Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

സംസാര വൈഭവം: ഖുര്‍ആനിന്റെ മാര്‍ഗനിര്‍ദേശവും പ്രവാചക മാതൃകയും

ഇബ്‌റാഹീം ശംനാട് /ലേഖനം

         നാമെല്ലാം ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കുന്ന ശ്രേഷ്ഠമായ കഴിവുകളിലൊന്നാണ് സംസാര വൈഭവം. സംസാരത്തിന്റെ ശക്തി ഇതുപോലെ തിരിച്ചറിഞ്ഞ ഒരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിരിക്കുകയില്ല.  അല്ലാഹു മനുഷ്യന് നല്‍കിയ അനേകം   നൈസര്‍ഗിക  സമ്മാനങ്ങളിലൊന്നാണ് സംസാരം. അനവദ്യ സുന്ദരവും രുചികരവുമായ ഒരു വിഭവമാണത്. അതില്‍ എന്ത് വിളമ്പുന്നു എന്നതും എങ്ങനെ വിളമ്പുന്നു എന്നതും പ്രധാനം തന്നെ. സംസാരം നന്നായാല്‍ മനുഷ്യന്റെ ജീവിതം നന്നായി. സംസാരത്തിലൂടെയാണ് നമ്മുടെ ആന്തരിക മൂല്യങ്ങള്‍ പ്രകാശിതമാവുന്നത്. അകത്തുള്ളത് സ്വഛ സുന്ദര മൂല്യങ്ങളാണെങ്കില്‍, സംസാരത്തിലൂടെ പുറത്ത് വരുന്നതും നല്ലതായിരിക്കാനേ വഴിയുള്ളൂ. അതുകൊണ്ട് തന്നെയാവണം സംസാരത്തെക്കുറിച്ച നിരവധി ഉദ്‌ബോധനങ്ങള്‍ ഖുര്‍ആനിലും തിരുചര്യയിലും നമുക്ക് കാണാനാവുന്നത്. ജനങ്ങളോട് നല്ലതു പറയണം എന്ന് കല്‍പിച്ച ഖുര്‍ആന്‍ (2:83) അതുകൊണ്ട് ലഭിക്കുന്ന ഫലം എന്താണെന്നും വ്യക്തമാക്കുന്നു:

''സത്യവിശ്വാസികളേ, അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുവിന്‍. നല്ലത് സംസാരിക്കുവിന്‍. അല്ലാഹു നിങ്ങളുടെ കര്‍മങ്ങള്‍ സംസ്‌കരിക്കും. പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചവനാരോ അവന്‍ മഹത്തായ വിജയം വരിച്ചു'' (അല്‍അഹ്‌സാബ് 70,71).

ധിക്കാരിയായ ഫറോവയുടെ അടുക്കല്‍ പോവുമ്പോള്‍ പോലും മയത്തില്‍ സംസാരിക്കാനാണ് കല്‍പിച്ചത്. ''ഇരുവരും ഫറോവയുടെ അടുക്കലേക്ക് പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ'' (ത്വാഹാ 43,44).

''മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടു പേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്''(അല്‍ഇസ്രാഅ് 23)

വിവരം കെട്ടവരോട് സംസാരിക്കേണ്ടത് എങ്ങനെ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: ''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്മാരെ ഏല്‍പിക്കാതിരിക്കുക. എന്നാല്‍, നിങ്ങള്‍ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും നല്‍കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക'' (അന്നിസാഅ് 5).

