ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടുന്നത് നിര്‍ത്തണം
ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടുന്നത് നിര്‍ത്തണം
ധാക്ക മുതല്‍ കയ്‌റോ വരെ ഇസ്‌ലാമിസ്റ്റുകളായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കൈകൊള്ളുന്ന മനുഷ്യത്വവിരുദ്ധവും നീതിക്ക് നിരക്കാത്തതുമായ നടപടിക്രമങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്തിരിയണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി ആവശ്യപ്പെട്ടു. ബംഗ്ലാദേശിലും ഈജിപ്തിലുമാണ് ഇസ്‌ലാമിസ്റ്റുകള്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപാധ്യക്ഷന്‍ അബ്ദുസ്സുബ്ഹാനെതിരെ അവിടത്തെ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഡോ. മുഹമ്മദ് മുര്‍സിക്കും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ബദീഇനും മറ്റനേകം ഇഖ്‌വാന്‍ നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ പുതിയ കള്ളക്കേസുകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം ഇസ്‌ലാംവിരുദ്ധ നീക്കങ്ങളില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്‍വാങ്ങണം. പൊതുസമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ഈ നേതാക്കള്‍ക്കെതിരെ തിരിയുന്നത് അന്തിമ വിശകലനത്തില്‍ ആ നാടുകള്‍ക്ക് തന്നെയാണ് നഷ്ടവും അപകീര്‍ത്തിയുമുണ്ടാക്കുന്നത്. ജനക്ഷേമമാണ് ഭരണകൂടങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അനീതിയുടെയും അതിക്രമത്തിന്റെയും പാത സ്വീകരിക്കുന്നത് അതിന് വിഘാതമായിത്തീരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നികിന്റെ നിര്യാണത്തില്‍
അനുശോചനം
മലേഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ 'പാസി'ന്റെ സമുന്നത നേതാവ് നിക് അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ ജലാലുദ്ദീന്‍ ഉമരി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലേഷ്യന്‍ പൊതുസമൂഹത്തിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഈ വിയോഗം വലിയ നഷ്ടമാണ്. കലന്താന്‍ പ്രവിശ്യയില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മാതൃകാ ഭരണം കാഴ്ചവെക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സദ്ഭരണവും ലളിത ജീവിതവുമാണ് അദ്ദേഹത്തെ മലേഷ്യക്കാര്‍ക്ക് പ്രിയങ്കരനാക്കിയത്. നിക് അബ്ദുല്‍ അസീസിന്റെ പരലോക മോക്ഷത്തിന് അമീര്‍ പ്രാര്‍ഥിച്ചു.
സൂര്യ നമസ്‌കാരത്തിനെതിരെ പ്രതിഷേധം
