ഹാഷിംപുര കൂട്ടക്കൊല നഷ്ടപ്പെടുന്നത് നിയമവാഴ്ചയിലുള്ള വിശ്വാസം
നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 21-ന് ദല്‍ഹിയിലെ തീസ് ഹസാരി കോടതി വിധി പറഞ്ഞ ഹാഷിംപുര കൂട്ടക്കൊലക്കേസ് നീതിവാഴ്ചയില്‍ വിശ്വസിക്കുന്നവരുടെ മുഖത്ത് ഭരണകൂടം ഏല്‍പ്പിച്ച മറ്റൊരു പ്രഹരമായി മാറി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതക കേസില്‍ എല്ലാ പ്രതികളെയും കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. കസ്റ്റഡിയിലെടുക്കുന്നവരെ സമയവും സൗകര്യവും ഒത്തുനോക്കി നടുറോഡില്‍ തട്ടിക്കളയുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പില്‍ക്കാലത്ത് ഒരുപാടുണ്ടായെങ്കിലും ഹാഷിംപുര കൂട്ടക്കൊലയേക്കാള്‍ ക്രൂരമായ ഒന്ന് ഇന്ത്യ പിന്നീടൊരിക്കലും കേട്ടിട്ടില്ല. 52 പേരെയായിരുന്നു ജവാന്‍മാര്‍ പിടികൂടി 'വധശിക്ഷ' നടപ്പാക്കിയത്. ഈ സംഭവത്തിലുള്‍പ്പെട്ട പ്രതികള്‍ ആരെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. സംഭവം നടന്നുവെന്നും ഈ കൂട്ടക്കൊല നടത്തിയത് അര്‍ധ സൈനിക വിഭാഗമായ പി.എ.സി ആണെന്നും കോടതി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ചു. പക്ഷേ കൂട്ടക്കൊല നടത്തിയ സൈനികരെ തിരിച്ചറിയാന്‍ കോടതിക്കു കഴിയാത്ത വിധം ഈ കേസ് പ്രോസിക്യൂഷന്‍ തന്നെ നശിപ്പിച്ചതായി കോടതി കണ്ടെത്തുകയും ചെയ്തു.
1987 മെയ് 23-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റമദാനിലെ അല്‍വിദാഅ് (വിടവാങ്ങല്‍) വെള്ളിയാഴ്ച കൂടിയായിരുന്നു അന്ന്. ഉത്തരേന്ത്യയിലെ കഠിനമായ ചൂടും ദൈര്‍ഘ്യം കൂടിയ പകലും ഹാഷിംപുരയെ ആലസ്യത്തിലേക്ക് തള്ളിയിടാന്‍ തുടങ്ങിയിരുന്നു. നഗരത്തില്‍ ദിവസങ്ങളായി തുടരുന്ന കര്‍ഫ്യൂ ജനങ്ങളെ വീടുകള്‍ക്കകത്ത് തന്നെ തളച്ചിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പട്ടാളത്തിന്റെ റോന്തുചുറ്റലും പോലീസിന്റെ അസ്വാഭാവികമായ നീക്കങ്ങളും മൊഹല്ലയില്‍ സജീവമായിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് വളപ്പിനകത്ത് ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ബി.ജെ.പിയുടെ അയോധ്യാ ശിലാപൂജകള്‍ നാടൊട്ടുക്കും നടക്കുന്നു. മുസ്‌ലിംകളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ പോലീസും സൈന്യവുമൊക്കെ പതിവില്‍ കവിഞ്ഞ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. വര്‍ഗീയ സംഘര്‍ഷം കത്തിച്ചെടുക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നീക്കങ്ങളും സജീവമായിരുന്നു. ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മിക്കപ്പോഴും സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. അത്തരത്തിലൊരു സംഘര്‍ഷം മീറത്ത് നഗരത്തിലും ഉണ്ടായിരുന്നതൊഴിച്ചാല്‍ ചുറ്റിലും ഹിന്ദുകോളനികളുണ്ടായിട്ടും ഹാഷിംപുരയില്‍ പക്ഷേ അസാധാരണമായ ഒന്നും സംഭവിച്ചിരുന്നില്ല എന്നാണ് ഇരകളുടെ സാക്ഷ്യം.
