Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

നമ്മുടെ മദ്‌റസകള്‍ കൂടുതല്‍ മനുഷ്യപ്പറ്റുള്ളതാകട്ടെ

സൈത്തൂന്‍ തിരൂര്‍ക്കാട്

നമ്മുടെ മദ്‌റസകള്‍ കൂടുതല്‍ 
മനുഷ്യപ്പറ്റുള്ളതാകട്ടെ

'ഇസ്‌ലാം അനുവദിച്ച ഇടങ്ങള്‍ വിലക്കാന്‍ പൗരോഹിത്യത്തിന് എന്തവകാശം' എന്ന തലക്കെട്ടില്‍ സഫിയ അലി എഴുതിയ ലേഖനം(ലക്കം 2895) വായിച്ചു.

പ്രാഥമിക മദ്‌റസകളെ സംസ്‌കരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് മഹത്തായ പങ്കുവഹിക്കാനുണ്ടെന്ന് സമര്‍ഥിക്കാന്‍ പുരുഷന്മാര്‍ക്കെതിരെ തിരിയുന്നു ലേഖനം, അടുത്ത കാലത്തായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല മദ്‌റസാ പ്രശ്‌നങ്ങളും പുരുഷ കേന്ദ്രീകൃതങ്ങളാണെന്നും അതുകൊണ്ടുതന്നെ ഇവിടെ കൂടുതല്‍ വിജയിക്കുക സ്ത്രീകളാണെന്നും പറയുന്നു. ക്രൂരമായ ശിക്ഷ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ മദ്‌റസാധ്യാപകര്‍ പുറത്താക്കപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മദ്‌റസകളില്‍ സ്ത്രീ സാന്നിധ്യമാണ് വേണ്ടതെന്നും സഫിയ അലി നിര്‍ദേശിക്കുന്നു.

കേരളത്തിലെ സ്‌കൂളുകളിലും മദ്‌റസകളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രൂരശിക്ഷ, പീഡനം തുടങ്ങിയ വിഷയങ്ങളില്‍ പുരുഷന്മാരെ മാത്രം പ്രതികളാക്കി സ്ത്രീകളെ കുറ്റവിമുക്തരാക്കാനുള്ള പ്രവണത ശരിയല്ല. മാത്രമല്ല, ഇക്കാര്യങ്ങളിലെല്ലാം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനും പറ്റില്ല. ലേഖിക പരാമര്‍ശിക്കാതെ പോയ നിരവധി പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഇവയിലെല്ലാം തന്നെ അധ്യാപകന്മാരോടൊപ്പം അധ്യാപികമാരും ഏതെങ്കിലും തരത്തില്‍ പങ്കാളികളാണെന്ന് കാണാന്‍ കഴിയും. അതുകൊണ്ട് സ്ത്രീകള്‍ മദ്‌റസാധ്യാപികമാരായാല്‍ എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ധാരണ ശരിയല്ല. എന്നാലും സ്ത്രീകളുടെ രംഗപ്രവേശം മദ്‌റസകളെ മനുഷ്യപ്പറ്റുള്ളതാക്കാന്‍ ഉപകരിക്കുമെന്ന ലേഖികയുടെ ശുഭപ്രതീക്ഷ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

സൈത്തൂന്‍ തിരൂര്‍ക്കാട്

കാലത്തിന്റെ ചുമരെഴുത്ത് 
മനസ്സിലാക്കിയ  നയസമീപനം

ടുത്ത ചതുര്‍വര്‍ഷത്തില്‍ എസ്.ഐ.ഒ ഊന്നല്‍ നല്‍കുന്ന മേഖലകള്‍ എന്തൊക്കെയെന്ന് പ്രതിപാദിക്കുന്ന നഹാസ് മാളയുടെ അഭിമുഖം ശ്രദ്ധേയമായി. കുറെ പ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തുന്നതിന് പകരം സംഘടന സാധിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന്റെ ആധാരശില എന്തായിരിക്കുമെന്നാണ് അഭിമുഖം സൂചിപ്പിക്കുന്നത്. സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമിടുന്ന ഏതൊരു പ്രസ്ഥാനവും കാലത്തിന്റെ ചുമരെഴുത്ത് വായിക്കാന്‍ സദാ സന്നദ്ധമായിരിക്കണം. അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക ബൗദ്ധിക മേഖലകളെ തൊട്ടറിയാന്‍ കഴിയാത്ത ഒരു നേതൃത്വത്തിനും സാമൂഹിക പരിവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കഴിയുകയില്ല. അതോടൊപ്പം സമൂഹത്തിന്റെ ചിന്താരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതിവിഗതികളും നേതൃത്വം അറിഞ്ഞിരിക്കേണ്ടതുണ്ട്. 'എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്കോ സംഘടനക്കോ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ് പുതിയ മുസ്‌ലിം ബൗദ്ധിക ശക്തി എന്ന് കരുതുന്നത് മൗഢ്യമാണ്'- നഹാസ് മാളയുടെ ഈ അഭിപ്രായം ആധുനിക യുവ സമൂഹത്തിന്റെ നാഡിസ്പന്ദനം വളരെ കൃത്യമായി തൊട്ടറിഞ്ഞുകൊണ്ടുള്ളതാണ്. 

