Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

പാറുവമ്മയുടെയും ഹരിദാസിന്റെയും തലമുറ കുറ്റിയറ്റുപോവുകയാണോ?

നാസര്‍ ഊരകം /അനുഭവം

         നാട്ടിലെത്തിയ നാലാം നാള്‍ ഉപ്പയുടെ കൂടെ ഊരകം മലയുടെ താഴ്‌വരയിലുള്ള കൃഷി സ്ഥലത്തെ പണികള്‍ കാണാന്‍ പോയതായിരുന്നു. കൂടെ അനിയന്റെ ആറു വയസ്സുകാരനായ മകന്‍ ഫായിസും കാറില്‍ കയറി. അവിടെ പുതുതായി ഒരു റോഡു  ഉണ്ടാക്കിയപ്പോള്‍ പൊളിച്ചു കളഞ്ഞ ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു. സമയം ഉച്ച കഴിഞ്ഞിരുന്നു ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍. കാറ് നിര്‍ത്തിയ ഉടനെ ഉപ്പ തൊട്ടടുത്ത ചായക്കടയില്‍ പോയി എന്തെങ്കിലും കഴിക്കാനുണ്ടോ എന്നന്വേഷിച്ചു. അവിടെ എല്ലാം തീര്‍ന്നു പോയിരുന്നു. പണിസ്ഥലത്ത് പോയി തൊഴിലാളികളോടു ഉച്ചഭക്ഷണത്തിനു എന്ത് ചെയ്യണമെന്നു ചോദിച്ചപ്പോള്‍ അവരുടെ മേസ്ത്രി അയ്യപ്പന്‍ പറഞ്ഞു:  ''ഞങ്ങള്‍ക്ക് പാറു അമ്മ കഞ്ഞി വെച്ചു തന്നല്ലോ.'' 

''അതെയോ. ഞാന്‍, നിങ്ങള്‍ ഒന്നും കഴിച്ചില്ലെന്നു കരുതിയാ ഓടിപ്പോന്നത്.'' ഉപ്പ പറഞ്ഞു: തൊട്ടടുത്തൊന്നും ഹോട്ടലുകളില്ലാത്തതിനാല്‍ തൊഴിലാളികള്‍ക്കെങ്ങനെ ഭക്ഷണം നല്‍കും എന്നത് ഉപ്പാനെ അലട്ടിയിരുന്ന ഒരു പ്രശ്‌നമായിരുന്നു. അത് പരിഹരിച്ചല്ലോ എന്ന ആശ്വാസത്തില്‍ ഉപ്പ ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന ഫായിസിന്റെ അടുത്ത് ഏതാനും നൂറിന്റെ നോട്ടുകള്‍ എടുത്ത് കൊടുത്തു താഴെ വീട്ടില്‍ താമസിക്കുന്ന പാറു അമ്മക്ക് കൊടുക്കാന്‍ ഏല്‍പിച്ചു. പണവും കൊണ്ടുപോയ ഫായിസ് ഉടനെ തന്നെ തിരിച്ചു വന്നു. പാറു അമ്മ കാഷ് വാങ്ങിയില്ലെന്ന് പറഞ്ഞു ആ പണം ഉപ്പാക്ക് തിരിച്ചു കൊടുത്തു. ഞാന്‍ വിചാരിച്ചത് കൊടുത്ത കാഷ് മതിയാകാത്തതുകൊണ്ടായിരിക്കാം തിരിച്ചയച്ചത് എന്നാണ്. പിന്നാലെ പാറു അമ്മ വന്നു പറഞ്ഞു. ''ഹാജിയാരാപ്പളേ, ഇങ്ങളെ വെറകും കെണറ്റിലെ വെള്ളവും അല്ലേ ഞങ്ങള്‍ കൊറെ കാലമായി വെച്ചുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്, എന്നിട്ടു ഞാന്‍ രണ്ട് നാഴി കഞ്ഞി വെച്ചീന് ങ്ങളെടെന്ന് പൈസ വാങ്ങ്വേ, അത് ഞാന്‍ ചെയ്യീല്ല.'' എന്റെ  പിന്നില്‍ ചെങ്കുത്തായി നില്‍ക്കുന്ന ഊരകം മലയെ പോലെ ഒരു മഹാ മനുഷ്യനായിട്ടാണ് ആ നിമിഷം പാറു അമ്മയെ എനിക്കു കാണാന്‍ കഴിഞ്ഞത്.

