Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

ബ്രോക്കറേജ് അനുവദനീയമാണോ?

എം.വി മുഹമ്മദ് സലീം

ബ്രോക്കറേജ് സര്‍വ സാധാരണമായ കാലമാണല്ലോ ഇത്. വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ ബ്രോക്കറും ബ്രോക്കറേജും വേണമെന്നാണ് നിയമം. ഭൂമിയോ ഫ്‌ളാറ്റോ വാഹനമോ കച്ചവട സ്ഥാപനമോ എന്തു തന്നെ ആയാലും വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും നിശ്ചിത സംഖ്യ ബ്രോക്കറേജ് അടക്കേണ്ടിവരും. വിലയുടെ ഇത്ര ശതമാനം എന്ന നിലക്ക് നഗര-ഗ്രാമാന്തരങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് ബ്രോക്കറേജ് ഈടാക്കുന്നത്. കച്ചവടത്തില്‍ എന്തെങ്കിലും സഹായം ചെയ്യുകയോ ബ്രോക്കര്‍ അറിയാതെ കച്ചവടം നടക്കുകയോ ചെയ്താല്‍ പോലും ബ്രോക്കറേജ് അടക്കേണ്ടിവരും. ഒരു വലിയ വിഭാഗമാളുകള്‍ ഈ ഏര്‍പ്പാടുമായി തങ്ങളുടെ സാമ്പത്തികശേഷി കൊഴുപ്പിക്കുന്നു. ഇത് ഹലാലാകുമോ? എന്താണ് മതവിധി?

         ധനസമ്പാദനവും വിനിമയവും ഇസ്‌ലാമിക ജീവിത വ്യവസ്ഥയില്‍ വളരെ പ്രധാനമാണ്. അവയുടെ നിയമങ്ങള്‍ മരണാനന്തര ജീവിതത്തിലെ മോക്ഷവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തെറ്റായ രീതിയില്‍ സമ്പാദിക്കുന്നതും തെറ്റായ മാര്‍ഗത്തില്‍ വ്യയം ചെയ്യുന്നതും പരലോകത്ത് ശാശ്വത സൗഭാഗ്യവും സ്വര്‍ഗവും നഷ്ടപ്പെടാന്‍ ഹേതുവായിത്തീരും. ഈ വികാരത്തോടെയാണല്ലോ ചോദ്യകര്‍ത്താവ് ബ്രോക്കര്‍ വ്യവസ്ഥയുടെ മതവിധി  ആരായുന്നത്.

ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ അനിവാര്യ ഘടകമാണ് ബ്രോക്കര്‍. വ്യക്തികളുടെ ഇടപാടുകളില്‍ തുടങ്ങി, അന്താരാഷ്ട്ര വിപണി വരെയുള്ള ഇടപാടുകളില്‍ ബ്രോക്കര്‍മാരുടെ സാന്നിധ്യമുണ്ട്. അവരുടെ വേതനം ആദായ നികുതി വകുപ്പ് അംഗീകരിക്കുന്ന ചെലവിനങ്ങളില്‍ പെടുന്നു.

ഇതൊരു പുതിയ സമ്പ്രദായമല്ല. ഇടപാടുകളിലെ ഇടയാളന്മാര്‍ പുരാതന കാലം മുതല്‍ നടപ്പുള്ളതാണ്. അറബിയില്‍ ഇവര്‍ക്ക് 'സിംസാര്‍' എന്നും 'ദല്ലാല്‍' എന്നും പേരുണ്ട്. നബി(സ)യുടെ കാലത്ത് വിപണിയില്‍ ഇടയാളന്മാരായി വര്‍ത്തിച്ചിരുന്നവരെ അംഗീകരിച്ച് നബി അവര്‍ക്ക് തുജ്ജാര്‍ (കച്ചവടക്കാര്‍) എന്ന സ്ഥാനം നല്‍കി. നബിയുടെ അനുചരന്മാരില്‍ ഒരാളായ ഖൈസ് ബ്‌നു അബീ ഗര്‍സ(റ) പറയുന്നു: ''നബിയുടെ കാലത്ത് ഞങ്ങള്‍ 'സമാസിറ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അവിടുന്ന് ഞങ്ങള്‍ക്ക് ഉത്തമമായ മറ്റൊരു പേര് നല്‍കി. ഞങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് അവിടുന്ന് അരുള്‍ ചെയ്തു: കച്ചവടക്കാരേ, പൊങ്ങച്ചവും ആണയിട്ട് പറയലും സത്യം ചെയ്യലുമെല്ലാം ഉണ്ടാകും. ദാനം ചെയ്ത് നിങ്ങള്‍ ആ പാപങ്ങളില്‍ നിന്ന് മോചിതരാവുക.''