ഹാപ്പൂര്‍ റോഡില്‍ ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്ന കോളനികളിലൊന്ന് മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന കിംവദന്തി ഇതിനിടെ പ്രചരിച്ചു. പക്ഷേ ഇത്തരം വാര്‍ത്തകളുടെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഒരു മാര്‍ഗവും അക്കാലത്ത് ഉണ്ടായിരുന്നില്ല. മൊബൈല്‍ എസ്.എം.എസുകള്‍ ഇല്ലാതിരുന്നിട്ടും നുണപ്രചാരണങ്ങള്‍ കാറ്റുപോലെ പടര്‍ന്നപ്പോള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളുടെ ഉള്‍മടക്കുകളില്‍ വര്‍ഗീയതയുടെ തീയാളാന്‍ തുടങ്ങി. നഗരത്തില്‍ പലയിടത്തും മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം നടന്നു. 10 പേര്‍ കൊല്ലപ്പെട്ടതോടെ നഗരം കര്‍ഫ്യൂവിന്റെ പിടിയിലമര്‍ന്നു. നഗരങ്ങളെ കാത്തുരക്ഷിക്കാനായി അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗ് മീറത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗം അനുസ്മരിപ്പിച്ചത്, ഗുജറാത്ത് കലാപകാലത്ത് അന്നത്തെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തുവെന്ന് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ തന്നെ ആരോപിച്ച വര്‍ഗീയ ഗൂഢാലോചനകളെയായിരുന്നു. അന്നത്തെ മീറത്ത് എം.പി മുഹ്‌സിനാ കിദ്വായിയെയും പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെയും മുഖ്യമന്ത്രി ഈ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണമെന്ന ചില രാഷ്ട്രീയ നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടത് വീര്‍ ബഹാദൂര്‍ സിംഗ് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തിലായിരുന്നു. നഗരത്തിന്റെ നിയന്ത്രണം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തെ ഏല്‍പ്പിക്കാന്‍ ധാരണയായി. സി.ആര്‍.പി.എഫ് ജവാന്മാര്‍ പി.എ.സിയെ സഹായിക്കണമെന്നും ധാരണയായി. എത്രത്തോളമെന്നുവെച്ചാല്‍ മീറത്തിനു ചുറ്റുമുള്ള പ്രധാന മുസ്‌ലിം പോക്കറ്റുകളെ പി.എ.സി വളയുമ്പോള്‍ ഹിന്ദുക്കള്‍ കലാപത്തിന് രംഗത്തിറങ്ങണമെന്നും അവരെ തിരിച്ചറിയാന്‍ ബനിയന്‍ മാത്രം ധരിച്ചാല്‍ മതിയെന്നും രാഷ്ട്രീയ മോലാളന്മാര്‍ തീരുമാനിച്ചു.
