Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

തീര്‍ഥാടകയുടെ കനവുകള്‍

സാറ സുബൈര്‍ കുന്ദമംഗലം /യാത്ര

         ഹുഫൂഫിലെത്തിയപ്പോള്‍ അര്‍ധരാത്രി രണ്ടു മണി. തുഷാരബിന്ദുക്കള്‍ പെയ്തിറങ്ങിയ ഇരുള്‍ മുറ്റിയ രാവ്. 'വെളിച്ചം' തേടിയുള്ള ഞങ്ങളുടെ യാത്രക്ക് ഇനിയും ദൈര്‍ഘ്യമുണ്ട്. ഖത്തര്‍ ബോര്‍ഡറും സുഊദി കസ്റ്റംസും മുറിച്ചു കടന്നത് പെട്ടെന്നാണ്.

ഞങ്ങളുടെ ഡ്രൈവര്‍ സുഡാനിയായ ശാമി അബ്ദുര്‍റഹ്മാന്‍ കടല കൊറിച്ചും ടെലിഫോണ്‍ ചെയ്തും ഉറക്കം മറികടക്കുന്നു. ആരോടാണാവോ അയാള്‍ ഈ പാതിരാവിലും സംസാരിക്കുന്നത്?

ഞങ്ങള്‍ മക്കയിലേക്കുള്ള പാതയിലാണ്. ഞാന്‍ മുഹമ്മദ് അസദിനെ ഓര്‍ത്തു. പാത ദൈര്‍ഘ്യമേറിയതാണ്. പക്ഷേ, ദുര്‍ഘടമല്ല. സഹയാത്രികര്‍ നല്ല ഉറക്കിലാണ്. രിയാദിന്റെ പ്രാന്തം പിന്നിട്ട് ഞങ്ങളുടെ വാഹനം കുതിക്കുന്നു. അങ്ങകലെ ആലക്തിക പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന രിയാദ് നഗരി ഉടുത്തൊരുങ്ങിയ മണവാട്ടിയെപ്പോലെ തോന്നിച്ചു.

പൂര്‍വ ദിക്കില്‍ ബാലാര്‍ക്കന്‍ മിഴി തുറക്കാന്‍ പാടുപെടുകയാണ്. ഹിമശൈലം തീര്‍ത്ത പ്രതിരോധം തട്ടിത്തകര്‍ത്ത്, മങ്ങിയ പീതവര്‍ണമുള്ള സൂര്യ കിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്യാന്‍ വെമ്പുന്നു. പാതയുടെ ഇരുവശത്തും നീണ്ട കരിമ്പാറക്കുന്നുകള്‍. ദൂരെ അങ്ങിങ്ങായി ഒന്ന് രണ്ട് പഴയ കെട്ടിടങ്ങള്‍. വിജനവും പ്രശാന്ത സുന്ദരവുമായ ഈ സ്ഥലം ഏതായിരിക്കും? ഡ്രൈവര്‍ ശാമി കിഴക്കോട്ട് ചൂണ്ടി പറഞ്ഞു: അതാ, അവിടെയാണ് ത്വാഇഫ്.

പ്രതീക്ഷാ നിര്‍ഭരമായ മനസ്സുമായി പ്രവാചകന്‍ സഹായം തേടിച്ചെന്ന ത്വാഇഫ്. പ്രമാണിമാരുടെ പ്രചോദനത്താല്‍ തെരുവ് പിള്ളേര്‍ പ്രവാചകനെ എറിഞ്ഞോടിച്ച നാട്... ചിന്ത നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് പാഞ്ഞു, ലോകാനുഗ്രഹിയും കരുണാസാഗരവും ജനകോടികളുടെ ഹൃദയ വികാരവും 'ജസീറത്തുല്‍ അറബി'ന്റെ ഭാവി അധിപനുമായ പ്രവാചക ശ്രേഷ്ഠനെയാണ് തങ്ങള്‍ കല്ലെറിയുന്നതെന്ന് ആ ജനത ഓര്‍ത്തിരിക്കുമോ? സ്വന്തം പാദങ്ങള്‍ നിണമണിഞ്ഞപ്പോഴും ആ മനുഷ്യസ്‌നേഹി പ്രാര്‍ഥിച്ചില്ലേ: ''നാഥാ! എന്റെ ജനങ്ങള്‍ക്ക് നീ പൊറുത്തു കൊടുക്കണമേ, അവര്‍ അജ്ഞരാണ്.''

