Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

തിരിച്ചെത്തേണ്ടത് വേദപ്രോക്ത വിശ്വാസത്തിലേക്ക്

സി.ടി ബശീര്‍ /കവര്‍സ്‌റ്റോറി

         ഭാരതത്തെ ഹൈന്ദവവത്കരിക്കുന്നതിനു പകരം വേദാധിഷ്ഠിതമായ ഒരു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കണമെന്ന് വാദിച്ചവരായിരുന്നു രാജാറാം മോഹന്‍ റോയും (1772-1883) ദേബേന്ദ്ര നാഥ ടാഗോറും (1817-1905) ദയാനന്ദ സരസ്വതിയും (1824-1883) മഹാദേവ് ഗോവിന്ദ് റാനഡെയും (1842-1901) ബ്രഹ്മാനന്ദ ശിവയോഗി ഗുരുവും (1887-1939). ഇതേ തുടര്‍ന്നാണ് ബ്രഹ്മസമാജവും ആര്യസമാജവും സ്ഥാപിതമായത്. നാമമാത്രമായിട്ടാണെങ്കിലും ഈ സമാജങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

വേദപ്രോക്തമായ വിശ്വാസപ്രമാണങ്ങള്‍ക്ക് അവതരണകാലത്ത് പ്രത്യേകം പേരുണ്ടായിരുന്നില്ല. സനാതന ധര്‍മമെന്നോ ഹിന്ദു മതമെന്നോ അറിയപ്പെട്ടത് പില്‍ക്കാലത്താണ്. പല മതങ്ങളും പ്രവാചകന്മാരുടെ പേരിലും അറിയപ്പെട്ടു. ഏക സ്രോതസ്സില്‍ നിന്ന് വന്ന എല്ലാ മതങ്ങളും ഇസ്‌ലാം മതമാണെന്നു വെളിപ്പെടുത്തിയത് പ്രവാചകന്‍ മുഹമ്മദ് ആയിരുന്നു. ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും മുസ്‌ലിമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദിന് ദൈവത്താല്‍ അവതീര്‍ണമായ ഖുര്‍ആനിലെ സുവ്യക്തമായ ഒരു സൂക്തം: ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയും നിഷേധികള്‍ക്ക് താക്കീതും നല്‍കാനായി അല്ലാഹു പ്രവാചകന്മാരെ അയച്ചു; അവര്‍ ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പു കല്‍പിക്കുന്നതിനായി. അവര്‍ക്ക് സത്യവേദവും നല്‍കി. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്ന ശേഷവും വേദവിഷയത്തില്‍ ഭിന്നിച്ചു നില്‍ക്കുന്നത് അവര്‍ തമ്മിലുള്ള കിടമത്സരം കൊണ്ടുമാത്രമാണ്'' (2:213).

ഖുര്‍ആന്‍ എല്ലാ വേദവിശ്വാസികളോടുമായി പറയുന്നത് ഇങ്ങനെയാണ്: ''വരൂ, ഏകദൈവമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്ന വിഷയത്തില്‍ നമുക്ക് യോജിപ്പിലെത്താം.'' യജുര്‍വേദവും ഭഗവദ് ഗീതയും ഏകദൈവവിശ്വാസത്തിലാണ് ഊന്നുന്നത്. ''പ്രകൃതി പ്രതിഭാസങ്ങളെ ആരാധിക്കുന്നവര്‍ അന്ധകാരത്തിലേക്കാണ് പ്രവേശിക്കുന്നത്'' (യജുര്‍വേദം). ''സൃഷ്ടിക്കപ്പെട്ടതിനെ ആരാധിക്കുന്നവന്‍ അന്ധകാരത്തിന്റെ അടിത്തട്ടിലേക്കാണ് പോകുന്നത്'' (ഭഗവദ്ഗീത). കൂടാതെ ഛന്ദോഗ്യോപനിഷത്തിലും കഠോപനിഷത്തിലും ഏകദൈവവിശ്വാസം പരാമര്‍ശിക്കുന്നത്, വിഗ്രഹാരാധനക്ക് യാതൊരു പഴുതും നല്‍കാത്ത വിധമാണ്. ''അവര്‍ രണ്ടാമതൊരുവന്‍ ഇല്ലാത്തവിധം ഏകനാണ്'' (ഛന്ദ്യേഗ്യോപനിഷത്ത്). ''ശിഷ്യാ നീ മായാ വിഗ്രഹങ്ങളില്‍ നിന്ന് ബ്രഹ്മാവില്‍ എത്തിച്ചേരാതെ വിജയം പ്രാപിക്കുകയില്ല.'' ഹിന്ദുക്കളെ വേദക്കാരുടെ വിഭാഗത്തിലാണ് ചേര്‍ക്കേണ്ടതെന്ന് ഈ വചനങ്ങളെല്ലാം ചേര്‍ത്തുവെച്ചാണ് മൗലാനാ അബുല്‍ കലാം ആസാദ് അഭിപ്രായപ്പെടുന്നത്. പുനര്‍ജന്മ സിദ്ധാന്തവും വേദേതരമാണ്. നരകവും സ്വര്‍ഗവും (പരലോകവും) വ്യക്തമായി വേദങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