അണികളിലും സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന നവം നവങ്ങളായ ചിന്താഗതികളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംഘടനാ നേതൃത്വങ്ങള്‍ മതിയായ അവബോധം പുലര്‍ത്തുന്നില്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനം തന്നെ നിശ്ചലമാകും. പല സംഘടനകളും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചലനാത്മകത സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നത് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തില്‍ സംഭവിക്കുന്ന പൊരുത്തക്കേട്കാരണമാണ്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു നേതൃനിരയെ വാര്‍ത്തെടുക്കാന്‍ എസ്.ഐ.ഒ ശ്രമിക്കുമെന്ന സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.

പി.എ.എം അബ്ദുല്‍ ഖാദര്‍

കണ്ണുനീര്‍ പടര്‍ത്തിയ മുഖചിത്രം

രപേക്ഷ; ദയവ് ചെയ്ത് മാര്‍ച്ച് 27-ലെ ലക്കത്തിലേതു പോലുള്ള ഫോട്ടോകള്‍ മുഖചിത്രമായി കൊടുക്കരുതേ! യുദ്ധസാമഗ്രികളുടെ മുന്നില്‍ നിന്ന് അല്ലാഹുവിനോട് പ്രതീക്ഷാപൂര്‍വം കൈയുയര്‍ത്തുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രത്തിലേക്ക് അല്‍പനേരം നോക്കിയിരുന്നപ്പോള്‍ നെഞ്ചകം ചീന്തിപ്പറിക്കുന്ന വേദന. ആകാശത്തേക്ക് ഉയര്‍ന്ന കണ്ണുകളാല്‍ അവളെന്തായിരിക്കും അല്ലാഹുവിനോട് യാചിക്കുന്നത്? ആ കണ്ണുകളിലെ വേദനയുടെ തീവ്രത, നിസ്സഹായതയുടെ ആഴം അതെത്ര വലുതാണ്! തന്നാലാവുംവിധം പ്രാര്‍ഥിക്കാന്‍ തിക്കിത്തിരക്കുന്ന മറ്റൊരു കുഞ്ഞുകൈ അതിനടുത്തും. ഒരു ചിത്രത്തിന് ഇത്രയേറെ വേദന പടര്‍ത്താന്‍ കഴിയുമോ? കണ്ണുനീര്‍ പടര്‍ന്ന കണ്ണുകള്‍ കൊണ്ട് പ്രബോധനത്തിന്റെ ഉള്ളടക്കത്തിലേക്ക് പോകാന്‍ ഏറെ സമയമെടുത്തു. അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമാറാകട്ടെ.

ഷംല സനില്‍ കരുവാറ്റ

പെണ്‍മക്കള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍

ക്കം 2893-ലെ പ്രതികരണത്തില്‍ “'എത്രയെത്ര സ്വപ്നങ്ങളുണ്ട് ഞങ്ങള്‍ക്കും' എന്ന സഹോദരി ഉമ്മുമറിയത്തിന്റെ കുറിപ്പ് വായിച്ചപ്പോള്‍ എഴുതാതെയിരിക്കാന്‍ കഴിഞ്ഞില്ല.

സഹോദരിയുടെ അനുഭവങ്ങളുടെ നേര്‍വിപരീതമാണ് എന്റെ അനുഭവങ്ങള്‍. എന്റേത് ലളിത ജീവിതം നയിക്കുന്ന ഒരു പ്രസ്ഥാന കുടുംബമാണ്. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍. സഹോദരിയുടേതെന്ന പോലെതന്നെ ഞങ്ങളുടെ മാതാപിതാക്കളും ഞങ്ങളെ ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിജ്ഞാനങ്ങളും നല്‍കി നല്ല രീതിയില്‍ വളര്‍ത്തി.

