Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

നാലു വര്‍ഷങ്ങള്‍ക്ക് ശേഷവും ദുരിതം തോരാതെ സിറിയ

പി.കെ. നിയാസ് /കവര്‍‌സ്റ്റോറി

         അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്കും അറബ് മുസ്‌ലിം ലോകത്തിന്റെ നട്ടെല്ലില്ലായ്മക്കും മുന്നില്‍ ചോദ്യചിഹ്നമായി മാറിയ സിറിയയിലെ ആഭ്യന്തര യുദ്ധം ഇക്കഴിഞ്ഞ മാര്‍ച്ച് 15-ന് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാലു വര്‍ഷത്തെ ഭീകരമായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 220,000 കവിഞ്ഞു. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി പുറംതള്ളപ്പെട്ടവര്‍ 40 ലക്ഷത്തിലേറെ. രാജ്യത്തിനകത്ത് വീടും മറ്റും നഷ്ടപ്പെട്ടവര്‍ ഏഴു ലക്ഷം. ഏതാണ്ട് പകുതി ജനതയും ചുരുക്കത്തില്‍ അഭയാര്‍ഥികളായി കഴിയുന്നു. അറുപത് ശതമാനത്തിലേറെ പേര്‍ ദാരിദ്ര്യത്തില്‍. മുപ്പതു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2011-ല്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങുമ്പോള്‍ 14.9 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്മ 2014 അവസാനിക്കുമ്പോള്‍ 57.7 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. സാമ്പത്തിക മേഖല മുപ്പതു വര്‍ഷം പിറകോട്ടടിച്ചെന്ന് വിദഗ്ധര്‍. രാജ്യം നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഭീമവും ഞെട്ടിക്കുന്നതുമാണ്. അത് 20,000 കോടി ഡോളറിലേറെ വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 

മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ഈ കൂട്ടക്കൊലകള്‍ക്ക് പുറമെ, 108 കുട്ടികള്‍ ഉള്‍പ്പെടെ 12,751 രാജ്യനിവാസികളെ വിവിധ ജയിലുകളിലായി പീഡിപ്പിച്ചു കൊന്നു സിറിയന്‍ ഭരണകൂടം. തങ്ങളുടെ ഉറ്റവരെ റിബല്‍ ഗ്രൂപ്പുകള്‍ വധിച്ചതാണെന്ന് പലരുടെയും കുടുംബാംഗങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി. ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് 20,000-ത്തിലേറെ പേരെക്കുറിച്ച് ഒരു വിവരവുമില്ല. അപ്രത്യക്ഷരായവരുടെ പട്ടികയിലാണ് അവരുടെ സ്ഥാനം.

തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തന്നെയാണ് സിറിയയിലും ഉണ്ടായത്. എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ നിരായുധരായ ജനങ്ങള്‍ തന്നെയാണ് അവിടെയും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ജനകീയ മുന്നേറ്റത്തെ സൈനികമായി അടിച്ചമര്‍ത്താന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് തുനിഞ്ഞതോടെയാണ് സിറിയന്‍ വിപ്ലവത്തിന് ചോരയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 2011 ജനുവരി 26-നാണ് സിറിയയില്‍ പ്രഥമ പ്രതിഷേധ സമരം നടന്നത്. തുനീഷ്യയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത മുഹമ്മദ് ബൂഅസീസിക്ക് സമാനമായി ഹസന്‍ അലി അക്‌ലഹ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് സമരത്തിന് ഊര്‍ജം പകര്‍ന്നത് സ്വാഭാവികം. ജനാധിപത്യ അനുകൂല മുദ്രാവാക്യം ചുവരുകളില്‍ എഴുതിയതിന് 15 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ മാര്‍ച്ച് 15-ന് വിവിധ നഗരങ്ങളില്‍ ഒരേസമയം ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. 1980-കള്‍ക്കുശേഷം ആദ്യമായി തലസ്ഥാനമായ ദമസ്‌കസ് നഗരം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അന്നാണ്. ദര്‍ആ നഗരമായിരുന്നു പ്രതിഷേധ സമരങ്ങളുടെ പ്രധാന വേദിയായതെങ്കിലും തുറമുഖ നഗരമായ ലാദികിയ, ഹിംസ്, ഹമ, ബാന്‍യാസ്, ത്വര്‍ത്വൂസ്, ദമാസ്‌കസിന്റെ പ്രാന്ത്രപ്രദേശമായ ഹറാസ്ത എന്നിവിടങ്ങളിലും ദിനേന ജനങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭകര്‍ക്കു പിന്നില്‍ വിദേശ രാജ്യങ്ങളാണെന്ന് തുടക്കത്തില്‍ ആരോപിച്ച ബശ്ശാര്‍, കസേര ഇളകുമെന്ന് ഭയന്ന്  ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. നാല്‍പതു വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ച് ഏപ്രില്‍ 21-ന് ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു ഇതില്‍ പ്രധാനം. പൗരാവകാശ ലംഘനങ്ങള്‍ കൊടികുത്തി വാണ ഇക്കാലയളവില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്ത ആളുകളുടെ എണ്ണം വ്യക്തമല്ല. മുസ്‌ലിം ബ്രദര്‍ഹുഡില്‍ അംഗത്വമെടുക്കല്‍ വധശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായിരുന്നു സിറിയയില്‍. അടിയന്തരാവസ്ഥ റദ്ദാക്കിയതോടൊപ്പം സുരക്ഷാ കോടതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും സമാധാനപരമായ പ്രകടനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതായും പ്രസിഡന്റ് പ്രഖ്യാപിച്ചു. സിറിയയിലെ മര്‍ദക ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോടതികളാണ് സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ടും ഇക്കോണമിക് സെക്യൂരിറ്റി കോര്‍ട്ടും. ആദ്യത്തേത് രാഷ്ട്രീയവും സുരക്ഷാപരവുമായ കേസുകളിലും, രണ്ടാമത്തേത് സാമ്പത്തിക കേസുകളിലുമാണ് വിധി പുറപ്പെടുവിച്ചിരുന്നത്. അടിയന്തരാവസ്ഥക്ക് നിഴലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരു കോടതികളിലും പൗരന്റെ നിയമപരമായ അവകാശങ്ങള്‍ക്ക് ഒരു വിലയുമുണ്ടായിരുന്നില്ല.

ജയിലില്‍ കഴിയുന്ന ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ 200-ഓളം പേരെ വിട്ടയച്ചും സുന്നികള്‍ക്കും കുര്‍ദുകള്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചും അധ്യാപികമാര്‍ക്ക് നിഖാബ് ധരിക്കുന്നതിനുള്ള നിരോധം നീക്കിയും രാജ്യത്തെ ഏക കസിനോ അടച്ചുപൂട്ടിയും ജനപിന്തുണ ആര്‍ജിക്കാന്‍ ബശ്ശാര്‍ നടത്തിയ നീക്കങ്ങളൊന്നും വിലപ്പോയില്ല. ബശ്ശാര്‍ സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിറകോട്ടില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. സിറിയന്‍ ജനത പോളിംഗ് ബൂത്ത് കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരുന്നു. പ്രസിഡന്റിന്റെ അടിച്ചമര്‍ത്തല്‍ നിലപാടിനോട് വിയോജിച്ച് ഇരൂനൂറിലേറെ മുതിര്‍ന്ന ബഅ്‌സ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചിട്ടും ഉരുക്കുമുഷ്ടി തുടരാനാണ് ബശ്ശാര്‍ തീരുമാനിച്ചത്. 2014 ജൂണില്‍ ‘തെരഞ്ഞെടുപ്പ്’ നടത്തി ഏഴു വര്‍ഷത്തേക്ക് കൂടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് ബശ്ശാര്‍.