''ബ്രാഹ്മണം അടുത്ത ലോകത്തിലേ ജനനമരണങ്ങള്‍ സ്വീകരിക്കുന്നുള്ളൂ. ഉപനിഷത്തുകളിലായപ്പോള്‍ ആ വിശ്വാസം ഈ ലോകത്താണ് പുനര്‍ജന്മമെന്ന വിശ്വാസ പ്രമാണമായി മാറി'' (ഭാരതീയ ദര്‍ശനം, ഡോ. രാധാകൃഷ്ണന്‍). വേദധര്‍മമൂലം എന്ന ഗ്രന്ഥത്തില്‍ വി.കെ നാരായണ ഭട്ടതിരി എഴുതുന്നു: ''മരണാനന്തരം ശിഷ്ടര്‍ക്ക് നിത്യശാന്തിയും ദുഷ്ടര്‍ക്ക് ദുരിതവും ലഭിക്കുന്ന മറ്റൊരു ജീവിതമുണ്ടെന്ന വിശ്വാസമായിരുന്നു പുരാതന ഭാരതീയര്‍ക്ക്.'' കാലാന്തരത്തില്‍ ആ വിശ്വാസം പുനര്‍ജന്മ വിശ്വാസത്തിനു വഴിമാറി.

വേദങ്ങളും ഉപനിഷത്തുകളും ഖുര്‍ആനും വായിച്ചുപോകുമ്പോള്‍ കാണുന്ന സാദൃശ്യങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത് എല്ലാ മതങ്ങളും ഉത്ഭവിച്ച സ്രോതസ്സ് ഒന്നുതന്നെയാണെന്നാണ്. ജീവജാലങ്ങളുടെ ഉല്‍പത്തി ജലത്തില്‍ നിന്നാണെന്ന് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഋഗ്വേദത്തിലും, 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഖുര്‍ആനിലും വായിക്കാനാവുന്നത് അതുകൊണ്ടാണ്. നൂഹിന്റെയും ഇബ്‌റാഹീമിന്റെയും പിന്തുടര്‍ച്ചക്കാരാണ് നാമെല്ലാം. ഋഗ്വേദത്തിന്റെ ഭാഷയില്‍ 'ആദിയും അന്ത്യവുമില്ലാത്ത ഒരേ സര്‍വേശ്വരന്റെ മക്കള്‍.' ''ഇത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യക്തമായ ഒരു ഉദ്‌ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും, അവന്‍ ഒരേയൊരു ആരാധ്യനാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും, ബുദ്ധിമാന്മാര്‍ ആലോചിച്ചു തീര്‍ച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഉദ്‌ബോധനം'' (ഖുര്‍ആന്‍ 14:52).

വേദങ്ങള്‍ ഘോഷിച്ച ശുദ്ധമായ ഏകദൈവവിശ്വാസത്തെ അട്ടിമറിച്ചുകൊണ്ട് വീണ്ടും വീണ്ടും വിഗ്രഹാരാധനയുടെ നാമ്പുകള്‍ തലപൊക്കിക്കൊണ്ടിരുന്നു. 'രൂപ വര്‍ജിതനായ ദൈവത്തിനു രൂപം കല്‍പിച്ചു ധ്യാനിച്ചു' പോയതുകൊണ്ട് ചില മഹാരഥന്മാരെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ട്.

ചാതുര്‍വര്‍ണ്യവും സതിയും യാഗങ്ങളും യജ്ഞങ്ങളുമെല്ലാം സനാതന ധര്‍മത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞവരും പ്രശസ്തരായ ഹിന്ദു നേതാക്കന്മാര്‍ തന്നെയാണ്. പുരോഹിതന്മാരുടെ സാന്നിധ്യമില്ലാതെ മത കര്‍മങ്ങള്‍ നടത്താനാവില്ല എന്ന സ്ഥിതി ഇപ്പോള്‍ വന്നുപെട്ടു. അനുഷ്ഠാനങ്ങളെ പിറകോട്ടാക്കി ആചാരങ്ങള്‍ തഴച്ചുവളര്‍ന്നു. ഓരോ ദേശക്കാര്‍ക്കും ഓരോ ഭാഷക്കാര്‍ക്കും പ്രത്യേകം പ്രത്യേകമുള്ള ആചാരങ്ങളെല്ലാം ഹൈന്ദവതയുടെ പൊതുധാരയില്‍ സ്വീകരിക്കപ്പെടുന്നു. ഇതര മതസ്ഥരുടെയും സ്ഥിതി ഇതുതന്നെ. പക്ഷേ, ഇസ്‌ലാം മതാനുയായികള്‍ തൗഹീദും രിസാലത്തും (ദൈവം ഏകനാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള വിശ്വാസം) അര്‍ഥശങ്കക്കിടമില്ലാതെ മുറുകെ പിടിക്കുന്നു. ഈ അടിസ്ഥാന വിശ്വാസമാണ് പരമപ്രധാനം. ലോകാരംഭം മുതല്‍ക്ക് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് ഈ ദൗത്യനിര്‍വഹണത്തിനാണ്. അതുകൊണ്ട് കറകളഞ്ഞ ഏകദൈവവിശ്വാസത്തിലേക്കാണ് മുഴുവന്‍ സത്യവിശ്വാസികളും തിരിച്ചുവന്ന് സര്‍വലോക രക്ഷിതാവായ നാഥന്റെ മുമ്പില്‍ പ്രണമിക്കേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