സിന്ധുനദീതട നാഗരികതയും <br> ഇസ്‌ലാമിക സംസ്‌കൃതിയും
ആദംനബി ആദ്യത്തെ മനുഷ്യന്‍ എന്ന നിലയില്‍ ഖുര്‍ആന്‍, ബൈബിള്‍, തോറ എന്നിവയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരാശിയുടെ പിതാവും ആദ്യത്തെ പ്രവാചകനും ആദംനബിയായിരുന്നു എന്ന് മൂന്ന് വേദങ്ങളും സത്യപ്പെടുത്തുന്നു. ഹവ്വ അഥവാ ഈവ് മനുഷ്യകുലത്തിന്റെ മാതാവായും കരുതപ്പെടുന്നു. ദൈവം ഭൂമിയിലേക്ക് അയച്ച പ്രവാചകന്മാരെല്ലാം ഇസ്‌ലാം എന്ന ആദര്‍ശമാണ് പ്രബോധനം ചെയ്തിരുന്നത് എന്നതിനാല്‍ ആദ്യത്തെ മനുഷ്യനായ ആദംനബി മുസ്‌ലിം ആയിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.
ആദംനബിയുടെയും മക്കളായ ഖാബേലിന്റെയും ഹാബേലിന്റെയും ചരിത്രം ഖുര്‍ആന്‍ അഞ്ചാം അധ്യായത്തില്‍ 27-31 വചനങ്ങളിലായി പറയുന്നുണ്ട്. ഹാബേലും ഖാബേലും ജനിച്ചുവളര്‍ന്നതും ഖാബേല്‍ തന്റെ സഹോദരന്റെ ജഡം മറമാടിയതുമായ ദേശം ഏതായിരുന്നുവെന്ന ചര്‍ച്ച പ്രസക്തമാണ്. സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഹാബേലിനെ മറമാടിയ ദേശത്ത് കാക്കകള്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം, ഭൂമിയില്‍ കുഴിതോണ്ടുന്ന ഒരു കാക്കയെ കണ്ടുകൊണ്ടാണ് ഹാബേലിന്റെ ജഡം ഖാബേല്‍ മറമാടിയത്. ഏതു ദേശത്താണ് കാക്കകള്‍ ഉത്ഭവിച്ചത് എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കാണ്.
ലോകം അംഗീകരിച്ചിട്ടുള്ള പക്ഷിശാസ്ത്രം അനുസരിച്ച് ഓരോ പക്ഷിയെയും അവയുടെ ജീവിതരീതിയെയും വാസസ്ഥലങ്ങളെയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. Corvussplendens എന്നാണ് കാക്കകള്‍ക്ക് പക്ഷിശാസ്ത്രത്തില്‍ നല്‍കപ്പെട്ട ശാസ്ത്രീയ നാമം. Corvus-splendens-ന്റെ ഉത്ഭവസ്ഥലത്തെക്കുറിച്ച് എന്‍സൈക്ലോപീഡിയയില്‍ നല്‍കിയിരിക്കുന്ന മാപ്പില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കാക്കകളുടെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നു.
എന്‍െൈസക്ലോപീഡിയ (വിക്കിപീഡിയയില്‍) കാക്കയെ house crow- Indian, greynecked, Ceylon or Colombo crow എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാക്കകളുടെ ഉറവിടം ഏഷ്യയിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍, സിലോണ്‍, കൊളംബോ കാക്കകള്‍ എന്ന് കാക്കകളുടെ വംശാവലി രേഖപ്പെടുത്തുമ്പോള്‍ മനുഷ്യവാസം തുടങ്ങിയ സ്ഥലങ്ങളില്‍ കാക്കകളും ഉണ്ടായിരുന്നുവെന്നും അത് ഏഷ്യയിലെ ഇന്ത്യയില്‍ ആയിരുന്നുവെന്നും കാണാം. സിലോണ്‍, കൊളംബോ എന്നിങ്ങനെ പറയുന്ന സ്ഥലം ഇന്നത്തെ ശ്രീലങ്കയാണെന്നും, ശ്രീലങ്ക ഇന്ത്യയില്‍നിന്നും വേര്‍പ്പെട്ടുപോയ പ്രദേശമായിരുന്നുവെന്നും മനസ്സിലാക്കാം. അപ്പോള്‍, സിലോണിലെ ആദംമലയെ ആദംനബിയുമായി ബന്ധപ്പെടുത്തി പറയുന്നതിന് കേവലം ഐതിഹ്യത്തിനപ്പുറമുള്ള മാനമുണ്ടെന്ന് വരുന്നു.