ഞങ്ങള്‍ മരുഭൂമിയുടെ മാറിടം കീറി മുറിച്ച് മുന്നേറുകയാണ്. ഇടക്ക് വിശ്രമകേന്ദ്രത്തില്‍ തെല്ലിട നിര്‍ത്തി അംഗശുദ്ധി വരുത്തി പ്രാര്‍ഥിക്കും, വിശപ്പകറ്റും. യാത്ര തുടരും... അമീറിന്റെ സരസവും ഉദ്‌ബോധന പ്രധാനവുമായ സംസാരം യാത്രാ ക്ഷീണമകറ്റി.

'മീഖാത്തിലെ'ത്തിയപ്പോള്‍ ഉച്ചവെയില്‍ മങ്ങിത്തുടങ്ങുന്നു. തീര്‍ഥാടകര്‍ക്ക് ശരീരശുദ്ധി വരുത്തി 'ഇഹ്‌റാമി'ല്‍ പ്രവേശിക്കാന്‍ ഒരുക്കിവെച്ച സൗകര്യങ്ങള്‍ കണ്ടാല്‍ അതിശയിച്ചു പോകും. കുളിച്ച് തൂവെള്ളത്തുണിയുടുത്തും ശരീരം മറച്ചും 'ലബ്ബൈക്ക' പാടുന്ന കൊച്ചു കൊച്ചു സംഘങ്ങള്‍ മാലാഖമാരെ അനുസ്മരിപ്പിച്ചു.

ഇനി ഹറമിലേക്ക് 40 കിലോമീറ്റര്‍ കാണും. ഒരു മണിക്കൂറിനുള്ളില്‍ മക്കയില്‍ എത്തിയേക്കും- ഡ്രൈവര്‍ ശാമി ശുഭാപ്തി പ്രകടിപ്പിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ 'ലബ്ബൈക' ചൊല്ലി. ഞങ്ങളുടെ മുന്നിലും പിന്നിലും തീര്‍ഥാടക വാഹനങ്ങളാണ്. അന്തരീക്ഷത്തില്‍ 'ലബ്ബൈക'യുടെ അലയൊലികള്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ ഇബ്‌റാഹീമിനോട് അല്ലാഹു നിര്‍ദേശിച്ചില്ലേ 'തീര്‍ഥാടനത്തിന് വിളംബരം ചെയ്യണ'മെന്ന്. അങ്ങനെ കാല്‍നടയായും വാഹനം കയറിയും ലോകത്തിന്റെ ഓണംകേറാ മൂലകളില്‍ നിന്നൊക്കെയും ജനകോടികള്‍ ഒഴുകിയെത്തട്ടെ. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്, ഭാഷാ വൈരുധ്യങ്ങള്‍ മറന്ന്, വര്‍ഗ-വര്‍ണ സങ്കുചിതത്വങ്ങള്‍ വെടിഞ്ഞ് അവര്‍ അവിടെ ഒന്നിക്കുകയാണ്. അവരുടെ നാഥനൊന്ന്, ലക്ഷ്യമൊന്ന്, സ്വപ്നമൊന്ന്... ആ ഏകത്വത്തില്‍ അവര്‍ സ്വയം മറന്ന് അലിഞ്ഞില്ലാതാകുന്ന ചേതോഹര കാഴ്ച!