22-ാം തീയതിയോടെ ഹാഷിംപുര പട്ടാളത്തിന്റെ നിയന്ത്രണത്തിനു കീഴിലായി. 23-ന് അസര്‍ നമസ്‌കാരം കഴിഞ്ഞതോടെ പി.എ.സിയും പട്ടാളവും ഹാഷിംപുരയെ നാലുഭാഗത്തു നിന്നും വളഞ്ഞു. വീടുകളില്‍ നിന്ന് പുരുഷന്മാരെ ഒന്നൊഴിയാതെ വളഞ്ഞു പിടിച്ച് പുറത്തെ മെയിന്റോഡിലേക്ക് കൊണ്ടുവന്നു. പട്ടാളക്കാര്‍ വീടുകളില്‍ ഭീകരാന്തരീക്ഷമായിരുന്നു അന്ന് സൃഷ്ടിച്ചതെന്നും തടവിലെടുക്കുന്നവരെ ഒരു കാരണവുമില്ലാതെ അടിച്ചു ചതക്കുകയായിരുന്നുവെന്നും മൊഴി നല്‍കുന്നവരുണ്ട്. സി.ആര്‍.പി.എഫുകാര്‍ വീടുകള്‍ക്കു മുകളില്‍ കയറി കാവല്‍ നിന്നപ്പോള്‍ പി.എ.സി ജവാന്മാര്‍ ലക്കും ലഗാനുമില്ലാതെ വീടുകളില്‍ കയറി അഴിഞ്ഞാടുകയായിരുന്നു. തീരെ ചെറിയ കുട്ടികളെ മാത്രം ഒഴിവാക്കി എല്ലാ പുരുഷന്മാരെയും പി.എ.സിക്കാര്‍ വളഞ്ഞു പിടിച്ചു. റമദാന്‍ വ്രതം അനുഷ്ഠിച്ചിരുന്ന ഈ ആളുകളെ റോഡില്‍ മണിക്കൂറുകളോളം കുനിച്ചിരുത്തി. അതിനിടയില്‍ തന്നെ ഹോക്കി സ്റ്റിക്കു മുതല്‍ തോക്കിന്റെ ബയണറ്റ് വരെ ഉപയോഗിച്ച് ഈ തടവുകാരെ മൃഗങ്ങളെ പോലെ തല്ലിച്ചതച്ചു. നോമ്പ് തുറക്കാനുള്ള വെള്ളം ചോദിച്ചവര്‍ക്കായിരുന്നു കൂടുതല്‍ മര്‍ദനമേറ്റത്. കുട്ടികളെ കൊണ്ടുപോയി നിങ്ങള്‍ എന്തു ചെയ്യാനാണെന്ന് ഇതിനിടെ ഏതോ ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ചോദിച്ചു. അതോടെ കാഴ്ചയില്‍ അവശരെന്നു തോന്നിയ വൃദ്ധരെയും വയസ്സു തോന്നിക്കാത്ത കുട്ടികളെയും പി.എ.സിക്കാര്‍ മാറ്റി നിര്‍ത്തി. ശേഷിച്ചവരെ പി.എ.എസിയുടെ 18 ട്രക്കുകളില്‍ കുത്തിനിറച്ച് ജയിലുകളിലേക്ക് മാറ്റാനാരംഭിച്ചു. ജയിലിലേക്ക് കൊണ്ടുപോകുന്നു എന്നാണ് അറിയിച്ചതെങ്കിലും ആദ്യം നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇവരുടെ യാത്ര. നിരപരാധികളായ ഈ തടവുകാരെ മര്‍ദിക്കാനായി ട്രെയ്‌നി പോലീസുകാര്‍ കാത്തുനിന്നിരുന്നു. സ്റ്റേഷനില്‍ വെച്ചു തന്നെ നാല് പേര്‍ മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. അവസാനത്തെ പി.എ.സി ട്രക്കിലേക്ക് കയറാന്‍ വിധിക്കപ്പെട്ടവരെയാണ് മുറാദ്‌നഗര്‍ കനാലിന്റെ കരയില്‍ കൂട്ടമരണം കാത്തു നിന്നത്. 47 പേരായിരുന്നു ആ സംഘത്തില്‍. ഇവരെ പോലീസ് സ്റ്റേഷനുകളിലേക്കോ ജയിലുകളിലേക്കോ അല്ല കൊണ്ടുപോയത്. ആരുടെയും തല പുറത്തു കാണാത്തവിധം അവരെ ട്രക്കിന്റെ പിന്നില്‍ നിലത്ത് കുനിച്ചിരുത്തി. സൗകര്യപ്രദമായ കൊലനിലം തേടി മണിക്കൂറുകളോളം ഈ ട്രക്കുമായി അലഞ്ഞ പി.എ.എസിക്കാര്‍ ഒടുവില്‍ രാത്രി പത്തു മണിയോടെയാണ് കനാലിന്റെ കരയിലെത്തുന്നത്. ട്രക്കിന്റെ ലൈറ്റുകളണച്ച് മുഹമ്മദ് യാസീന്‍ എന്ന ആദ്യത്തെ ഇരയെ പി.എ.സിക്കാര്‍ വലിച്ചിറക്കി. അയാളെ രണ്ടു പി.