ലോകത്ത് ആദ്യമായി മനുഷ്യസംസ്‌കാരം പിറവിയെടുത്തത് സിന്ധു നദീതടത്തിലായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആദമും ഹവ്വയും ഭൂമിയില്‍ മനുഷ്യസംസ്‌കാരത്തിന് തുടക്കം കുറിച്ചു. ആദംനബിയുടെ മക്കളായ ഖാബേലിന്റെയും ഹാബേലിന്റെയും ചരിത്രത്തോളം പഴക്കമുണ്ട് സിന്ധുനദീതട സംസ്‌കാരത്തിന്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി 3300-ല്‍ നിലവിലുണ്ടായിരുന്ന ജനവാസ വ്യവസ്ഥയാണ് സിന്ധു നദീതട സംസ്‌കാരം (The Indus Valley Civilization) എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളിലൊന്നാണിത്. 1922-23 കാലയളവില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടര്‍ന്നാണ് ഈ സംസ്‌കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. മറ്റു പ്രാചീന സംസ്‌കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്.
ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തില്‍ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകള്‍ നരവംശപുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഈ കണ്ടെത്തല്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യ സംസ്‌കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വര്‍ഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുമ്പ് വേദകാലഘട്ടമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജനവാസ ചരിത്രത്തില്‍ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാര്‍ കരുതിയിരുന്നത്.
ഇന്ന് മണ്‍സൂണ്‍ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗര്‍-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്‌കൃതി നിലനിന്നിരുന്നുവെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നദി, വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി ആയിരുന്നിരിക്കണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി ഇതിനെ സിന്ധു സരസ്വതി നദീതട സംസ്‌കാരം എന്നും വിളിക്കുന്നുണ്ട്. ഹരപ്പയിലെ ഉത്ഖനനത്തില്‍നിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാല്‍ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പന്‍ സംസ്‌കാരം എന്നും ഈ നാഗരികതയെ പറയാറുണ്ട്.
ഹരപ്പയുടെ പൂര്‍വികര്‍ എന്നു വിളിക്കാവുന്ന ഒരു നാഗരികത മെഹര്‍ഗഢ് സംസ്‌കാരമാണ്. ബലൂചിസ്ഥാനിലെ ക്വെറ്റാക്കരികില്‍ ബോളാന്‍ ചുരത്തിനു സമീപം കണ്ടെത്തിയ ചെറുശിലാ യുഗത്തിലെ നാഗരികതയാണ് മെഹര്‍ഗഢ്. ഇത് ബി.സി.ഇ. 7000 മുതല്‍ 5500 വരെ നിലനിന്നിരുന്നു. അടുത്തടുത്തായി നിരവധി സ്ഥലങ്ങളില്‍ ഈ സംസ്‌കൃതി ചിതറിക്കിടക്കുന്നതായാണ് കാണപ്പെട്ടിരിക്കുന്നത്. കൃഷിയും (ബാര്‍ലി, ഗോതമ്പ് തുടങ്ങിയവ) കാലിവളര്‍ത്തലും മനുഷ്യചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കം ചെന്ന കളിമണ്‍ പാത്രങ്ങള്‍ മെഹര്‍ഗഢിലേതാണ്. ബലൂചിസ്ഥാനിനടുത്തെ നള്‍ സംസ്‌കാരവും കുള്ളി നാഗരികതയും മെഹര്‍ഗഢ് സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണെന്ന് കരുതുന്നു.