വിദ്യാര്‍ഥികള്‍ക്ക് സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കുന്നതിനെതിരെ രാജസ്ഥാനില്‍ മത-സെക്യുലര്‍ കൂട്ടായ്മ. രാജസ്ഥാന്‍ ബി.ജെ.പി ഗവണ്‍മെന്റിന്റെ നടപടി മതസ്വാതന്ത്ര്യം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 25,26,27 വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന് പൊതുവേദി സംഘടിപ്പിച്ച പത്രസമ്മേളനം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ഡോ. മുഹമ്മദ് സലീം എഞ്ചിനീയര്‍, സദ്ഭാവ് മഞ്ച് കണ്‍വീനര്‍ സവായി സിംഗ്, രാജസ്ഥാന്‍ മുസ്‌ലിം ഫോറം കണ്‍വീനര്‍ ഖാരി മുഈനുദ്ദീന്‍, പീപ്പ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംസ്ഥാന പ്രസിഡന്റ് പ്രേം കൃഷ്ണ ശര്‍മ, മസീഹി ശക്തി സംഗതന്‍ പ്രസിഡന്റ് ഫാദര്‍ വിജയ് പോള്‍ സിംഗ്, ഭാരതീയ ബുദ്ധ മഹാ സഭ പ്രസിഡന്റ് ടി.സി രാഹുല്‍, സോഫിയ ഗേള്‍സ് സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം. ശാഹിദ് ഖാന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
ദശദിന കുടുംബ കാമ്പയിന്‍
ജമാഅത്തെ ഇസ്‌ലാമി ഗോവ ഘടകം ദശദിന കുടുംബ കാമ്പയിന്‍ സംഘടിപ്പിച്ചു. അണുകുടുംബങ്ങള്‍ വര്‍ധിച്ചുവരികയും കുടുംബശൈഥില്യം വ്യാപകമാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കാമ്പയിന്‍. പുതുതലമുറക്ക് ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് കുടുംബ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന്- കാമ്പയിന്‍ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഗോവ അധ്യക്ഷന്‍ അബ്ദുല്‍ വാഹിദ് ഖാന്‍ പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി പള്ളി ഖത്വീബുമാര്‍ക്ക് കുടുംബത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ഖുത്വ്ബ സിനോപ്‌സിസ് നല്‍കിയിരുന്നു. രണ്ട് ഉലമാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. നൂറോളം മത നേതാക്കളുമായി നേരില്‍ ചര്‍ച്ച നടത്തി. 2500 കുടുംബങ്ങളില്‍ സ്‌ക്വാഡ് നടത്തി. സോഷ്യല്‍ മീഡിയയിലും കാമ്പയിന്‍ സജീവമായിരുന്നു. സമീഉല്ല ബെയ്ല്‍വാദിയായിരുന്നു കാമ്പയിന്‍ കണ്‍വീനര്‍.
'ഇനി പുതിയ വീട്, അവര്‍ കൊള്ളയടിച്ച
ആ പഴയ വീട് ഞങ്ങള്‍ മറന്നുതുടങ്ങുകയാണ്'
മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകള്‍ക്ക് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സഹായ ഹസ്തം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ നടന്ന പരിപാടിയില്‍ ഇരകള്‍ക്ക് 88 വീടുകളടങ്ങിയ 'ഫലാഹേ ആം' കോളനി തുറന്നു നല്‍കി. ഒരു വീടിന് 2.4 ലക്ഷം രൂപയാണ് ചെലവ് വന്നത്. വീടുകള്‍ക്കു പുറമെ കോളനിയില്‍ ഒരു പ്രൈമറി സ്‌കൂള്‍, സാംസ്‌കാരിക കേന്ദ്രം, മസ്ജിദ് എന്നിവയുമുണ്ട്.
2013 സെപ്റ്റംബറില്‍ നടന്ന കലാപത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇരകളെ ശരിയായ വിധത്തില്‍ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തിലാണ് ഈ ഇടപെടലെന്ന് സേവന വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് ശാഫി മദനി പറഞ്ഞു. കോളനിയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി നിര്‍വഹിച്ചു.
