Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

ആഗോള മുതലാളിത്തത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വായിക്കുന്നു

പ്രഫ. ഖുര്‍ശിദ് അഹ്മദ് /ലേഖനം

         ആഗോള മുതലാളിത്തം (Global Capitalism) പുതിയ ഉടയാടകളും പദപ്രയോഗങ്ങളുമായാണ് പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും അത് പുതിയ എന്തോ ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ആഗോളവല്‍ക്കരണം പോലെ അതും പഴയ ഉരുപ്പടി തന്നെ. അതേസമയം, ശീതയുദ്ധാനന്തരമുള്ള ലോകത്ത് മുതലാളിത്തം എത്തിപ്പിടിച്ച ഉയരങ്ങളും വേരിറങ്ങിയ ആഴങ്ങളും അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഗതിവേഗവുമൊന്നും നമുക്ക് നിഷേധിക്കാനാവുകയുമില്ല. മനുഷ്യ വിഭവത്തിന്റെയും മൈക്രോചിപ്പുകളുടെയും ഏറ്റവും ഫലപ്രദവും നവീനവുമായ ഉപയോഗങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രതിഫലനങ്ങളും നമുക്ക് കാണാതിരിക്കാനുമാവില്ല. ഇതൊക്കെയും പ്രധാനം തന്നെ. പക്ഷേ അതിപ്രധാനമായത് മറ്റുചില കാര്യങ്ങളാണെന്ന് ഞാന്‍ കരുതുന്നു. അതായത് വിഷയത്തിന്റെ ധാര്‍മികവും നൈതികവുമായ മാനങ്ങള്‍. അവ മൗലികമാണെന്ന് മാത്രമല്ല, ഏറെ സങ്കീര്‍ണവുമാണ്. ചോദ്യ രൂപത്തില്‍ ആ വിഷയം ഇങ്ങനെ അവതരിപ്പിക്കാം.

* ആഗോള മുതലാളിത്തം (ഭൂമിശാസ്ത്രപരവും മറ്റുമായ വ്യത്യസ്തതകള്‍ കാരണം അതിന് പലതരം രൂപമാറ്റങ്ങള്‍ കാണാനുണ്ടെങ്കിലും) മനുഷ്യ സമൂഹത്തെ നയിക്കുന്നത് ഒരൊറ്റ അധീശ സാമ്പത്തിക ഘടനയിലേക്കാണോ?

* പലയിനം സാമ്പത്തിക വ്യവസ്ഥകള്‍ പൂത്തുലയുന്ന തീര്‍ത്തും ബഹുസ്വരമായ ഒരു ലോകഘടനയല്ലേ മനുഷ്യകുലത്തിന്റെ മുന്നോട്ട് പോക്കിന് ഏറ്റവും നന്നാവുക?

കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി മുതലാളിത്തം ഒരു വലിയ ചരിത്ര ശക്തിയായി നമ്മുടെ മുന്നിലുണ്ട്. പരിണാമത്തിന്റെയും പുതുക്കലിന്റെയും പല ഘട്ടങ്ങളിലൂടെ അത് കടന്നുപോവുകയുണ്ടായി. വ്യാപാരി സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടം (Merchant Capitlism). പിന്നെ വ്യാവസായിക മുതലാളിത്ത(Industrial Capitalism)വും ധനമുതലാളിത്ത(Financial Capitlism)വും ക്ഷേമമുതലാളിത്ത(Welfare Capitalism)വും സ്റ്റേറ്റ് മുതലാളിത്ത(State Capitalism)വും വന്നു. ഏറ്റവുമൊടുവില്‍ ആഗോള മുതലാളിത്തത്തില്‍ എത്തിനില്‍ക്കുന്നു. 'ചരിത്രത്തിന്റെ അന്ത്യം' എന്ന വാദം ഉയര്‍ത്തിയാണ് ഈ ഒടുവിലത്തെ ഘട്ടത്തിന് തുടക്കം കുറിച്ചത്. അതായത്, മനുഷ്യകുലത്തിന് ഭാവിയില്‍ പുതിയൊരു സാമ്പത്തിക ബദല്‍ സംവിധാനവും വരാനില്ല. ഇനി ലോകമാസകലം മുതലാളിത്ത സമ്പദ്ഘടന മാത്രമായിരിക്കും നിലനില്‍ക്കുക. ഈ വാദമുഖത്തെ നിശിതമായി നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഒരു ബദല്‍ സാധ്യമാണ് എന്ന് സമര്‍ഥിക്കുകയാണ് ഈ പഠനത്തില്‍. ആ ബദല്‍ തീര്‍ച്ചയായും ആഗോള സമൂഹത്തെക്കുറിച്ചും സമ്പദ്ഘടനയെക്കുറിച്ചുമുള്ള പുതിയൊരു വിഭാവനം മുന്നോട്ട്‌വെക്കുന്നു. അവിടെ വിവിധ സാമൂഹിക-സാമ്പത്തിക ഘടനകള്‍ക്ക് സഹവര്‍ത്തിത്വം സാധ്യമാണ്. ഓരോ ഘടനക്കും അതിന്റെ മൂല്യങ്ങളും മുന്‍ഗണനകളും പൊതുലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് തന്നെ നിലനില്‍ക്കാം. സഹകരണത്തിന്റെ മേഖലകളും നിര്‍ണയിക്കപ്പെട്ടിരിക്കും. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഈ പരസ്പര സഹകരണം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഗോള സമൂഹത്തെ പ്രാപ്തമാക്കും എന്നും സ്ഥാപിക്കുന്നു.