രാഷ്ട്രീയത്തിലോ ഭരണത്തിലോ ഒട്ടും താല്‍പര്യമില്ലാതിരുന്ന ബശ്ശാറുല്‍ അസദ് ആധുനിക ലോകത്തെ ക്രൂരന്മാരായ ഭരണാധികാരികളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചതിനു പിന്നില്‍ ഒരു സംഭവ കഥയുണ്ട്. ഏകാധിപതിയായ പിതാവ് ഹാഫിസുല്‍ അസദ് തന്റെ കാലശേഷം രാജ്യത്തെ സേവിക്കാന്‍ കണ്ടുവെച്ചത് മൂത്തമകനും ബശ്ശാറിന്റെ സഹോദരനുമായ ബാസിലിനെയായിരുന്നു. എന്നാല്‍, 1994 ജനുവരി 21-ന് മുപ്പത്തിരണ്ടാം വയസ്സില്‍ ദമസ്‌കസിലുണ്ടായ കാറപകടത്തില്‍ ബാസില്‍ കൊല്ലപ്പെട്ടു. അതോടെ, ലണ്ടനില്‍ ഉപരിപഠനം നടത്തുന്ന രണ്ടാമത്തെ മകനും കണ്ണുരോഗ വിദഗ്ധനുമായ ബശ്ശാറിനെ പിന്‍ഗാമിയായി വാഴിക്കുകയായിരുന്നു ഹാഫിസുല്‍ അസദ്. 1982-ല്‍ ഹമയില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത് ഉള്‍പ്പെടെ എതിര്‍ ശബ്ദങ്ങളെ ചോരയില്‍ മുക്കി അടിമച്ചമര്‍ത്തി ക്രൂരതയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച പിതാവിന്റെ മകന്‍ അതേ പാത പിന്തുടര്‍ന്നില്ലെങ്കിലേ അത് വാര്‍ത്തയാകൂ. ഹാഫിസുല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയെന്ന കുറ്റം ചുമത്തി ഹമ നഗരം 27 ദിവസം ഉപരോധിച്ച് മുപ്പതിനായിരത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തത് പിറ്റി ദ നേഷന്‍ എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്. 2000 ജൂണില്‍ ഹാഫിസുല്‍ അസദിന്റെ മരണത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍ ഉപവിഷ്ടനായ ബശ്ശാര്‍, അധികാരത്തിന്റെ പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ക്രൂരതയില്‍ പിതാവിനെ കവച്ചുവെച്ചിരിക്കുന്നു.

രാസായുധം സൂക്ഷിക്കുന്നതും പ്രയോഗിക്കുന്നതും സൈനിക നടപടിക്ക് ന്യായീകരണമായി പറയാറുള്ള അമേരിക്കയും സഖ്യകക്ഷികളും, സ്വന്തം ജനതക്കുനേരെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞപ്പോള്‍ നിലപാട് മാറ്റുന്നതാണ് കണ്ടത്. രാസായുധം നിര്‍വീര്യമാക്കാനുള്ള പഴുതുകള്‍ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ അമേരിക്ക തന്നെയാണ് മുന്‍കൈ എടുത്തത്. ലക്ഷങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുളള സൈനിക നടപടികള്‍ക്ക് എല്ലാ അര്‍ഥത്തിലും ന്യായമുണ്ടായിരുന്നു. എന്നാല്‍ സിറിയക്കെതിരായ പ്രമേയങ്ങള്‍ റഷ്യ വീറ്റോ ചെയ്യുന്നുവെന്ന വാദമുയര്‍ത്തി മിണ്ടാതിരിക്കുകയായിരുന്നു ലോക രാജ്യങ്ങള്‍. ഇറാഖിലും ലിബിയയിലുമൊക്കെ യു.എന്‍ ഇടപെട്ടത് ഇത്തരം ന്യായാന്യായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നോ? ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുന്നതിനു പകരം അസദിനെതിരെ പട നയിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കിയതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത്. അസദ് സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന 2013 ആഗസ്റ്റില്‍ സൈനിക നടപടിക്കൊരുങ്ങിയ ഒബാമ, പിന്നീട് കോണ്‍ഗ്രസിന്റെ അനുവാദം കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍, രാസായുധം സിറിയക്ക് പുറത്തേക്ക് മാറ്റാന്‍ അവസരം നല്‍കി യുദ്ധത്തില്‍നിന്ന് അസദിനെ അവര്‍ രക്ഷിച്ചു. 2014-ന്റെ തുടക്കത്തില്‍ ഐ.എസ് തീവ്രവാദികളെ അലെപ്പോയില്‍നിന്ന് തുരത്തിയ സന്ദര്‍ഭം അസദിനെതിരെ സൈനിക നടപടിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിരുന്നു. അതും കളഞ്ഞുകുളിച്ചു.