മൂന്നു പെണ്‍മക്കള്‍ ഉണ്ടായത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന പൂര്‍ണ വിശ്വാസത്തില്‍ ജീവിക്കുന്ന മാതാപിതാക്കളെയാണ് എനിക്കറിയാവുന്നത്. അവരുടെ ഉറക്കത്തിലെ സ്വര്‍ഗീയ സ്വപ്നങ്ങളാണ് മൂന്നു പെണ്‍മക്കള്‍. പെണ്ണിനെയും ആണിനെയുമെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. അവന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്. അതുകൊണ്ടുതന്നെ അവന്റെ അനുഗ്രഹങ്ങള്‍ക്കായി കാത്തിരിക്കണം. അത് അല്‍പം വൈകിയാണെങ്കിലും നമ്മിലേക്ക് എത്തുക തന്നെ ചെയ്യും.

വിവാഹം ചെയ്യാന്‍ പെണ്‍മക്കള്‍ മാത്രമുള്ള വീടുകള്‍ തേടിവരുന്ന അനേകം ചെറുപ്പക്കാരും നമ്മുടെ നാട്ടിലുണ്ട്. ഒരു നല്ല പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെങ്കില്‍ അവനും അവന്റെ കുടുംബവും സഹജീവികളുടെ സങ്കടങ്ങള്‍ അറിഞ്ഞു തന്നെ പ്രവര്‍ത്തിക്കും. അത്തരക്കാര്‍ തന്റെ ഇണയോടുള്ള കടമകളില്‍ നബിവചനം പ്രാവര്‍ത്തികമാക്കുന്നു. കുടുംബ ജീവിതത്തിന്റെ സുഖവും സന്തോഷങ്ങളും നല്‍കി നല്ല ജീവിതം നയിക്കുന്നു. അല്ലാത്തപക്ഷം അവന് ആ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളില്‍  വിശ്വാസമുണ്ട് എന്ന് പറയാനാവില്ല.

അല്ലാഹുവിന്റെ ഏതൊരു അനുഗ്രഹത്തെയും സന്തോഷപൂര്‍വം സ്വീകരിക്കുക. അവന്റെ പരീക്ഷണങ്ങളില്‍ നാമെല്ലാവര്‍ക്കും വിജയിക്കാന്‍ സാധിക്കട്ടെ.

മുഹ്‌സിന ബിന്‍ത് ഹംസ

'പിടക്കോഴി കൂവരുത്'

'പിടക്കോഴി കൂവരുത്' എന്ന എം.എന്‍ കാരശ്ശേരിയുടെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്ക് നല്‍കിയ മറുപടി (ലക്കം 2892) പ്രശംസനീയമാണ്. സ്ത്രീയെയും പുരുഷനെയും സമൂഹത്തിന്റെ ഇരു ചക്രങ്ങളായി കാണുന്ന ഇസ്‌ലാം അവര്‍ക്ക് തുല്യനീതി ഉറപ്പുനല്‍കുന്നുണ്ട്. ''അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു'' (2:187). ''പുരുഷന്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്'' (4:32) തുടങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഇസ്‌ലാം സ്ത്രീക്കും പുരുഷനും തുല്യനീതി എത്രമാത്രം ഉറപ്പുനല്‍കുന്നുവെന്നത് സ്പഷ്ടമാണ്.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, അവയൊന്നും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കാതെ ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും അനാചാരങ്ങളോടും സ്ത്രീ പുരുഷ അസമത്വങ്ങളോടും വെച്ചുകെട്ടുന്ന കാരശ്ശേരിയെ പോലുള്ളവര്‍ക്ക് ഉചിതമായ മറുപടി തന്നെയായിരുന്നു അത്.

അമീറ ദില്‍ഷാദ്, രിയാദ്

ശ്രദ്ധേയമായ മുഖക്കുറിപ്പ്

ക്കം 2894-ലെ മുഖക്കുറിപ്പ് വായിച്ചു. കാമ്പുള്ള ആശയങ്ങളാണ് വായനക്കാര്‍ക്ക് ഓരോ ആഴ്ചയും മുഖക്കുറിപ്പ് സമ്മാനിക്കുന്നത്. സമുദായം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍, മറന്നുപോകാന്‍ പാടില്ലാത്ത സംഭവങ്ങള്‍, ഉപയോഗപ്പെടുത്തേണ്ട സാധ്യതകള്‍ അങ്ങനെ തുടങ്ങി നാനാ മേഖലകളിലും സ്വീകരിക്കേണ്ട നിലപാടുകള്‍, നടപ്പിലാക്കേണ്ട പ്രവര്‍ത്തന പദ്ധതികള്‍ എല്ലാം തൊട്ടുണര്‍ത്തുന്ന മുഖക്കുറിപ്പിന് നന്ദി.

അബ്ദുല്‍ റസാഖ് പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