Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

സത്യദൈവത്തിന്റെ വീട്ടിലേക്കാണ് തിരിച്ചുപോകേണ്ടത്

ജി.കെ എടത്തനാട്ടുകര /കവര്‍‌സ്റ്റോറി

         മാനവരാശിയെ ഒന്നടങ്കം അഭിസംബോധന ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ഓര്‍മപ്പെടുത്തുന്നത്: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുവിന്‍. ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. തീര്‍ച്ചയായും ദൈവം നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്'' (4:1).
സ്രഷ്ടാവായ ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യര്‍ ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന യാഥാര്‍ഥ്യത്തെയാണ് ഖുര്‍ആന്‍ ഊന്നിപ്പറയുന്നത്. അതിനര്‍ഥം മാനവസമൂഹം അടിസ്ഥാനപരമായി ഒരൊറ്റ തറവാട്ടുകാരാണ്, ഏകജനതയാണ് എന്നത്രേ. മറ്റൊരു ഖുര്‍ആന്‍ വചനം ഇങ്ങനെ: ''ആദിയില്‍ മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ചുപോയി'' (10:9). ഒരു കുടുംബത്തില്‍ നിന്ന് വളര്‍ന്നു വികസിച്ചുവന്ന മാനവസമൂഹം പിന്നീട് പല വിഭാഗങ്ങളായി ഭിന്നിച്ചു പോയതാണ്. ഈ വസ്തുത ഓര്‍മപ്പെടുത്തി, വ്യതിചലിച്ചു ഭിന്നിച്ചുപോയ മനുഷ്യരെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് അഥവാ തറവാട്ടിലേക്ക് തിരിച്ചുവിളിക്കുക എന്നതായിരുന്നു ഓരോ പ്രവാചകന്റെയും മുഖ്യ ദൗത്യം. യേശുവും മോസസ്സും അബ്രഹാമും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സന്ദര്‍ഭങ്ങളിലായി നിയോഗിതരായ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ ഈ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് നബിയിലൂടെ സാധ്യമാകുന്നതും പൂര്‍ണമാകുന്നതും. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും ധര്‍മബോധമുള്ളവനാണ്.''
ദേശ, ഭാഷ, വര്‍ണ, വര്‍ഗാടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു മഹിമയും ഇല്ലെന്നാണ് പ്രവാചകന്റെ അധ്യാപനം. 'ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് മനുഷ്യര്‍' എന്നു പ്രഖ്യാപിച്ചുകൊണ്ട് മാനവകുലം വംശപരമായി ഒന്നാണെന്ന വസ്തുത കൃത്യമായി പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ചു.
മാനവകുലം വംശപരമായി ഒന്നാണെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്നുണ്ട് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍. മാനവ ജനിതക രേഖയുടെ കണ്ടെത്തല്‍ വംശസങ്കല്‍പത്തിന് അന്ത്യം കുറിക്കുകയാണ് ചെയ്തത് എന്ന് ശാസ്ത്രലോകവും പ്രഖ്യാപിക്കുന്നു. ''എല്ലാ മനുഷ്യരും ജനിതകമായി തുല്യരാണെന്ന സന്ദേശവുമായി മനുഷ്യജനിതക രേഖയുടെ ആദ്യചിത്രം ശാസ്ത്രജ്ഞന്മാര്‍ പുറത്തുവിട്ടു. വാഷിംഗ്ടണ്‍, ലണ്ടന്‍, ബര്‍ലിന്‍, പാരീസ്, ടോക്കിയോ എന്നിവിടങ്ങളില്‍ ജീനോം പദ്ധതിയില്‍ അംഗങ്ങളായ ശാസ്ത്രജ്ഞരാണ് പത്രസമ്മേളനത്തില്‍ ഒരേസമയം ഈ പ്രഖ്യാപനം നടത്തിയത്... എല്ലാ മനുഷ്യരും ജനിതകമായി ആഫ്രിക്കക്കാരാണെന്നും വംശീയ വ്യത്യാസം മനുഷ്യനിര്‍മിതമായ വെറും സങ്കല്‍പമാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണ് മനുഷ്യ ജനിതക രേഖ'' (മാതൃഭൂമി 2001 ഫെബ്രു. 13).