ഹരപ്പന്‍ സംസ്‌കൃതി ഏതാണ്ട് 800,000 ച.കി.മീ പ്രദേശത്ത് വ്യാപിച്ചിരുന്നു. തിബറ്റില്‍ നിന്നുത്ഭവിച്ച് ഇന്നത്തെ പാകിസ്താനിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന സിന്ധുനദിയുടെ താഴേപ്പകുതിയിലെ തടങ്ങളില്‍ രൂപംകൊണ്ട മനുഷ്യവാസ വ്യവസ്ഥയായിരുന്നു ഈ സംസ്‌കൃതി എങ്കിലും അത് പിന്നീട് നാലുപാടുമുള്ള വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വടക്ക് -കിഴക്ക് രൂപാര്‍, മണ്ഡ എന്നിവിടങ്ങള്‍ വരെയും തെക്കോട്ട് നര്‍മദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങള്‍ വരെയും ഗുജറാത്തിലെ സുര്‍കോത്തഡ, ദസാല്‍പൂര്‍, ധോളവീരാ, കിന്നര്‍ഖേഡാ, സൊമ്‌നാഥ്, റോജ്ദി, ലോഥള്‍ എന്നീ പ്രദേശങ്ങള്‍ വരെയും ഇത് വ്യാപിച്ചിരുന്നു. പടിഞ്ഞാറോട്ടു മക്രാന്‍ തീരത്തുനിന്ന് സുത്കാജന്‍ദോര്‍ വരെയാണ് ഹരപ്പ നാഗരികതയുടെ പ്രചാരം. വടക്ക്-കിഴക്ക് മണ്ഡാ, ജന്‍ദോര്‍ വരെ സുമാര്‍ ആയിരം മൈല്‍ ദൂരത്തേക്ക് അതെത്തിയിരുന്നു. വ്യാപ്തിയുടെ കാര്യത്തില്‍ നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രിസ് നദീതട സംസ്‌കാരങ്ങളെക്കാളും വിശാലമായിരുന്നു ഈ സംസ്‌കൃതി.
മതവിശ്വാസം
ഈ ജനത ദൈവവിശ്വാസികള്‍ ആയിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ ഇക്കാലത്തേതു പോലെയുള്ള രീതിയില്‍ ഏതെങ്കിലും മതവിശ്വാസം അവര്‍ക്കുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. മതവിശ്വാസം അവര്‍ക്കിടയില്‍ നിലനിന്നിരിക്കാന്‍ സാധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഉത്ഖനനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ കുളിമുറികളുടെയും കൃത്രിമ കുളങ്ങളുടെയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാണ്. മൂന്നു നേരം പ്രാര്‍ഥനയും അതിനു മുമ്പ് ദേഹശുചീകരണത്തിനായി സ്‌നാനവും ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്രയും ബൃഹത്തായ ശുചീകരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. മതം, ആരാധനാ രീതികള്‍ എന്നിവയെക്കുറിച്ചൊന്നും വ്യക്തമായ സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ബിംബങ്ങളോ രൂപങ്ങളോ വെച്ചുള്ള ആരാധനയോ ദൈവ സങ്കല്‍പങ്ങളോ ആയിരുന്നില്ല ആ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നതെന്ന് ഉറപ്പിച്ചു പറയാം.