എ.സിക്കാര്‍ കൈകള്‍ ഇരുവശത്തേക്കും വലിച്ചുപിടിച്ചു നിര്‍ത്തി മൂന്നാമതൊരാളെ കൊണ്ട് നിറയൊഴിപ്പിക്കുകയായിരുന്നു. ശവം കനാലിലേക്ക് വലിച്ചിട്ടു. യാസീനു പിറകെ കമാലുദ്ദീന്‍. അതിനു പിറകെ സുല്‍ഫിക്കാര്‍ നാസിര്‍. അപ്പോഴേക്കും ട്രക്കിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. അവര്‍ ചാടിയെഴുന്നേറ്റ് ഉറക്കെ ബഹളം കൂട്ടാന്‍ തുടങ്ങി. പിന്നെ ബുള്ളറ്റുകളുടെ പെരുമഴയായിരുന്നു. ട്രക്കിനകത്ത് ആരും അവശേഷിച്ചില്ല എന്ന് ഉറപ്പുവരുത്തുന്നതു വരെ ജവാന്മാര്‍ നിറയൊഴിച്ചു കൊണ്ടേയിരുന്നു.
അഞ്ച് പേര്‍ മാത്രമാണ് ഈ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത്. മുഹമ്മദ് നഈം, മുജീബുര്‍റഹ്മാന്‍, മുഹമ്മദ് ഉസ്മാന്‍, ബാബുദ്ദീന്‍ എന്നിവരും സുല്‍ഫിക്കാര്‍ നാസിറുമാണ് രക്ഷപ്പെട്ടത്. വെടിയുണ്ടകള്‍ ഏറ്റിട്ടും ഇരുട്ടില്‍ പി.എ.സിക്കാര്‍ക്ക് മരണം ഉറപ്പുവരുത്താന്‍ കഴിയാതിരുന്നതാണ് ഈ കേസിന്റെ സാക്ഷികളായി ഇവരെ ബാക്കിനിര്‍ത്തിയത്. അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന നാസറിന്റെ വലതു മുതുകിനു താഴെയായി ശരീരം തുളച്ച് വെടിയുണ്ട കടന്നു പോയി. കനാലിലേക്ക് തൂക്കിയെറിഞ്ഞപ്പോഴും നാസറിനെ ഭാഗ്യം തുണച്ചു. ഒഴുക്കിലേക്കല്ല നാസര്‍ വീണത്. ഒരു പാഴ്‌ച്ചെടിയില്‍ പിടിത്തം കിട്ടിയ നാസര്‍ വെള്ളത്തില്‍ ശരീരമൊളിപ്പിച്ച് അങ്ങനെ കിടന്നു. നാസിറിന്റെ മുകളിലൂടെ ശവങ്ങള്‍ വെള്ളത്തിലേക്ക് മറിഞ്ഞു വീണുകൊണ്ടേയിരുന്നു. ക്രൂരമായ ഫലിതങ്ങള്‍ പറഞ്ഞ് രസിച്ച്, അപ്പോഴും പിടഞ്ഞു കൊണ്ടിരുന്നവരുടെ മരണം ഉറപ്പുവരുത്തി പി.എ.സി ജവാന്മാരുടെ താണ്ഡവം മുന്നോട്ടു പോകുന്നതിനിടെ അപ്രതീക്ഷിതമായി ആ വഴിയെ ഒരു സ്വകാര്യ ലോറി കടന്നുവന്നു. അപകടം മണത്ത പി.എ.സിക്കാര്‍ ഈ വാഹനത്തെ സംഭവസ്ഥലത്തേക്കു വരാതെ തടഞ്ഞു. പീന്നീട് ലൈറ്റുകള്‍ ഓഫ് ചെയ്യിച്ച് ആ വാഹനത്തിന്റെ മുന്നില്‍ തങ്ങളുടെ മരണവണ്ടിയെ മുറാദ്‌നഗര്‍ കനാലിന്റെ കരയില്‍ നിന്ന് അവര്‍ പുറത്തേക്ക് ഓടിച്ചു കയറ്റി. ഈ വാഹനം പോയത് ഗാസിയാബാദിലെ ഹിണ്ടല്‍ കനാലിനു നേരെയായിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഈ കനാലിലാണ് ഒഴുക്കിവിട്ടത്. ഹിണ്ടലിലേക്ക് വലിച്ചെറിയുമ്പോഴും ജീവനുണ്ടായിരുന്നവരില്‍ മറ്റൊരാളാണ് ബാബുദ്ദീന്‍. കേസില്‍ നിര്‍ണായകമായി മാറിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ബാബുദ്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. വിഭൂതി നാരായണ്‍ റായി എന്ന സത്യസന്ധനും നീതിമാനുമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലാണ് ഹിണ്ടല്‍ കനാല്‍ എന്നതു കൊണ്ടു മാത്രമായിരുന്നു കേസ് കോടതിയിലെത്തിയത്. മുറാദ് നഗറിലെ സ്റ്റേഷനിലുള്ളവര്‍ പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായതും റായിയുടെ ഇടപെടല്‍ മൂലമായിരുന്നു.