മാത്രമല്ല, ഹിന്ദുസമുദായത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സമുദായത്തില്‍ ജനിച്ച ഒരു പുരുഷന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സമുദായത്തില്‍ ജനിച്ച ഒരു സ്ത്രീയുമായി ദാമ്പത്യ ബന്ധത്തിലേര്‍പ്പെട്ട് ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ മതം അല്ലെങ്കില്‍ ജാതി ഏതായിരിക്കും? പ്രവാചകന്‍ പഠിപ്പിച്ചത് ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടു കൂടിയാണ് എന്നാണ്. പിന്നീട് അവനെ ജൂതനോ ക്രിസ്ത്യനോ മജൂസിയോ ഒക്കെ ആക്കുന്നത് മാതാപിതാക്കളാണ്.
ചുരുക്കത്തില്‍, വിവിധ ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തോടുകൂടി ലോകത്ത് വ്യാപിച്ചുകിടക്കുന്ന മാനവസമൂഹത്തിന്റെ മാതാപിതാക്കള്‍ ഒന്നാണ്. തറവാടും ഒന്നാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഒരൊറ്റ ജാതിയാണ്. ഈ മനുഷ്യ ജാതിയെ വിളിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് നിങ്ങള്‍ വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കാം'' (2:21).
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യജാതിയെ ക്ഷണിക്കുന്നത് മനുഷ്യനും മതങ്ങളും സൃഷ്ടിച്ചെടുത്ത ദൈവങ്ങളിലേക്കല്ല; മനുഷ്യനെ സൃഷ്ടിച്ച് മനുഷ്യന്റെ ആദി തറവാടിന് തറക്കല്ലിട്ട യഥാര്‍ഥ ദൈവത്തിലേക്കാണ്. ഏതെങ്കിലും ജാതി, മത, സമുദായ പ്ലാറ്റ്‌ഫോമിലേക്കല്ല; സ്രഷ്ടാവായ ദൈവത്തിന്റെ സരണിയിലേക്കാണ്. പ്രസ്തുത ദൈവിക സരണിയെ പ്രതിനിധീകരിച്ചവരാണ് എല്ലാ പ്രവാചകന്മാരും. ആര്‍ക്കു വേണമെങ്കിലും ആ സരണി തെരഞ്ഞെടുക്കാം; തള്ളിക്കളയുകയും ചെയ്യാം. ആരെല്ലാം ആ മാര്‍ഗം തെരഞ്ഞെടുക്കുന്നുവോ അവരാണ് യഥാര്‍ഥ വിശ്വാസികള്‍.
സ്രഷ്ടാവായ ദൈവം മനുഷ്യര്‍ക്ക് സന്മാര്‍ഗം പഠിപ്പിക്കാനായി നിയോഗിച്ച പ്രവാചകന്മാരുടെ പാത പിന്‍പറ്റിയ വിശ്വാസികളെ അറബിയില്‍ പറയുന്ന പേരാണ് 'മുസ്‌ലിംകള്‍.' ദൈവത്തെ അനുസരിക്കുന്നവര്‍ എന്നാണ് അതിനര്‍ഥം. മുസ്‌ലിം എന്നത് ഒരു ജാതിപ്പേരല്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ വസ്തുത വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ ഉദാഹരിച്ച രണ്ട് സ്ത്രീകളില്‍ ഒരാള്‍, ലോകം കണ്ട കൊടിയ അക്രമിയായ ഫറോവയുടെ ഭാര്യ ആസിയ. മറ്റൊരാള്‍ യേശുവിന്റെ മാതാവ് മര്‍യം. എന്നാല്‍, നിഷേധികള്‍ക്ക് മാതൃകയായി പറഞ്ഞ രണ്ട് സ്ത്രീകള്‍ മഹാന്മാരായ രണ്ട് പ്രവാചകന്മാരുടെ ഭാര്യമാരാണ്; നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ഭാര്യമാര്‍. മാത്രമല്ല, നൂഹ് നബിയുടെ മകനെയും ഇബ്‌റാഹീം നബിയുടെ പിതാവിനെയും നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആന്‍ വേറെയും വരച്ചുകാണിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന വിശ്വാസ സമൂഹം പെററുപെരുകി രൂപപ്പെടുന്ന ഒരു പാരമ്പര്യ സമുദായമല്ല; വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും ദൈവമാര്‍ഗത്തില്‍ ജീവിക്കുന്നവരാണ് എന്നര്‍ഥം.
