് മേല്‍പറഞ്ഞ വിധം വിശ്വപ്രകൃതിയിലെ സര്‍വചരാചര പ്രതിഭാസങ്ങളെയും ഓരോരോ ലോകങ്ങളായി പറയേണ്ടിവന്നതും ആ ലോകങ്ങളുടെയെല്ലാം പരിപാലകനാണ് അല്ലാഹു എന്ന വിശാല വീക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചതും.

ഓരോ ലോകവും ഒരു നോവലിലെ ഓരോ അധ്യായങ്ങള്‍ പോലെയാണെങ്കിലും ഒരു ലോകത്തിനും മറ്റു ലോകങ്ങളോട് തീര്‍ത്തും വേര്‍പ്പെട്ട് നിലനില്‍ക്കാനാവില്ല. കടലും പര്‍വതങ്ങളും മത്സ്യങ്ങളും പറവകളും മനുഷ്യരും വൃക്ഷങ്ങളുമൊക്കെ വ്യത്യസ്ത ലോകങ്ങളാണെങ്കിലും ഇവയെയെല്ലാം വായുലോകവുമായി ബന്ധിപ്പിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം എന്ന ചരടാണ്. 'മയി സര്‍വമിദം പ്രോതം സൂേ്രത മണി ഗണാ ഇവ' (ഭഗവദ് ഗീത, അധ്യായം 7, ശ്ലോകം 7) എന്ന ഗീതാ വാക്യം സര്‍വേശ്വരനില്‍ നിന്നന്യമായിട്ടൊന്നും നിലനില്‍ക്കുന്നില്ല എന്നും വ്യത്യസ്തങ്ങളായ മുത്തുകള്‍ ഒരു ചരടിനാല്‍ കോര്‍ക്കപ്പെട്ടിരിക്കുന്നതുപോലെ സര്‍വവും സര്‍വേശ്വരനാല്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു' എന്നും പറയുന്നു. ഒരു കൃതിയിലെ വ്യത്യസ്ത അധ്യായങ്ങളെ എഴുത്തുകാരന്റെ ഇഛാശക്തിയും ജ്ഞാന ശക്തിയുമാണ് പരസ്പരം വേര്‍പ്പെട്ടുപോവാത്ത വിധം ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. ഇതുപോലെ വിശ്വപ്രകൃതി എന്ന അല്ലാഹുവിന്റെ ഏറ്റവും വലിയ കൃതിയിലെ വ്യത്യസ്ത ലോകങ്ങള്‍ എന്ന ഓരോ അധ്യായത്തെയും പരസ്പരം വേര്‍പ്പിരിയാനാകാത്ത വിധം ബന്ധിപ്പിച്ചു നിര്‍ത്തുന്നത് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്. അതുകൊണ്ടാണ് അല്ലാഹുവിനെ സര്‍വലോക പരിപാലകന്‍ എന്ന സ്തുതിക്കേണ്ടിവരുന്നതും.

സര്‍വം എന്ന വാക്ക്, ഒഴിവാക്കാന്‍ യാതൊന്നും ഇല്ലാത്ത വിധം എല്ലാം ഉള്‍പ്പെട്ടിരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഉപയോഗിക്കാറുള്ളത്. ഈ നിലയിലും സര്‍വലോകം എന്നതിനു മനുഷ്യരുടെയും മലക്കുകളുടെയും, ആകാശത്തിലും ഭൂമിയിലുമുള്ള മുഴുവന്‍ ചരാചരങ്ങളുടെയും ലോകം എന്നേ അര്‍ഥം പറയാനാകൂ. എല്ലാം ഒരൊറ്റ സത്യബോധശക്തിയില്‍ നിന്ന് ഉത്ഭൂതമായതാണെന്ന പ്രഖ്യാപനം ഖുര്‍ആനില്‍ മാത്രമല്ല, ഉപനിഷത്തുക്കളിലും വായിക്കാം.

തസ്മാച്ച ദേവാഃ ബഹുധാ സംപ്രസൂതാഃ
സാധ്യാ മനുഷ്യാഃ പശവോ വയാം സി
പ്രാണാപാനൗ വ്രീഹീയ പൗ, തപശ്ച
ശ്രദ്ധാ സത്യം ബ്രഹ്മചര്യം വിധിശ്ചഃ
(മൂണ്ഡകോപനിഷത്ത്, രണ്ടാം മുണ്ഡകം ഒന്നാം ഖണ്ഡം ശ്ലോകം 7).