ഇങ്ങനെയൊരു അറസ്റ്റ് നടത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പി.എ.സി നേരത്തേ തന്നെ നടത്തിയിരുന്നു. പക്ഷേ ഹാഷിംപുരയില്‍ നിന്ന് പി.എ.സിക്കാര്‍ ഇരകളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രവീണ്‍ ജയിന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തി. ഈ ഫോട്ടോകളിലൊന്നില്‍ കൊല്ലപ്പെട്ട യാസീന്‍ എന്ന യുവാവിനെ വ്യക്തമായും കാണാനാവുമായിരുന്നു. ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് പി.എ.സിക്കാര്‍ അടിച്ചു ചതക്കുന്ന ദൃശ്യങ്ങള്‍ പോലും പുറംലോകത്തെത്തി. അര്‍ധസൈനികന്റെ കൈയില്‍ നിയമവിധേയമല്ലാത്ത ആയുധങ്ങള്‍ എങ്ങനെ വന്നു എന്ന ചോദ്യവും നിരായുധരായ ആളുകളെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളുമൊക്കെ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ആ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രവീണ്‍ ജെയിന്‍ കേസിലെ നിര്‍ണായക സാക്ഷിയായി മാറി. കോടതിയില്‍ അന്നത്തെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകളുടെ പ്രിന്റുകള്‍ മാത്രം ഹാജരാക്കിയ പ്രോസിക്യൂഷന്‍ അടിസ്ഥാന തൊണ്ടിയായ നെഗറ്റീവ് പക്ഷേ വിട്ടുകളഞ്ഞു. പക്ഷേ പ്രോസിക്യൂഷനെ ഞെട്ടിച്ച് ആ നെഗറ്റീവുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്കു ശേഷം ഇരകള്‍ക്കു വേണ്ടി ഹാജരാക്കിയത് പ്രവീണ്‍ ആയിരുന്നു. സംഭവത്തിനു പിന്നില്‍ പി.എ.സിയാണെന്ന് കോടതിയില്‍ തെളിയിക്കാനായത് ഈ നെഗറ്റീവുകള്‍ നഷ്ടപ്പെടാതിരുന്നതു കൊണ്ടു മാത്രമായിരുന്നു. അതേസമയം കേസില്‍ ഉള്‍പ്പെട്ട പി.എ.സിയുടെ പട്ടാള വണ്ടിയും ജവാന്മാര്‍ ഉപയോഗിച്ച തോക്കുകളുമൊന്നും സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുക്കുകയോ കേസില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. എല്ലാ രേഖകളും രജിസ്റ്ററുകളും പ്രതികള്‍ക്ക് അനുകൂലമായി പി.എ.സി തിരുത്തിയെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഏകദേശം വിചാരണ 18 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ഈ കൊലവണ്ടി പ്രോസിക്യൂഷന്‍ കണ്ടെത്തിയതു തന്നെ. വൃന്ദഗോവര്‍ എന്ന അഭിഭാഷകയുടെ നിരന്തരമായ ശ്രമഫലമായിരുന്നു ഈ വണ്ടി കണ്ടെത്തിയത്. അത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പക്ഷേ ആ വണ്ടിയില്‍ അന്നത്തെ വെടിപ്പാടുകള്‍ മറച്ചുവെച്ച നിലയില്‍ ബാക്കിയുണ്ടായിരുന്നു.