'തലചായ്ക്കാനൊരിടം കിട്ടിയ ഞങ്ങളിന്ന് അതിരറ്റ സന്തോഷത്തിലാണെ'ന്ന് പ്രദേശവാസിയായ തബസ്സും പറഞ്ഞു. വീട് ലഭിച്ച ലിബാറ ജില്ലയിലെ മുഹമ്മദ് ഖാസിമി പറഞ്ഞതിങ്ങനെ: ''കഴിഞ്ഞ രണ്ടു വര്‍ഷമായി ജീവിച്ചത് വ്യത്യസ്ത റിലീഫ് ക്യാമ്പുകളിലാണ്. ഉത്തരവാദപ്പെട്ട ഗവണ്‍മെന്റ് ഞങ്ങള്‍ക്കൊരു വീടു നല്‍കുമെന്ന് കരുതി. എന്നാല്‍ ഞങ്ങള്‍ക്കത് നല്‍കിയത് ജമാഅത്താണ്. ഞങ്ങള്‍ക്കിനി പുതിയ വീട്. അക്രമികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത ആ പഴയ വീട് ഞങ്ങളിനി മറന്ന് തുടങ്ങുകയാണ്.'' ഗുജറാത്തിലും അസമിലും ഇതേ രീതിയിലുള്ള കോളനികള്‍ ഇരകള്‍ക്കായി ആലോചിക്കുന്നുണ്ടെന്ന് ജമാഅത്ത് അമീര്‍ പറഞ്ഞു. മുഹമ്മദ് അഹ്മദ്, മൗലാനാ റഫീഖ് ഖാസിമി, മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി തുടങ്ങിയ കേന്ദ്ര നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
'ദാഇശ്' ഭീകര സംഘടന
''നിരുത്തരവാദപരവും ഇസ്‌ലാംവിരുദ്ധവും മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്തതുമായ പ്രവൃത്തികളിലൂടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കരിവാരിത്തേക്കുകയാണ് 'ദാഇശ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇറാഖിലെ ഭീകര സംഘടന. ഇത്തരം ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്‌തെങ്കില്‍ മാത്രമേ ലോകത്ത് സമാധാന ജീവിതം സാധ്യമാകൂ. അവര്‍ പറയുന്ന ഖിലാഫത്തിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല; അത് ഭീകരതയല്ലാതെ മറ്റൊന്നുമല്ല.'' ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ സെക്രട്ടറി ജനറല്‍ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയുടേതാണ് ഈ വാക്കുകള്‍. ന്യൂദല്‍ഹിയിലെ ഒക്‌ലയില്‍ അഹ്‌ലെ ഹദീസ് കേന്ദ്രത്തില്‍ സംഘടിപ്പിച്ച സിംബോസിയത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ആഗോള ഭീകരത, ദാഇശിന്റെ സ്വയംകൃത ഖിലാഫത്ത്, ഇസ്‌ലാമിന്റെ സമാധാന സന്ദേശം' എന്നതായിരുന്നു തലക്കെട്ട്. ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍, ശാഹ് വലിയ്യുല്ല ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍ അത്വാഉര്‍റഹ്മാന്‍ ഖാസിമി തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
അമ്പതിന്റെ നിറവില്‍ മുസ്‌ലിം മജ്‌ലിസെ മുശാവറ
1964 ആഗസ്റ്റ് 8,9 തീയതികളിലായി ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയില്‍ വെച്ച് നടന്ന മുസ്‌ലിം നേതാക്കളുടെ യോഗത്തിലാണ് ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപം കൊള്ളുന്നത്. അമ്പത് വര്‍ഷത്തിന്റെ നിറവിലാണിന്ന് ഈ പൊതുവേദി. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തുടനീളം സംഘടനക്ക് ശാഖകളുണ്ടാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വര്‍ക്കിംഗ് കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. മുജ്തബ ഫാറൂഖാണ് വര്‍ക്കിംഗ് പ്രസിഡന്റ്. വരുന്ന മാസങ്ങളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ചുമതലയും മുജ്തബ ഫാറൂഖിനായിരിക്കും. ഡോ. സഫറുല്‍ ഇസ്‌ലാം ഖാനാണ് മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റ്.
കെജ്‌രിവാളിന് അമീറിന്റെ കത്ത്
ദല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്‌രിവാളിന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ കത്ത്. എ.എ.പിയുടെ ചരിത്ര വിജയത്തെ അഭിനന്ദിക്കുന്ന കത്തില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. മതവും ജാതിയും പറഞ്ഞുള്ള വര്‍ഗീയ കളികളെ ജനം തിരസ്‌കരിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ പുതിയ ഗവണ്‍മെന്റിന്റെ പരിഗണനയില്‍ ഉണ്ടാവണമെന്നും അമീര്‍ കത്തില്‍ ഓര്‍മപ്പെടുത്തി.
Comments