Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

കപട ദൈവങ്ങളില്‍നിന്ന് സത്യദൈവത്തിലേക്കുള്ള മടക്കം

അമീന്‍ വി. ചൂനൂര്‍ /കവര്‍സ്‌റ്റോറി

         നിരവധി പ്രവാചകന്മാരെ അവരുടെ സമൂഹങ്ങള്‍ 'ഭ്രാന്തന്‍' എന്ന് വിളിച്ചിട്ടുണ്ട്. 'നീ കുടിച്ചിട്ടുണ്ടോ?' എന്ന് ആരെങ്കിലും ചോദിച്ചാലും ഇതുപോലെയാണ്. പികെ എന്ന ചലച്ചിത്രത്തില്‍ ദൈവിക വിശ്വാസവുമായി ബന്ധപ്പെട്ട് പ്രവാചകന്മാര്‍ ഉയര്‍ത്തിയ അതേ ചോദ്യം ഉയര്‍ത്തുന്ന കഥാപാത്രത്തിനോട് ജനം ചോദിക്കുന്നത് 'നീ കുടിച്ചിട്ടുണ്ടോ?' (പീകേ ഹേ ക്യാ?) എന്നാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക. ''ഈ ജനം പറയുന്നു: ഹേ ഉദ്‌ബോധനം ഇറക്കപ്പെട്ടവനേ നിസ്സംശയം നീ ഒരു കിറുക്കന്‍ തന്നെ.''

മൂസാ നബിയുടെ വാദങ്ങള്‍ കേട്ടപ്പോള്‍ ഫിര്‍ഔന്‍ തന്റെ കൊട്ടാര വാസികളോട് പറഞ്ഞു: ''നിങ്ങളിലേക്ക് നിയുക്തനായ നിങ്ങളുടെ ഈ ദൈവ ദൂതന്‍ മുഴുത്ത ഭ്രാന്തന്‍ തന്നെ!'' യഥാര്‍ഥ ദൈവിക സന്ദേശവുമായി ആഗതരായ നിരവധി പ്രവാചകന്മാര്‍ അഭിമുഖീകരിച്ചതിന് സമാനമായ ചോദ്യങ്ങളാണ് ഈ ചലച്ചിത്രത്തിലും ഉയരുന്നത്.

പികെയിലെ കഥാപാത്രം മറ്റൊരു ഗ്രഹത്തില്‍ നിന്നായത് അവന് ഭൂമിയില്‍ പിതാക്കന്മാരുണ്ടാകരുത് എന്നത് കൊണ്ടാണ്. ഭൂമിയില്‍ പിതാക്കന്മാരുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ ഇതേ ചോദ്യങ്ങളുമായി വന്നാല്‍ അതിന് സമൂഹം അവന്‍ ജനിച്ച മതത്തിന്റെ അജണ്ടകള്‍ കെട്ടിവെക്കും. അങ്ങനെയല്ലാഞ്ഞിട്ടു കൂടി ഇതില്‍ 'പികെ'യെ കുറിച്ച് ഒരു ആള്‍ദൈവം സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

ചില മുസ്‌ലിം നാമങ്ങള്‍ പറഞ്ഞ്, പികെ പര്‍വേസ് ഖാന്‍ ആണോ അല്ലെങ്കില്‍ പാഷാ കമാന്‍ ആണോ എന്ന ചോദ്യങ്ങള്‍ ആള്‍ ദൈവം ഉയര്‍ത്തുന്നു. അതിന്റെ ഏറ്റവും രസകരമായ അനുഭവം ഈ ചലച്ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുന്നവരുടെ അതേ സ്വഭാവത്തിലുള്ള ചോദ്യമാണ്. ''പികെ 'ഐസിസ്' സൃഷ്ടിയാണോ പാകിസ്താന്റെ കളിയാണോ'' എന്നൊക്കെ അവര്‍ ചോദിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. അഭിനവ ആള്‍ദൈവങ്ങളുടെ ചോദ്യവും ഇതുപോലെത്തന്നെയാണ്.