കച്ചവടത്തിന്റെ ഒരവിഭാജ്യ ഘടകമായിരുന്നു ഇടനിലക്കാര്‍. അതിനാല്‍ അവരെയും ചേര്‍ത്താണ് നബി കച്ചവടക്കാരെന്ന് വിളിച്ചത്. ഹദീസുകളുടെ വിവരണത്തില്‍ നിന്ന് നബിയുടെ കാലത്ത് ഇടനിലക്കാരില്ലാത്ത ഇടപാടുകള്‍ വളരെ വിരളമായിരുന്നുവെന്ന് മനസ്സിലാക്കാം. ചില വ്യാപാരങ്ങളില്‍ നമ്മുടെ നാട്ടിലും ബ്രോക്കര്‍മാരില്ലാതെ പറ്റുകയില്ലല്ലോ. ഇതേ രീതി പണ്ടുകാലത്തേ ഉണ്ടായിരുന്നു. ഇടനിലക്കാരുടെ വരുമാനം അനുവദനീയമാണെന്ന് പണ്ഡിതന്മാരെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇതിന്റെ ചില വിശദീകരണങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.

ഇസ്‌ലാമില്‍ ധനമിടപാടുകള്‍ക്ക് പൊതുവില്‍ ചില നിയമങ്ങളുണ്ട്. അതില്‍ പ്രധാനമാണ് പരസ്പരം കഷ്ടനഷ്ടങ്ങള്‍ ഏല്‍പിക്കാതെ കച്ചവടം നടത്തണം, ഉപദ്രവം ഏല്‍ക്കാനോ ഏല്‍പിക്കാനോ പാടില്ല എന്ന തത്ത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രോക്കറുടെ വിഹിതം അവ്യക്തമാവരുതെന്ന് കര്‍മശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

ഒരു നിശ്ചിത തുക എന്നാകുമ്പോള്‍ ചതിയോ വഞ്ചനയോ ഉണ്ടാവാന്‍ പഴുതില്ല. അതു മാത്രമേ പാടുള്ളൂ എന്ന കാഴ്ചപ്പാടാണ് ചിലര്‍ക്ക്. എന്നാല്‍, കച്ചവടത്തിന്റെ മൂല്യം ബ്രോക്കര്‍മാര്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍, ശതമാനക്കണക്കാകുന്നതിനും വിരോധമില്ല എന്ന വിശാലമായ അഭിപ്രായമാണ് പ്രബലം.

ബ്രോക്കര്‍മാര്‍ പല തെറ്റുകളും ചെയ്യുന്നതായി ചോദ്യത്തില്‍ സൂചനയുണ്ട്. ഇതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. വാങ്ങുന്ന കമീഷന്‍ ഹലാലാകണമെങ്കില്‍ അതിനുവേണ്ട അധ്വാനം ഉണ്ടാവണം.

