Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

ധൂര്‍ത്ത്, ദുര്‍വ്യയം- ഖുര്‍ആനിക വായന

അബ്ദുല്ലത്വീഫ് കൊടുവള്ളി /ലേഖനം

         ധൂര്‍ത്ത്, ദുര്‍വ്യയം എന്നീ പദങ്ങള്‍ക്ക് സമ്പത്ത് നശിപ്പിക്കുക, പാഴായി ചെലവഴിക്കുക എന്നെല്ലാമാണ് അര്‍ഥം. ഇതിന് സമാനമായ അറബി പദങ്ങളാണ്  'ഇസ്‌റാഫ്', 'തബ്ദീര്‍' എന്നിവ. പക്ഷേ, 'ഇസ്‌റാഫി'ന്റെയും 'തബ്ദീറി'ന്റെയും യഥാര്‍ഥവും സമഗ്രവുമായ വിവക്ഷകള്‍ പ്രകാശിപ്പിക്കാന്‍ ധൂര്‍ത്ത്, ദുര്‍വ്യയം എന്നീ പദങ്ങള്‍ പര്യാപ്തമല്ല. മേല്‍ കൊടുത്ത രണ്ട് മലയാള പദങ്ങളും സാമ്പത്തിക മേഖലയിലെ ധൂര്‍ത്തിന് മാത്രമായി പരിമിതപ്പെടുന്നതായാണ് പൊതു അനുഭവം.

ഇസ്‌റാഫിനും തബ്ദീറിനുമെതിരെ ഖുര്‍ആനും സുന്നത്തും നടത്തിയ സമഗ്രതല സ്പര്‍ശിയായ ബോധവത്കരണത്തെ വിവാഹ മേഖലയില്‍ മാത്രം ഒതുക്കുന്നത് ശരിയല്ല. അവയുടെ ബഹുമുഖ മാനങ്ങള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഇത് ബോധ്യം വരും. അല്ലാഹുവും റസൂലും 'നിങ്ങള്‍ ഇസ്‌റാഫ് നടത്തരുത്, തബ്ദീര്‍ നടത്തരുത്' എന്നു പറയുമ്പോള്‍ ജീവിതത്തിന്റെ ഒരു മേഖലയിലും അവ പാടില്ല എന്നാണ് അതിന്റെ ഉദ്ദേശ്യം. ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ ബോധവത്കരണം നടത്തുമ്പോള്‍ ആ ബഹുമുഖ ഊന്നല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇസ്‌റാഫ് ഖുര്‍ആനില്‍

ഇസ്‌റാഫിന് ഇമാം റാഗിബുല്‍ അസ്വ്ഫഹാനി നല്‍കുന്ന അര്‍ഥം, 'മനുഷ്യര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലെയും പരിധി കവിയല്‍' -തജാവുസുല്‍ ഹദ്ദി ഫീ കുല്ലി മാ യഫ്അലുഹുല്‍ ഇന്‍സാനു- എന്നാണ്. ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.

1. അല്ലാഹു നല്‍കിയ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഇതര ശേഷികളും യഥാവിധി ഉപയോഗിച്ച് അവനെ കണ്ടെത്താനും, ദൈവാനുസരണ ജീവിതത്തിന് വഴിപ്പെടാനും വൈമുഖ്യം കാണിച്ചവര്‍. ''എന്റെ ഉദ്‌ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ. അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനവും നിലനില്‍ക്കുന്നതും തന്നെയാകുന്നു'' (ത്വാഹാ 124-127).

2. സമുദ്രത്തിലെ നുരകള്‍ പോലെ തെറ്റുകള്‍ വര്‍ധിച്ച് പാപക്കടലില്‍ മുങ്ങിയവരെക്കുറിച്ച്: ''പറയുക: സ്വന്തം ആത്മാക്കളോട് അതിരുകവിഞ്ഞ് ധിക്കാരം ചെയ്തുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്...'' (അസ്സുമര്‍ 53).

3. ''(കാര്‍ഷിക) വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു വീട്ടുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അല്‍അന്‍ആം 141). സ്വന്തം കുടുംബത്തിന് ഒന്നും മിച്ചം വെക്കാതെ ഈത്തപ്പഴം മുഴുവന്‍ ദാനം ചെയ്ത സാബിത്തുബ്‌നു ഖൈസുബ്‌നു ശമ്മാസിന്റെ നടപടിയാണ് ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം.