മുതലാളിത്തം: 

വളര്‍ച്ചയും പരിണാമവും

സ്വകാര്യ സ്വത്ത്, സ്വകാര്യ സംരംഭം എന്നിവയെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഘടന എന്ന് മുതലാളിത്തത്തെ ലളിതമായി നിര്‍വചിക്കാം. സാമ്പത്തിക ജീവിതത്തിന്റെ വലിയ പങ്കും ഏറ്റെടുക്കുന്നത് വ്യക്തികളോ സ്വകാര്യ സംരംഭങ്ങളോ ആയിരിക്കും. പലതരം കമ്പോള പ്രക്രിയകളിലൂടെ കടന്ന്‌പോകുന്നതും മത്സരാധിഷ്ഠിതവുമായിരിക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. മുതലാളിത്തത്തിന്റെ അടിസ്ഥാന ചിന്താഗതികള്‍ പഠനവിധേയമാക്കുന്നപക്ഷം അതൊക്കെയും മുതലാളിത്തം ആവിര്‍ഭവിക്കുന്നതിന് മുമ്പ് തന്നെ സമൂഹത്തില്‍ നിനില്‍ക്കുന്നുണ്ടായിരുന്നു എന്ന് കാണാം. പക്ഷേ മുതലാളിത്തം ഒരു ഘടനയായി രൂപപ്പെട്ട ശേഷമാണ്, അത്തരം ചിന്താഗതികള്‍ ആഴത്തില്‍ വേരുപിടിച്ചതും വിവിധ തലങ്ങളില്‍ സ്വാധീനമുറപ്പിച്ചതും. യൂറോപ്പില്‍ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും ശേഷം ഉയര്‍ന്നുവന്ന ബൗദ്ധിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക ശക്തികളും മുതലാളിത്ത ചിന്തക്ക് പുതിയൊരു രൂപവും ഭാവവും നല്‍കി.

മുതലാളിത്ത ചിന്തക്ക് മുഖ്യമായും പരസ്പര സാരൂപ്യമുള്ള എട്ട് സവിശേഷതകളാണ് കാണാനാവുക. 1. വ്യക്തി താല്‍പര്യം. 2. സ്വകാര്യ സ്വത്തും സംരംഭവും. 3. ലാഭപ്രേരണ. 4. കമ്പോള ഘടന. 5. സ്വതന്ത്ര സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളും അവയെ യാഥാര്‍ഥ്യമാക്കുന്ന ഒരു സിവില്‍ സമൂഹവും. 6. വ്യാപാര അവകാശങ്ങള്‍ സംരക്ഷിക്കാനും കരാറുകള്‍ നടപ്പിലാക്കാനും സാധ്യമാവുന്ന നിയമ-ജുഡീഷ്യല്‍ സംവിധാനങ്ങളുടെ ലഭ്യത. 7. മധ്യവര്‍ത്തിയായി പണം. 8. ആഭ്യന്തരവും വൈദേശികവുമായ സുരക്ഷ ഉറപ്പുവരുത്തുന്ന രാഷ്ട്രീയ സ്ഥിരതയും മികച്ച ഭരണവും.