 പാറു അമ്മ പോയതിന് ശേഷം അയ്യപ്പന്‍ പറഞ്ഞു: ''ഹാജിയാരേ,  കല്ലുകള്‍ തികയാത്തതിന് ഞാന്‍ ഹരിദാസന്റെ അടുക്കന്ന് കുറച്ചു കല്ലുകള്‍ എടുത്തിട്ടുണ്ട്. അതിനെന്തെങ്കിലും അവന് കൊടുത്തേക്ക്.''  ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തു താമസിക്കുന്ന ഹരിദാസിന്റെ വീട്ടില്‍ പോയി അയാള്‍ക്ക് കല്ലിന്റെ പണം കൊടുക്കവെ ഹരിദാസനും പണം നിരിസിച്ചുകൊണ്ടു പറഞ്ഞു: ''ഹാജിയാരാപ്പളേ, ആ കല്ലുകള്‍ ഞാന്‍ നിങ്ങളെ ക്വാറീന്നു പൊറുക്കി വെച്ചതല്ലേ, അതിനെങ്ങനെ ഞാന്‍  നിങ്ങളോട് വില വാങ്ങാ?''  സ്വന്തം രക്തബന്ധങ്ങള്‍ പോലും സ്‌നേഹബന്ധങ്ങള്‍ക്ക് വില പറയുന്നത് കണ്ട് ഈ നാട്ടില്‍ സ്‌നേഹവും മൂല്യവും ഇടിഞ്ഞുപോകുന്നുണ്ടെന്നു വിശ്വസിക്കാന്‍ ശ്രമിക്കുന്ന എന്നെ  ഹരിദാസന്റെയും പാറുവിന്റെയും വാക്കുകള്‍  ഇവിടെ നന്മകള്‍ ബാക്കിയുണ്ടെന്ന് മാറി ചിന്തിപ്പിച്ചു.

തിരിച്ചു പോരവെ ഫായിസ് പറഞ്ഞു: ''വല്ലീമ്മ ചൂലു കൊണ്ടുവരാന്‍ പറഞ്ഞീട്ടുണ്ട്.'' തെങ്ങോലകള്‍ ശേഖരിച്ചു അതിലെ ഈര്‍ക്കിലുകള്‍ കൊണ്ട് ചൂലുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന പതിവ് പാറു അമ്മക്കുണ്ട്. നേരത്തെ തൊഴിലാളികള്‍ക്ക് കഞ്ഞി വെച്ചു കൊടുത്തതിന് പണം വാങ്ങാത്ത പാറു അമ്മക്ക് ചൂലിന് എന്തായാലും വില കൊടുക്കണം എന്ന് കരുതി ഞാന്‍ തന്നെ ചൂല് വാങ്ങാന്‍ പാറു അമ്മയുടെ വീട്ടില്‍ പോയി. ഉമ്മാക്കു ചൂലു വേണം പാറു അമ്മേ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു 'അതു ഞാന്‍ ങ്ങളെ വണ്ടിന്റെ അടുത്ത് വെച്ചിട്ടുണ്ട്.' 'ആര് പറഞ്ഞിട്ടാ വെച്ചതെ'ന്ന് അറിയിച്ചപ്പോള്‍ പാറു അമ്മ: 'അതിങ്ങളെ മ്മാക്ക് ആവശ്യണ്ടന്ന് എനിക്കറിയവുന്ന കാര്യല്ലെ.' എന്റെ കയ്യിലെ നോട്ടുകളിലേക്ക് നോക്കി  അവര്‍ പറഞ്ഞു: ''ങ്ങളെ തെങ്ങിന്റെ ഓല കൊണ്ടുണ്ടാക്കിയ ചൂലിന് പൈസ തരരുത്'' എന്നും കൂടി പറഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്ത നോട്ടുകള്‍ ഞാന്‍ തിരിച്ചു വെച്ചു. ഈ മഹാ മനസ്സിനു ഞാന്‍ കൊടുക്കുന്ന പണം അപമാനിക്കലായിരിക്കുമെന്നാണെനിക്കു തോന്നിയത്.

ഒരു കാലത്ത് നാട്ടിലെ മനുഷ്യരെല്ലാം ഇങ്ങനെ പരസ്പരം എല്ലാം പങ്കു വെച്ചു തന്നെയായിരുന്നു ജീവിച്ചിരുന്നത്. ഗള്‍ഫിലേക്കു പോകുന്നതിനു മുമ്പ് ഇത്തരം അനുഭവങ്ങള്‍ 'അനുഭവമായി' പോലും തോന്നാറില്ലായിരുന്നു. എന്നാല്‍ ഇടക്കിടക്ക് നാട്ടില്‍ വരുമ്പോള്‍ പരസ്പരമുള്ള സ്‌നേഹബന്ധങ്ങള്‍ കുറഞ്ഞുവരുന്നത് അനുഭവപ്പെട്ടു കൊണ്ടിരുന്നു. എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ പെട്ടി വണ്ടിയിലേക്ക് എടുത്ത് വെക്കാന്‍ സഹായിക്കാതെ നോക്കു കൂലി വാങ്ങുന്ന പോര്‍ട്ടര്‍മാരില്‍ നിന്ന് തുടങ്ങി റിയല്‍ എസ്റ്റേറ്റ് ദല്ലാള്‍ മാരില്‍  നിന്നു വരെ ഈ മൂല്യത്തകര്‍ച്ച അനുഭവിക്കുന്നവരാണ് പ്രവാസികള്‍. അതിനിടക്ക് സ്വന്തം ഉടപ്പിറപ്പുകളില്‍ നിന്ന് ഉണ്ടാകുന്ന കണക്കു പറച്ചിലുകളും. തലമുറകള്‍ മാറുമ്പോള്‍ പരസ്പര സഹകരണവും നന്മയും മൂല്യങ്ങളും കുറഞ്ഞു വരുന്നതായി വിശ്വസിക്കാന്‍ ശ്രമിച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