പികെ എന്ന ഈ ചിത്രത്തിലെ ആള്‍ദൈവത്തിന്റെ ജീവിക്കുന്ന പ്രതിനിധികള്‍ ഇന്ത്യയില്‍ നിരവധിയാണ്; ആഷാറാം ബാപ്പു മുതല്‍ അമൃതാനന്ദമയി വരെയുള്ളവര്‍. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയില്‍ പിറന്ന യോഗഗുരു ബാബാ രാംദേവ് ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സിനിമക്കെതിരെ നിരവധി കേസുകള്‍ വന്നതും ബജ്‌റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത്, ശിവസേന തുടങ്ങിയ സംഘടനകളുടെ കീഴില്‍ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും അരങ്ങേറിയതും ഈ ചലച്ചിത്രത്തിന്റെ തന്നെ ഭാഗമാക്കാന്‍ പറ്റുന്ന രംഗങ്ങളാണ്.

മറ്റൊരു ഗോളത്തില്‍ നിന്ന് ഇവിടെ വന്ന 'പികെ'യിലെ കഥാപാത്രത്തോട്, നഷ്ടപ്പെട്ട തന്റെ റിമോട്ട് കണ്‍ട്രോള്‍ തിരിച്ചുകിട്ടുന്നതിന് ഭഗവാനോട് പറഞ്ഞാല്‍ മതി എന്ന് പലരും അഭിപ്രായപ്പെടുന്ന സന്ദര്‍ഭം മുതലാണ് ദൈവത്തെ കുറിച്ചുള്ള തന്റെ അന്വേഷണത്തിന് അയാള്‍ തുനിയുന്നത്. ആദ്യം ഒരു കടയില്‍ ചെന്ന് ദൈവത്തെ കിട്ടാനുണ്ടോ എന്ന് ചോദിക്കുന്നു. വിവിധ വിലയിലുള്ള ഭഗവാന്‍ പ്രതിമകള്‍ ചൂണ്ടിക്കാണിച്ച് ഏതു വേണമെന്ന കടക്കാരന്റെ ചോദ്യത്തോട് 20 മുതല്‍ മുകളിലേക്ക് വിവിധ വിലയില്‍ ലഭ്യമാകുന്ന പ്രതിമകളുടെ വ്യത്യാസമെന്തെന്ന ചോദ്യമാണ് പികെ ഉന്നയിക്കുന്നത്. വലിപ്പത്തിനപ്പുറം അതില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്ന് കടക്കാരന്‍ പറയുമ്പോള്‍ ഏറ്റവും കൂറഞ്ഞ വിലയുള്ള പ്രതിമ വാങ്ങിക്കൊണ്ടുപോവുകയാണ് കഥാപാത്രം. ഉള്ളില്‍ വലിയ അര്‍ഥങ്ങളുള്ള രംഗങ്ങളാണവ. കച്ചവടക്കാരന്റെ ലാഭത്തിനപ്പുറം പ്രതിമയുടെ വലിപ്പത്തിന് മറ്റൊരു പ്രസക്തിയുമില്ല എന്ന സന്ദേശം അത് വിളിച്ചോതുന്നു.

ആദ്യ രംഗത്തിലെ ചോദ്യം പ്രതിമയുടെ വലിപ്പത്തിന് ഒരു പ്രസക്തിയുമില്ല എന്ന് തെളിയിക്കുമ്പോള്‍ തൊട്ടടുത്ത സീനില്‍ പ്രതിമക്ക് തന്നെ ഒരു പ്രസക്തിയുമില്ല എന്ന് തെളിയിക്കുകയാണ്. പ്രതിമയുമായി ഒരു മൂലക്കിരുന്ന് പീകെ ഭക്ഷണം എന്ന തന്റെ ആദ്യ ആവശ്യം ഉന്നയിക്കുന്നു. പെട്ടെന്ന്, തന്റെ നീട്ടിയ കരങ്ങളിലേക്ക് വന്നു വീണ സമൂസ കണ്ട് പികെ അത്ഭുതം കൂറുന്നു. കൈ നീട്ടിയത് ഭിക്ഷക്കാരനാണെന്ന് കരുതി ആരോ കൊടുത്തതായിരുന്നു ആ സമൂസ. ആവശ്യം ഉന്നയിച്ചയുടനെ നിവര്‍ത്തിച്ചു തന്ന പ്രതിമയോട് പികെ അടുത്തതായി തന്റെ കളഞ്ഞു പോയ റിമോട്ട് കണ്‍ട്രോള്‍ ആവശ്യപ്പെടുന്നു. ഒരു പ്രതികരണവുമില്ലാതിരിക്കുന്ന പ്രതിമയുടെ അവസ്ഥ കണ്ട് ഭഗവാന്റെ ബാറ്ററി തീര്‍ന്നുപോയതായി 'പികെ' കച്ചവടക്കാരനോട് പരാതി പറയുന്നു. 