വിഡ്ഢികളോട് സംസാരിച്ച് സമയം പാഴാക്കരുത് എന്ന് ഉണര്‍ത്തിയപ്പോള്‍ തന്നെ, പരദൂഷണം, പരിഹാസം തുടങ്ങിയ വിഷബീജങ്ങളെ വളരാന്‍ അനുവദിക്കരുതെന്നും ഖുര്‍ആന്‍ കര്‍ശനമായി നിര്‍ദേശിച്ചു. ഇതെല്ലാം നാവിനെ പ്രോഗ്രാം ചെയ്യാനുള്ള കല്‍പനകളാണ്. ഈ നിര്‍ദേശങ്ങള്‍ സ്വാംശീകരിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തുകയേയുള്ളൂ. ഏത് മതത്തിലെയും ഇത്തരം മൂല്യങ്ങള്‍ മാനവരാശിയുടെ പൊതു പൈതൃകമാണ്. അത് മുറുകെ പിടിക്കാത്തതിന്റെ അനര്‍ഥങ്ങളാണ് നമ്മുടെ അടുക്കള മുതല്‍ നിയമനിര്‍മാണ സഭ വരെ കാണാന്‍ കഴിയുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നാഷ്‌നല്‍ പോലുള്ള ക്ലബ്ബുകള്‍ ഇന്ന് സംസാര വൈഭവം വികസിപ്പിക്കാന്‍ ഉതകുന്ന ധാരാളം പരിശീലന കളരികള്‍ സംഘടിപ്പിക്കാറുണ്ട്. അത്തരം ശില്‍പശാലകളില്‍ പരിശീലിപ്പിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും പുതിയതൊന്നുമല്ലെന്ന് മാത്രമല്ല, പ്രവാചകന്റെ മാതൃകയുമായി താദാത്മ്യപ്പെടുന്നതുമാണ്. സംസാരത്തില്‍  പ്രവാചകന്‍ പാലിച്ച അത്തരം മാതൃകകളിലേക്ക് വെളിച്ചം വീശുന്ന ഏതാനും കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഐ കോണ്‍ടാക്ട് (കണ്ണ് കൊണ്ട് ബന്ധപ്പെടല്‍)

മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സംസാരിക്കുന്ന വ്യക്തിയുടെ ദൃഷ്ടി ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കാതെ  മാറിമാറി എല്ലാവരിലും പതിക്കുന്നതിനെയാണ് ഐ കോണ്‍ടാക്ട് അഥവാ കണ്ണ് കൊണ്ട് ബന്ധപ്പെടല്‍ എന്ന് പറയുന്നത്. പ്രസംഗ പരിശീലന ക്ലാസ്സുകളില്‍ പ്രത്യേകം ഊന്നുന്ന കാര്യവുമാണിത്.  എപ്പോഴും ഒരു വ്യക്തിയെ മാത്രം നോക്കി സംസാരിക്കുന്നത് മറ്റു ശ്രോതാക്കള്‍ക്ക് അസഹനീയമായിത്തോന്നുക സ്വാഭാവികം; അവര്‍ അത് പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും. സംസാരം പുരോഗമിക്കുന്നതിനനുസരിച്ച് നോട്ടം എല്ലാ ശ്രോതാക്കളിലേക്കും തിരിക്കുക. സംസാരിക്കുന്ന വ്യക്തി ഓരോ ശ്രോതാവിനെയും പരിഗണിക്കുന്നു എന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുന്നു.

പ്രവാചകന്‍ (സ) തങ്ങളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം വ്യക്തിപരമായി ഓരോരുത്തരോടും സംസാരിക്കുന്നത് പോലെയാണ് അനുഭവപ്പെടാറുള്ളതെന്ന് അനുയായികള്‍ അനുസ്മരിച്ചിട്ടുണ്ട്. സംസാരിക്കുമ്പോള്‍ നോട്ടം എല്ലാവരിലേക്കും ചെന്നെത്തിയിരുന്നതുകൊണ്ട് തങ്ങളോട് അടുപ്പം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ ആ ശരീരഭാഷയെ മനസ്സിലാക്കുകയായിരുന്നു.

പുഞ്ചിരി തെളിയുന്ന മുഖം 

മറ്റുള്ളവരുടെ ഹൃദയം കവരുന്നതിന് മുഖത്തെ പുഞ്ചിരി നിലനിര്‍ത്തുകയാണ് സംസാരത്തിനുണ്ടാവേണ്ട സവിശേഷ ഗുണം. സദാ പുഞ്ചിരിയില്‍ വിടര്‍ന്ന മുഖമായിരുന്നു പ്രവാചകന്റേത്. വല്ലവനും തിന്മ ചെയ്യുന്നതോ മതനിയമങ്ങള്‍ ലംഘിക്കുന്നതോ കാണുമ്പോഴല്ലാതെ പ്രവാചകന്‍ (സ) മുഖം ചുളിക്കുകയോ കോപിക്കുകയോ ചെയ്തിരുന്നില്ല.