ഒറ്റക്കൊറ്റക്ക് എടുത്താല്‍ ഇക്കാര്യങ്ങളൊക്കെ ഏറിയോ കുറഞ്ഞോ അളവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വിവിധ കാലങ്ങളില്‍ വിവിധ സമൂഹങ്ങളിലുണ്ടായിരുന്ന മത-രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളാണ് അവയുടെ രൂപവും ദിശയുമൊക്കെ നിര്‍ണയിച്ചിരുന്നത് എന്നു മാത്രം. ജന്മി നാടുവാഴിത്തത്തിന്റെ തകര്‍ച്ച, യൂറോപ്പില്‍ നവോത്ഥാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും മതനവീകരണത്തിന്റെയും ഉദയം, സാങ്കേതിക വിദ്യയുടെ വളര്‍ച്ച, യൂറോപ്യന്‍ ശക്തികളുടെ രാഷ്ട്രീയ അതിര്‍ത്തികള്‍ക്ക് ലോകത്തോളം കൈവന്ന വൈപുല്യം തുടങ്ങിയ പ്രതിഭാസങ്ങളാണ് ആധുനിക മുതലാളിത്തത്തിന് ജന്മം നല്‍കിയത്. സൊബാര്‍ട്ട്, മാക്‌സ് വെബര്‍, റോബര്‍ട്ട് ടോനി തുടങ്ങിയ പണ്ഡിതന്മാരുടെ ചില സവിശേഷ സാംസ്‌കാരിക-നൈതിക നിലപാടുകളും കാന്റ്, വോള്‍ട്ടയര്‍, ഹ്യും, റൂസ്സോ, ഹോബ്‌സ്, ബെന്‍തം, ആദംസ്മിത്ത് തുടങ്ങിയ ചിന്തകരുടെ സ്വാധീനവുമെല്ലാം പില്‍ക്കാലത്ത് 'മുതലാളിത്തം' (Capitalism) എന്ന് പേര് വിളിക്കപ്പെട്ട സാമ്പത്തിക ഘടന വളര്‍ന്ന് വരാന്‍ വഴിയൊരുക്കുകയുണ്ടായി. ഇതിനെ മുതലാളിത്തം എന്നുവിളിച്ചത് അതിന്റെ വക്താക്കളല്ല, എതിരാളികളായിരുന്നു എന്നും ഓര്‍ക്കാം. ലാഭത്തോടുള്ള എന്തെന്നില്ലാത്ത ആര്‍ത്തി, ധനനിര്‍മിതി, പണത്തിനും അധികാരത്തിനും പിന്നാലെയുള്ള ഓട്ടം എന്നിങ്ങനെ ഈ സാമ്പത്തിക പ്രവണതയെ അടയാളപ്പെടുത്താവുന്നതാണ്.

അധീശത്വം പുലര്‍ത്തിയ ഈ നാഗരിക പ്രവണതയെ ഏറ്റെടുത്തത് സംരംഭകരായിരുന്നു. അവരാണ് ഈ പ്രവണതയെ സുശക്തമായ ഒരു ഘടനയാക്കി രൂപപ്പെടുത്തിയത്. കച്ചവടം ചെയ്തും പുറംനാടുകളെ കോളനിവല്‍ക്കരിച്ചും അവര്‍ പണം വാരിക്കൂട്ടി. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും ഈ സംരംഭക വര്‍ഗമാണ് മുന്നിട്ടിറങ്ങിയത്. ഇതായിരുന്നല്ലോ വ്യാവസായിക വിപ്ലവത്തിനും നഗരവല്‍ക്കരണത്തിനും ആഗോള വ്യാപാരത്തിനും മുന്നോടിയായി വര്‍ത്തിച്ചത്. അങ്ങനെ ഈ പുതിയ സാമ്പത്തിക വര്‍ഗത്തിന് അനുകൂലമായി രാഷ്ട്രീയാധികാരവും മറ്റും പുനര്‍നിര്‍ണയിക്കപ്പെട്ടു. ഈ മൂലധന സ്രഷ്ടാക്കളുടെ ഇംഗിതത്തിനൊത്ത് മുഴുവന്‍ ബന്ധങ്ങളും അഴിച്ച് പണിയുകയും ചെയ്തു. മത്സരം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഭാവമായി. തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രക്രിയ കമ്പോളമെക്കാനിസമാണെന്ന് വന്നു. സമൂഹം ബൂര്‍ഷ്വാസികളും അധ്വാനിക്കുന്ന വര്‍ഗങ്ങളും എന്നിങ്ങനെ കൂടുതലായി ധ്രൂവീകരിക്കപ്പെടാനും തുടങ്ങി.