മൊഹെന്‍ജെ ദാരോവില്‍ ക്ഷേത്രങ്ങളോ മറ്റു ദേവാലയങ്ങളോ ഇല്ല എന്നാണ് ആദ്യം ഖനനം നടത്തിയവരുടെ അഭിപ്രായം. എന്നാല്‍ അവിടെ കണ്ട വലിയ കെട്ടിടം ആരാധനാലയമായിരിക്കാന്‍ സാധ്യതയുണ്ട് എന്ന അഭിപ്രായം ചിലര്‍ മുന്നോട്ട് വെച്ചു. ഈ കെട്ടിടത്തിന്റെ പരിസരത്ത് നിന്നാണ് (അകത്തുനിന്നല്ല) ശില്‍പങ്ങള്‍ മുഖ്യമായും ലഭിച്ചത്. കെട്ടിടത്തിന് നീളം അമ്പത്തിരണ്ട് അടിയും വീതി നാല്‍പതടിയും വരും. ചുമരിന് നാല് അടി കനവും ഉണ്ട്. രണ്ട് പടിവാതിലുകള്‍ കയറിച്ചെന്നാല്‍ ഉള്ളില്‍ വിശാലമായ തളം. അതിനു നടുക്കായി പ്രസംഗപീഠം എന്നു തോന്നിപ്പിക്കുന്ന ഒരു തറ. താടിക്കാരനായ പുരുഷന്റെ പ്രതിമ ലഭിച്ചത് ഇതിനുള്ളിലെ ഒരു മുറിയില്‍ നിന്നാണ്. ഇതൊക്കെക്കൊണ്ട് അവിടെ കണ്ട വലിയ കെട്ടിടം ഒരു ആരാധനാലയമായിരിക്കാന്‍ സാധ്യതയുണ്ട്. കലിബഗന്‍ ബനാവലി, ലോഥല്‍ എന്നീ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച മാതൃകയില്‍ വീടുകള്‍ക്ക് പുറത്തായി ചെറിയ ആരാധനാലയങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ മൊഹഞ്ചെദാരോവില്‍ ആരാധനാ സ്ഥലങ്ങള്‍ വീടിനകത്തോ പൊതുവായ ഒരിടത്തോ ആയിരുന്നു.
ഹരപ്പയില്‍ നിന്നും മൊഹന്‍ജെദാരോയില്‍ നിന്നും ലഭിച്ച അസ്ഥികൂടങ്ങള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ അന്നത്തെ സിന്ധുതട വാസികളുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളില്‍ നിന്നും പാവകളുടെ മുഖഭാവങ്ങളില്‍ നിന്നും അവരുടെ ശരീരപ്രകൃതിയെയും വേഷഭൂഷാദികളെയും കുറിച്ച് സാമാന്യമായ ധാരണകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നല്ല നാസികയോടു കൂടിയതും സ്വല്‍പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളില്‍ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്. പുരുഷന്മാര്‍ താടി വളര്‍ത്തുക പതിവാക്കിയിരുന്നിരിക്കണം. താടി വളര്‍ത്തുകയും എന്നാല്‍ അതേസമയം മീശ പറ്റേ വടിച്ചു കളയുകയും ചെയ്യുന്ന രീതിയും സ്വീകരിച്ചിരുന്നതായി കാണാം. അവര്‍ അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചുകെട്ടിയിരുന്നു. വിചിത്രമായ തുന്നല്‍പ്പണിയോട് കൂടിയ ഒരുതരം ഉടുപ്പാണ് അവര്‍ ധരിച്ചിരുന്നത്. മുസ്‌ലിംകള്‍ ഹജ്ജ് വേളയില്‍ അണിയുംവിധം വലത്തു തോള്‍ മൂടാത്ത തരത്തിലായിരുന്നു വസ്ത്രധാരണം. സ്ത്രീകള്‍ തലമുടി ഒരുണ്ട പോലെയാക്കി നാട കൊണ്ട് കെട്ടിവെക്കുകയായിരുന്നു പതിവ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഹരപ്പന്‍ ഭാഷാ പഠനം ആദ്യമായി നടത്തിയത് സോവിയറ്റ് - ഫിന്നീഷ് ശാസ്ത്രജ്ഞരായിരുന്നു. ഫിന്നീഷ് ശാസ്ത്രജ്ഞരില്‍ പ്രമുഖന്‍ അസ്‌കോ പര്‍പ്പോള, സൈമോ പര്‍പ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായം ഹരപ്പന്‍ ഭാഷ വലത്തു നിന്നും ഇടത്തോട്ടാണ് എഴുതിയിരുന്നത് എന്നാണ്.
ഇങ്ങനെ, പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ കണ്ടെടുത്ത തെളിവുകളില്‍ പലതും ഇസ്‌ലാമിക സംസ്‌കൃതിയുമായി ഒത്തുചേര്‍ന്നു പോകുന്നുവെങ്കിലും അവയൊന്നും ആ നിലയില്‍ ഇന്നേവരെ വിശകലനം ചെയ്യപ്പെട്ടിട്ടില്ല.
Comments