പക്ഷേ, എല്ലാറ്റിനുമൊടുവില്‍ വന്ന വിധി ഹാഷിംപുരയുടെ കാത്തിരിപ്പിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. വെടിവെച്ച ജവാന്മാര്‍ ആരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇവരെ തിരിച്ചറിയുക എന്ന സാഹസം ഇരകളെ സംബന്ധിച്ചേടത്തോളം അസാധ്യമായിരിക്കാം. പക്ഷേ ചെലവാക്കുന്ന ഓരോ ഉണ്ടയും രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന സൈനിക സംവിധാനത്തിന് ഈ കുറ്റവാളികളെ ചൂണ്ടിക്കാട്ടാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ലെന്ന് വൃന്ദ ചൂണ്ടിക്കാട്ടുന്നു.
ഹാഷിംപുര കൂട്ടക്കൊല കേസില്‍ ഇനിയും കോടതി കയറാത്ത അധ്യായങ്ങള്‍ ബാക്കിയുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ കേസില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെട്ടു. ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും താഴെ തട്ടിലുള്ള ജവാന്‍മാര്‍ക്കും കോണ്‍സ്റ്റബിള്‍മാര്‍ക്കും ഇങ്ങനെയൊരു കൂട്ടക്കൊല നടത്താന്‍ പോലീസ് സംവിധാനത്തിനകത്ത് കഴിയില്ല എന്നുമാണ് വിഭൂതി നാരായണ്‍ റായി ഇന്നും ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു. കേസില്‍ അന്വേഷിക്കാത്ത മറ്റൊരു അധ്യായമാണ് ജയിലിലും പോലീസ് സ്റ്റേഷനിലും കൊല്ലപ്പെട്ടവര്‍. പോലീസ് സ്റ്റേഷനില്‍ അന്നു രാത്രി നടന്ന കിരാത മര്‍ദനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ ശവങ്ങള്‍ മൂന്നാം ദിവസം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നേരെ ഖബ്ര്‍സ്ഥാനിലേക്ക് എത്തിച്ചു. 'നിങ്ങള്‍ക്കുള്ള പെരുന്നാള്‍ സമ്മാനം തയാറായിട്ടുണ്ട്, വന്ന് ഏറ്റുവാങ്ങിക്കോളൂ' എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഈ മൃതദേഹങ്ങളെ വിശേഷിപ്പിച്ചതത്രേ. ഹാഷിംപുരയിലെ സൂതികര്‍മിണി ശക്കീലയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മരിച്ചവരുടെ, മര്‍ദനമേറ്റു ചതഞ്ഞ മുഖവും ശരീരവും ബന്ധുക്കള്‍ കാണാതിരിക്കാന്‍ തുണി കൊണ്ട് മറച്ചിരുന്നു. അവരുടെ കാലുകള്‍ നോക്കി മൃതദേഹങ്ങള്‍ തിരിച്ചറിയാനായിരുന്നു പോലീസിന്റെ നിര്‍ദേശം.
