Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

'ശരീര ഭാഷ'യുടെ ശരിയും ശക്തിയും

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

        മിക്ക മാതാപിതാക്കളും വാചികമായാണ്, സംസാരത്തിലൂടെയാണ് തങ്ങളുടെ മക്കള്‍ക്ക് ശിക്ഷണ-ശീലനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ തങ്ങള്‍ അറിയാതെ തന്നെ വാചികമല്ലാത്ത 'ശരീര ഭാഷ'യിലൂടെ തങ്ങളുടെ മക്കള്‍ക്ക് തങ്ങള്‍ ശിക്ഷണ-ശീലനങ്ങള്‍ നല്‍കുന്നുണ്ട് എന്ന സത്യം മാതാപിതാക്കള്‍ ഓര്‍ക്കാതെ പോവുന്നു. ഈ രീതിയാണ് കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത്. 'ശരീര ഭാഷ'യെന്നാല്‍ ഒരു നോട്ടമാവാം, മുഖഭാവമാവാം, ശരീരത്തിന്റെ ചലനമാവാം, വസ്ത്രധാരണ രീതിയാവാം, വാസനയാവാം. യഥാര്‍ഥത്തില്‍ നാവില്‍ നിന്നുതിരുന്ന വാക്കുകളെക്കാള്‍ ഏറെ വാചാലമായി സംസാരിക്കുന്നത് ശരീരമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തത് കൊണ്ടാണ് മക്കളുടെ വിചിത്രമായ സ്വഭാവരീതികളില്‍ വിസ്മയം പൂണ്ട് അവര്‍ പലപ്പോഴും ചോദിക്കുന്നത്: ''മക്കള്‍ ഇത്തരം തെറ്റായ പാഠങ്ങളൊക്കെ എവിടെ നിന്നാണ് പഠിച്ചത്?'' എന്നാല്‍ അവര്‍ തങ്ങളെയും തങ്ങളുടെ പെരുമാറ്റ രീതികളെയും ശരീര ഭാഷയെയും ഒരു അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ തങ്ങളുടെ മക്കളുടെ വഴിവിട്ട സ്വഭാവ രീതിക്ക് തങ്ങള്‍ തന്നെയാണ് കാരണമായിത്തീര്‍ന്നതെന്ന് അവര്‍ തിരിച്ചറിയും. വാചികമായ ശിക്ഷണ-ശീലനങ്ങളെക്കാള്‍ വാചികമല്ലാത്ത ശിക്ഷണ-ശീലനങ്ങളാണ് കുട്ടികളുടെ സ്വഭാവത്തെയും സംസ്‌കാരത്തെയും പെരുമാറ്റ രീതികളെയും സ്വാധീനിക്കുന്നത്. തന്റെ മകന്റെ ദേഷ്യപ്രകൃതിയെക്കുറിച്ച് പരാതിയുമായി വന്ന ഉമ്മ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെ: ''ഞാന്‍ അവനോട് എപ്പോഴും പറയുന്നതാണ്, നീ കോപിക്കരുത്, ദേഷ്യപ്പെടരുത് എന്നൊക്കെ. എന്നിട്ടെന്ത്? ഈ ഉപദേശത്തിനൊന്നും ഒരു ഫലവും കാണുന്നില്ല.'' ഞാന്‍ അവരോട് തിരക്കി: ''നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം കോപിക്കുന്നു? ദേഷ്യം പ്രകടിപ്പിക്കുന്നു?''

''ഞാന്‍ ഒരു ക്ഷിപ്രകോപിയാണ്. എന്നാല്‍ എന്റെ മകന്റെ നേരെയല്ല.'' ഞാന്‍ അവരോട് പറഞ്ഞു: ''എന്നാല്‍ ഒന്ന് കേള്‍ക്കണോ! നിങ്ങള്‍ നിങ്ങളുടെ സ്‌നേഹിതകളോട് ടെലഫോണില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുകയോ, വീട്ടിലെ പരിചാരികമാരോട് കയര്‍ക്കുകയോ, ഭക്ഷണം നേരത്തും കാലത്തും തയാറാക്കാത്തതിന് ഭൃത്യന്മാരെ ശകാരിക്കുകയോ ചെയ്യുന്നത് നേരില്‍ കാണുന്ന കുട്ടി മനസ്സിലാക്കുന്നു, ഇങ്ങനെ ദേഷ്യത്തോടെ കര്‍ശനമായി പെരുമാറുകയാണ് കാര്യങ്ങള്‍ യഥാവിധി നടത്തിക്കിട്ടാനുള്ള വഴിയെന്ന്. നിങ്ങള്‍ നിങ്ങളുടെ പെരുമാറ്റരീതികൊണ്ടും ശരീര ഭാഷ കൊണ്ടും കുഞ്ഞിനെ അങ്ങനെയാണ് പഠിപ്പിച്ചു വെച്ചിട്ടുള്ളത്. ശരീര ഭാഷ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സംസാരം ഒരു വ്യക്തിയില്‍ 35 ശതമാനം സ്വാധീനം ചെലുത്തുമ്പോള്‍ 65 ശതമാനം സ്വാധീനം ചെലുത്തുന്നത് വാചികമല്ലാത്ത ശരീര ഭാഷയാണ്. അതിനാല്‍ ആ വശം നാം പ്രത്യേകം ശ്രദ്ധിക്കണം. അങ്ങാടിയില്‍ കൂട്ടുകാരുമൊത്ത് സമയം ചെലവിടാന്‍ പോകുന്ന പിതാവ്, താന്‍ ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് കുഞ്ഞിനോട് പറഞ്ഞാല്‍, അത് കളവാണെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് അവന്‍ വായിച്ചെടുക്കും. ക്രമേണ പിതാവില്‍ കുട്ടിക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.