ആത്മനിയന്ത്രണം

ആശയ വിനിമയക്ഷമത വര്‍ധിപ്പിക്കാന്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ചെയ്തികളെ ക്ഷമയോടെ നേരിടാന്‍ അത് നമ്മെ സഹായിക്കും.  നിരവധി സന്ദര്‍ഭങ്ങളില്‍ തന്നോട് അപമര്യാദയായി പെരുമാറിയവരോട് പോലും  നബി (സ) ആത്മനിയന്ത്രണം പാലിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.  പ്രവാചകനോട് പരുഷമായി പെരുമാറിയവര്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ കുലീനത കണ്ട് ലജ്ജിച്ച് തലതാഴ്ത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരിക്കല്‍ തന്നെ ഉപദേശിക്കണം എന്ന അഭ്യര്‍ഥനയുമായി  ഒരു ശിഷ്യന്‍ പ്രവാചകനെ സമീപിച്ചു.  'നിങ്ങള്‍ കോപിക്കരുത്' എന്നായിരുന്നു അയാളോടുള്ള പ്രവാചകന്റെ ഉപദേശം. ഈയൊരൊറ്റ ഉപദേശത്തില്‍ മതിവരാതെ അയാള്‍  മൂന്ന് പ്രാവശ്യം പ്രവാചകന്റെ ഉപദേശത്തിനായി ചോദ്യം ആവര്‍ത്തിച്ചെങ്കിലും, നബി തന്റെ ഉത്തരം അതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു; കൂടുതല്‍ എന്തൊക്കെയോ പറഞ്ഞ് കാര്യത്തിന്റെ മര്‍മം അയാള്‍ക്ക് പിടികിട്ടാതെ പോവരുത് എന്ന് പ്രവാചകന്‍ വിചാരിച്ചത് പോലെ. ഒരൊറ്റ കാര്യം മാത്രം അയാളോട് ആവര്‍ത്തിച്ച് ഉപദേശിച്ചതിലൂടെ അയാളിലെ കോപത്തിന്റെ അഗ്നി അണക്കാന്‍ കഴിഞ്ഞേക്കുമെന്നും പ്രവാചകന്‍ കണക്ക് കൂട്ടിയിരിക്കണം.

ഭാഷാപരമായ പരിജ്ഞാനം 

സംസാരത്തില്‍ മികവ് പുലര്‍ത്താന്‍ ഭാഷാപരമായ പരിജ്ഞാനം അനിവാര്യമാണ്. ധാരാളം പദസമ്പത്ത് ആര്‍ജിക്കുക, അവ ഉപയോഗിച്ച് മനസ്സിലെ ആശയങ്ങള്‍ക്ക് വാചകങ്ങളിലൂടെ മൂര്‍ത്തരൂപം നല്‍കുക. ജനങ്ങളുമായി സംവദിക്കാനും പ്രതിയോഗികളുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാനും ഇത്തരം കഴിവ് അനിവാര്യമാണ്. പ്രവാചക വചനങ്ങള്‍ പരിശോധിച്ചാല്‍ എത്ര ആശയ സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ ഓരോ വചനവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

സ്ഫുടമായ സംസാരശൈലി

അറബികളില്‍ ഏറ്റവും സാഹിത്യ സമ്പുഷ്ടനാണ് താനെന്ന പ്രവാചകന്റെ വാദത്തില്‍ ഒട്ടും അതിശയോക്തിയില്ല. ഏറ്റവും ശുദ്ധവും സ്ഫുടവുമായ ഭാഷയിലായിരുന്നു പ്രവാചകന്‍ സംസാരിച്ചിരുന്നത്. തനിക്കവതരിച്ചു കിട്ടിയ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന അതേ നാവില്‍ നിന്ന് അത്തരം സംസാരമല്ലാതെ പുറത്ത് വരുകയില്ല (ഖുര്‍ആന്‍ 53:3-5). ഏതെങ്കിലും പ്രാദേശികമായ ശൈലിയിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നതെങ്കില്‍ അത് മറ്റു പ്രദേശക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാകുമെന്ന്  മാത്രമല്ല, പ്രവാചകനെ കുറിച്ച മതിപ്പ് കുറയാനും അത് ഇടയാക്കുമായിരുന്നു.

ജനങ്ങളുമായി എങ്ങനെ മാന്യമായി ഇടപഴകണം എന്ന കാര്യത്തില്‍ പ്രവാചകന്‍ (സ) ഏറ്റവും ഉദാത്ത മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 

''തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു'' (68:4). സംസാര രീതി അതിലെ ഒരു ഘടകം മാത്രം. സംസാരത്തിന് ഇത്രയധികം പ്രാധാന്യം കൊടുത്ത മതമോ പ്രത്യയശാസ്ത്രമോ വേറെയുണ്ടോ?  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