'പ്രവാചക നിന്ദ' പ്രതിയോഗികളുടെ വിജയം
'പ്രവാചക നിന്ദ' പ്രതിയോഗികളുടെ വിജയം
പ്രവാചക നിന്ദയുടെ വ്യത്യസ്ത സംഭവങ്ങള്‍ ഒരു തുടര്‍ക്കഥപോലെ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ സമുദായം തിരിച്ചറിയണമെന്ന് പറയാതെ വയ്യ.
മുഹമ്മദ് നബി(സ)യെ അവഹേളിക്കാന്‍ ചിലര്‍ കരാറെടുത്തിരിക്കുന്നത് എന്തിനാണെന്നത് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ട വിഷയമൊന്നുമല്ല. ലോകത്ത് സാമുദായിക സ്പര്‍ധയും കാലുഷ്യവും സൃഷ്ടിച്ച് ഇതര മതസ്ഥരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുക എന്ന കുടില ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം.
ഇസ്‌ലാമിന്റെ ആദ്യനാളുകള്‍ തൊട്ടേ ഇസ്‌ലാംവിരുദ്ധശക്തികള്‍ വിശുദ്ധ ഖുര്‍ആനെയും അന്ത്യപ്രവാചകനെയും ക്രൂരമായി അപഹസിക്കുകയും നിന്ദിക്കുകയും ചെയ്തുവന്നിട്ടുണ്ട്. നേര്‍ക്കുനേരെ എതിര്‍ത്തു തോല്‍പ്പിക്കാനാവാത്ത സത്യങ്ങള്‍ക്കെതിരെ പ്രതിയോഗികള്‍ എക്കാലത്തും ഉപയോഗിക്കാറുള്ള തന്ത്രങ്ങളാണ് നിന്ദയും പരിഹാസവും. വിശുദ്ധ ഖുര്‍ആന്റെ ആശയഗരിമയും അമാനുഷ ഗാംഭീര്യവും ഭാഷാ സൗന്ദര്യവും രഹസ്യമായി സമ്മതിച്ചിരുന്ന ഖുറൈശികള്‍ തന്നെയാണ് അതു പൈശാചിക വചനങ്ങളാണ്, മന്ത്രവാദ ശ്ലോകങ്ങളാണ്, ജിന്നുബാധയേറ്റവന്റെ ജല്‍പനങ്ങളാണ്, എങ്ങുനിന്നോ കേട്ടെഴുതി കൊണ്ടുവന്നതാണ് എന്നൊക്കെ പരിഹസിക്കുകയും ചെയ്തിരുന്നത്.
ഇത് പണ്ടത്തേക്കാള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യപ്പെടുന്നുവെന്നേയുള്ളൂ. അന്ത്യപ്രവാചകന്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന ഈ ആഗോള സാഹചര്യത്തില്‍ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും പ്രവാചക ജീവിതത്തിന്റെ മഹത്വവും വിശുദ്ധിയും ജനസമക്ഷം തുറന്നു കാണിക്കാനും ഉത്തരവാദപ്പെട്ടവരാണ് മുസ്‌ലിംകള്‍. മുഹമ്മദീയ ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയോ ജനകോടികള്‍ ഇന്നും ലോകത്തുണ്ട്. അവരോടൊക്കെയും സത്യവിശ്വാസികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രവാചകനെയും പ്രവാചകദര്‍ശനത്തെയും അവര്‍ക്ക് പരിചയപ്പെടുത്താന്‍ സംഭാഷണങ്ങളും സംവാദങ്ങളും പ്രഭാഷണങ്ങളും പ്രബന്ധങ്ങളും മാത്രമല്ല കലാ സാഹിത്യങ്ങളുടെ സര്‍വ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ഖുര്‍ആന്‍ അവമതിക്കപ്പെടുകയും പ്രവാചകന്‍ നിന്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ ദുഃഖിതരും വികാരവ്രണിതരുമാവുക സ്വാഭാവികമാണ്. തീര്‍ച്ചയായും പ്രതിഷേധാര്‍ഹവും അപലപനീയവുമായ നടപടി തന്നെയാണ് വേദവും പ്രവാചകനും അവഹേളിക്കപ്പെടുന്നത്. അതുപക്ഷേ സമചിത്തത കൈവെടിയാനും അന്ധമായ രോഷാവേശത്താല്‍ അക്രമാസക്തരായിത്തീരാനും കാരണമായികൂടാ. അതൊരിക്കലും നമ്മെ കോപാന്ധരും വിവേകരഹിതരുമാക്കിക്കൂടാ. തിരുചര്യക്ക് വിരുദ്ധമാണത്. തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരുന്ന ആക്ഷേപശകാരങ്ങളെ പ്രവാചകന്‍ (സ) ഒരിക്കലും അക്രമം കൊണ്ട് നേരിട്ടില്ല. അക്രമാസക്തരായി പ്രതികരിക്കാന്‍ ശിഷ്യന്മാരെ അനുവദിച്ചിട്ടുമില്ല. 'തിന്മയെ നന്മകൊണ്ട് നേരിടുക' എന്നാണ് നബി(സ) ഉയര്‍ത്തിപ്പിടിച്ച തത്ത്വം.