എന്നാല്‍, മിക്ക ഇടപാടുകളിലും ബ്രോക്കര്‍മാര്‍ ഒരു ധാരണയിലെത്താറുണ്ട്. അതായത് ലഭിക്കുന്ന സംഖ്യ ഒരു ടീം ഓഹരി വെച്ചെടുക്കും. അതില്‍ കച്ചവടത്തില്‍ പങ്കില്ലാത്തവര്‍ക്കും ഓഹരി ലഭിക്കും. എന്നാല്‍, ഇത് വാങ്ങുന്നവരെയോ വില്‍ക്കുന്നവരെയോ പ്രതികൂലമായി ബാധിക്കുകയില്ല. കാരണം, കമീഷന്‍ കൂട്ടിക്കൊണ്ടല്ല, നിശ്ചിത ശതമാനം മാത്രം വാങ്ങിയാണവര്‍ ഓഹരി വെക്കുന്നത്. ബ്രോക്കര്‍മാര്‍ പെരുകിയപ്പോഴാണ് ഇങ്ങനെ പരസ്പര സഹകരണത്തിന്റെ ഒരു രൂപം ഉരുത്തിരിഞ്ഞുവന്നത്. മറ്റു ജോലിയൊന്നും ചെയ്യാതെ ഭൂമിയും കെട്ടിടവും അന്വേഷിച്ച് അലയുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. എന്നാല്‍, ഇത്തരം ഗ്രൂപ്പുകള്‍ പലപ്പോഴും തെറ്റിപ്പിരിയുക പതിവാണ്. ചിലര്‍ ബിസിനസ്സുണ്ടാക്കാന്‍ പണിയെടുക്കുന്നത് പോരാ എന്നോ ചിലര്‍ക്ക് വലിയ ചെലവും നഷ്ടവും വരുന്നുണ്ടെന്നോ മറ്റോ ഒക്കെയുള്ള വര്‍ത്തമാനങ്ങളാവാം പിണക്കത്തിന്റെ തുടക്കം. കൃത്യമായി തുക നിശ്ചയിക്കാത്തപ്പോള്‍, ലഭിച്ച തുക ചിലര്‍ കൂടുതല്‍ പറ്റിയെന്ന ആക്ഷേപവും ഉണ്ടാവാം. ഇതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. പരസ്പരം കരാറിലേര്‍പ്പെട്ടാല്‍ അതു പാലിക്കേണ്ടത് ധാര്‍മിക ബാധ്യതയാണ്.

എന്നാല്‍, പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഈ ഇടയാളവൃത്തി മാറുകയായിരുന്നു. അതിനാല്‍ കച്ചവടം നടത്തി വിഹിതം പറ്റാന്‍ പല നീചമായ രീതിയും ചിലര്‍ സ്വീകരിക്കും. ഇല്ലാത്ത പല ഗുണങ്ങളും വസ്തുവിനുള്ളതായി തട്ടിവിടും. വസ്തു വാങ്ങിയാല്‍ ഉണ്ടാകാനിടയുള്ള പ്രതികൂല കാര്യങ്ങളൊന്നും പുറത്ത് പറയില്ല. കച്ചവടം കഴിഞ്ഞ്, സ്വത്ത്/സ്ഥലം വാങ്ങിയവന്‍ വിരല്‍ കടിക്കുമ്പോള്‍ ഇക്കൂട്ടര്‍ ഒന്നും അറിയാത്ത ഭാവം നടിക്കും. കപടന്മാരുടെ ദുര്‍ഗുണങ്ങളാണിവയെല്ലാം. യഥാര്‍ഥ മുസ്‌ലിമില്‍ ഇതൊരിക്കലും ഉണ്ടാവാന്‍ പാടില്ല.

'തലേക്കെട്ട്' എന്ന അലങ്കാരപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു രീതിയുണ്ട്. വസ്തുവിന് ഒരാവശ്യക്കാരനുണ്ടെന്നും അയാള്‍ നല്ല വിലകൊടുത്ത് വാങ്ങുമെന്നും അറിയുന്ന ഇടനിലക്കാര്‍ ഈ വിവരമൊന്നും അറിയാത്ത ഉടമസ്ഥനോട് നിശ്ചിത വിലയ്ക്ക് വിറ്റു തരാം എന്നു പറയുന്നു. ഇതില്‍ കൂടുതല്‍ കിട്ടിയാല്‍ തങ്ങള്‍ക്കാണെന്ന് പറഞ്ഞ് വെക്കുകയും ചെയ്യുന്നു. സമ്മതം ലഭിച്ചാല്‍ നേരത്തെ കണ്ടുവെച്ച ആവശ്യക്കാരനുമായി കച്ചവടം ഉറപ്പിക്കുന്നു. ഇങ്ങനെ ഒരു വലിയ തുക ലാഭമായി നേടുന്നു.