വംശീയത പടിഞ്ഞാറിനെ എത്രകണ്ട് ബാധിച്ചിരിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണം സിറിയയില്‍ കാണാം. രണ്ടു ലക്ഷത്തിലേറെ നിരപരാധര്‍ സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ അസദിനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തയാറാവാത്തവര്‍ ഐ.എസ് ഭീകരര്‍ വിരലിലെണ്ണാവുന്ന പാശ്ചാത്യ പൗരന്മാരെ തലയറുത്തു കൊന്നപ്പോള്‍ ബോംബിംഗുമായി രംഗത്തുവരികയായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഐ.എസിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ അസദ് സ്വന്തം പൗരന്മാര്‍ക്കെതിരെ ബാരല്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.

സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് യു.എന്‍ മേല്‍നോട്ടത്തില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ മാത്രം രണ്ട് ഉച്ചകോടികള്‍ നടന്നു. നാലു വര്‍ഷത്തിനിടയില്‍ മൂന്നു സമാധാന ദൂതന്മാരെയാണ് യു.എന്‍ നിയോഗിച്ചത്. ആദ്യത്തെയാള്‍ യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ തന്നെയായിരുന്നു. പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ് 2012 ആഗസ്റ്റില്‍ അന്നാന്‍ രാജിവെച്ചശേഷം നിയമിതനായ മുന്‍ അള്‍ജീരിയന്‍ നയതന്ത്രജ്ഞന്‍ അല്‍അഖ്ദര്‍ ഇബ്‌റാഹീമിയും സമാധാനത്തിന് കഴിയാവുന്നിടത്തോളം ശ്രമിച്ചു. ഒടുവില്‍ അദ്ദേഹവും സ്ഥാനമൊഴിഞ്ഞപ്പോള്‍ മൂന്നാമനായി എത്തിയത് സ്റ്റെഫാന്‍ ഡി മിസ്തുറ. 2014 ജൂലൈയില്‍ സ്ഥാനമേറ്റ മിസ്തുറ എന്ന് സ്ഥാനമൊഴിയുമെന്ന് മാത്രമേ ഇനി നോക്കാനുള്ളൂ.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന പുതിയ അവതാരത്തെ പ്രതിഷ്ഠിച്ച് സിറിയയില്‍ അസദ് ഭരണകൂടം നടത്തിവരുന്ന നരനായാട്ടിനെ വിസ്മൃതിയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈ കഴുകാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മേഖലയിലെ മുസ്‌ലിം രാജ്യങ്ങള്‍ക്കുമാവില്ല. ക്രൂരമായി കൊലചെയ്യപ്പെട്ട ലക്ഷത്തിലേറെ വരുന്ന നിരപരാധരും, മരിച്ചു ജീവിക്കുന്ന ലക്ഷങ്ങളും ജനവിരുദ്ധരായ ഈ ഭരണാധികാരികളുടെ ചെയ്തികള്‍ കാരണമാണ് ദുരന്തം പേറേണ്ടി വന്നത്. 2011 മാര്‍ച്ചില്‍ അസദ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ പാശ്ചാത്യ, പൗരസ്ത്യ മാധ്യമങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന 'ജിഹാദികള്‍' സിറിയയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, ആ രാജ്യത്തിന്റെയും അയല്‍പക്കത്തുള്ള ഇറാഖിന്റെയും മൂന്നിലൊരു ഭാഗം ഐ.എസിന്റെ നിയന്ത്രണത്തിലാണ്. ഐ.എസ് എന്ന ഭീകര സംഘമാകട്ടെ, ആഫ്രിക്കയിലും വേരുപിടിച്ചിരിക്കുന്നു.