അവിവേകികളുടെ പുച്ഛവും പരിഹാസവും അവഗണിക്കാനാണ് അല്ലാഹു പ്രവാചക(സ)നോടും ശിഷ്യന്മാരോടും കല്‍പിച്ചത്. അതായിരുന്നു അവര്‍ക്കുള്ള ശക്തമായ മറുപടി. അന്ന് പ്രവാചക ശിഷ്യന്മാര്‍ അക്രമാസക്തരായി പ്രതികരിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം സമൂഹം അതിന് വലിയ വില നല്‍കേണ്ടി വരുമായിരുന്നു. ഈ യാഥാര്‍ഥ്യം ആധുനിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ന് ഖുര്‍ആന്‍ - പ്രവാചകനിന്ദകള്‍ കൊണ്ട് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന കുടിലശക്തികള്‍ക്ക് ഈയൊരു ദുഷ്ടലാക്ക് കൂടിയുണ്ടെന്ന് സമുദായം തിരിച്ചറിയണം. പ്രതിയോഗികള്‍ പ്രകോപിപ്പിക്കുമ്പോള്‍ സമുദായം പ്രകോപിതരാകുന്നത് അവരുടെ വിജയവും സമുദായത്തിന്റെ പരാജയവുമാണ്.
ഹാരിസ് എം.ടി തിരുവേഗപ്പുറ
അടുക്കളക്കവിതകള്‍
പ്രബോധനം 2889-ലെ സുഫീറ കെ എരമംഗലത്തിന്റെ 'അടുക്കളക്കവിത'കള്‍ ശ്രദ്ധേയമായി.
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ ക്ഷണിച്ചത് വി.ടി ഭട്ടതിരിപ്പാടായിരുന്നു. സ്ത്രീകളുടെ പ്രവര്‍ത്തന മണ്ഡലമായ 'അടുക്കള' തിരിച്ചുപിടിക്കാനും ആഹ്വാനം ചെയ്തത് സാറാ ജോസഫും. 'കിച്ചന്‍ ഓര്‍കസ്ട്ര' സ്‌കൂള്‍ കലോത്സവങ്ങളിലെ ഒരു രസികന്‍ പരിപാടിയാണെങ്കില്‍ 'കിച്ചന്‍ ആക്ടിവിസം' എന്ന ആശയം കവിതയിലൂടെ സാധ്യമാക്കുകയാണ് ഇവിടെ. അടുപ്പില്‍ എരിയുന്ന കനലിനേക്കാള്‍ തീവ്രമായ ആശയങ്ങള്‍ എരിയുന്ന നെരിപ്പോടായ ഹൃദയങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ അടുക്കളയില്‍ കഴിഞ്ഞുകൂടുമ്പോള്‍ അതിന്റെ തീയും പുകയും ഇതുപോലെ കവിതകളായി ഉയരുക തന്നെ ചെയ്യും. ആത്മ നൊമ്പരങ്ങള്‍ പദ മേദസ്സില്ലാതെ പറഞ്ഞ് ഫലിപ്പിക്കുന്നതില്‍ കവയിത്രി വിജയിച്ചിരിക്കുന്നു.
