ഋതുപരിണാമങ്ങള്‍
ഋതുപരിണാമങ്ങള്‍
ഇപ്പോള്ജരാനരകള് വന്ന്
ഞാനുമെന്റെ കവിതയും
മറഞ്ഞുപോയ എന്റെയീ
യൗവന വസന്തങ്ങളും
ഒരു ചിതല്‍പ്പുറ്റില്‍
ആര്‍ക്കും വേണ്ടാത്ത
ചിരിയായമര്‍ന്ന പോലെ...
ഇപ്പോള്‍
ഞാനുമെന്റെ രേഖാചിത്രങ്ങളും
ഭൂതകാലത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ്
ഫോട്ടോകളും മംഗളാശംസകളും
തക്ബീര്‍ ധ്വനികളും
ഇമയിണകളില്‍ കോര്‍ത്തെടുത്ത്
പിടഞ്ഞുവേവുന്ന ഒരു സ്ഫടിക-
മത്സ്യം പോലെ...
ഫൈബര്‍ വേരുകളില്‍
നനഞ്ഞിടമില്ലാതെ,
ഓര്‍ക്കിഡ്‌ചെടി ദളങ്ങളില്‍
ആര്‍ക്കും വേണ്ടാത്ത
ദാഹവായ്‌പോടെ
ചൂടുറ്റ കടല്‍ച്ചുഴിയിലേക്ക് നോക്കി
വ്യാമോഹങ്ങളില്‍ കുരുങ്ങിയ
പാവം സ്ഫടിക മത്സ്യത്തിന്റെ
പിടയും നോവുപോലെ...
ആരുടെ കണ്ണിവലയിലായിരിക്കും
ഈ ഇണയിരകളുടെ ഖല്‍ബുകള്‍
കുടുങ്ങി മുറിഞ്ഞു വീഴേണ്ടിവരിക?
ആകാശത്തിനു മുകളില്‍ നിന്ന്
കാരുണ്യ കണ്ണുകള്‍ തന്നെ
ഈ പാവം സ്ഫടിക മത്സ്യത്തെ
സ്പര്‍ശിക്കട്ടെ!
കയ്യുമ്മു, കോട്ടപ്പടി, തൃശൂര്‍
അന്തക വിത്ത്
തവളകളുടെഅണ്ണാക്കില് ആസിഡ്
പാര്‍ന്ന് തുടങ്ങിയപ്പോഴാണ്
നമ്മുടെ നെല്ലോലകള്‍ക്ക്
തളര്‍വാതം പിടിച്ചത്.
ഫുരുടാന്‍ തിന്ന്
മണ്ണിരകള്‍ ചത്ത് മലച്ചപ്പോഴാണ്
നമ്മുടെ വേരുകള്‍ക്ക്
പക്ഷാഘാതം വന്നതും
ഭൂമി ശ്വാസം മുട്ടി പൊട്ടിത്തെറിച്ചതും
പടിഞ്ഞാറില്‍നിന്ന്
കൊടുത്തയച്ച വിഷച്ചാറുകള്‍
തളിച്ച് തുടങ്ങിയപ്പോഴാണ്
നമ്മുടെ താറാവുകള്‍
പനി പിടിച്ച് കിടന്നതും
നിന്റെ കൊച്ചുമോന്‍
ഞണ്ടിനെ കാണാന്‍
15 രൂപ റസീറ്റ് വാങ്ങി
മൃഗശാലയില്‍ പോയതും.
നിന്റെ മണ്ണിലും
കണ്ണും മൂക്കുമില്ലാത്ത വിത്തുകള്‍
നട്ടു നനച്ചപ്പോഴാണ്
ഭൂമിക്ക് കണ്ണുകാണാതായത്.
ഇതെല്ലാം നിന്റെ വയറ്റിലെത്തിയപ്പോഴാണ്
നഗരങ്ങളിലെ ആതുരാലയം
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതും
നിന്റെ ഗര്‍ഭം അലസിപ്പോയതും!!
ഷമീം ചൂനൂര്‍
Comments