കഫന്‍ പുടവയെ അനുസ്മരിപ്പിക്കുന്ന ഇഹ്‌റാം വസ്ത്രമണിഞ്ഞ് ചരിത്രമുറങ്ങുന്ന മണല്‍ത്തരികളില്‍ പാദമൂന്നിയപ്പോള്‍ അവ്യക്തമായ വിദ്യുത് തരംഗം ശരീരത്തിലൂടെ മിന്നിമറഞ്ഞ പോലെ... ഞാനിപ്പോള്‍ ഭൂമിയിലെ ഏറ്റവും വിശുദ്ധമായ മണ്ണിലാണ്. അരക്ഷിതമായ ലോകത്തിന് നടുവില്‍ സുരക്ഷിതയായി. പ്രപഞ്ചത്തിന്റെ പൊക്കിള്‍ കൊടിയെന്ന് പറയാവുന്ന ആദിപുരാതന നഗരിയില്‍. റബ്ബേ... ഞാനറിയാതെ വിതുമ്പി. ഇവിടെയാണ് സുമയ്യ ബീവി- ഞങ്ങളുടെ ആ പഴയ സഹോദരി- പിടഞ്ഞ് വീണത്. അവരുടെ ഭര്‍ത്താവ് യാസിര്‍ ഇഞ്ചിഞ്ചായി ഇല്ലാതായത്. മകന്‍ അമ്മാര്‍ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്. ബിലാല്‍ ചുട്ടുപഴുത്ത മണ്ണില്‍ വലിച്ചിഴക്കപ്പെട്ടത്... അങ്ങനെയെത്രയെത്ര വിപ്ലവകാരികളുടെ ചെഞ്ചോര വീണ് ചുവന്ന മണ്ണാണിത്! എത്രയെത്ര സ്വപ്നങ്ങളുടെ കനകക്കോട്ടകളാണിവിടെ തകര്‍ന്നു വീണത്...!

ചരിത്രത്തിലെ ഒന്നാമത്തെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍- 'ദാറുല്‍ അര്‍ഖം'- ഞാനോര്‍ത്തു. തമസ്സിന്റെ കോട്ട തകര്‍ത്ത് തൗഹീദിന്റെ വിളക്കുമാടം ഉയര്‍ത്താന്‍ രംഗപ്രവേശം ചെയ്ത പ്രവാചകന്‍. അദ്ദേഹത്തില്‍ വിശ്വസിച്ച അംഗുലീ പരിമിതരായ സാധുക്കള്‍. കൊടിയ പീഡനങ്ങള്‍, പരിഹാസം, അസഭ്യ വര്‍ഷം. 'ഇതെന്തൊരു പരീക്ഷണം! അങ്ങ് ഞങ്ങള്‍ക്ക് വേണ്ടി സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നില്ലേ' എന്ന അനുചരന്മാരുടെ ചോദ്യം. അതിന് ലോകൈക ഗുരുവിന്റെ പ്രതീക്ഷാ നിര്‍ഭരമായ മറുപടി.