4. ''....നിങ്ങള്‍ തിന്നോളൂ, കുടിച്ചോളൂ. അതിരുകവിയരുത്'' (അല്‍ അഅ്‌റാഫ് 31). ഭക്ഷണപാനീയങ്ങളില്‍ മിതത്വം വേണമെന്ന് സാരം.

5. ''അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു'' (അല്‍ഇസ്‌റാഅ് 33).

കുറ്റകൃത്യത്തേക്കാള്‍ കടുത്ത ശിക്ഷ ഒരിക്കലും പാടില്ല. യഥാര്‍ഥ കുറ്റവാളിയെയല്ലാതെ ശിക്ഷിക്കാവതുമല്ല എന്നു സാരം.

6. ''സത്യവിശ്വാസികള്‍ ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു'' (അല്‍ഫുര്‍ഖാന്‍ 67). സാമ്പത്തിക മേഖലയാണ് ഇവിടെ ഊന്നുന്നതെങ്കിലും ലഭ്യമായ എല്ലാ വിഭവങ്ങള്‍ക്കും ഇതു ബാധകമാണ്.

7. ''അനാഥകള്‍ വലുതാകുമെന്ന് കണ്ട് നിങ്ങള്‍ അമിതമായും ധൃതിപ്പെട്ടും അനാഥകളുടെ മുതലുകള്‍ തിന്നരുത്'' (അന്നിസാഅ് 6). അനാഥകളുടെ സ്വത്തുക്കളുടെ സംരക്ഷണം ഏറ്റെടുത്തവര്‍ ദരിദ്രരാണെങ്കില്‍, ഉത്തരവാദിത്തത്തിനനുസരിച്ച് ന്യായാനുസൃതം മാത്രം അനാഥകളുടെ സ്വത്തില്‍ നിന്ന് അനുഭവിക്കാം എന്നു സാരം.

8. ''ഫിര്‍ഔന്റെ ആള്‍ക്കാരില്‍ പെട്ട- തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന- വിശ്വാസിയായ ഒരു മനുഷ്യന്‍ പറഞ്ഞു: 'എന്റെ രക്ഷിതാവ് അല്ലാഹുവാണ്' എന്നു പറയുന്നതിനാല്‍ ഒരു മനുഷ്യനെ നിങ്ങള്‍ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുമുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (ഗാഫിര്‍ 28).

ഈ സുക്തത്തില്‍ 'മുസ്‌രിഫ്' എന്ന് ഉപയോഗിച്ചിട്ടുള്ളത് അല്ലാഹുവിന്റെ വിനീത ദാസനായിരിക്കുന്നതിനു പകരം വ്യാജദിവ്യത്വം വാദിച്ച് ദാസ്യത്തിന്റെ പരിധി ലംഘിച്ച ഫറോവയെക്കുറിച്ചാണ്. ഇതേകാര്യം മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം: ''ഇസ്രാഈല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന്, ഫിര്‍ഔനില്‍നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. പരിധി വിട്ടവരില്‍ പെട്ടവനുമായിരുന്നു'' (അദ്ദുഖാന്‍ 30,31).

9. ''....മറ്റൊരാളെ കൊന്നതിനു പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിനു തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിനു തുല്യമാകുന്നു. നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രാഈല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷവും അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിരുകവിഞ്ഞു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാകുന്നു'' (അല്‍മാഇദ 32). അല്ലാഹു നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് മനുഷ്യജീവന്‍ ഹനിക്കുന്നതിനെയാണ് ഇവിടെ 'ഇസ്‌റാഫ്' എന്ന് വ്യവഹരിച്ചിരിക്കുന്നത്.

10. ''സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനതയാകുന്നു'' (അല്‍അഅ്‌റാഫ് 81). ലോകം കണ്ട ഏറ്റവും ഹീനവും നീചവുമായ ലൈംഗികവൈകൃതം ഭ്രാന്തമായി ആവേശിച്ച ലൂത്വ് നബിയുടെ ജനതയാണ് ഇവിടെ വിവക്ഷ. ലൈംഗികവേഴ്ചക്ക് അല്ലാഹു പ്രകൃതിപരമായി നിശ്ചയിച്ചുതന്ന സ്ത്രീകളെ ബഹിഷ്‌കരിച്ച് പരിധിവിട്ടതാണ് ഈ സൂക്തത്തിലെ 'ഇസ്‌റാഫ്'.

