പ്രശ്‌നവും വീക്ഷണവും
മദ്യപിക്കുന്നവന്റെ നമസ്‌കാരം
നമസ്‌കാരം മ്ലേഛതകളില്‍നിന്ന് തടയുന്ന ഒന്നായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ''തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു'' (29:45). എന്നിട്ടും നമസ്‌കരിക്കുന്ന ഒരാള്‍ മദ്യപിക്കുന്നു എന്നത് ദുഖകരമായ കാര്യമാണ്. വലിയ തിന്മകളില്‍പെട്ടതാണ് മദ്യപാനമെന്നതില്‍ സംശയമില്ല. ഒരാളുടെ ബുദ്ധി, ആരോഗ്യം, ധനം, വ്യക്തിത്വം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുമെന്നതിലുപരി, കുടുംബത്തെയും സമൂഹത്തെയും വരെ അത് ബാധിക്കും.
മനുഷ്യന്റെ വിശ്വാസം ദുര്‍ബലമാവുകയും അവന്റെ ദീനിന് ക്ഷയം ബാധിക്കുകയും ചെയ്യുമ്പോഴാണ് ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ടത് പോലുള്ള വിഷയം വരുന്നത്. ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ മദ്യം നജസ് (മാലിന്യം) ആണ്. അതില്‍ നിന്നുണ്ടാകുന്ന ലഹരി നമസ്‌കാരം നിര്‍വഹിക്കുന്നതിന് തടസ്സവുമാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ'' (അന്നിസാഅ് 43). മദ്യപിച്ച ഒരാള്‍ അയാളുടെ ലഹരി നീങ്ങിയതിന് ശേഷം കുളിച്ച് വുദുവെടുത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ അയാളുടെ നമസ്‌കാരം സ്വീകാര്യമാണ്. അവന്റെ നമസ്‌കാരം പില്‍ക്കാലത്ത് അത്തരം തിന്മകളില്‍ നിന്ന് അവനെ പിന്തരിപ്പിക്കുകയും ചെയ്യും.
അവന്‍ ചെയ്യുന്ന നിര്‍ബന്ധ ബാധ്യതയാണ് നമസ്‌കാരം, അതോടൊപ്പം തന്നെ അവന്‍ ചെയ്യുന്ന പാപമാണ് മദ്യപാനം. ഒരു സല്‍പ്രവൃത്തിയോടൊപ്പം ഒരു ചീത്ത കാര്യം കൂടി ചെയ്യുന്നു. അല്ലാഹു മനുഷ്യന്റെ നന്മകളും തിന്മകളും വിചാരണ ചെയ്യും. അതില്‍ ഒരു അണുമണി പോലും കുറവോ കൂടുതലോ വരുത്തുകയില്ല. അവന്റെ നന്മകളും തിന്മകളും പരിഗണിച്ച് രക്ഷാശിക്ഷകള്‍ നല്‍കും. ''ആര്‍ ഒരു അണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (99:7,8). നമസ്‌കാരം അവന്റെ മേല്‍ രേഖപ്പെടുത്തും, അപ്രകാരം തന്നെ തിന്മകളുടെ മാതാവായ മദ്യപാനം അവനെതിരായും രേഖപ്പെടുത്തും.
മദ്യപിക്കുന്ന കാലത്തോളം അവന്‍ നമസ്‌കരിക്കരുത് എന്ന് നാം പറയരുത്. അല്ലാഹു ആ വലിയ തെറ്റില്‍ നിന്ന് അവനെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് അവന്‍ നമസ്‌കരിക്കുന്നത്. മദ്യപിക്കുകയും നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്നവനാണോ, അതല്ല മദ്യപിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവനാണോ നല്ലത് എന്ന് ചോദിച്ചാല്‍, മദ്യപിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവന്‍ എന്നായിരിക്കും എന്റെ മറുപടി. കാരണം അവന്‍ നന്മ ആഗ്രഹിക്കുന്നുണ്ട്. മദ്യപിക്കുന്ന ഒരാള്‍ നമസ്‌കരിക്കുന്നത് അതിന്റെ യഥാര്‍ഥ രൂപത്തില്‍ അല്ലാഹു കല്‍പ്പിച്ചതില്‍നിന്ന് എത്രയോ വിദൂരമായ നിലയിലായിരിക്കും. ദൈവസ്മരണ തുളുമ്പുന്ന നാവുമായി നമസ്‌കരിക്കുന്ന ഒരാളുടെ നമസ്‌കാരവും മദ്യത്തിന്റെ ദുര്‍ഗന്ധവുമായി വരുന്ന മദ്യപന്റെ നമസ്‌കാരവും തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്.
ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണ്ടതുണ്ടോ?
ഒരു സ്ത്രീക്ക് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുവാദം വാങ്ങേണ്ടതുണ്ടോ? മതനിഷ്ഠ പുലര്‍ത്താത്ത ഭര്‍ത്താക്കന്മാര്‍ പലപ്പോഴും അവര്‍ക്ക് അനുവാദം നല്‍കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കില്‍ അതിന്റെ വിധി എന്താണ്?
സ്ത്രീ ഭര്‍ത്താവിന്റെ അനുവാദം വാങ്ങല്‍ അനിവാര്യമാണ്. എന്നാല്‍ ഇസ്‌ലാമില്‍ അവള്‍ക്ക് നിര്‍ബന്ധമായ ആദ്യത്തെ ഹജ്ജിന് ഭര്‍ത്താവ് അനുവാദം നല്‍കിയില്ലെങ്കിലും പോകാവുന്നതാണ്. കാരണം ഹജ്ജ് അവളുടെ നിര്‍ബന്ധ ബാധ്യതയാണ്. സ്രഷ്ടാവായ അല്ലാഹുവിനുള്ള അവകാശമാണത്. അതുകൊണ്ട് തന്നെ അത് നിര്‍വഹിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല, സ്രഷ്ടാവിനെ ധിക്കരിച്ച് സൃഷ്ടിയെ അനുസരിക്കേണ്ടതുമില്ല. ഭര്‍ത്താവിനെ അനുസരിക്കല്‍ നിര്‍ബന്ധമായത് പോലെ നിര്‍ബന്ധമാണ് ഹജ്ജും. ഒരു നിര്‍ബന്ധ കാര്യം ചെയ്യുന്നതില്‍ നിന്ന് അവളെ തടയാന്‍ ഭര്‍ത്താവിന് അവകാശമില്ല. അവള്‍ നമസ്‌കരിക്കുന്നത് ഭര്‍ത്താവ് തടഞ്ഞാല്‍ അതില്‍ സ്വീകരിക്കേണ്ട വിധി തന്നെയാണ് നിര്‍ബന്ധമായ ഹജ്ജിലും സ്വീകരിക്കേണ്ടത്. എന്നാല്‍ അവള്‍ നേരത്തെ ഒരു ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍, പിന്നീട് നിര്‍വഹിക്കുന്ന ഐഛികമായ ഹജ്ജിന് ഭര്‍ത്താവിന്റെ അനുവാദം ലഭിക്കല്‍ നിര്‍ബന്ധം തന്നെയാണ്.
വിവ: നസീഫ് തിരുവമ്പാടി
Comments