സിറിയയില്‍ സൈനികമായി ഇടപെടുന്നത് കൂടുതല്‍ അപകടം വിതയ്ക്കുമെന്നും അസദിനെ പിന്തുണക്കാന്‍ ഇറാനും ഹിസ്ബുല്ലയും റഷ്യയും ചൈനയുമൊക്കെ രംഗത്തുള്ളതിനാല്‍ മേഖലയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാകുമെന്നുമാണ് വാദമെങ്കില്‍ ഇതേ വാദം യമന്റെ കാര്യത്തിലും സംഗതമല്ലേ? അസദിനെ പിന്തുണക്കുന്ന ശക്തികള്‍ തന്നെയാണ് യമനില്‍ ഹൂഥികളെയും സഹായിക്കുന്നത്. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് വഴിതുറക്കാനുള്ള നീക്കം പോലും നടത്താതെ പെട്ടെന്നൊരു ദിവസം സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂഥികള്‍ക്കെതിരെ സൈനിക നടപടി ആരംഭിക്കുകയായിരുന്നു. സിറിയയിലേതു പോലെ ലക്ഷങ്ങള്‍ പോയിട്ട് ആയിരങ്ങള്‍ പോലും യമനില്‍ കൊല്ലപ്പെട്ടിട്ടില്ല. എന്നാല്‍, ബശ്ശാറുല്‍ അസദ് എന്ന ക്രൂരനായ ഏകാധിപതിയെ താഴെയിറക്കലിനേക്കാള്‍ മന്‍സൂര്‍ ഹാദിയെ യമനില്‍ അധികാരക്കസേരയില്‍ കുടിയിരുത്തലാണ് അറബ് രാജ്യങ്ങള്‍ പരമപ്രധാനമായി കണ്ടത്. യമനില്‍ ഹൂഥികള്‍ക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ ഇറാനും ഹിസ്ബുല്ലയും റഷ്യയും രംഗത്തിറങ്ങുമെന്ന ആശങ്ക അറബ് സഖ്യസേനക്കും അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. വ്യോമാക്രമണം തുടങ്ങിയതോടെ എല്ലായിടത്തുമെന്നതു പോലെ യമനിലും മുഖ്യ ഇരകള്‍ കുട്ടികള്‍ തന്നെ.

സിറിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം തീര്‍ത്തും നിഷ്‌ക്രിയമാണ് എന്നു പറഞ്ഞുകൂടാ. അസദിനെ തൊടാന്‍ അവര്‍ തയാറല്ലെങ്കിലും സിറിയയിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര ഡോണര്‍ കോണ്‍ഫറന്‍സുകള്‍ വര്‍ഷം തോറും സംഘടിപ്പിച്ചുപോരാറുണ്ട്. ഇതെഴുതുമ്പോഴാണ് മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം കുവൈത്തില്‍ നടന്നത്. 380 കോടി ഡോളറാണ് സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തത്. ആദ്യ രണ്ട് സമ്മേളനങ്ങള്‍ക്കും കുവൈത്ത് തന്നെയാണ് വേദിയൊരുക്കിയത്. എന്നാല്‍, വാഗ്ദാനം ചെയ്യപ്പെട്ട സംഖ്യയില്‍ വലിയൊരു ഭാഗം ഇനിയും കിട്ടാനുണ്ട്. ഇത്തവണത്തെ സമ്മേളനത്തില്‍ ഖത്തര്‍ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്. കുറെ പണം വാഗ്ദാനം ചെയ്യുന്നതിനു പകരം സിറിയന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ സമ്മേളത്തില്‍ പ്രഖ്യാപിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത 20 ലക്ഷം സിറിയന്‍ കുഞ്ഞുങ്ങള്‍ 'നഷ്ട തലമുറ'’ആകാതിരിക്കാനും ഭീകര ഗ്രൂപ്പുകളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാനും ഇതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മിഡിലീസ്റ്റിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മേഖലയിലെ വിവിധ രാജ്യങ്ങളെ ധര്‍മസങ്കടത്തിലാക്കിയിട്ടുണ്ട് എന്നത് രഹസ്യമല്ല. ബഹ്‌റൈനില്‍ ശിഈ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഇറാന് സിറിയയിലെ ഏകാധിപത്യ ഭരണകൂടം നടത്തിവരുന്ന മനുഷ്യവേട്ടയെക്കുറിച്ച് മിണ്ടാട്ടമില്ല. 73 ശതമാനം വരുന്ന സുന്നികളെ 12 ശതമാനം മാത്രം വരുന്ന ശിഈകള്‍ കൂട്ടക്കൊല ചെയ്യുകയാണ് സിറിയയില്‍. ശിഈകളിലെ അലവി വിഭാഗമായ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇറാന്‍. ഇറാഖില്‍ തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഭരണകൂടം നിലവില്‍ വന്നതോടെ മേഖലയിലെ അറബ് രാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഇറാന്‍ ശ്രമം തുടങ്ങിയിരുന്നു. സിറിയയില്‍ സ്വാധീനമുറപ്പിച്ചതിനു പുറമെ ഹിസ്ബുല്ലയെ ഉപയോഗിച്ച് ലബനാനിലും, ഇപ്പോള്‍ ഹൂഥികളെ മുന്നില്‍ നിര്‍ത്തി യമനിലും ഇറാന്‍ പിടിമുറുക്കിയിരിക്കുകയാണ്.