പി.എ.സി ജവാന്മാര്‍ വിളിച്ചിറക്കി കൊണ്ടുപോയവരില്‍ 24 പേരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. അവര്‍ മരിച്ചുവെന്ന് സര്‍ക്കാറിന്റെ രേഖകളിലില്ല. മരണവണ്ടിയില്‍ ഇവരെയും കയറ്റിയിരുന്നുവെന്ന ചില സാക്ഷിമൊഴികളാണ് അവര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നല്‍കുന്നത്. കനാലില്‍ ഒഴുകിപ്പോയിരിക്കാന്‍ ഇടയുള്ള ഈ മൃതദേഹങ്ങള്‍ കണ്ടെടുക്കാനോ ഇവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്താനോ സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ സര്‍ക്കാറുകള്‍ ഒരിക്കലും തയാറായില്ല. നിഷേധിക്കപ്പെട്ട നീതിയുടെ പില്‍ക്കാല ഇരകളായി മാറിയവരുമുണ്ട്. 28 വര്‍ഷം ഇഴഞ്ഞു നീങ്ങിയ വിചാരണക്കു ശേഷം സംശയത്തിന്റെ ആനുകൂല്യം നല്‍കി പി.എ.സി ജവാന്മാരെ കോടതി വിട്ടയക്കുമ്പോള്‍ സറീനയുടെ മനസ്സില്‍ നിസ്സംഗത. കേസ് നടത്തിപ്പില്‍ മനംമടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ ആത്മഹത്യ ചെയ്ത ഭര്‍ത്താവ് ഈ വിധി കേള്‍ക്കാന്‍ ജീവിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നിരാശനായേനെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും മുറാദ് നഗര്‍ കനാല്‍ സംഭവത്തില്‍ കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഹാര്‍ഡ്‌വെയര്‍ കടയിലെ തുഛമായ വരുമാനവുമായി ബുദ്ധി സ്ഥിരതയില്ലാത്ത മകനോടൊപ്പം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സാഹസത്തിലാണ് ഇന്ന് സറീന.
ഹാഷിംപുര പോലെയോ അതിലേറെയോ അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മറ്റൊരു കൂട്ടക്കൊലയായിരുന്നു മലിയാന. സംഭവ ദിവസവും പിന്നീടുമായി 86 പേര്‍ കൊല്ലപ്പെട്ടതിന്റെ കണക്കുകളാണ് മലിയാനയിലെ ഹക്കീം കൂടിയായ നസീര്‍ അഹ്മദ് സിദ്ദീഖി പറയുന്നത്. ആദ്യത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത മുഹമ്മദ് യാക്കൂബും അതു തന്നെ പറയുന്നു. പക്ഷേ സര്‍ക്കാറിന്റെ ഭാഷയില്‍ 26 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ഹാഷിംപുര സംഭവത്തിന്റെ തൊട്ടു പിറ്റേ ദിവസമായിരുന്നു മലിയാന കൂട്ടക്കൊല. മലിയാനയില്‍ പക്ഷേ പി.എ.സി നേര്‍ക്കുനേരെ മുന്നില്‍ വന്നില്ല. ചുറ്റിലും മറ്റു സമുദായങ്ങള്‍ താമസിക്കുന്ന മലിയാനയിലേക്ക് ആക്രമണോത്സുകരായി വന്ന ജനക്കൂട്ടത്തെ സഹായിക്കുകയായിരുന്നു പി.എ.സി മലിയാനയില്‍ ചെയ്തത്. ബനിയന്‍ എന്ന അടയാളം ഈ കേസിലാണ് പി.എ.സി ഉപയോഗപ്പെടുത്തിയത്. മുസ്‌ലിംകള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അവരുടെ വീടുകളുടെ മുകളില്‍ കയറിപ്പറ്റിയ പി.എ.സി ജവാന്മാര്‍ കലാപകാരികള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ചവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഗ്രാമീണര്‍ കുറ്റപ്പെടുത്തുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കുത്തിത്തുറന്ന് തീയിലേക്കെറിഞ്ഞ വാര്‍ത്തകള്‍ അതിനു മുമ്പേ മലിയാനയിലും കേട്ടിരുന്നു. ബല്ലു എന്ന രണ്ടു വയസ്സുകാരനെയാണ് കൂട്ടിയിട്ടു കത്തിച്ച സൈക്കിള്‍ റിക്ഷകളുടെ ചിതയിലേക്ക് കലാപകാരികള്‍ ജീവനോടെ വലിച്ചെറിഞ്ഞത്. ബല്ലുവിന്റെ അമ്മായി റസിയ ആ ദാരുണ സംഭവത്തിന്റെ ദൃക്‌സാക്ഷിയായി ഇന്നും മലിയാനയില്‍ ജീവിക്കുന്നുണ്ട്.