ജനങ്ങള്‍ക്ക് വേണ്ടി പടുത്തുയര്‍ത്തപ്പെട്ട ആദിമ ദേവാലയം കണ്ടപ്പോള്‍ കോരിത്തരിച്ചു. ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും മഖാമു ഇബ്‌റാഹീമും.. തീക്ഷ്ണമായ പരീക്ഷണങ്ങള്‍ അതിജയിച്ച് സ്രഷ്ടാവിന്റെ ഇഷ്ടതോഴനായി മാറിയ 'ഖലീലുല്ല'യുടെയും കുടുംബത്തിന്റെയും ത്യാഗ സുരഭിലമായ ജീവിതം അടയാളപ്പെടുത്തിയ നിമിഷങ്ങള്‍. ഇബ്‌റാഹീമിന്റെ ജീവിതം നിരന്തര ചലനമായിരുന്നു. ദൈവമാര്‍ഗത്തിലുള്ള നിലക്കാത്ത ചലനം. രാജ്യാതിര്‍ത്തികള്‍ മുറിച്ച് കടന്നുള്ള സഞ്ചാരങ്ങള്‍. വിസയോ എക്‌സിറ്റ് പെര്‍മിറ്റോ ആവശ്യമില്ലാത്ത യാത്ര. തീര്‍ഥാടകനും നിരന്തര ചലനത്തിലാണ്. ത്വവാഫും സഅ്‌യും മിനയും അറഫയും മുസ്ദലിഫയും ജംറയും നല്‍കുന്ന അധ്യാപനം 'നിന്റെ ദൗത്യം വിശ്രമമല്ല. ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ്' എന്നാണ്. തീര്‍ഥാടനം കഴിഞ്ഞ് സുരക്ഷിതനായി തിരിച്ചെത്തിയാലും അവന് വിശ്രമമില്ല. പ്രവാചകന്റെ അറഫാ മൊഴികള്‍ അവന്റെ കാതില്‍ മുഴങ്ങും: 'ഇതിന് സാക്ഷിയായവര്‍ മറ്റുള്ളവര്‍ക്ക് ഈ സന്ദേശം പകര്‍ന്നു കൊടുക്കുക'. അന്ന് തിരുമൊഴി കേട്ടപാതി, കേള്‍ക്കാത്ത പാതി അനുചരന്മാര്‍ വാഹനം മുഖം തിരിച്ചേടത്തേക്ക് കുതിച്ചു പാഞ്ഞെന്നാണ് ചരിത്രം. കെട്ടിയവരോ കുട്ടികളോ അവര്‍ക്ക് വിഘ്‌നം നിന്നില്ല. സമുദ്രം താണ്ടിക്കടന്നും പര്‍വതാരോഹണം നടത്തിയും ദേശീയതയുടെ വേലിക്കെട്ടുകള്‍ തട്ടിത്തകര്‍ത്തും അവര്‍ മുന്നേറി. ജബലുന്നൂറിലെ 'ഹിറ'യില്‍ നിന്നാരംഭിച്ച് 'അറഫ'യില്‍ നിലച്ച ദിവ്യ സന്ദേശങ്ങളുമായി അവര്‍ ലോകത്തിന്റെ അഷ്ട ദിക്കുകളിലുമെത്തി.

ഇനി, ഞങ്ങളുടെ യാത്ര മദീനയിലേക്കാണ്. ഖുബയിലെത്തിയപ്പോള്‍ മധ്യാഹ്നം. തലക്ക് മീതെ ചുട്ടുപഴുത്ത സൂര്യന്‍. എങ്ങു നിന്നോ ഒഴുകിയെത്തിയ ഇളം കാറ്റ് ചൂടിന്റെ കാഠിന്യം നേര്‍പ്പിച്ചു. ഖുബ പള്ളിക്ക് ചുറ്റും പച്ചപ്പട്ട് പുതച്ച് ചാഞ്ഞ് നില്‍ക്കുന്ന കൊച്ചു മരങ്ങള്‍ ഇളം കാറ്റിന്റെ ഈണത്തിനൊത്ത് മര്‍മരം പൊഴിച്ചു. ഹിജ്‌റയും സൗര്‍ ഗുഹയും സുറാഖത്ത് ബ്‌നു മാലിക്കും ദാതുന്നിതാഖൈന്‍ അസ്മയും ഹൃദയത്തിന്റെ അഭ്രപാളിയില്‍ മിന്നി. അതാ... ആ വഴിയിലൂടെയാണ് തിരുദൂതരും ഹസ്രത്ത് അബൂബക്‌റും മദീനയിലേക്ക് കടന്നുവന്നത്. ദൂരേക്ക് ചൂണ്ടിക്കൊണ്ട് ഞങ്ങളുടെ ഗൈഡ് തുടര്‍ന്നു:

ശുഭ്രവസ്ത്രധാരികളായ ഇരുവരെയും വഹിച്ചുകൊണ്ടുള്ള ഒട്ടകം ഖുബയിലെത്തി. പാതയുടെ ഇരുവശവും ആബാല വൃദ്ധം മദീനാ വാസികള്‍ തടിച്ചുകൂടിയിരുന്നു. തിരുദൂതരെ ഒരു നോക്ക് കാണാനായി മട്ടുപ്പാവില്‍ കയറിനിന്ന സ്ത്രീകള്‍ യസ്‌രിബിലെ 'ചന്ദ്രോദയ'ത്തെക്കുറിച്ച് പാടി: 'ത്വലഅല്‍ ബദ്‌റു അലൈനാ...' ഖുബായില്‍ തമ്പടിച്ച പ്രവാചകന്‍ അവിടെ ഒന്നാമതായി ചെയ്തത് പള്ളിക്ക് തറക്കല്ലിടുകയാണ്. 'തഖ്‌വ'യുടെ അടിസ്ഥാനത്തില്‍ പണിത പള്ളി. വിനാശത്തിന് വേണ്ടി കെട്ടിപ്പൊക്കപ്പെട്ട ഏത് ഗോപുരവും 'തഖ്‌വ'യുടെ മുന്നില്‍ തകര്‍ന്നുവീഴുമെന്നാണ് ഖുബ നല്‍കുന്ന സന്ദേശം.