ഇതില്‍ കച്ചവടത്തില്‍ അനിവാര്യമായ സത്യസന്ധത, വിശ്വസ്തത തുടങ്ങിയ സല്‍ഗുണങ്ങള്‍ ഒട്ടും ഇല്ലെന്നു മാത്രമല്ല, ഉടമസ്ഥന്റെ സാധുത്തരം ചൂഷണം ചെയ്യുക എന്ന പാതകവുമുണ്ട്. അതിനാല്‍ ഉടമസ്ഥനറിയാത്ത ലാഭമുണ്ടാക്കുന്ന ഇത്തരം ഇടപാടുകളെല്ലാം നിഷിദ്ധമാണ്. ഒരു മുതല്‍മുടക്കുമില്ലാതെ മൂന്നും മൂന്നരയും ശതമാനം കമീഷനായി പറ്റുന്നത് പോരാ എന്ന ചിന്ത തന്നെ ആപത്കരമാണല്ലോ. പണം മുടക്കാതെ ലാഭം കൊയ്യുന്ന ഈ പരിപാടി മനസ്സാക്ഷിയുള്ളവര്‍ ആരും അംഗീകരിക്കില്ല.

ചിലപ്പോള്‍ പാര്‍ട്ടിയെ സഹായിക്കാനായി വസ്തു അയാള്‍ വിറ്റതായും, ഉടമ മാറിയതായും വരുത്തി ഇടയാളന്‍ തന്ത്രത്തില്‍ കച്ചവടമടിക്കാറുണ്ട്. പാര്‍ട്ടിയെ ചൂഷണംചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ ഇതിനു വിരോധമില്ല.

ചുരുക്കത്തില്‍ മനസ്സാക്ഷിക്ക് നിരക്കാത്ത, ചൂഷണ ചിന്തയില്‍ നിന്നുണ്ടാകുന്ന എല്ലാ ചെയ്തികളും ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. അധ്വാനവും മുതല്‍മുടക്കുമില്ലാതെ സമ്പാദിക്കാനുള്ള കുറുക്കുവഴിയല്ല, മാര്‍ക്കറ്റ് സജീവമാക്കാനും വാങ്ങാനും വില്‍ക്കാനും സൗകര്യമൊരുക്കുക വഴി ഇടപാടുകള്‍ ത്വരിതപ്പെടുത്താനുമുള്ള സംവിധാനമാണ് ബ്രോക്കറേജ്. ഇതിന് ആവശ്യമായ അറിവും കഴിവും നേടിയാല്‍ മാത്രമേ ലൈസന്‍സും മറ്റു അംഗീകാരവും ലഭിക്കുകയുള്ളൂ. അങ്ങനെ നിയമാനുസൃതമായ ബ്രോക്കറേജ് ഇസ്‌ലാം അനുവദിക്കുന്നു. വഞ്ചനയും കള്ളത്തരങ്ങളും പാടെ നിഷിദ്ധമാക്കിയിരിക്കുന്നു ഇസ്‌ലാം. മഹാ ഭൂരിപക്ഷം ബ്രോക്കര്‍മാരും നിത്യവൃത്തിക്ക് വേണ്ടിയാണ് ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍, മറ്റെല്ലാ മേഖലകളെയും പോലെ ഇവിടെയും ചിലര്‍ക്ക് ധാരാളം സമ്പാദിക്കാന്‍ ഭാഗ്യമുണ്ടാവും. ഓഫീസും മറ്റും ഒരുക്കി വ്യവസ്ഥാപിതമായി ഇടപാടുകള്‍ നടത്തുന്നവരാണ് പൊതുവില്‍ നല്ല വരുമാനമുള്ളവര്‍. നിയമാനുസൃതം നടത്തുന്ന ഇത്തരം പ്രവൃത്തിയില്‍ ആക്ഷേപാര്‍ഹമായി ഒന്നുമില്ല. 

