Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജയ്പൂര്‍ സമ്മേളനം

         ഇന്ത്യന്‍ മുസ്‌ലിംകളുടെ രണ്ട് ദേശീയ കൂട്ടായ്മകളാണ് മജ്‌ലിസെ മുശാവറയും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ക്ക് അവയില്‍ പ്രാതിനിധ്യമുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ സക്രിയമായി ഇടപെടാനും പരിഹാര നടപടികള്‍ ആസൂത്രണംചെയ്യാനും ഈ സംഘടനകള്‍ക്ക് കഴിയേണ്ടതാണ്. പക്ഷേ, പല കാരണങ്ങളാല്‍ സാഹചര്യം ആവശ്യപ്പെടുന്ന വിതാനത്തിലേക്ക് ഉയരാന്‍ ഇനിയും അവക്കായിട്ടില്ല. ക്രിയാത്മകമായ പരിപാടികളൊന്നുമില്ലാതെ കേവലം ആഹ്വാനങ്ങളിലും ഉല്‍ബോധനങ്ങളിലും പരിമിതമാണ് പലപ്പോഴും അവയുടെ പ്രവര്‍ത്തനം. എങ്കിലും സമൂഹത്തെ ബോധവത്കരിക്കാനും അവരുടെ വികാരങ്ങള്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കാനും കുറെയൊക്കെ ഈ സംഘടനകള്‍ക്കാകുന്നുണ്ട്. മുസ്‌ലിം മജ്്‌ലിസെ മുശാവറ കുറെക്കാലമായി നിര്‍ജീവാവസ്ഥയിലായിരുന്നു. കഴിഞ്ഞ വര്‍ഷം അതിലെ ഭിന്ന ചേരികള്‍ ഒത്തുതീര്‍പ്പിലെത്തുകയും ഒറ്റക്കെട്ടായി കര്‍മരംഗത്തിറങ്ങാന്‍ തീരുമാനിക്കുകയുമുണ്ടായി. പക്ഷേ, രാജ്യത്ത് ഹിന്ദുത്വശക്തികള്‍ മുസ്്‌ലിംവിരുദ്ധ നടപടികളുമായി മുന്നേറുന്ന സാഹചര്യത്തിലും മജ്്‌ലിസെ മുശാവറ സജീവമായതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഒരു ത്രിദിന യോഗം ഈയിടെ ജയ്പൂരില്‍ ചേരുകയുണ്ടായി. പതിവുപോലെ ഏതാനും ആഹ്വാനങ്ങളും ഉല്‍ബോധനങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ടത്. മുസ്‌ലിം അണികള്‍ പരസ്പരം ഐക്യം വളര്‍ത്തണം, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷാധിഷ്ഠിതവും വൈകാരികവുമായ നീക്കങ്ങളെ സ്‌നേഹോദാരവും സൗഹാര്‍ദപരവുമായ സമീപനങ്ങളിലൂടെ വേണം പ്രതിരോധിക്കാന്‍, മുസ്‌ലിം സമുദായത്തിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന ദുരാരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ബുദ്ധിപൂര്‍വവും സമാധാനപരവുമായ രീതിയില്‍ മറുപടി കൊടുക്കണം എന്നൊക്കെയാണ് മുഖ്യ ഉല്‍ബോധനങ്ങള്‍. പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗങ്ങള്‍ എപ്പോള്‍ എവിടെ ചേരുന്നുവെന്നും എന്തു തീരുമാനങ്ങളെടുക്കുന്നുവെന്നും വ്യാപകമായി അറിയപ്പെടാറില്ല. മാധ്യമങ്ങള്‍ അതത്ര കാര്യമാക്കാറുമില്ല. ജയ്പൂര്‍ സമ്മേളനം പക്ഷേ, ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. അത് അതിന്റെ ആഹ്വാനങ്ങളുടെയോ പ്രമേയങ്ങളുടെയോ പേരിലായിരുന്നില്ല. മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ സഫര്‍ സരേഷ് വാലയുടെ സാന്നിധ്യത്തെത്തുടര്‍ന്നുണ്ടായ കോലാഹലമാണ് സമ്മേളനത്തിന് വാര്‍ത്താ മൂല്യം നല്‍കിയത്. സരേഷ് വാല ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്താണാഗ്രഹിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം. മുസ്‌ലിം നേതാക്കളെയും സംഘടനകളെയും വിഡ്ഢിക്കൂട്ടങ്ങള്‍ എന്ന് പരസ്യമായി അധിക്ഷേപിച്ചയാളാണദ്ദേഹം. പിന്നെ ആ 'വിഡ്ഢിക്കൂട്ടത്തി'ന്റെ സമ്മേളനത്തിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടാത്ത അതിഥിയായി ചെന്നതെന്തിനാണാവോ? ഈ ചോദ്യം ചാന്‍സലറെ ക്ഷുഭിതനാക്കി. മുസ്്‌ലിം എന്ന ഐഡന്റിറ്റി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശം നല്‍കുന്നുവെന്ന് അദ്ദേഹം വാദിച്ചു.

സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ബോര്‍ഡ് യോഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെയാളല്ല സഫര്‍ സരേഷ് വാല. ഇതിന് മുമ്പ് മൗലാനാ ജമീല്‍ ഇല്‍യാസിയും ഇമ്മട്ടിലുള്ള നീക്കം നടത്തിയിട്ടുണ്ട്. സമാനമായ സമീപനമാണ് ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തോടും കൈക്കൊണ്ടത്. സരേഷ് വാല എത്തിയത് നരേന്ദ്രമോദിയുടെ അടുപ്പക്കാരനായിട്ടാണെങ്കില്‍ ജമീല്‍ ഇല്‍യാസി വന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ അടുപ്പക്കാരനായിട്ടായിരുന്നു. ഈ അടുപ്പം സമുദായ താല്‍പര്യത്തിനു വേണ്ടിയുള്ളതല്ല; സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ ദല്ലാളുകളായി വര്‍ത്തിക്കുന്ന മുസ്‌ലിം നേതാക്കളിലധികവും ഇത്തരക്കാരാണ്; മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യമവകാശപ്പെട്ട് സ്വന്തം നേട്ടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍. സരേഷ് വാലയുടെ കാര്യം നോക്കുക. മുസ്‌ലിം നേതാക്കളും സംഘടനകളും അലര്‍ജിയാണദ്ദേഹത്തിന്. എന്നാല്‍ ഉന്നതരുടെ ഇംഗിതത്തിനൊത്ത് മുസ്‌ലിം നേതാക്കളുടെ കാല്‍ക്കല്‍ ചെല്ലാന്‍ ഒരു മടിയുമില്ല. നരേന്ദ്രമോദി അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് സഫര്‍ സരേഷ് വാല മുസ്‌ലിം നേതൃ കൂട്ടായ്മയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നത്. ആദ്യം ചെന്നത് ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമയിലേക്കായിരുന്നു. നദ്‌വത്തുല്‍ ഉലമയെ മോദി അനുകൂലികളാക്കുകയായിരുന്നു ലക്ഷ്യം. അതിലേറ്റുവാങ്ങിയ പരാജയത്തെത്തുടര്‍ന്നാണ്, ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ ശക്തികള്‍ പോലും ഉന്നയിക്കാന്‍ മടിക്കുന്ന അധിക്ഷേപങ്ങള്‍ അദ്ദേഹം മുസ്‌ലിം നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്. സരേഷ് വാലയുടെ 'സംസ്‌കാര മഹിമ'യും 'സമുദായ സ്‌നേഹ'വുമാണ് അതില്‍ നിന്ന് വെളിവായത്.

സരേഷ് വാലയെപ്പോലുള്ള വ്യക്തികള്‍, ഇഷ്ടപ്പെടാത്തത് സംഭവിക്കുമ്പോള്‍ ആത്മനിയന്ത്രണം കൈവിട്ട് മോശപ്പെട്ട പ്രസ്താവനകളിറക്കുന്നതില്‍ അത്ഭുതമില്ല. അദ്ദേഹം മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നു. എന്നാല്‍ സമുദായ നേതാക്കള്‍ അദ്ദേഹത്തെപ്പോലെയായിക്കൂടാ; പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ആത്മനിയന്ത്രണം കൈവിടാതെ ക്ഷമയും സഹനവും മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകത ബഹുജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും. ഇസ്‌ലാം അനുശാസിക്കുന്ന നല്ല പെരുമാറ്റം എല്ലായിടത്തും പ്രസക്തമാണ്. അതാണ് അന്ത്യപ്രവാചകന്‍ കാഴ്ച വെച്ചിട്ടുള്ള വിശിഷ്ട മാതൃക. ഇഛാഭംഗം വരുമ്പോള്‍ ക്ഷുഭിതരാകുന്നവരെ കഴിയുന്നതും അവഗണിക്കുകയാണ് കരണീയം. അത്തരക്കാര്‍ ആവശ്യത്തിലേറെ ആക്ഷേപിക്കപ്പെടുന്നത് ചിലപ്പോള്‍ അവര്‍ക്കൊരു മുതല്‍ക്കൂട്ടാകും. അത് സമുദായത്തിന്റെ താല്‍പര്യത്തിന് ദോഷകരമായേ ഭവിക്കൂ.

ബോര്‍ഡ് യോഗം ചര്‍ച്ചകള്‍ക്കും ഉല്‍ബോധനങ്ങള്‍ക്കുമപ്പുറം സൃഷ്ടിപരമായ പ്രവര്‍ത്തന പരിപാടിയൊന്നും മുന്നോട്ടുവെക്കാതിരുന്നത് നിരാശാജനകമാണ്. സാമാന്യ ജനങ്ങള്‍ക്കു മാത്രമല്ല, ബോര്‍ഡിന് തന്നെയും ഈ ബോധമുണ്ടെന്നാണ് മനസ്സിലാകുന്നത്. മുസ്്‌ലിം സമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും നല്‍കുംവണ്ണം പ്രശ്‌നങ്ങളില്‍ ഇടപെടാനും, പ്രായോഗികമായ പരിപാടികളാവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ട് സമുദായത്തിന്റെ പ്രാതിനിധ്യം സാര്‍ഥകമാക്കാനും ബോര്‍ഡിനെ ശക്തിപ്പെടുത്താനും പിന്തുണക്കാനുമുള്ള അഭ്യര്‍ഥന അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ മുസ്്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ബോര്‍ഡ് വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവര്‍ വെവ്വേറെയിരുന്ന് ചര്‍ച്ച നടത്തുകയുമുണ്ടായി. ഫലപ്രദമായ പ്രവര്‍ത്തനമില്ലാതെ ഔപചാരികമായ സമ്മേളനം കൊണ്ടും ചര്‍ച്ച കൊണ്ടും സമുദായത്തില്‍ സൃഷ്ടിപരമായ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ഇസ്്‌ലാംവിരുദ്ധ ഫാഷിസ്റ്റ് നീക്കങ്ങളെ മറികടക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് ഇന്ന് മുസ്്‌ലിം സമുദായം അതിന്റെ നേതൃത്വങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