സിറിയന്‍ പ്രക്ഷോഭം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ചില പ്രസ്താവനകള്‍ക്കും ലോകം സാക്ഷിയായിട്ടുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന (സി.ഐ.എ)യുടെ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണനാണ് ആദ്യ വെടി പൊട്ടിച്ചത്. അസദ് ഭരണത്തിന്റെ പതനത്തിലൂടെ മുസ്‌ലിം തീവ്രവാദികളുടെ കരങ്ങളിലേക്ക് സിറിയ വഴുതിപ്പോകുന്ന ഒരു സാഹചര്യം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ബ്രണ്ണന്റെ പ്രസ്താവന. തൊട്ടുപിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും മൊഴിഞ്ഞു, പ്രശ്‌നപരിഹാരത്തിന് അസദുമായി ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടതെന്ന്. കഴിഞ്ഞ നാലു വര്‍ഷമായി തോന്നാത്ത എന്തൊരു ചര്‍ച്ചയാണ് കെറി ഉദ്ദേശിച്ചത്? രണ്ടര ലക്ഷം മനുഷ്യജീവന്‍ കുരുതി കൊടുത്ത ശേഷമാണോ അമേരിക്കക്ക് ബോധോദയമുണ്ടായത്? കാരണം മറ്റൊന്നുമല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിടിമുറുക്കിയിരിക്കുന്ന യു.എസ് കോണ്‍ഗ്രസില്‍നിന്ന് പ്രസിഡന്റ് ഒബാമക്ക് ഒരു പിന്തുണയും കിട്ടാന്‍ പോകുന്നില്ല. മാത്രമല്ല, പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കാനിരിക്കുന്ന ഒബാമ യുദ്ധപ്രിയനെന്ന ലേബല്‍ ആഗ്രഹിക്കുന്നുമില്ല. ഇതിനെല്ലാമപ്പുറം, ഇറാനുമായി ആണവകരാര്‍ ഒപ്പിടുന്ന പക്ഷം കലങ്ങിത്തെളിയാനിരിക്കുന്ന മിഡിലീസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യം അമേരിക്കയെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്. ഇറാനും സിറിയയുമൊക്കെ അമേരിക്കയുടെ പുതിയ സഖ്യത്തില്‍ ഇടംപിടിച്ചാല്‍ അല്‍ഭുതപ്പെടാനില്ല.