പുതിയ സംവിധാനത്തിന്റെ ബൗദ്ധിക അടിത്തറ എന്നുപറയുന്നത് രണ്ടെണ്ണമാണ്. ഒന്ന്, വ്യക്തികള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലുകളായി മാറുന്നു. രണ്ട്, ഈ ഘടനയുടെ മുഖമുദ്ര വ്യക്തി/സ്വാര്‍ഥ താല്‍പര്യത്തില്‍ അധിഷ്ഠിതമാണ്. വ്യക്തിയുടെ സംതൃപ്തി കുടികൊള്ളുന്നത് പരമാവധി സാമ്പത്തിക ലാഭങ്ങള്‍ കൈവരിക്കുന്നതിലാണെന്നും വന്നു. പക്ഷേ വ്യാഖ്യാനിക്കപ്പെട്ടത്, ഈ രീതി സമ്പദ്ഘടനയുടെ എല്ലാ തലങ്ങളിലും വിഭവങ്ങള്‍ ഏറ്റവും മികച്ച നിലയില്‍ വിനിയോഗിക്കപ്പെടാന്‍ ഇടവരുത്തും എന്ന നിലയിലാണ്. സാമ്പത്തിക യത്‌നങ്ങളുടെ ഏകപ്രേരണ എന്ന് പറയാന്‍ പറ്റില്ലെങ്കിലും, മുഖ്യപ്രേരണ ഒരാളുടെ സ്വാര്‍ഥ താല്‍പര്യമാണെന്ന സ്ഥിതി സംജാതമായി. ഉല്‍പ്പാദനം വര്‍ധിപ്പിക്കലും സേവന മേഖല പരിപോഷിപ്പിക്കലും ജീവിതത്തിന്റെ ഏറ്റവും വലിയ മൂല്യവും പാരിതോഷികവുമായി ആഘോഷിക്കപ്പെട്ടു. സ്വന്തമാക്കാനും നേട്ടമുണ്ടാക്കാനുമുള്ള പ്രേരണ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന മൂല്യമായി മാറി. ഈയൊരു സാമ്പത്തിക സംവിധാനത്തിന് സുഗമമായി പ്രവര്‍ത്തിക്കാനുള്ള വഴിയൊരുക്കലും തടസ്സങ്ങള്‍ നീക്കലും മാത്രമായി ഭരണകൂടങ്ങളുടെ ചുമതല. ലെസിഫെയര്‍ (Laissez Faire) എന്നറിയപ്പെട്ട ഈ സംവിധാനം രാഷ്ട്രത്തിനകത്തും ആഗോള തലത്തിലും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ വഴികാട്ടിയായി ഖ്യാതി നേടി. ഈ സംവിധാനം വേരുറക്കുന്ന മുറക്ക്, സംരംഭക വര്‍ഗവും അധികാരി വര്‍ഗവും തമ്മില്‍ ആഴത്തിലുള്ള സഹകരണവും ധാരണയും രൂപപ്പെട്ടു. ഇത് ഈ സാമ്പത്തിക സംവിധാനത്തിന് അതിവേഗം പ്രവര്‍ത്തിക്കാനും, അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും ആഗോളവ്യാപനവും ലഭ്യമാക്കാനും ഇടവരുത്തി. മുതലാളിത്തവും സാമ്രാജ്യത്വവും ഇരട്ടകളായിത്തീര്‍ന്നത് അങ്ങനെയാണ്. ഇവ ഓരോന്നും മറ്റേതിന് താങ്ങും കരുത്തുമായി നിലകൊണ്ടു.