പല കാരണങ്ങളാല്‍ ഭിന്നിച്ചുപോയ മാനവസമൂഹത്തെ അവരുടെ ആദി മാതാപിതാക്കളുടെ പാരമ്പര്യത്തിലേക്ക് അഥവാ യഥാര്‍ഥ തറവാട്ടിലേക്കാണ് ഖുര്‍ആന്‍ വിളിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ഈ തറവാട്ടു പാരമ്പര്യമനുസരിച്ച് എല്ലാ മക്കളും തുല്യരാണ്. ഹിന്ദു സമുദായത്തില്‍ ജനിച്ചവര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ചവര്‍ക്കും മുസ്‌ലിം സമുദായത്തില്‍ ജനിച്ചവര്‍ക്കും മറ്റേത് ജാതി, മത, വര്‍ഗ, വര്‍ണ സമൂഹങ്ങളില്‍ പെട്ടവര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. അതോടെ തൊലി നിറത്തിന്റെ പേരിലോ ജനിച്ച കുലത്തിന്റെ പേരിലോ ആര്‍ക്കും ഒരു മഹത്വവും നല്‍കപ്പെടുകയില്ല. ഈ തറവാട്ടില്‍ ദേശീയതക്കോ വംശീയതക്കോ ജാതീയതക്കോ ഒരു സ്ഥാനവുമില്ല. മാനവികതക്കും മാനവിക മൂല്യങ്ങള്‍ക്കും മാത്രമാണ് സ്ഥാനം.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കിയ ശേഷം, വെളുപ്പിന്റെയും കറുപ്പിന്റെയും കുല-ഗോത്ര മഹിമകളുടെയുമൊക്കെ പേരില്‍ തമ്മിലടിച്ചിരുന്ന ഒരു ജനതയെ സ്രഷ്ടാവായ ദൈവത്തിന്റെ സരണിയില്‍ അണിനിരത്തിക്കൊണ്ട് പറഞ്ഞു: ''അനിസ്‌ലാമിക കാലത്തെ എല്ലാ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.'' പ്രവാചകന്‍ തുടര്‍ന്നു: ''ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല; ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.''
ഇങ്ങനെ മാനവകുലത്തെ അതിന്റെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ പര്യാപ്തമായ മറ്റൊരു ദര്‍ശനവുമില്ല എന്നതാണ് വസ്തുത. സ്വാമി വിവേകാനന്ദന്‍ ഈ കാര്യം സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ: ''സര്‍വമനുഷ്യ വര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരുകാലത്തും നമുക്കിടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ അത് ഇസ്‌ലാമാണ്; ഇസ്‌ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍- അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതങ്ങളുമായിക്കൊള്ളട്ടെ- ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച സമ്മതം വന്നിട്ടുണ്ട്'' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, അഞ്ചാം വാള്യം, പേജ് 566).