ഹാഷിംപുര കേസില്‍ ഇപ്പോഴത്തെ കോടതിവിധി വരുന്നതിനും എത്രയോ മുമ്പെ നിയമയുദ്ധത്തിലെ പ്രതീക്ഷ കൈയൊഴിച്ചവരാണ് മലിയാനക്കാര്‍. മലിയാന കൂട്ടക്കൊല കേസിലും പി.എ.സി തന്നെയായിരുന്നു യഥാര്‍ഥ പ്രതി. പക്ഷേ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കുറെക്കൂടി ഉത്സാഹത്തോടെയാണ് അധികൃതര്‍ ശ്രമിച്ചത്. പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ തയാറാക്കിയ എഫ്.ഐ.ആര്‍ പോലും കാണാനില്ല എന്നാണ് 2010-ല്‍ പുറത്തുവന്ന വിവരം. തീയതികള്‍ ഒന്നിനു പുറകെ മറ്റൊന്നായി നീട്ടിക്കൊണ്ടുപോയി ഒടുവിലാണ് കോടതിയില്‍ ഇങ്ങനെയൊരു വിവരം പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിക്കുന്നത്. 1987 മുതല്‍ നീതിക്കു വേണ്ടി കോടതി കയറിയിറങ്ങിയ ഇവര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം തന്നെ ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു. കോടതിയും പോലീസുമെല്ലാം ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നാണ് ഈ ഗ്രാമീണരുടെ വിശ്വാസം. ഈ കേസില്‍ ഉള്‍പ്പെട്ട പി.എ.സി ജവാന്മാരില്‍ മിക്കവരും യാദവ-ദലിത് സമുദായ അംഗങ്ങളായതു കൊണ്ടാണ് പലപ്പോഴായി യു.പി ഭരിച്ച മായാവതിയുടെയും മുലായം സിംഗിന്റെയും ഭരണകൂടങ്ങള്‍ കേസില്‍ ഒത്തുകളിക്ക് കൂട്ടുനിന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഗ്യാന്‍ പ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വിടാതിരുന്നതും കുറ്റവാളികളെ കുറിച്ച വ്യക്തമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതു കൊണ്ടാണെന്നാണ് ആരോപണം. തീസ് ഹസാരി വിധിക്കു ശേഷം വീണ്ടുമൊരിക്കല്‍ കൂടി ജനശ്രദ്ധയിലേക്കെത്തിയ ഈ കൂട്ടക്കൊലകള്‍ യു.പി സര്‍ക്കാറിനെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നുണ്ട്. ഹാഷിംപുരയിലെ ഇരകള്‍ക്ക് നീതി നല്‍കുമെന്നും കേസില്‍ അപ്പീല്‍ പോകുമെന്നും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പു പാലിക്കാനാവുമെന്ന് ആരും വിശ്വസിക്കുന്നില്ല.
Comments