നാസര്‍ കാരക്കാട്
പണക്കൊയ്ത്ത് പ്രഭാഷണങ്ങള്‍
ഖാലിദ് മൂസാ നദ്‌വി എഴുതിയ 'അവര്‍ എന്റെ ദാസന്മാരെ വഴിയില്‍ നിന്ന് കൊള്ളയടിക്കുന്നവരാണ്' എന്ന ലേഖനത്തിന് അനസ് മുഹമ്മദ് എഴുതിയ പ്രതികരണം വായിച്ചു. മത സംഘടനാ പരിപാടികളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് ഇടപെടേണ്ടിവരുന്നതാണ് പലപ്പോഴും അനുഭവം. ഇടക്കാലത്ത് സജീവമായിരുന്ന ഖണ്ഡന മണ്ഡനങ്ങളേക്കാള്‍ അപകടകരമല്ലേ ഇന്നത്തെ പണക്കൊയ്ത്ത് പ്രഭാഷണങ്ങള്‍? പതിനായിരക്കണക്കിന് ആളുകളാണ് ഈ പണക്കൊയ്ത്ത് പ്രഭാഷണങ്ങള്‍ കൊണ്ട് ദിശ തെറ്റിപ്പോകുന്നത്. സ്ത്രീജനങ്ങളാണ് ഈ പണക്കൊയ്ത്തിന്റെ ചാകര. എളുപ്പത്തില്‍ 'മുറാദ് ഹാസ്വിലാകാന്‍' വേണ്ടി തങ്ങളുടെ കഴുത്തും കാതും ബുദ്ധിയും ഈ പണ്ഡിതന്മാര്‍ക്ക് പണയം വെക്കാന്‍ മാത്രം ബുദ്ധിശൂന്യരാണ് ഈ സ്ത്രീജനം.
ഖാലിദ് മുസാ നദ്‌വി നിരീക്ഷിച്ചപോലെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് വേണ്ടത്ര പരസ്യം നല്‍കി കമനീയമായ സ്റ്റേജും പതിനായിരക്കണക്കിന് കസേരകളും നിരത്തി ഇവര്‍ നടത്തുന്നത് പാതിരാ കൊള്ളയാണ്. ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയേക്കാള്‍ ശറഫായതാണ് നബി ജനിച്ച രാത്രിയെന്ന് പ്രസംഗിക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. സൂറഃ അല്‍ ഖദ്‌റില്‍ ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് അല്ലാഹു തന്നെയാണ് പറഞ്ഞത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എത്ര പണിയെടുത്താലും ഈ മതമേലാളന്മാര്‍ക്ക് ബുദ്ധി ഉദിക്കാത്ത കാലം വരെ ഈ ഉമ്മത്ത് രക്ഷപ്പെടുകയില്ല.
ഉമ്മു സ്വബീഹ തൃശൂര്‍
ഖുര്‍ആനെ അടുത്തറിയുമ്പോള്‍
ഖുര്‍ആനിലെ 'മര്‍യം' അധ്യായം വായിച്ചപ്പോള്‍ ബൈബിളില്‍ പറയുന്നതിനേക്കാള്‍ ആ പ്രതിപാദന രീതി വല്ലാതെ ആകര്‍ഷിച്ചെന്ന് സിസ്റ്റര്‍ ജസ്റ്റി ചാലക്കല്‍ (ലക്കം 2886) എഴുതിയത് വായിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരനെയും ഇതേ അധ്യായം വശീകരിച്ചിട്ടുണ്ട്.
''മറിയത്തിന്റെ മഹിമയെ ഉഷസിന്റെ ചിറകുകള്‍ ധരിച്ച വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് വിശുദ്ധ ഖുര്‍ആനാണ്. സ്ത്രീകള്‍ക്ക് മാതൃകയായി മറിയത്തെ ഖുര്‍ആന്‍ സ്തുതിക്കുന്നു. മറിയത്തെ ഉല്‍കൃഷ്ടയായി തിരഞ്ഞെടുക്കുകയും പരിശുദ്ധയായി കല്‍പിക്കുകയും ചെയ്ത മഹാ പാരമ്പര്യമാണ് ഖുര്‍ആന്റേത്. ഖുര്‍ആന്റെ 19-ാം അധ്യായത്തില്‍ ക്രിസ്തുവിന്റെ/ ഈസ നബിയുടെ ജനനം മനോഹരമായി വര്‍ണിച്ചിരിക്കുന്നു. ഇംറാന്റെ മകള്‍ മറിയമിനെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ എടുത്ത് കാണിക്കുന്നു'' (കെ.പി അപ്പന്‍, കലാകൗമുദി, ലക്കം 1625).