ഖുബ പള്ളി പോലെ ചരിത്രമുറങ്ങുന്ന മറ്റൊരു പള്ളിയാണ് മസ്ജിദു ഖിബ്‌ലത്തൈന്‍. ഖിബ്‌ല മാറ്റം കേവലം ദിശാമാറ്റം മാത്രമായിരുന്നില്ല. ഇസ്രയേല്‍ ജനതക്ക് നല്‍കിയിരുന്ന ആഗോള നേതൃപദവി അവരില്‍ നിന്ന് പിടിച്ചെടുത്ത് മുസ്‌ലിംകളെ ഏല്‍പിച്ചതിന്റെ വികാരോജ്വലമായ ചരിത്രമാണ് ഇരു ഖിബ്‌ലകളുള്ള പള്ളിയുടേത്.

മക്ക പ്രബോധനത്തിന്റെ കര്‍മഭൂമിയാണെങ്കില്‍ മദീന പോരാട്ടത്തിന്റെ രണഭൂമിയാണ്. യസ്‌രിബിന് 'മദീനത്തുര്‍റസൂല്‍' (പ്രവാചക നഗരി) എന്ന പദവി കൈവന്നത് യാദൃഛികമല്ല. ബോധപൂര്‍വമായ ആസൂത്രണവും, ചെറുത്തുനില്‍പിന്റെ രസതന്ത്രവും അതിന്റെ പിന്നിലുണ്ട്. ബദ്ര്‍, ഉഹുദ്, ഖന്ദഖ്, ഹുനൈന്‍... അങ്ങനെ അസംഖ്യം ചെറുത്തുനില്‍പുകള്‍. 'ഭൂമി പ്രവിശാലമായതോടൊപ്പം കുടുസ്സായി തോന്നിയ' കറുത്ത നാളുകള്‍. മദീനയെ വിഴുങ്ങാന്‍ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം പടച്ചട്ടയണിഞ്ഞ ദുര്‍ദിനങ്ങള്‍.

ബദ്‌റിന്റെ രാഷ്ട്രീയ വിജയം വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ പുതുജാലകം തുറന്നു. എന്നാല്‍ ഉഹുദിന് പറയാനുണ്ടായിരുന്നത് കണ്ണീരിന്റെ കഥയാണ്. ഇസ്‌ലാമിന്റെ വീരപുത്രന്മാരായ ഹസ്രത്ത് ഹംസയുടെയും മിസ്അബിന്റെയും ഖബ്‌റുകള്‍ കണ്ടപ്പോള്‍ അവരുടെ വിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്നില്‍ ഞങ്ങള്‍ മൂകരായി.

റൗളാ ശരീഫില്‍ നമസ്‌കാരവും സിയാറത്തും കഴിഞ്ഞ് മസ്ജിന്നുബവിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പടിഞ്ഞാറന്‍ മാനത്ത് അസ്തമയ ശോഭ. പള്ളിമുറ്റത്ത് കമനീയമായി സംവിധാനിച്ച 'വെള്ളക്കുടകള്‍' ചുരുട്ടിക്കെട്ടിയതോടെ കിഴക്കന്‍ ചക്രവാളത്തില്‍ അമ്പിളിക്കീറ് ദൃശ്യമായി. എങ്ങുനിന്നോ വീശിയ മന്ദമാരുതന്‍ ഞങ്ങളെ തഴുകിത്തലോടി അലക്ഷ്യമായി കടന്നുപോയി...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