ആവശ്യങ്ങള്‍ നിവര്‍ത്തിച്ചൂ തരാത്ത പ്രതിമ കേടുവന്നതായിരിക്കും എന്ന് പരാതി പറയുമ്പോള്‍, 'അല്ല, അത് ഞാന്‍ വളരെ സമര്‍ഥമായി നിര്‍മിച്ചതാണ്' എന്ന് കടക്കാരന്‍ മറുപടി പറയുന്നു. 'ദൈവത്തെ നിങ്ങള്‍ നിര്‍മിക്കുകയോ? ദൈവം നിങ്ങളെയല്ലേ നിര്‍മിക്കുന്നത്' എന്ന് 'പികെ' സ്വാഭാവികമായ സംശയം ഉയര്‍ത്തുന്നു. 

'നമ്മെയെല്ലാവരെയും നിര്‍മിച്ചത് ദൈവം തന്നെ, പക്ഷേ, നമ്മള്‍ പ്രാര്‍ഥിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ പ്രതിരൂപം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്'-കച്ചവടക്കാരന്റെ മറുപടി. പികെ തിരിച്ചുചോദിക്കുന്നു: ''പ്രാര്‍ഥന അങ്ങോട്ട് എത്താന്‍ ഇതില്‍ വല്ല വിവരസാങ്കേതിക ഉപകരണവും ഘടിപ്പിച്ചിട്ടുണ്ടോ?'' മറുപടിയായി കടക്കാരന്‍ അറിയാതെ പറഞ്ഞു പോകുന്ന ഉത്തരമാണ് മുഴുവന്‍ വേദഗ്രന്ഥങ്ങളും നമുക്ക് പറഞ്ഞു തരുന്നത്. കടക്കാരന്‍ പറഞ്ഞു: ''ദൈവത്തിന് നേരിട്ട് കേള്‍ക്കാന്‍ കഴിയും'' നേരിട്ട് കേള്‍ക്കുമെങ്കില്‍ പിന്നെ എന്തിനാണ് ദൈവത്തിന്റെ പ്രതിമ എന്ന പികെയുടെ മറു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കടക്കാരന് കഴിയുന്നില്ല. പകച്ചുപോയ അദ്ദേഹം 'പികെ'യെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമം പുറത്തെടുക്കുന്നു. 'കുടിച്ചിട്ടുണ്ടോ' എന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്യുന്നു. 

'കിറുക്കുണ്ടോ' എന്നും 'ഭ്രാന്തുണ്ടോ' എന്നും പ്രവാചകന്മാരോട് സമൂഹം ചോദിച്ചത് ഇങ്ങനെ ഉത്തരം മുട്ടുമ്പോള്‍ തന്നെയാണ്. അവര്‍ ആക്രമിക്കപ്പെട്ടതും തീയിലെറിയപ്പെട്ടതും യുക്തിപൂര്‍വകമായ ഇതേ ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ട് തന്നെ. മുകളില്‍ വിവരിച്ച പികെയിലെ രംഗത്തിന് സമാനമായ സംഭവവികാസങ്ങളിലൂടെ കടന്നു പോയ പ്രവാചകനാണ് ഇബ്‌റാഹീം(അ). വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ വിവരണം ഇങ്ങനെ:

''അല്ലയോ ഇബ്‌റാഹീം! നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഈ വിധം ചെയ്തത്?'' അദ്ദേഹം പറഞ്ഞു: ''അല്ല, ഇതൊക്കെയും ചെയ്തത് ഇവരുടെ ഈ പെരിയവനാകുന്നു. ഇവരോടു തന്നെ ചോദിച്ചു നോക്കൂ. ഇവര്‍ സംസാരിക്കുന്നവരാണെങ്കില്‍.'' ഇതുകേട്ട് അവര്‍ സ്വന്തം മനസ്സാക്ഷിയിലേക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: ''ഇവ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.'' 