കുഞ്ഞുങ്ങള്‍ സ്‌പോഞ്ച് പോലെയാണ്. കാണുന്നതെല്ലാം ഒപ്പിയെടുക്കും. കാണുന്നതിനനുസരിച്ച് തന്റെ സ്വഭാവരീതി രൂപപ്പെടുത്തും. പുകവലിക്കുന്ന പിതാവ്, പുകവലിയുടെ ദൂഷ്യം കുട്ടിയോട് എപ്പോഴും പ്രസംഗിച്ചുകൊടുത്തിട്ട് എന്ത് കാര്യം? ഒന്നോര്‍ത്താല്‍ നമുക്ക് മനസ്സിലാവും നാം അറിയാതെ തന്നെ നമ്മുടെ മക്കളുടെ സ്വഭാവ രൂപവത്കരണത്തില്‍ നാം ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്ന്.

നമുക്ക് നമ്മോടു തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കാം:

നാം നമ്മുടെ വികാരങ്ങളെ ആരോഗ്യകരമായ രൂപത്തിലാണോ കൈകാര്യം ചെയ്യുന്നത്? നാം നമ്മുടെ ചിന്തകളും വിചാരങ്ങളും മറ്റുള്ളവരോട് പങ്കിടുന്നതും പ്രകടിപ്പിക്കുന്നതും കുറ്റമറ്റ രീതിയിലാണോ?

നാം നമ്മുടെ വീടകങ്ങളെ സ്‌നേഹ പ്രകടനത്തിന്റെ വേദികളാക്കുന്നുണ്ടോ? നമ്മുടെ മക്കളെ ആശ്ലേഷിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നുണ്ടോ? മക്കള്‍ക്കും കുടുംബത്തിനും സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കുന്നുണ്ടോ?

തെറ്റ് പറ്റിയാല്‍ നാം ക്ഷമ ചോദിക്കുമോ? ചെയ്തത് തെറ്റാണെന്ന് ബോധ്യമായാലും അഹങ്കാരത്തോടെ അത് ന്യായീകരിക്കാനും തന്റെ നിലപാട് ശരിയാണെന്ന് സ്ഥാപിക്കാനും ഒരുമ്പെടാറുണ്ടോ?

ദൃഷ്ടിയില്‍ പെടുന്നവരെയെല്ലാം അവഹേളിക്കാനും പരിഹസിക്കാനും മുതിരാറുണ്ടോ? ചെറുജോലികള്‍ ചെയ്യുന്നവരെ താഴ്ത്തി കെട്ടാനും പുഛിച്ചു സംസാരിക്കാനും തോന്നാറുണ്ടോ?

നമുക്കൊരു ഉപകാരമോ സേവനമോ ചെയ്തവരോട് നന്ദി പ്രകടിപ്പിക്കാറുണ്ടോ? ഏറ്റവും ചുരുങ്ങിയത് 'നിങ്ങള്‍ക്ക് നന്ദി' എന്ന ചെറുവാക്കെങ്കിലും?

വ്യക്തികളെ കണ്ടുകഴിഞ്ഞാല്‍ അവരെപ്പറ്റി ദുഷിച്ചു സംസാരിക്കാനും അവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനും ശ്രമിക്കാറുണ്ടോ?

വുദു, നമസ്‌കാരം, പ്രാര്‍ഥന തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധാലുക്കളും കൃത്യനിഷ്ഠയുള്ളവരുമാണ് നമ്മളെന്ന് മക്കള്‍ക്ക് തോന്നുന്ന വിധമാണോ നമ്മുടെ അനുഷ്ഠാനങ്ങളും ആചരണങ്ങളും?

നാം നമ്മുടെ സുഹൃത്തുക്കളെ ആദരിക്കുകയും അവരുടെ കഴിവുകള്‍ അംഗീകരിക്കുകയും ചെയ്യാറുണ്ടോ? അവരെ സ്വീകരിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും ആതിഥ്യം അരുളുന്നതിലും ശ്രദ്ധവെക്കാറുണ്ടോ?

