കെ.കെ ബീരാന്‍
കെ.കെ ബീരാന്‍
ജമാഅത്തെ ഇസ്‌ലാമി താനാളൂര്‍ ഘടകത്തിലെ കെ. ബീരാന്‍ സാഹിബ് 1979-ലാണ് സംഘടനയില്‍ അംഗമായത്. 30 വര്‍ഷത്തോളം തിരൂരില്‍ വി.എം അബ്ദുല്‍ ജബ്ബാര്‍ മൗലവി, എം. അബ്ദുറഹിമാന്‍ സാഹിബ്, കെ.പി.ഒ മൊയ്തീന്‍കുട്ടി ഹാജി, കെ.പി അബൂബക്കര്‍ സാഹിബ്, സി.വി ഉമ്മര്‍ സാഹിബ് തുടങ്ങി ആദ്യകാല പ്രവര്‍ത്തകരുമൊത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് തിരൂര്‍ ഫര്‍ക്കയിലെ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളില്‍ അദ്ദേഹം സജീവമായിരുന്നു. ആദ്യകാല പ്രബോധനം ഏജന്റായിരുന്നു. തിരൂര്‍ ഇസ്‌ലാമിക് ട്രസ്റ്റ് അംഗമാണ്. താനാളൂര്‍ ആലിന്‍ചുവട്ടിലേക്കു താമസം മാറ്റിയപ്പോള്‍ താനാളൂരും പരിസരത്തും പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തീവ്രശ്രമം നടത്തി. ആലിന്‍ചുവട്ടിലുള്ള മസ്ജിദ് 'ഹുദ' നിര്‍മാണത്തിലും പള്ളിയുടെ നടത്തിപ്പിലും പള്ളിക്കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ വലിയ പങ്കുവഹിച്ചു. താനാളൂരിലും പരിസരങ്ങളിലും മുജാഹിദ് പ്രവര്‍ത്തകരുമായും മുജാഹിദ് മഹല്ലുമായും വളരെ സൗഹാര്‍ദത്തില്‍ കഴിയാന്‍ ബീരാന്‍ സാഹിബിന് കഴിഞ്ഞിരുന്നു. പരിചയപ്പെടുന്ന ആരുമായും സരസമായി ചിരിച്ചുകൊണ്ടുള്ള സംഭാഷണം വലിയ സുഹൃദ് വലയത്തെ അദ്ദേഹത്തിനു നേടിക്കൊടുത്തു.
സി.പി.എം ബാവ, താനൂര്‍
ഇമ്പ്രഞ്ചേരി അബ്ദുല്ല
സഹപ്രവര്‍ത്തകര്‍ 'കുഞ്ഞബ്ദുല്ലക്ക' എന്ന് വിളിക്കുന്ന കടവത്തൂരിലെ എളമ്പ്രഞ്ചേരി അബ്ദുല്ല (76) ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റിയ വ്യക്തിത്വമായിരുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും മുജാഹിദ് പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1970-കളില്‍ കച്ചവടാവശ്യാര്‍ഥം മൈസൂരില്‍ സ്ഥിരതാമസമാക്കി. മൈസൂരില്‍ അന്ന് ബീഡി തെറുപ്പുകാരന്‍ ബീരാനിക്കയുടെ നേതൃത്വത്തില്‍ ഏതാനും ചെറുപ്പക്കാര്‍ ജമാഅത്ത് പ്രവര്‍ത്തകരായി അറിയപ്പെട്ടിരുന്നു. ഹോമിയോ ഡോക്ടറായ ഇസ്മാഈല്‍ സേട്ടായിരുന്നു മറ്റൊരു സജീവ പ്രവര്‍ത്തകന്‍. സേട്ടുവും ബീരാനിക്കയുമായുള്ള സൗഹൃദ സംഭാഷണങ്ങളാണ് തന്നെ ജമാഅത്തിലേക്ക് ആകര്‍ഷിച്ചതെന്ന് കുഞ്ഞബ്ദുല്ല പറയാറുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവി, കെ. അബ്ദുസ്സലാം മൗലവി തുടങ്ങിയ പല നേതാക്കളും അക്കാലത്ത് ഡോ. സേട്ടിന്റെ ചികിത്സ തേടി മൈസൂരില്‍ വരും. അവര്‍ക്ക് ആതിഥ്യമരുളാനും മറ്റും കുഞ്ഞബ്ദുല്ലക്കയും മുന്‍പന്തിയിലുണ്ടാവും. സോഷ്യലിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലം മുതലേ പരന്ന വായനാ ശീലമുണ്ടായിരുന്ന കുഞ്ഞബ്ദുല്ല ജമാഅത്ത് പ്രവര്‍ത്തകനായതോടെ ഐ.പി.എച്ച് പുസ്തകങ്ങള്‍ വരുത്തി വായിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് അവ എത്തിച്ചുകൊടുക്കാനും ഔത്സുക്യം കാണിച്ചു.
പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കച്ചവട രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത രൂപത്തിലുള്ള ചില ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിച്ചു. അയല്‍പ്രദേശമായ പാലത്തായില്‍ താമസമാരംഭിച്ചപ്പോള്‍ ഏകാംഗനായി അവിടെ പ്രവര്‍ത്തനം തുടര്‍ന്നു. കുടുംബത്തെ ഇസ്‌ലാമിക മാതൃകയില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭാര്യ നഫീസ. മക്കള്‍: അബൂബക്കര്‍, മുഹമ്മദ്.
പി.കെ മൂസ്സ കടവത്തൂര്‍
പി.കെ ഖദീജ
വയനാട് -പിണങ്ങോട് ടൗണ്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയും മര്‍ഹൂം സി.കെ മൊയ്തു ഹാജിയുടെ ഭാര്യയുമായിരുന്നു പി.കെ ഖദീജ. ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചു. മാധ്യമം പത്രത്തിനു വേണ്ടി തുടക്കം മുതലേ സ്‌ക്വാഡ് നടത്തി വരിക്കാരെ ചേര്‍ത്തിരുന്നു.
ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടുമ്പോഴും ഹല്‍ഖാ പ്രവര്‍ത്തനങ്ങളിലും യോഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ കണിശത പുലര്‍ത്തി. യോഗങ്ങളില്‍ തര്‍ബിയത്തിന് ഊന്നല്‍ കൊടുക്കണമെന്ന് നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു. ധര്‍മിഷ്ഠയായിരുന്ന അവരുടെ സംഭാവന എത്താത്ത സ്ഥാപനങ്ങള്‍ ജില്ലയില്‍ കുറവായിരിക്കും. പത്ത് മക്കള്‍, മൂത്ത മകളുടെ ആകസ്മിക മരണം അവരെ തളര്‍ത്തിയിരുന്നു.
ജംഷീന ജാബിര്‍
Comments