ഇബ്‌റാഹീം ചോദിച്ചു: ''അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ വിട്ട് ആരാധിച്ചുകൊണ്ടിരിക്കുന്നത് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയാണെന്നോ? ലജ്ജാവഹം! നിങ്ങള്‍ക്കും അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവക്കും! നിങ്ങള്‍ക്ക് തീരെ ബുദ്ധിയില്ലേ?'' അവര്‍ ആര്‍ത്തു വിളിച്ചു: ''ചുട്ടുകളയിന്‍ അവനെ. സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ- നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍'' (21:62-68).

ഭഗവദ്ഗീത പോലുള്ള ഗ്രന്ഥങ്ങളിലും കാണുന്നത് ഇതേ കാഴ്ചപ്പാടുകള്‍ തന്നെ.

മയാ തതമിദം സര്‍വ്വം ജഗദവ്യ ക്തതമൂര്‍ത്തിനാ

മത്സ്ഥാനി സര്‍വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ 

അവ്യക്ത സ്വരൂപനായ എന്നാല്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിക്കപ്പെട്ടിരിക്കുന്ന ഞാന്‍ ഒരു ചരാചരത്തിലും കുടികൊള്ളുന്നില്ല (ഗീത-രാജവിദ്യാരാജഗുഹ്യയോഗ-4).

അവജാനന്തി മാം മൂഡാ മാനുഷീം തനുമാശ്രിതം

പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം 

എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാര്‍ സര്‍വചരാചരങ്ങളുടേയും മഹേശ്വരനായ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്ന് തെറ്റിദ്ധരിക്കുന്നു (ഗീത-രാജവിദ്യാരാജഗുഹ്യയോഗ-11).

റിമോട്ട് ലഭ്യമാകാന്‍ വലിയ ദൈവങ്ങളിലേക്കും വഴിപാടുകളിലേക്കും പികെ എത്തിച്ചേരുന്നുവെങ്കിലും എല്ലാം നിരാശാജനകമായി അവസാനിക്കുന്നു. അയാള്‍ എത്തിച്ചേരുന്ന എല്ലായിടത്തും പണമാണ് പ്രധാനം. ഏത് വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടും കച്ചവടവും പണമിടപാടുകളുമുണ്ട്. അതുകൊണ്ടു തന്നെ പികെ വിചാരിക്കുന്നത് ദൈവ സഹായം യഥാര്‍ഥത്തില്‍ തന്നെ ഒരു കച്ചവടമാണ് എന്നാണ്. അങ്ങനെയാണ് അയാള്‍ പരാതി പറയാനായി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടുന്നത്. പണമടച്ചിട്ടും സംഗതി നിവര്‍ത്തിച്ചു തരാത്ത ദൈവത്തിനെതിരെ അദ്ദേഹം പരാതി നല്‍കുന്നു. പോലീസും ഇയാള്‍ കള്ളുകുടിച്ച് മത്തായിപ്പോയതാണ് എന്ന നിഗമനത്തിലെത്തുന്നു.

പികെ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അയാളെ ചര്‍ച്ചിലേക്ക് പറഞ്ഞു വിടുന്നതാണ് പിന്നീടുള്ള രംഗം. ചര്‍ച്ചില്‍ ചെന്ന് യേശുക്രിസ്തുവിന്റെ പ്രതിമക്ക് മുന്നില്‍ പണം കാണിച്ച് തേങ്ങയുടക്കുന്നു. ചര്‍ച്ച് അധികൃതര്‍ പുറത്തേക്ക് തള്ളുമ്പോള്‍ പറയുന്ന, ക്രിസ്തുമതവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ പീകെയില്‍ അത്ഭുതമുളവാക്കുന്നു. 

അവര്‍ പറഞ്ഞു: ''നീ കാരണമാണ് യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടത്.''

പികെ: (വളരെ അത്ഭുതത്തോടെ) ''എന്ത്? ദൈവം കുരിശില്‍ തറക്കപ്പെട്ടെന്നോ? എപ്പോള്‍?''

അവരുടെ മറുപടി: ''2000 വര്‍ഷം മുന്നെ, നിന്റെ പാപങ്ങള്‍ക്ക് വേണ്ടി''

പികെ: ''അതെങ്ങനെ സംഭവിക്കും? ഞാന്‍ എന്തു ചെയ്തു? ഇവിടെ ഇപ്പോള്‍ വന്നതല്ലേയുള്ളൂ ഞാന്‍?''

