Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

മക്കളെ അറിയാന്‍ 41 ചോദ്യങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         നമ്മുടെ മക്കള്‍ക്ക് അവരെക്കുറിച്ചും അവരുടെ സ്വത്വത്തെക്കുറിച്ചും അറിയാമോ? അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ടോ? ഭാവിയെക്കുറിച്ച ആസൂത്രണം എങ്ങനെ വേണമെന്നും പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്നും അവര്‍ ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരന്‍ ഇതിനകം തന്നെ ആത്മഗതം നടത്തിക്കാണും, 'ഇല്ല, ഇല്ല' എന്ന്. 'അതെ' എന്ന് മറുപടി പറയാന്‍ വളരെക്കുറച്ച് രക്ഷിതാക്കളേ കാണൂ. ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കാനുള്ള മക്കളുടെ വൈമുഖ്യവും തങ്ങളുടെ ഭാവി എങ്ങനെ കരുപ്പിടിപ്പിക്കണമെന്ന അവരുടെ അറിവില്ലായ്മയുമാണ് ഇന്ന് മിക്ക വീടകങ്ങളെയും അലട്ടുന്ന പ്രശ്‌നം. മക്കളെ മനസ്സിലാക്കാനും അവരുടെ അഭിരുചികളും താല്‍പര്യങ്ങളും തിരിച്ചറിയാനും രക്ഷിതാക്കള്‍ക്ക് ഉതകുന്ന ചില നിര്‍ദേശങ്ങള്‍, 41 ഇനങ്ങളുള്ള ചോദ്യാവലിയുടെ രൂപത്തില്‍ ഞാന്‍ സമര്‍പ്പിക്കാം. തന്നെയും മറ്റുള്ളവരെയും കുട്ടിക്ക് മനസ്സിലാക്കാന്‍ സഹായകമായ ഈ ചോദ്യാവലിക്ക് ആരുടെയും ഇടപെടല്‍ഇല്ലാതെ അവന്‍ തന്നെ ഉത്തരമെഴുതട്ടെ. ഉത്തരം കിട്ടിയ ശേഷം അവന്റെ ചിന്താ ചക്രവാളം കൂടുതല്‍ വികസിപ്പിക്കാനും അവന് മാര്‍ഗനിര്‍ദേശമരുളാനും, അവന്‍ നല്‍കിയ മറുപടികളിലും വിവരങ്ങളിലും നിലയുറപ്പിച്ച് നമുക്ക് ചര്‍ച്ചകളാവാം. നമ്മുടെ മക്കളെ നാം വേണ്ടവിധം തിരിച്ചറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ചിലപ്പോള്‍ നാം ഖേദിക്കും. നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പല സവിശേഷ സിദ്ധികളും മക്കള്‍ക്കുണ്ടല്ലോ എന്ന് നാം അതിശയപ്പെടും. മൂന്ന് വിഭാഗങ്ങളായി തിരിച്ച ഈ ചോദ്യാവലി തന്നെയും മറ്റുള്ളവരെയും കുട്ടി മനസ്സിലാക്കുന്ന രീതി, മറ്റുള്ളവരോടുള്ള സമീപനങ്ങളില്‍ കുട്ടി അനുവര്‍ത്തിക്കുന്ന ശൈലി, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ വിശദമായി ഉള്‍ക്കൊള്ളുന്നതാണ്.

ആദ്യ ചോദ്യാവലി: പേര്, ജനനത്തീയതി, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, വീട്ടില്‍ എത്ര അംഗങ്ങള്‍, പിതാവിന്റെ ജോലി, മാതാവിന്റെ ജോലി, സഹോദരന്മാരുടെ എണ്ണം, സഹോദരിമാരുടെ എണ്ണം, കുടുംബത്തില്‍ എത്രാമത്തെ അംഗം, ഏതെങ്കിലും പ്രത്യേക രോഗമുണ്ടോ, താമസിക്കുന്ന വീട്ടില്‍ വല്യുപ്പയോ വല്യുമ്മയോ ഉണ്ടോ, ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആരാണ്, നിന്റെ കാഴ്ചപ്പാടില്‍ സൗഹൃദത്തിന്റെ അര്‍ഥമെന്താണ്, നിനക്കിഷ്ടപ്പെട്ട വിനോദമെന്താണ്, പ്രത്യേക ഹോബി വല്ലതും ഉണ്ടോ, നീ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ ചാനല്‍ ഏതാണ്, വിനോദ യാത്രകളില്‍ അധികവും കൂടെ പോരുന്നവര്‍ ആരാണ്, മാതാപിതാക്കളോടൊപ്പം പുറത്ത് പോവേണ്ടിവരുമ്പോള്‍ നീ പോവാന്‍ ആഗ്രഹിക്കുന്ന ഇടം ഏതാണ്, നിന്റെ കിടപ്പുമുറി മറ്റാരെങ്കിലും പങ്കിടുന്നത് നീ ഇഷ്ടപ്പെടുമോ, സഹോദരന്മാരോടും സഹോദരികളോടും എന്നും വഴക്കിടാറുണ്ടോ?