അസദ് ഭരണകൂടവും അമേരിക്കയും തമ്മില്‍ ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങള്‍ രഹസ്യമല്ല. ലബനാനിലെ റഫീഖ് ഹരീരി വധത്തില്‍ സിറിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 2005ല്‍ അംബാസഡറെ പിന്‍വലിച്ച അമേരിക്ക തീരുമാനം പുനഃപരിശോധിക്കുകയും റോബര്‍ട്ട് ഫോര്‍ഡിനെ ദമസ്‌കസിലേക്ക് അയക്കുകയുമുണ്ടായി. സിറിയയുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചപ്പെട്ടുവെന്നോ, ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് തയാറാക്കിവരുന്ന ലിസ്റ്റില്‍നിന്ന് ആ രാജ്യത്തെ ഒഴിവാക്കുമെന്നോ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇസ്രയേല്‍, ലബനാന്‍, ഇറാഖ് തുടങ്ങി മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സിറിയയുടെ സഹായം അനിവാര്യമായതു കൊണ്ടായിരുന്നു ഈ നടപടി. സിറിയയുടെമേല്‍ ഭീകരതയും മനുഷ്യാവകാശ ലംഘനവും ആരോപിക്കുമ്പോള്‍ തന്നെ അല്‍ഖാഇദ ബന്ധം ചാര്‍ത്തി നിരപരാധരെ ബശ്ശാറുല്‍ അസദിന്റെ പീഡന ക്യാമ്പിലേക്ക് എറിഞ്ഞുകൊടുക്കാന്‍ അമേരിക്കക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് സംശയമുള്ളവരെ ഭീകരവാദികളായി മുദ്രകുത്തി വിവിധ രാജ്യങ്ങളിലെ പീഡന ക്യാമ്പിലേക്ക് വിട്ടുകൊടുക്കുന്ന റെന്‍ഡിഷന്‍ എന്ന കുപ്രസിദ്ധ പരിപാടി ഏറെക്കാലമായി സി.ഐ.എ നടപ്പാക്കിവരുന്നു. 2001-നു ശേഷം മാത്രം മൂവ്വായിരത്തോളം പേരെയാണ് ഇവ്വിധം വിവിധ രാജ്യങ്ങളിലേക്ക് അമേരിക്ക കൈമാറിയത്. സിറിയന്‍, കനേഡിയന്‍ ഇരട്ട പൗരത്വമുള്ള മാഹിര്‍ അറാറിന്റെ കേസ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതിനാല്‍ പുറംലോകം അറിഞ്ഞു. ടൂണിസിലെ വിശ്രമകാലത്തിനുശേഷം കാനഡയിലേക്ക് മടങ്ങുമ്പോഴാണ് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാഹിര്‍ അറസ്റ്റിലാവുന്നത്. അല്‍ഖാഇദ ബന്ധം ചാര്‍ത്തി രണ്ടാഴ്ചയോളം ഏകാന്ത തടവറയില്‍ പാര്‍പ്പിച്ച മാഹിറിനെ യു.എസ് അധികൃതര്‍ സിറിയക്ക് കൈമാറി. അവിടത്തെ ഭീകരമായ പീഡനത്തെക്കുറിച്ച് അറിവുണ്ടായിട്ടും കാനഡക്ക് കൈമാറാതെ മാഹിറിനെ സിറിയയിലേക്ക് അയച്ചത് എന്തിനാണെന്ന് എഫ്.ബി.ഐ വെളിപ്പെടുത്തിയില്ല. ഒരു വര്‍ഷത്തോളം പീഡിപ്പിച്ച ശേഷമാണ് സിറിയന്‍ അധികൃതര്‍ മാഹിറിനെ കാനഡക്ക് വിട്ടുകൊടുത്തത്. കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മാഹിറിന് അല്‍ഖാഇദ ബന്ധമില്ലെന്നും നിരപരാധിയാണെന്നും വിധിച്ചു. ഒന്നരക്കോടി കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ഗവണ്‍മെന്റ് കേസ് അവസാനിപ്പിച്ചത്. മാഹിര്‍ നിരപരാധിയാണെന്ന് ഒടുവില്‍ സിറിയന്‍ ഭരണകൂടത്തിനും വെളിപാടുണ്ടായി.

സിറിയ പൂര്‍ണമായും ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല. ഇസ്‌ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാളികള്‍ 2013-ല്‍ റഖ നഗരം പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് അത് ഐ.എസിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. ഐ.എസിന്റെ സ്വയംപ്രഖ്യാപിത ഖിലാഫത്ത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് റഖ. എറ്റവുമൊടുവില്‍ ഇദ്‌ലിബ് നഗരവും അസദിന്റെ സൈന്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ അല്‍ നുസ്‌റ സഖ്യമാണ് ഇദ്‌ലിബ് പിടിച്ചടക്കിയത്. മറ്റു പല പ്രവിശ്യകളിലും പോരാട്ടം തുടരുന്നു. അസദിനെതിരെ തോക്കെടുത്തവര്‍ തന്നെ പരസ്പരം പോരാടുകയും അതിനിടയില്‍ ഐ.എസ് ഭീകരര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് സിറിയയില്‍ ഏകമുഖ പോരാട്ടം പൂര്‍ണമായും ഇല്ലാതായത്. വിവിധ പോരാളി ഗ്രൂപ്പുകളെ പിന്തുണക്കുന്ന അറബ് രാജ്യങ്ങളുടെ വിരുദ്ധ താല്‍പര്യങ്ങളും അസദിന് സഹായകമായി. ചുരുക്കത്തില്‍, അന്താരാഷ്ട്ര സമൂഹത്തിന്റെ ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കൂട്ടക്കൊലകള്‍ക്ക് ഇനിയും നാം സാക്ഷ്യം വഹിക്കേണ്ടിവരും. അതാകട്ടെ, സിറിയയില്‍ മാത്രം ഒതുങ്ങുന്നതുമാകില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