ഭക്ഷണം ആര്‍ത്തിയോടെയാണോ നാം ആഹരിക്കുന്നത്? അത് ആസ്വദിച്ചു കഴിക്കുകയാണോ അതോ, തിന്നുതീര്‍ക്കുകയാണോ? ഭക്ഷണ വേളയില്‍ സംസാരിക്കാറുണ്ടോ?

പൊതുജനങ്ങളോടും കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും നര്‍മം പറയുകയും പുഞ്ചിരിക്കുകയും ചെയ്യാറുണ്ടോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം എടുക്കുന്ന നിലപാടുകള്‍ പകര്‍ത്താന്‍ കണ്ണും കാതും ഹൃദയവും ~ഒരുക്കിവെച്ചിരിക്കുന്നവരാണ് കുട്ടികള്‍. കുട്ടികള്‍ 12 മാസം പിന്നിടുന്നതിന് മുമ്പേ തന്നെ തങ്ങളുടെ മാതാപിതാക്കളെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും ഒരഭിപ്രായം രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുമെന്നാണ് ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നബി ചരിത്രത്തില്‍, അദ്ദേഹത്തിന്റെ കുട്ടികളോടുള്ള പെരുമാറ്റവും ഇടപെടലും പഠനവിധേയമാക്കിയാല്‍ ഒരു വസ്തുത ബോധ്യപ്പെടും. കുഞ്ഞുങ്ങള്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും റസൂല്‍(സ) അവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും അവരെ ആദരിക്കുകയും ചെയ്തിരുന്നു. കുട്ടികളോട് അവര്‍ മുതിര്‍ന്നവരാണെന്ന് തോന്നിക്കുന്ന വിധമായിരുന്നു റസൂലിന്റെ പെരുമാറ്റം. പെരുമാറ്റത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ നബി(സ) വ്യത്യാസം കല്‍പ്പിച്ചിരുന്നില്ല. പ്രായത്തേക്കാള്‍ നബി(സ) പരിഗണിച്ചത് അവകാശമായിരുന്നു. വയസ്സിനെക്കാള്‍ മുന്‍ഗണന അവകാശത്തിനായിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി കുട്ടികളോടു ദ്രോഹം ചെയ്യാന്‍ ഇടവന്നാല്‍, തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ് എന്ന് ധരിക്കുന്ന പുതുതലമുറക്ക് അത് പിറവി നല്‍കും. മുതിര്‍ന്നവരോടും സമൂഹത്തോട് പൊതുവിലും പ്രതികാരബുദ്ധിയോടെ പെരുമാറുന്ന ഒരു തലമുറയുണ്ടാവുകയാണ് അതിന്റെ ഫലം. നബി(സ) കുട്ടികളെ വളര്‍ത്തുമ്പോള്‍ വാചിക ഭാഷയെപ്പോലെ ശരീര ഭാഷയും ഉപയോഗപ്പെടുത്തിയിരുന്നു. ഒരു കുഞ്ഞുമായി ബന്ധപ്പെട്ട കഥയില്‍ അതിന്റെ സൂചനയുണ്ട്. നബി(സ)യുടെ സന്നിധിയില്‍ ഒരാള്‍ പാനീയം കൊണ്ടുവന്നു. അതില്‍നിന്ന് അല്‍പം കുടിച്ച നബി(സ) തല ഉയര്‍ത്തിയപ്പോള്‍ കണ്ടത് തന്റെ വലത് വശത്ത് ഒരു കുട്ടിയെയും ഇടത് ഭാഗത്ത് പ്രായം ചെന്ന മുതിര്‍ന്ന വ്യക്തികളെയുമാണ്. കുട്ടിയോട് നബി(സ): ''ഈ പാനീയം ആദ്യം ഇവര്‍ക്ക് നല്‍കാന്‍, കുട്ടീ നീ എനിക്ക് സമ്മതം തരുമോ?'' കുട്ടിയുടെ മറുപടി ഉടനെ വന്നു: ''എന്റെ ഓഹരി ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. തിരു കരങ്ങളില്‍ നിന്ന് ആദ്യം കിട്ടാനുള്ള അവകാശവും ഞാന്‍ കൈയൊഴിക്കില്ല.'' ഇതൊരു ശിക്ഷണ പാഠമാണ്. നമ്മുടെ പെരുമാറ്റവും ശരീരഭാഷയും ആദ്യം. അതിന് അകമ്പടിയായി വാചിക ഭാഷ്യവും. കുട്ടിയുടെ അവകാശം നബി അംഗീകരിച്ചുകൊടുത്തു; മുതിര്‍ന്നവരോടുള്ള ആദരവ് സൂചിപ്പിക്കുകയും ചെയ്തു. അത് കുട്ടിക്ക് പാഠമായി. മുതിര്‍ന്നവര്‍ക്ക് സന്തോഷവുമായി. 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