ഇനി കുട്ടിയുടെ സാമൂഹിക ബന്ധങ്ങളും ആന്തരിക ഭാവങ്ങളും സ്വന്തത്തെ തിരിച്ചറിയാനുള്ള കഴിവും ആരായുന്ന ചോദ്യാവലിയാണ്. സന്ദര്‍ശിക്കുമ്പോള്‍ നിനക്ക് സന്തോഷമേകുന്ന ഇടങ്ങള്‍ ഏതെല്ലാമാണ്, നിന്നെ ഏറെ ഭയപ്പെടുത്തുന്ന കാര്യങ്ങളെന്തൊക്കെ, നീ ഏറെ ഇഷ്ടപ്പെടുന്ന പാഠ്യവിഷയമേത്, അതെന്തുകൊണ്ട്, കുട്ടികളോടോ മുതിര്‍ന്നവരോടോ ആരോടാണ് കൂട്ടുകൂടാന്‍ ഏറെയിഷ്ടം, എന്തുകൊണ്ട്, കൂട്ടുകാരുമൊത്ത് കളിക്കാനോ ഒറ്റക്ക് കളിക്കാനോ ഏതാണിഷ്ടം, ബുദ്ധി വ്യായാമങ്ങളോ കായിക വ്യായാമങ്ങളോ ഏതാണ് കൂടുതല്‍ പ്രിയങ്കരം, ഒന്നിച്ചു കളിക്കുമ്പോള്‍ കളിക്കാരുടെ നേതാവാകാനോ കേവലം ഒരു കളിക്കാരനാവാനോ ഇഷ്ടം, ഒരു കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അറച്ചുനില്‍ക്കാതെ അത് ഉടനെ നിര്‍വഹിക്കാനാണോ, അറച്ചു നിന്ന് നിര്‍വഹണം വൈകിക്കാനാണോ താല്‍പര്യം, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മനഃക്ലേശം തോന്നാറുണ്ടോ, നിന്റെ വസ്ത്രങ്ങളും മറ്റു സ്വന്തം സാധനങ്ങളും തനിച്ചോ മറ്റുള്ളവരെ കൂട്ടിയോ വാങ്ങാനിഷ്ടം, നീ സ്ഥിരമായി സന്ദര്‍ശിക്കുന്ന വ്യക്തി ആരാണ്, നിനക്ക് ഏറെ ദുഃഖനിമിത്തമാകുന്ന സംഭവങ്ങള്‍ ഏതാണ്, നീ ഏറെ ആഗ്രഹിക്കുന്ന പുരസ്‌കാരമേതാണ്, ഏതെങ്കിലും ഒരു വ്യക്തിയോടുള്ള മതിപ്പ് അയാളെ അനുകരിക്കാന്‍ നിന്നെ പ്രേരിപ്പിക്കാറുണ്ടോ, 'അതെ' എന്നാണ് മറുപടിയെങ്കില്‍ അയാളിലെ ഏത് സ്വഭാവമാണ് പകര്‍ത്താന്‍ നീ തെരഞ്ഞെടുക്കുന്നത്?

ഇനിയുള്ള 4 ചോദ്യങ്ങള്‍ അല്‍പം സമയമെടുത്തും നന്നായി ആലോചിച്ചും ഉത്തരമെഴുതേണ്ടവയാണ്. അതിപ്രധാനമായ ഈ ചോദ്യങ്ങള്‍ക്ക് കുട്ടി നല്‍കുന്ന ഉത്തരം അവന്റെ സ്വത്വ വീക്ഷണവും അപരരെക്കുറിച്ചുള്ള കാഴ്ചപ്പാടും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും വിലയിരുത്താന്‍ ഉതകുന്നതാണ്. തന്നെക്കുറിച്ച് 10 വാചകങ്ങള്‍, കുടുംബാംഗങ്ങളെക്കുറിച്ച് തന്റെ ധാരണകള്‍ വിശദീകരിക്കുന്ന 10 വാചകങ്ങള്‍, അടുത്ത വര്‍ഷത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, നാലാമതായി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍.

അവസാനത്തെ ചോദ്യാവലിക്കുള്ള ഉത്തരം പ്രയാസകരമാണെങ്കിലും അതും ചോദിച്ചേ മതിയാവൂ. വ്യക്തിത്വ നിര്‍മിതിയിലെ രചനാത്മകാംശത്തിന് ഊന്നല്‍ നല്‍കാനും നൈരാശ്യവും അകര്‍മണ്യതയും ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് ഒഴിഞ്ഞുനില്‍ക്കാനും ഈ അഭ്യസനം കുട്ടിയെ സഹായിക്കും.

തന്നെ ചൂഴ്ന്നു നില്‍ക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കാനും അവയെ വിജയകരമായി അതിജീവിക്കാനും കുട്ടിയെ പ്രാപ്തനാക്കുന്നത് വീട്ടില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണമാണ്. ഈ ശിക്ഷണത്തോടൊപ്പം വിശ്വാസം, ദൈവാര്‍പ്പണ ചിന്ത, യഥാര്‍ഥ ജീവിത ലക്ഷ്യം എന്നിവ കൂടി അവന്റെ ചിന്താ മണ്ഡലത്തില്‍ പ്രതിഷ്ഠിച്ചാല്‍ അവന്‍ മുതിരും തോറും അവനില്‍ ആത്മവിശ്വാസം വളരുകയും തന്റെ ജീവിത പ്രയാണത്തെക്കുറിച്ച് ശരിയായ ദിശാബോധം അവനില്‍ ഉണ്ടാവുകയും ചെയ്യും. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