സാംസ്‌കാരികവും ബുദ്ധിപരവും സാമൂഹികവുമായ ഒട്ടുവളരെ ഘടകങ്ങള്‍ ഒന്നിച്ച് ചേര്‍ന്നപ്പോള്‍ സമൂഹം മതേതരവല്‍ക്കരിക്കപ്പെട്ടു. സമൂഹത്തിന് മേല്‍ മതത്തിനുണ്ടായിരുന്ന പിടി അയഞ്ഞു. പരമ്പരാഗത മതമൂല്യങ്ങള്‍ ക്ഷയോന്മുഖമായി. പെട്ടെന്നുണ്ടായ അതിസമ്പന്നത ജീവിത ശൈലികളെ തകിടം മറിക്കുകയും ഉപഭോഗ സംസ്‌കാരത്തിന് പാതയൊരുക്കുകയും ചെയ്തു. സര്‍വത്ര പണത്തിന്റെ ഡംഭും ആഡംബര ജീവിതവും. മാത്രവുമല്ല, അനിയന്ത്രിതമായ വ്യക്തിവാദത്തില്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഈ സാമൂഹിക സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞാടുകയെന്നതും അസമത്വങ്ങളും അനീതികളും കൊടുകുത്തി വാഴുകയെന്നതും സ്വാഭാവികം. ഇതിനൊരു മറുവശവുമുണ്ട്. പുതുതായി ലഭിച്ച സ്വാതന്ത്ര്യവും തുറന്നുകിട്ടിയ അവസരങ്ങളും സര്‍ഗാത്മകതയുടെയും ക്രയശേഷിയുടെയും കണ്ടുപിടിത്തത്തിന്റെയും സംരംഭകത്വത്തിന്റെയും കാര്യസ്ഥതയുടെയും ഒരു മഹാ ഊര്‍ജപ്രവാഹത്തെ തുറന്നുവിട്ടു. അഭൂതപൂര്‍വമായ സാമ്പത്തിക വികസനത്തിനും ഭൗതിക സമ്പന്നതക്കും അത് കളമൊരുക്കി. അതിനൊപ്പം പലതും തകര്‍ന്നു വീണു എന്നും ഓര്‍ക്കണം. വിക്‌ടോറിയന്‍ സാമൂഹിക ഘടന നെടുകെ പിളര്‍ന്നു. വരുമാനത്തിലും സമ്പത്തിലുമൊക്കെയുണ്ടായ അസമത്വങ്ങള്‍ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ വിളിച്ചത് 'സാമൂഹിക ഡാര്‍വിനിസം' എന്നായിരുന്നു. അഥവാ സമൂഹത്തില്‍ കൈയൂക്കുള്ളവനാണ് കാര്യക്കാരന്‍. 'ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു' എന്ന പുതിയ സൂത്രവാക്യം നില ഒന്നുകൂടി വഷളാക്കി. ഇതിന്റെയെല്ലാം ഫലമായി രൂപപ്പെട്ട സമൂഹത്തില്‍, വികസനത്തിന്റെ ഫലങ്ങള്‍ എല്ലാവര്‍ക്കുമിടയില്‍ നീതിപൂര്‍വകമായി വിതരണം ചെയ്യപ്പെടുക എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതായി. സാമ്രാജ്യത്വ ചൂഷണങ്ങള്‍ ഈ സമ്പദ്ഘടനയുടെ മുഖമുദ്രയാണ്.

മനുഷ്യരാശി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്കും ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത അധീശ ശക്തിയായി മുതലാളിത്തം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ സബ് സഹാറന്‍ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും തെക്കനേഷ്യയിലും മറ്റുമായി കഴിഞ്ഞ് കൂടുന്ന ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും രോഗങ്ങളുടെയും നീതിനിഷേധത്തിന്റെയും പിടിയില്‍ അമരുകയാണുണ്ടായത്. കിഴക്കനേഷ്യയിലും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലുമുണ്ടായ വന്‍ സാമ്പത്തിക തകര്‍ച്ചകള്‍ മുതലാളിത്ത സമ്പദ്ഘടനയുടെ കളിമണ്‍ കാലിനെയാണ് തുറന്നുകാട്ടുന്നത്. റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലും നടത്തിയ മുതലാളിത്ത പരീക്ഷണങ്ങള്‍ കൂപ്പുകുത്തിയത്, അന്യനാടുകളില്‍ അതിന്റെ പരാജയ സാധ്യതയാണ് വിളിച്ചോതുന്നത്.

നമ്മുടെ വീക്ഷണത്തില്‍ മുതലാളിത്തം ഉയര്‍ത്തുന്ന വെല്ലുവിളിക്ക് രണ്ട് തലമാണുള്ളത്. ഒന്ന്: പാശ്ചാത്യേതര രാജ്യങ്ങളുടെ നേരെ ഉയര്‍ത്തുന്ന വെല്ലുവിളി. രണ്ട്, പ്രശ്‌നങ്ങളുടെ നീര്‍ച്ചുഴിയില്‍ മുതലാളിത്ത സമ്പദ്ഘടന അതിന്റെ തന്നെ നിലനില്‍പ്പിന് ഉയര്‍ത്തുന്ന വെല്ലുവിളി. ഓരോ വെല്ലുവിളിയും പുതിയൊരു അവസരം തുറന്നുതരും എന്നത് മാത്രമാണ് ഈ കൂരിരുട്ടിലെ ഏക രജത രേഖ.  

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