ഖുര്‍ആന്റെ മനോഹാരിത അതിനെ തൊട്ടറിയുമ്പോഴാണ് പലര്‍ക്കും ബോധ്യമാവുന്നത്. ഒരു രാത്രി അലസനായി ഇരിക്കവേ, റേഡിയോവില്‍ നിന്ന് പെട്ടെന്ന് ഒഴുകിവന്നിരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഉള്ളടക്കം അറിയാഞ്ഞിട്ടു കൂടി ആ പാരായണ മധുരിമയില്‍ എല്ലാം മറന്ന് ലയിച്ചിരുന്ന് പോയെന്ന് പറഞ്ഞത് ഈയിടെ മഹാ കവി അക്കിത്തമാണ്.
റസാഖ് പളളിക്കര, പയ്യോളി
ആരാണ് പ്രവാചകാധ്യാപനങ്ങള്‍ക്ക് എതിര്?
പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി വരുന്നത് അതിന്റെ അനുയായികളെന്ന് പറയപ്പെടുന്നവരില്‍ നിന്ന് തന്നെയാണ് (മുഖക്കുറിപ്പ് ലക്കം 2882). ബോക്കോ ഹറാം, അല്‍ഖാഇദ, ഐസിസ്, താലിബാന്‍ എന്നിവരാണല്ലോ പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്.
മറ്റൊരു കൂട്ടര്‍ തിരുശേഷിപ്പുകള്‍ എങ്ങനെ വിപണനം ചെയ്യാം എന്ന ഇജ്തിഹാദിലാണ്. നബിദിന ആഘോഷം ഇസ്‌ലാമികമാണെന്ന് തെളിയിച്ചാല്‍ ഒരു കോടിയും അനിസ്‌ലാമികമാണെന്ന് തെളിയിച്ചാല്‍ 10 കോടിയും ഇനാം പ്രഖ്യാപിച്ച് വെല്ലുവിളിക്കുന്നവരെയും കാണാം!
പ്രവാചക അധ്യാപനങ്ങള്‍ക്ക് ഗ്രഹണം ബാധിച്ച ഇക്കാലത്ത് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ചെയ്യേണ്ട ബാധ്യതയാണ് പ്രബോധനം വാരിക ഏതാനും ലക്കങ്ങളില്‍ നിര്‍വഹിച്ചത്.
വി.പി അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍
കേരളത്തിന്റെ തൊട്ടടുത്തുണ്ട് തമിഴ്‌നാട്
'അവര്‍ നമ്മെ കാത്തിരിക്കുകയാണ്' എന്ന ശീര്‍ഷകത്തില്‍ അഷ്‌റഫ് കെ.സി എഴുതിയ കേരളേതര മുസ്‌ലിംകളുടെ ശോചനീയാവസ്ഥ (ലക്കം 2887) സജീവ പരിഗണന അര്‍ഹിക്കുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും മാത്രമേ നാം ചര്‍ച്ച ചെയ്യാറുള്ളൂ. എന്നാല്‍, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലെ സ്ഥിതിയും ഭിന്നമല്ല. ചെന്നൈയിലും കോയമ്പത്തൂരിലും മാത്രമാണ് അല്‍പമെങ്കിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുള്ളത്. ഔദ്യോഗിക മേഖലകളില്‍ മുസ്‌ലിം സാന്നിധ്യം വളരെ കുറവ്. വിഗ്രഹാരാധനയിലും മിശ്ര വിവാഹത്തിലും കടുത്ത ശിര്‍ക്കന്‍ ആചാരങ്ങളില്‍ പോലും യാതൊരു അസാംഗത്യവും കാണാത്തവര്‍, ജുമുഅക്കോ പെരുന്നാള്‍ നമസ്‌കാരത്തിനോ പോലും സംവിധാനങ്ങളില്ലാതെ അസംഘടിതരായി കഴിഞ്ഞുകൂടുന്നവര്‍, ഗള്‍ഫ് പണത്തിന്റെ വികസനം കണ്ടിട്ടില്ലാത്തവര്‍... അവര്‍ തീര്‍ത്തും അജ്ഞരാണ്.
കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും അല്‍പമെങ്കിലും ഇത്തരം പ്രദേശങ്ങളില്‍ വിനിയോഗിക്കാന്‍ തയാറാവണം. ഇല്ലെങ്കില്‍ ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി നിരീക്ഷിച്ചതുപോലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക സ്ഥിതി ആദിവാസികളേക്കാള്‍ കഷ്ടമായിത്തന്നെ തുടരും.