11. ''അനന്തരം (നബിമാരോടുള്ള) വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിച്ചവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു'' (അല്‍അമ്പിയാഅ് 9). ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ദൈവിക പരിധികള്‍ ലംഘിച്ച ജനതകളുടെ ദുഷ്‌ചെയ്തികളെക്കുറിച്ചാണ് ഇവിടെ 'ഇസ്‌റാഫ്' ആരോപിച്ചിരിക്കുന്നത്.

12. ''മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കിക്കൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നുകളയുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു'' (യൂനുസ് 12).

ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനു പകരം, ഏകദൈവത്വത്തിന്റെ വൃത്ത പരിധിവിട്ട് ബഹുദൈവ വിശ്വാസ നിലപാട് സ്വീകരിച്ച ജനങ്ങളെയാണ് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. ശിര്‍ക്ക് 'ഇസ്‌റാഫാ'ണെന്ന് സാരം.

ചുരുക്കത്തില്‍, ഖുര്‍ആനില്‍ പരാമൃഷ്ടമായ 'ഇസ്‌റാഫ്' സാമ്പത്തിക മേഖലയില്‍ പരിമിതമല്ല. പ്രത്യുത ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാകുന്നു. അതുകൊണ്ടുതന്നെ സമുദായത്തില്‍ തദ്വിഷയകമായി നടത്തുന്ന ബോധവത്കരണത്തിന്റെ യഥാര്‍ഥ പ്രചോദനം ഖുര്‍ആനാണെങ്കില്‍ അത് എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടാകണം. അല്ലെങ്കിലും വിവാഹാഘോഷങ്ങളേക്കാള്‍ വമ്പന്‍ ധൂര്‍ത്തുകള്‍ വ്യക്തിതലത്തിലും സംഘടനാ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടത്തുന്ന സംഘടനകള്‍, എല്ലാം കാണുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ പരിഹാസ്യരാവുകയാണെന്നറിയുന്നില്ല.  കൊട്ടാര സമാനമായ വീടിനു മുമ്പില്‍ നാലാളെ മാത്രം വിളിച്ചു കല്യാണം നടത്തിയാല്‍, കല്യാണം ലളിതമായെന്നുവരാം, പക്ഷേ, ജീവിതം ലളിതമാവില്ല.

ആവശ്യവും ന്യായവുമായ വഴിയിലല്ലാതെ ചെലവഴിക്കുന്നത് സംബന്ധിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച 'തബ്ദീറും' ഇന്ന് മുസ്‌ലിംകളെ ഗ്രസിച്ചുകഴിഞ്ഞ മഹാമാരിയാണ്.

ചില ഗൃഹവിശേഷങ്ങള്‍

വീടുനിര്‍മാണ രംഗത്തെ ധൂര്‍ത്തന്മാരെ നബി(സ) ബഹിഷ്‌കരിച്ച കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതപരമായ അജണ്ടകള്‍ നിര്‍ണയിച്ചു കൊടുക്കുന്ന പണ്ഡിതന്മാര്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല.