അതിന് കൃത്യമായ മറുപടിയില്ല. അപ്പോഴും ആ ചോദ്യമാണ് അതിനു മറുപടിയായി അവരില്‍നിന്ന് വന്നത്: ''നീ കുടിച്ചിട്ടുണ്ടോ!?''

യേശുവിന്റെ പ്രതിമക്ക് മുന്നില്‍ നിന്ന് വൈന്‍ ഉപയോഗിക്കുന്നത് കാണുന്ന പികെ പിന്നീട് വൈന്‍ കുപ്പിയുമായി മുസ്‌ലിം പള്ളിയിലേക്കാണ് പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ മതകച്ചവടം നടക്കുന്ന ദര്‍ഗയിലേക്ക്! ദൈവത്തിന് അര്‍പ്പിക്കാന്‍ വൈനുമായി വന്ന അയാളെ അവിടെ കൂടിയവര്‍ അടിച്ചോടിക്കുന്നു. ശിഈകളുടെ അന്ധവിശ്വാസങ്ങളും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.

രണ്ടു തരം ദൈവങ്ങളുണ്ട്. ഒന്ന് മനുഷ്യ സമൂഹത്തെയടക്കം, പ്രപഞ്ചത്തിലെ സകലതും സൃഷ്ടിച്ച ദൈവം അതായത് സ്രഷ്ടാവായ ദൈവം. രണ്ടാമത്തേത് ആള്‍ദൈവങ്ങളും മനുഷ്യര്‍ സൃഷ്ടിച്ചുണ്ടാക്കിയ ദൈവങ്ങളും. അതായത് വ്യാജ ദൈവം. വ്യാജ ദൈവം റോങ്ങ് നമ്പറാണ്. വ്യാജ ദൈവം റോങ്ങ് നമ്പറാണെന്നത് ചിത്രത്തിന്റെ അവസാനത്തില്‍ ആള്‍ദൈവവുമായുള്ള സംവാദത്തില്‍ പികെയുടെ ശക്തമായ വാദമാണ്. സ്രഷ്ടാവായ ദൈവത്തിലേക്ക് തിരിയുക, സ്രഷ്ടാവിനോട് ചോദിക്കുക എന്ന പികെയുടെ ക്ലൈമാക്‌സ് വര്‍ത്തമാനം തന്നെയാണ് മുഹമ്മദ് നബി(സ) യടക്കം ഈ ഭൂമിയില്‍ കടന്നുപോയ മുഴുവന്‍ പ്രവാചകരുടെയും സന്ദേശമെന്ന് വ്യക്തം.

റോങ്ങ് നമ്പറിനെ കുറിച്ച് ഖുര്‍ആന്‍ ഇതേ പ്രയോഗം നടത്തുന്നുണ്ട്. അതില്‍ കമ്യൂണിക്കേഷന്‍ തകരാറ് ബോധ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഖുര്‍ആന്‍ സംവദിക്കുന്നത്: ''സ്രഷ്ടാവിനോട് മാത്രം പ്രാര്‍ഥിക്കുക എന്നതാണ് സത്യധര്‍മം. അവനെ വെടിഞ്ഞ് ഇക്കൂട്ടര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്കൊന്നും യാതൊരു ഉത്തരവും നല്‍കാനാവില്ല. ഇവരുടെ പ്രാര്‍ഥനയോ, ഒരാള്‍ വെള്ളത്തിലേക്ക് കൈ നീട്ടിക്കൊണ്ട് അതിനോട് തന്റെ വായിലേക്കെത്താന്‍ അപേക്ഷിക്കുന്നത് പോലെയാകുന്നു. വെള്ളമാകട്ടെ അങ്ങോട്ടെത്തുന്നതല്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥനകളും ഇപ്രകാരം ഉന്നം പിഴച്ചത് തന്നെയാകുന്നു. ആകാശഭൂമികളിലുള്ള സകല വസ്തുക്കളും ഇഛാപൂര്‍വകമായും അല്ലാതെയും പ്രണമിച്ചു കൊണ്ടിരിക്കുന്നത് സ്രഷ്ടാവിനെ മാത്രമാകുന്നു. സകല വസ്തുക്കളുടെയും നിഴലുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും അവനെ നമിക്കുന്നു'' (അര്‍റഅ്ദ് 14,15). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