അവര്‍ ഇങ്ങനെയാണ് ജീവിച്ചത്
അബൂബക്ര്‍(റ) ഖലീഫയായ പ്രഭാതത്തില്‍, കുറേ വസ്ത്രക്കെട്ടുകള്‍ ചുമന്ന് മാര്‍ക്കറ്റിലേക്ക് പോകാന്‍ ഭാവിച്ചപ്പോള്‍, ഉമര്‍(റ) തടഞ്ഞു. ''താങ്കള്‍ എങ്ങോട്ട് പോകുന്നു?'' ''അങ്ങാടിയിലേക്ക്.'' ഖലീഫ മറുപടി പറഞ്ഞു. ''മാര്‍ക്കറ്റില്‍ പോവുകയോ? ഭരണവും കച്ചവടവും ഒത്തുപോവില്ല.'' ഉമര്‍ പറഞ്ഞു: ''അപ്പോള്‍ ഉമറേ, ഞാനെങ്ങനെ കുടുംബത്തെ പോറ്റും?'' അങ്ങനെയാണ് ബൈത്തുല്‍മാലി(പൊതുഖജനാവ്)ല്‍ നിന്ന് വര്‍ഷം ആറായിരം ദിര്‍ഹം വേതനമായി നിശ്ചയിക്കപ്പെട്ടത്. ഖലീഫയുടെ കുടുംബം കഷ്ടിച്ചാണ് ജീവിതം തള്ളിനീക്കിയത്.
ഖലീഫയുടെ പത്‌നിക്ക് ഹല്‍വ തിന്നാന്‍ കൊതിയായി. ചെലവിന് ലഭിക്കുന്ന കാശില്‍നിന്ന് കുറേശ്ശെ മിച്ചം വെച്ചു ഹല്‍വ വാങ്ങാനുള്ള സംഖ്യ സ്വരൂപിച്ചു. ഇതറിഞ്ഞ അബൂബക്ര്‍ ആ സംഖ്യകളത്രയും പൊതുഖജനാവിലേക്ക് തിരിച്ചുനല്‍കി. മാത്രമല്ല, ദിവസവും മിച്ചംപിടിച്ച അത്രയും തുക ചെലവിന് നല്‍കുന്ന വേതനത്തില്‍ നിന്ന് വെട്ടിക്കുറക്കുകയും ചെയ്തു.
ഇതാണ് ജീവിതം. എന്നിട്ടും ആ വീടുകളില്‍ സന്തോഷമാണ് കളിയാടിയിരുന്നത്. പൊന്നിലും പട്ടിലും പൊതിഞ്ഞ ആഡംബര ജീവിതത്തേക്കാള്‍ മധുരതരമായിരുന്നു അത്.
സ്വന്തം പ്രജകളില്‍ ഏറ്റവും ദരിദ്രനായ ഒരാള്‍ കഴിക്കുന്ന ആഹാരമാണ് ഉമര്‍(റ) കഴിച്ചത്. തുഛമായ ശമ്പളമേ അദ്ദേഹം പൊതുഖജനാവില്‍ നിന്ന് പറ്റിയിരുന്നുള്ളൂ. ഉമറി(റ)ന്റെ ജീവിത ക്ലേശങ്ങള്‍ കണ്ട് ജനങ്ങള്‍ അദ്ദേഹത്തിന്റെ പുത്രി ഹഫ്‌സയോട് പറഞ്ഞു: ''ഉമര്‍ സ്വന്തത്തെ ഞെരുക്കുകയും വിഷമിപ്പിക്കുകയുമാണ്. ജീവിതവിഭവങ്ങളില്‍ അല്ലാഹു കൂടുതല്‍ വിശാലത നമുക്ക് കൈവരുത്തിത്തന്നിട്ടുണ്ട്. അതിനാല്‍ ഈ യുദ്ധമുതലുകളില്‍ നിന്ന് ആവശ്യമായത്ര അദ്ദേഹം എടുത്തുകൊള്ളട്ടെ. മുസ്‌ലിംകള്‍ക്കത് പൂര്‍ണസമ്മതമാണ്.''
ഹഫ്‌സ അക്കാര്യം പിതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു: ''ആരാണിത് പറഞ്ഞത്? അവരെ ഞാന്‍ വെറുതെ വിടില്ല. മകളേ, നിന്റെ വീട്ടില്‍ റസൂലിന് എത്ര വസ്ത്രമാണുണ്ടായിരുന്നത്?'' ഹഫ്‌സ: ''രണ്ട് വസ്ത്രം.'' ഉമര്‍: ''എന്തായിരുന്നു റസൂലിന്റെ ഭക്ഷണം?'' ഹഫ്‌സ: ''ഗോതമ്പിന്റെ ഉണക്ക റൊട്ടി.'' ''എന്നാല്‍ അതാണ് എന്റെ ജീവിത ശൈലി. ഈ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഉദ്ദേശ്യമില്ല.''
ഒരു തണുപ്പുള്ള പ്രഭാതം. വളരെ പഴകി ദ്രവിച്ച വസ്ത്രമാണ് അലി(റ) ധരിച്ചത്. തലേന്ന് രാത്രി ഒന്നും കഴിച്ചിട്ടില്ല. അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി; ആഹാരത്തിന് വക തേടി. പക്ഷേ, എവിടെയും ജോലി കണ്ടെത്താനായില്ല. ഒടുവില്‍ ഒരു ജൂതന്റെ തോട്ടത്തില്‍ പണി കിട്ടി. ഈത്തപ്പനയില്‍ കയറി പഴം പറിച്ചു ബക്കറ്റില്‍ നിറക്കണം. ഒരു ബക്കറ്റിന് ഒരു കാരക്ക കൂലി. അലി(റ) സമ്മതിച്ചു. വൈകുന്നേരം വരെ പണിയെടുത്തു. കൈയില്‍നിന്ന് ചോര പൊടിഞ്ഞു. ശരീരം ആകെ വേദന...
കൂലിയായി കിട്ടിയ തുഛം കാരക്കയുമായി അലി(റ) വേഗം പുറത്തിറങ്ങി. നേരെ പ്രവാചകനെ സന്ദര്‍ശിച്ചു. പകുതി കാരക്ക നബി(സ)ക്ക് കൊടുത്തു. ബാക്കി കാരക്കയുമായി വീട്ടിലേക്കോടി. ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി ഫാത്വിമ ഭര്‍ത്താവിനെ കാത്തിരിക്കുകയായിരുന്നു. കാരക്ക കണ്ടപ്പോള്‍ ഫാത്വിമ സന്തോഷത്തോടെ ഓടി വന്നു. എന്നിട്ടും ആ വീട്ടില്‍ സംതൃപ്തിയും സന്തോഷവും കളിയാടിയിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന പാഠം.
Comments