സമദ് കല്ലടിക്കോട്
വിനയാന്വിത വ്യക്തിത്വം
സല്‍ഗുണങ്ങളുടെ വിളനിലമായിരുന്നു സി.ടി സാദിഖ് മൗലവി. വിനയമാണ് അതില്‍ മുന്നിട്ട് നില്‍ക്കുന്നത്. എല്ലാവരെയും ഒരേ കണ്ണോടെ കാണാനും പരിഗണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും നാലു മണിക്കൂര്‍ സമയം അദ്ദേഹവുമായി സഹവസിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബോധ്യപ്പെട്ട ആ യാഥാര്‍ഥ്യം അദ്ദേഹവുമായി പല സമയത്തും സഹവസിക്കാന്‍ അവസരം ലഭിച്ചവര്‍ ശരിവെക്കുകയുണ്ടായി.
കോഴിക്കോട് ജില്ലാ നാസിമായിരിക്കെ ഞങ്ങളുടെ പ്രദേശത്ത് യൂനിറ്റ് സന്ദര്‍ശനത്തിന് വന്നതായിരുന്നു അദ്ദേഹം. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടി. അതിനിടക്ക് കുറച്ചു സമയം കൊടുവള്ളിയില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതായി വന്നു. അദ്ദേഹത്തെ കൊടുവള്ളിയിലെത്തിക്കാന്‍ എന്നെയായിരുന്നു ചുമതലപ്പെടുത്തിയത്. സാദിഖ് മൗലവിയെ പോലുള്ള ഒരു നേതാവിന്റെ കൂടെ യാത്ര പോകുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, യാത്ര തുടങ്ങിയ ആദ്യ നിമിഷം തന്നെ അത്തരം ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തിലായിരുന്നു മൗലവിയുടെ പെരുമാറ്റം. തന്റെ നിലവാരത്തിലുള്ള ചിരപരിചിതനായ സുഹൃത്തിനോടെന്ന പോലെയായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ കുടുംബജീവിതത്തെക്കുറിച്ച്, ഭാര്യയുടെ മരണത്തെക്കുറിച്ച്, പുതിയ വിവാഹത്തെക്കുറിച്ച് എല്ലാം അദ്ദേഹം യാത്രയിലുടനീളം സംസാരിച്ചു.
ബുദ്ധിയും പഠിക്കാനുള്ള സാമര്‍ഥ്യവും ഉള്ള തന്റെ എല്ലാ മക്കളെയും പ്രസ്ഥാനത്തിനു കീഴിലുള്ള ഇസ്‌ലാമിയാ കോളേജുകളില്‍ ചേര്‍ത്തു പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് മറ്റൊരു മാതൃക.
'നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികളെ എന്തിനാണ് ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ക്കുന്നത്' എന്ന ചോദ്യത്തിന്, 'പഠിക്കുന്നവരെയാണ് നമ്മുടെ കോളേജിന് ആവശ്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അബൂറമീസ് ചേന്ദമംഗല്ലൂര്‍
ഇസ്‌ലാമോഫോബിയ:
യാഥാര്‍ഥ്യങ്ങളിലേക്ക്
വെളിച്ചം പായിക്കുന്ന എഴുത്ത്
എന്‍.പി മുഹമ്മദ് ബശീര്‍ എഴുതിയ 'കത്തോലിക്ക വിരുദ്ധതയില്‍നിന്ന് ഇസ്‌ലാമോഫോബിയയിലേക്ക്' എന്ന ലേഖനം (ലക്കം 2887) യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. പ്രബല രാഷ്ട്രങ്ങളില്‍ പലതും സ്വന്തം നിലനില്‍പിന് വേണ്ടി ചെറിയ രാജ്യങ്ങളെ കാരണം കൂടാതെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് നാം വിലയിരുത്തേണ്ടതാണ് ജോര്‍ജ് ബര്‍ണാഡ്ഷായുടെ വാക്കുകള്‍. അനതിവിദൂരമല്ലാത്ത കാലത്ത് അത് യാഥാര്‍ഥ്യമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകജനത ഇസ്‌ലാമിനെ തെരഞ്ഞെടുക്കേണ്ടിവരുമെന്ന് പ്രവചിച്ച ആ ബുദ്ധിജീവി ഇന്നത്തെ അശാന്തിയുടെ വിളനിലമായ യൂറോപ്പിനും അമേരിക്കക്കും അതാവശ്യമാണെന്നും പറഞ്ഞു. കുന്നുകൂട്ടി വെച്ച മാരകായുധങ്ങള്‍ വിറ്റു തീര്‍ക്കാന്‍ വേണ്ടി രാജ്യങ്ങളെ തമ്മിലടിപ്പിക്കുകയല്ലേ ഈ രാജ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്! അകാരണമായ യുദ്ധത്തെ ഇസ്‌ലാം കഠിനമായി എതിര്‍ക്കുകയാണ്. ഈ കാരണം കൊണ്ടാണ് ഇസ്‌ലാമിനെ ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇസ്രയേലിന്റെ അകാരണമായ കടന്നാക്രമണവും ഫലസ്ത്വീന്‍ ജനത ഇന്നനുഭവിക്കുന്ന കെടുതികളും. ഇവിടെയൊക്കെ ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയായി നിലനില്‍ക്കുക മാത്രമാണ് ചെയ്തത്. ഇവരില്‍ നിന്ന് ആര്‍ക്ക് നീതി ലഭിക്കാനാണ്!