മരിച്ചയാളുടെ സ്വത്ത് വീതം വെക്കേണ്ടതെപ്പോള്‍?

അനന്തരാവകാശ സ്വത്ത് വീതം വെക്കാതെ കെട്ടിക്കിടക്കുന്നത് പലയിടത്തും ഇന്ന് സാധാരണമാണ്. ഉപ്പ മരിച്ചാല്‍ ഉമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഉമ്മയുള്ള കാലം വരെ ഉപ്പയുടെ സ്വത്ത് പലയിടത്തും വീതം വെക്കാറില്ല. ഉമ്മയുടെ കാലം കഴിഞ്ഞിട്ടാവാമെന്നാണ് പലരും പറയാറ്. ഇങ്ങനെ സ്വത്ത് പല വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു. ചിലയിടത്ത് തറവാട്ട് വീട്ടില്‍ താമസിക്കുന്നവര്‍ മാത്രം അതുപയോഗിക്കുന്നു. മറ്റു ചിലേടത്ത് ചിലര്‍ മാത്രവും. അതുപോലെ ഉമ്മയും ഉപ്പയും മരിച്ചാല്‍ പോലും ആ സ്വത്ത് വീതം വെക്കുന്നത് വരെ തറവാട്ടില്‍ താമസിക്കുന്നവര്‍ മാത്രം ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഇസ്‌ലാമിക വിധി എന്താണ്? മരണപ്പെട്ടയാളുടെ സ്വത്ത് എത്രയും പെട്ടെന്ന് അനന്തരാവകാശികള്‍ക്ക് വീതം വെക്കുകയല്ലേ വേണ്ടത്? ഉമ്മ ജീവിച്ചിരിക്കെ ഉപ്പയുടെ സ്വത്ത് വീതം വെക്കുന്നത് മോശമായി കാണുന്ന രീതി ഇസ്‌ലാമികമാണോ?

         വളരെ അപകടകരമായ ഒരു വിഷയമാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചത്. ഇതില്‍ പതിയിരിക്കുന്ന ഒന്നാമത്തെ നിഷിദ്ധം അനാഥരുമായി ബന്ധപ്പെട്ടതാണ്. സ്വത്തിന്റെ അവകാശികളില്‍ പ്രായപൂര്‍ത്തിയാവാത്ത സന്താനങ്ങളുണ്ടാവുമല്ലോ. അവരുടെ അവകാശം പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പകരം അനാഥരുടെ സ്വത്ത് അനര്‍ഹമായി ഭക്ഷിക്കുകയാണെങ്കില്‍ നരകത്തീയാണവര്‍ വയറില്‍ നിറക്കുന്നതെന്ന് ഖുര്‍ആന്‍ താക്കീതു ചെയ്യുന്നുണ്ട്.

രണ്ടാമത്തെ നിഷിദ്ധം അന്യന്റെ സമ്പത്ത് അനര്‍ഹമായി ഭുജിക്കുന്നതാണ്. ഓഹരി വെക്കാത്ത കാലത്ത് കൃത്യമായി കണക്കില്ലാതെ, കൂട്ടത്തില്‍ ആരുതന്നെ അനുഭവിച്ചാലും അത് നിഷിദ്ധം ഭുജിക്കലാണെന്നതില്‍ രണ്ടു പക്ഷമില്ല. ഉപ്പയുടെ സ്വത്ത് ഉമ്മയുടെ കാലശേഷം ഓഹരിവെച്ചാല്‍ മതി എന്നത് കേവലം ഒരു മധുരവാക്ക് മാത്രമാണ്. ഫലത്തില്‍ സംഭവിക്കുക മറ്റൊന്നാണ്. സ്വാഭാവികമായി ഉമ്മയോട് എല്ലാ മക്കളും ഒരേ മാതിരിയല്ല പെരുമാറുക. അതിനാല്‍ മക്കളെ വിവിധ തട്ടുകളിലാക്കി ചിലര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നവരായിരിക്കും അധിക ഉമ്മമാരും. ഇത് നിഷിദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. അനന്തര സ്വത്ത് അനുഭവിക്കുന്നതില്‍ ഈ അനീതി കയറിവരുന്നു. കുടുംബത്തില്‍ അധികപേരും ഹറാം തിന്നുന്ന അവസ്ഥ സംജാതമാവുകയെന്നതാണ് ഓഹരി വെക്കാന്‍ വൈകിക്കുന്നതിന്റെ അനന്തരഫലം. 