കറുത്തവനായി പിറന്നതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന അമേരിക്കക്കാരന്‍ മാല്‍ക്കം എക്‌സ് എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ദൈവിക സരണിയില്‍ പ്രവേശിച്ച് ഹജ്ജ് നിര്‍വഹിച്ചതിനു ശേഷം തന്റെ അനുഭവങ്ങള്‍ കുറിച്ചത് കാണുക: ''ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ. വ്യത്യസ്ത നിറക്കാര്‍. പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും വെളുത്തവരല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാനതബോധം ഒരുകാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം സമൂഹത്തില്‍ നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേയൊരു ദര്‍ശനം ഇസ്‌ലാമാണ്... ഞാന്‍ പറയുന്ന ഈ വാക്കുകള്‍ കേട്ട് നിങ്ങള്‍ നടുങ്ങിയേക്കും'' (മാല്‍ക്കം എക്‌സ് പേജ് 438).
ചുരുക്കത്തില്‍, വിവിധ മത-സമുദായ പ്ലാറ്റ്‌ഫോമുകളില്‍ ഭിന്നിച്ചു കിടക്കുന്ന മനുഷ്യരെ 'വീട്ടിലേക്കെ'ന്ന പേരില്‍ തിരിച്ചുവിളിക്കുമ്പോള്‍ അവരുടെ മുന്നില്‍ മൗലികമായ മാനദണ്ഡം സമര്‍ഥിക്കപ്പെടണം. വിശുദ്ധ ഖുര്‍ആന്‍ ചെയ്തത് അതാണ്. അതനുസരിച്ച് മനുഷ്യരെല്ലാം ഒരു സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. ശരിയും തെറ്റും നന്മയും തിന്മയും മനസ്സിലാക്കി ധര്‍മാധര്‍മ ബോധത്തോടെ കര്‍മം ചെയ്യാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. അതിനാല്‍ തന്നെ സ്വന്തം ഇഛ അനുസരിച്ചല്ലാതെ, തെരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യം വിനിയോഗിക്കാതെ താന്‍ ജനിച്ചുവീണ ദേശം അല്ലെങ്കില്‍ സമുദായം താന്‍ അവിടെ ജനിച്ചു എന്ന കാരണത്താല്‍ മാത്രം അത് മാത്രമാണ് ശരി എന്ന നിലപാടിലെത്തുന്നത് മനുഷ്യത്വത്തിന്റെ നിരാകരണമാണ്.
ധര്‍മാധര്‍മ ബോധത്തോടെ കര്‍മം ചെയ്യാന്‍ കഴിയുന്ന മനുഷ്യന്‍ പക്ഷം ചേരേണ്ടത് സത്യം, ധര്‍മം, നീതി തുടങ്ങിയ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് ആത്മീയ ഗ്രന്ഥങ്ങളും പ്രമാണങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. അതിനു പകരം കൃഷ്ണന്റെയും ക്രിസ്തുവിന്റെയും മുഹമ്മദിന്റെയുമൊക്കെ പേരില്‍ മത സമുദായങ്ങളായി തിരിഞ്ഞുനിന്ന് തമ്മിലടിക്കുന്നതാണ് നാം കാണുന്നത്.