പി.എം അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍
പരോപകാരത്തിന്റെ
മഹത്വം
''നാം ഒരാള്‍ക്ക് ഉപകാരം ചെയ്യുമ്പോള്‍ തിരിച്ചും ഉപകാരം ചെയ്യണമെന്ന് ആഗ്രഹിക്കരുത്. ദൈവം നമുക്കാവശ്യമുള്ള സന്ദര്‍ഭത്തില്‍ മറ്റാരെക്കൊണ്ടെങ്കിലും ഉപകാരം ചെയ്യിച്ചോളും''- ഭാനുമതി മേനോന്‍ ഉദ്ധരിച്ച വാക്കുകളെ (ലക്കം 2887) അന്വര്‍ഥമാക്കുന്ന ഒരു സംഭവം: 1965 വിയറ്റ്‌നാം യുദ്ധത്തിനിടെ രണ്ട് കാലുകളും നഷ്ടപ്പെട്ട ബട്ട്‌ലര്‍ എന്ന ഭടന്‍ ഒരു പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. പൊന്തക്കാടുകളില്‍ നടന്ന യുദ്ധത്തിനിടെ മൈന്‍ പൊട്ടി രണ്ട് കാലുകളും ചിന്നിച്ചിതറിയ ബട്ട്‌ലറെ വലിച്ചുകൊണ്ടുപോയി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മറ്റൊരവസരത്തില്‍ ബട്ട്‌ലര്‍ തന്റെ അയല്‍പക്കത്തെ വീട്ടിലെ കുട്ടി സ്വിമ്മിംഗ് പൂളില്‍ വീണപ്പോള്‍, വീല്‍ ചെയറില്‍ നിരങ്ങി നീങ്ങി ആ കുരുന്നു ബാലികയെ കരക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജന്മനാ കൈകളില്ലാത്ത പിഞ്ചു മകളെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷത്തില്‍ ആ കുട്ടിയുടെ അമ്മ ബട്ട്‌ലറോട് പറഞ്ഞു: ''കൈകളില്ലാത്ത എന്റെ മകള്‍ക്ക് നിങ്ങള്‍ കൈകളായി വര്‍ത്തിച്ചു, ശ്വാസമില്ലാത്ത എന്റെ മകള്‍ക്ക് നിങ്ങള്‍ ശ്വാസം നല്‍കി. ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് നന്ദി പറയേണ്ടത്?'' അപ്പോള്‍ ബട്ട്‌ലര്‍ പറഞ്ഞു: ''നിങ്ങള്‍ എനിക്ക് നന്ദി പറയേണ്ട. എനിക്ക് പണ്ടൊരു പെണ്‍കുട്ടി ചെയ്ത സഹായം ഞാന്‍ തിരികെ നല്‍കുക മാത്രമാണ് ചെയ്തത്.'' ഇതുപോലെ ഹൃദയ വിശാലതയോടെ നമ്മുടെ കൈകളും കാലുകളും കണ്ണുകളുമൊക്കെ മറ്റുള്ളവര്‍ക്ക് സഹായിയായി വര്‍ത്തിക്കട്ടെ.
അബ്ദുല്‍ ഹമീദ് കാഞ്ഞങ്ങാട്, ദമ്മാം
Comments