മറ്റൊരു പ്രധാന ദൂഷ്യം, ഇത് സമ്പത്തിന്റെ വളര്‍ച്ച നശിപ്പിച്ചുകളയും എന്നതത്രേ. സമ്പത്ത് സമൂഹത്തിന്റെ നന്മക്ക് പ്രയോജനപ്പെടുത്താനുള്ളതാണല്ലോ. അത് നശിപ്പിക്കുന്നത് ഇസ്‌ലാമില്‍ വലിയ കുറ്റമാണ്. 

ഓഹരി നിജപ്പെടുത്തിയാല്‍ ഓരോരുത്തരും തങ്ങളുടെ വിഹിതം വികസിപ്പിച്ചെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. ഓഹരി വെക്കാതിരുന്നാല്‍ കൂട്ടു സ്വത്തല്ലേ അതില്‍ അധ്വാനിച്ചിട്ടെന്തു കാര്യം എന്നാണ് എല്ലാവരും ചിന്തിക്കുക. ഇത് സ്വത്ത് നശിച്ചുപോകാന്‍ കാരണമാകും.

പിതാവ് മരിച്ചാല്‍ മക്കളുള്ളപ്പോള്‍ മാതാവിന് എട്ടിലൊന്ന് മാത്രമേ ഓഹരിയായി ലഭിക്കാനുള്ളൂ. ഓഹരി വെച്ചാല്‍ ഉമ്മയുടെ ഭാഗം ആരും ശ്രദ്ധിക്കില്ല എന്നാണ് ആക്ഷേപമെങ്കില്‍ ഉമ്മാക്ക് ശേഷം ഓഹരി വെക്കാന്‍ നിശ്ചയിച്ചാല്‍ എട്ടില്‍ ഏഴു ഭാഗവും വികസിക്കാതെ കിടക്കും. സാമ്പത്തിക നിയമങ്ങളില്‍ മാതൃകാപരമാണ് ഇസ്‌ലാമിന്റെ രീതികള്‍. അതിന്റെ ഉത്തമ ശിക്ഷണങ്ങള്‍ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബദ്ധശ്രദ്ധരാവണം.

ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്ത് അനന്തരാവകാശികള്‍ക്കുള്ളതാണ്. താമസിയാതെ അതവര്‍ക്ക് ഭാഗിച്ചുകൊടുക്കണം. കുടുംബ ബന്ധം ഭദ്രമായി മുന്നോട്ടുപോകാനും ഇതനിവാര്യമാണ്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ വിഹിതം വികസിപ്പിക്കാന്‍ സൗകര്യമുണ്ടാക്കണം. അതിലൂടെ, അനുവദനീയമായ മാത്സര്യബുദ്ധിയും അധ്വാനശീലവും വര്‍ധിക്കും.

ഇതെല്ലാം സമയത്ത് നടപ്പാക്കാനാണ്, ഉപ്പ മരിച്ചാല്‍ ഉമ്മ മുന്‍കൈയെടുക്കേണ്ടത്. ഇത് നടപ്പാക്കുന്നത് കുടുംബ ബന്ധത്തിന് ഒരു നിലക്കും ദോഷം ചെയ്യില്ല. ഗുണം മാത്രമേ അതുകൊണ്ടുണ്ടാകൂ. ഇസ്‌ലാമിന്റെ നിയമം പാലിക്കുന്നതിലാണ് എല്ലാ ഗുണവും; അത് ലംഘിക്കുന്നതിലല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