ഈ മുണ്ഡകോപനിഷത്ത് മന്ത്രത്തിന്റെ താല്‍പര്യം ഏകദേശം ഇത്രയുമാണ്: ''ഒരേ സത്യപരമേശ്വരനില്‍ നിന്നു, പലവിധ ദേവലോകങ്ങള്‍, സാധ്യയക്ഷകിന്നര ഗന്ധര്‍വാപ്‌സര ലോകങ്ങള്‍, മനുഷ്യലോകം, പശു തുടങ്ങിയ മൃഗങ്ങളുടെ ലോകങ്ങള്‍, പറവകളുടെ ലോകം, പ്രാണന്‍ അപാനന്‍ എന്നിങ്ങനെയുള്ള പഞ്ചപ്രാണ ലോകം, വ്രീഹിയവൗ എന്നിങ്ങനെയുള്ള ആരംഭാവസാനത്തോടു കൂടിയ വേദമന്ത്രങ്ങളുടെ ലോകം, തപോലോകം, ശ്രദ്ധ, സത്യാചരണം, അവ്യഭിചാരത്വം അഥവാ ബ്രഹ്മചര്യം തുടങ്ങിയ വിധിവിലക്കുകളുടെ ലോകം എന്നിവയെല്ലാം പുറപ്പെട്ടു.'' 

ഇതില്‍ പറഞ്ഞിരിക്കുന്ന ദേവശബ്ദം ഖുര്‍ആനിലെ മലക്കുകളുടെ ലോകത്തെയും, സാധ്യശബ്ദം ഖുര്‍ആനിലെ ജിന്നുകള്‍, ഹൂറികള്‍ എന്നൊക്കെ പറയപ്പെടുന്ന അദൃശ്യ സൃഷ്ടികളുടെ ലോകത്തെയും കുറിക്കുന്നതാണെന്ന് പൊതുവില്‍ പറയാം. ഇങ്ങനെ പലതായി പറയപ്പെടുന്ന വിവിധ ലോകങ്ങളുടെയെല്ലാം ഒരേയൊരു കാരണ കര്‍ത്താവായ സത്യപരമേശ്വരന്‍ തന്നെയാണ് എല്ലാ ലോകങ്ങളുടെയും നിയന്താവും പരിപാലകനും. ഈ ആശയം സാരാംശത്തില്‍ ഉപനിഷത്തുക്കളും അംഗീകരിക്കുന്നു. ഖുര്‍ആനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപനിഷത്തുക്കളുടെ പ്രതിപാദന ശൈലിയിലേ ഭേദം കാണാനാകൂ. ദേവലോകം, പിതൃലോകം, ഭൗമലോകം തുടങ്ങി വ്യത്യസ്ത ലോകങ്ങളെക്കുറിച്ചും ഐഹികവും പാരത്രികവുമായ ലോകങ്ങളെക്കുറിച്ചും സ്വര്‍ഗ നരകാദികളെക്കുറിച്ചുമൊക്കെ ഭാഗവതാദി പുരാണങ്ങളും സവിസ്തരം പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ചിന്തിക്കുമ്പോള്‍ 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന അല്‍ ഫാതിഹയിലെ പ്രതിജ്ഞാ സ്വഭാവമുള്ള വാക്യത്തിനു മലക്കുകളുടെയും മര്‍ത്യരുടെയും മാത്രം ലോകത്തിന്റെ നാഥനാണ് അല്ലാഹു എന്നു മാത്രം അര്‍ഥം കണ്ടാല്‍ മതിയാവില്ലെന്നും വിശ്വപ്രകൃതിയിലെ സര്‍വചരാചര ലോകവും 'സര്‍വലോകം' എന്ന പദത്തില്‍ ഉള്ളടക്കപ്പെട്ടിട്ടുള്ളതായി കാണേണ്ടതുണ്ടെന്നും പറയേണ്ടിവരുന്നു. ''ആകാശത്തിലെ പറവകളെ നോക്കുവിന്‍. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപുരകളില്‍ ശേഖരിക്കുന്നില്ല'' എന്ന പ്രസിദ്ധമായ ബൈബിള്‍ വാക്യവും സ്വര്‍ഗസ്ഥനായ പിതാവിന്റെ നിയന്ത്രണത്തില്‍ നിന്നും പരിരക്ഷയില്‍ നിന്നും പറവകളുടെ ലോകവും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്നു. അതിനാല്‍ 'സര്‍വലോകം' എന്ന പദത്തിനു എല്ലാ ലോകവും എന്ന വിശാലമായ അര്‍ഥ വിവക്ഷ നല്‍കി തന്നെ വേണം അല്‍ ഫാതിഹ വായിക്കാനും അതേപ്പറ്റി ചിന്തിക്കാനും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