അനസ് (റ) നിവേദനം ചെയ്യുന്നു: ''അന്‍സ്വാരിയായ ഒരാളുടെ പടിവാതില്‍ക്കല്‍ നിര്‍മിക്കപ്പെട്ട ഒരു കുംഭഗോപുരത്തിനരികിലൂടെ നബി(സ) നടന്നുപോവുകയായിരുന്നു. അവിടുന്ന് ചോദിച്ചു: 'എന്താണിത്?' അനുയായികള്‍ പറഞ്ഞു: 'ഇന്ന വ്യക്തി നിര്‍മിച്ച ഗോപുരമാണ്.' നബി(സ) പറഞ്ഞു: 'അന്ത്യനാളില്‍ ഇതുപോലുള്ളതെല്ലാം അത് നിര്‍മിച്ച വ്യക്തികള്‍ക്ക് ദോഷകരമായിത്തീരുന്നതാണ്.' വിവരമറിഞ്ഞ അന്‍സ്വാരി ആ ഗോപുരം പൊളിച്ചുകളഞ്ഞു. പിന്നീടൊരിക്കല്‍ ആ വഴിയിലൂടെ നടക്കുമ്പോള്‍ ഗോപുരം കാണാതിരുന്നതിനാല്‍ നബി(സ) അതേക്കുറിച്ച് അന്വേഷിച്ചു. 'താങ്കളുടെ പ്രതികരണം കേട്ടപ്പോള്‍ അയാള്‍ അത് പൊളിച്ചുകളഞ്ഞു'വെന്ന് അവര്‍ നബി(സ)യെ അറിയിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന് കരുണ  ചെയ്യട്ടെ, അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ'' (അബൂദാവൂദ്, ഇബ്‌നുമാജ). നബി(സ) നീരസം പ്രകടിപ്പിച്ചത് അറിയാനിടയായ ഗൃഹനാഥന്‍ അവിടുത്തെ സമീപിച്ച് സലാം ചൊല്ലി. അവിടുന്ന് സലാം മടക്കുകയോ അയാളെ പരിഗണിക്കുകയോ ചെയ്തില്ല. മുഖം തിരിച്ചുകളഞ്ഞു. കോപം തിരിച്ചറിഞ്ഞ അയാള്‍ ഉടന്‍ മടങ്ങിച്ചെന്ന് ഗോപുരം പൊളിച്ചുകളഞ്ഞു. അതറിഞ്ഞപ്പോള്‍ 'ഇന്നയിന്ന വീടുകളൊഴിച്ച് ഓരോ വീടും അതിന്റെ ഉടമസ്ഥന് അന്ത്യനാളില്‍ പ്രയാസം സൃഷ്ടിക്കുന്നതാണ്; തീര്‍ച്ച' എന്നായിരുന്നു നബി(സ)യുടെ പ്രതികരണം. ''തനിക്ക് ആവശ്യമുള്ളതിലും കൂടുതല്‍ വലുപ്പത്തില്‍ ഒരാള്‍ വീടു വെച്ചാല്‍ അന്ത്യനാളില്‍ ആ വീട് അയാള്‍ ചുമലിലേറ്റുന്നതാണ്'' (ത്വബറാനി 10287, മജ്മ ഉസ്സവാഇദ് 4/70).

''അല്ലാഹു ഒരാള്‍ക്ക് നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്ടികക്കട്ടകളിലും അയാള്‍ക്ക് താല്‍പര്യം ജനിപ്പിക്കും. അങ്ങനെ അയാള്‍ വീടുനിര്‍മാണത്തില്‍ വ്യാപൃതനാവാന്‍ തുടങ്ങും'' (ത്വബറാനി 10287, മജ്മഉസ്സവാഇദ് 4/70).

'അബ്ദുല്ലാഹിര്‍റൂമിയില്‍ നിന്ന്: ഉമ്മു ത്വല്‍ഖിന്റെ വീട്ടില്‍ പോയപ്പോള്‍ 'എത്ര ചെറുതാണ് നിങ്ങളുടെ ഈ വീട്' എന്നു ഞാന്‍ പറഞ്ഞു. അവര്‍ പ്രതികരിച്ചു: 'കെട്ടിടങ്ങള്‍ വലുതാക്കി നിര്‍മിക്കരുതെന്നും അത് നിങ്ങളുടെ കഷ്ടകാല ലക്ഷണമാണ് എന്നും ഉമര്‍(റ) തന്റെ ഗവര്‍ണര്‍മാര്‍ക്ക് എഴുതിയിരുന്നു' (ബുഖാരി, അല്‍അദബുല്‍മുഫ്‌റദ്). പിതൃവ്യന്‍ അബ്ബാസ് പണിത മണിമാളിക പൊളിച്ചുകളയാന്‍ നബി(സ) നിര്‍ദേശിച്ചത് ഇതോടു ചേര്‍ത്തുവായിക്കുക (അബൂദാവൂദ്).

അവസാന വാക്ക്:

കസീറുബ്‌നു ഉബൈദില്‍ നിന്ന്: ''ഞാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെയടുത്ത് ചെന്നു. അവര്‍ പറഞ്ഞു: 'കുറച്ചുനേരം കാത്തുനില്‍ക്കുക. ഞാന്‍ എന്റെ വസ്ത്രം തുന്നട്ടെ.' ഞാന്‍ കാത്തിരുന്നു. പിന്നീട് ഞാന്‍ ചോദിച്ചു: ''പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യം ഞാന്‍ ജനങ്ങളെ അറിയിച്ചാല്‍ അങ്ങേക്ക് പിശുക്കാണെന്ന് അവര്‍ പറയില്ലേ?'' അവര്‍: ''നീ ഒരു കാര്യം ഓര്‍ക്കണം, പഴയത് ഉടുക്കാത്തവന് പുതിയത് ധരിക്കാന്‍ അവകാശമില്ല'' (ബുഖാരി, അല്‍അദബുല്‍ മുഫ്‌റദ് 471). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