കാലപ്പഴക്കത്താല്‍ കടന്നുകൂടിയ സ്ഖലിതങ്ങള്‍ മാറ്റിനിര്‍ത്തി ആധ്യാത്മിക ഗ്രന്ഥങ്ങളെ സമീപിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന ചില പൊതുമൂല്യങ്ങളുണ്ട്. കുരുക്ഷേത്ര യുദ്ധത്തെ ധര്‍മയുദ്ധമായിട്ടാണ് പഠിപ്പിക്കുന്നത്. ഈ ധര്‍മയുദ്ധത്തില്‍ കൃഷ്ണന്‍ സാരഥിയും അര്‍ജുനന്‍ വില്ലാളിയുമാണ്. യുദ്ധസന്ദര്‍ഭം സമാഗതമായപ്പോള്‍ ശത്രുക്കളെ നോക്കി അര്‍ജുനന് വില്ലു കുലക്കാന്‍ കഴിയാതിരുന്നത് ശത്രുപക്ഷത്തുണ്ടായിരുന്നത് മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ആയിരുന്നതിനാലല്ല. മറിച്ച് അര്‍ജുനന്റെ തന്നെ ബന്ധുമിത്രാദികളും ഗുരുവര്യന്മാരുമായിരുന്നു എന്നതിനാലാണ്. അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്: കൃഷ്ണന്‍ ഏത് സമുദായത്തിന്റെ വക്താവായിരുന്നു? നാം ഇന്ന് വിഭാവനം ചെയ്യുന്ന ഏതെങ്കിലും സമുദായത്തിന്റെ വക്താവായിരുന്നില്ലെന്നുറപ്പ്. കൃഷ്ണനും അര്‍ജുനനും അധര്‍മത്തിനെതിരെ ധര്‍മത്തിന്റെ പ്ലാറ്റ്‌ഫോമിലായിരുന്നു. ഈ 'ധര്‍മത്തിന്റെ പ്ലാറ്റ്‌ഫോം' ഏതെന്ന് പുതിയ കാലത്ത് പുനര്‍വായിക്കണം.
ബൈബിളിലും ഖുര്‍ആനിലും ധര്‍മാധര്‍മ സമരങ്ങളുടെ ചരിത്രമുണ്ട്. അധര്‍മം നിറഞ്ഞ ഒരു സമൂഹത്തിലേക്ക് ധര്‍മസന്ദേശവുമായി കടന്നുവന്ന നൂഹ് നബിക്ക് സ്വന്തം ഭാര്യയും മകനും ശത്രുക്കളായി. അബ്രഹാം പ്രവാചകന് സ്വന്തം പിതാവ് തന്നെ ശത്രുവായി മാറി. ജൂത സമുദായത്തില്‍ പിറന്ന യേശുവിന് അവരില്‍ നിന്നുതന്നെ ശത്രുക്കളുണ്ടായി. മുഹമ്മദ് നബിയുടെ ശത്രുക്കളില്‍ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെ മുന്‍പന്തിയിലുണ്ടായിരുന്നു. അതിനര്‍ഥം, കൃഷ്ണനും ക്രിസ്തുവും മുഹമ്മദുമൊക്കെ നിലയുറപ്പിച്ചത് ഏതെങ്കിലും സമുദായങ്ങളുടെ പക്ഷത്തല്ല; ധര്‍മത്തിന്റെ പക്ഷത്തായിരുന്നു എന്നാണ്.
പ്രപഞ്ച സ്രഷ്ടാവായ ദൈവം തറക്കല്ലിട്ട മനുഷ്യത്തറവാടിന്റെ മഹത്വത്തിനടിസ്ഥാനം ദേശീയതയോ സാമുദായികതയോ ജാതീയതയോ വര്‍ഗീയതയോ അല്ല. മറിച്ച് സത്യവും ധര്‍മവും നീതിയും മറ്റു മാനവിക മൂല്യങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ തറവാട്ടിലെ മക്കള്‍ക്ക് മദ്യം, വ്യഭിചാരം, ചൂതാട്ടം തുടങ്ങി സകല തിന്മകളും വിലക്കപ്പെട്ടിരിക്കുന്നു. തിന്മകള്‍ക്കെതിരില്‍ പോരാടുന്നതോടൊപ്പം നന്മകള്‍ക്കായി പണിയെടുക്കലും നിര്‍ബന്ധമാണ്. ഇങ്ങനെ മനുഷ്യസമൂഹത്തെ ഒന്നാക്കാനും നന്നാക്കാനുമുതകുന്ന ഒരു തറവാട്ടു പാരമ്പര്യത്തിലേക്ക് മനുഷ്യരെ ദിശ നിര്‍ണയിച്ച് വിടുക എന്ന മഹത്തായ ദൗത്യമത്രേ കാലം തേടുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