മതനിരപേക്ഷതയുടെ ഭാവി
ഇന്ത്യ മതേതര രാജ്യമാണെന്നു മാത്രമല്ല നാനാത്വത്തില്‍ ഏകത്വം അഥവാ നാനാ ജാതി മതസ്ഥര്‍ സൗഹാര്‍ദപരവും സഹകരണാത്മകവുമായ സഹവര്‍ത്തിത്വത്തിലൂടെ ഒരൊറ്റ ദേശീയ ജനതയായി വാഴുന്ന അവസ്ഥ ഇന്ത്യയുടെ അതുല്യമായ സവിശേഷതയാണെന്ന് കൂടി സാഭിമാനം ഘോഷിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഭരണകൂടം തന്നെ ആ വിശേഷണത്തില്‍ അതൃപ്തരായിരിക്കുകയാണ്. രാജ്യത്തിന്റെ 'മതേതരത്വം' മായ്ച്ചുകളയാന്‍ വെമ്പല്‍ കൊള്ളുകയാണവര്‍. റിപ്പബ്ലിക് ദിനം പ്രമാണിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ പരസ്യത്തില്‍ 'മതേതര സോഷ്യലിസ്റ്റ് രാജ്യം' എന്ന വിശേഷണമുണ്ടായിരുന്നില്ല. അതേക്കുറിച്ച് വിവാദങ്ങളും പ്രതിഷേധങ്ങളുമുയര്‍ന്നപ്പോള്‍, 1976-ന് മുമ്പ് ഭരണഘടനയില്‍ അതുണ്ടായിരുന്നില്ലല്ലോ എന്ന് ന്യായീകരിക്കുകയാണുണ്ടായത്. '76-ന് മുമ്പ് ഭരണഘടനയില്‍ ആ പദങ്ങളുണ്ടായിരുന്നില്ലെങ്കിലും ഭരണഘടനയുടെ മൊത്തം സ്പിരിറ്റ് അതായിരുന്നു. ഭരണകൂടങ്ങള്‍ ആ ആശയങ്ങളോട് പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ആശയങ്ങളോടൊന്നും താല്‍പര്യമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണവരുടെ ലക്ഷ്യം. ന്യൂനപക്ഷ മര്‍ദനം നിരന്തരം നടമാടുന്നു. അവരുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഘര്‍വാപസി എന്ന പേരില്‍ ഇതര മതസ്ഥരെ കൂട്ടത്തോടെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നത്.
ഈ കോലാഹലത്തിനിടയിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നമ്മുടെ റിപ്പബ്ലിക്ദിന പരിപാടിയിലേക്ക് ഭക്ത്യാദരപൂര്‍വം വിശിഷ്ടാതിഥിയായി ആനയിക്കപ്പെട്ടത്. അദ്ദേഹം ഭാരതത്തിന്റെയും പ്രധാനമന്ത്രിയുടെയും മഹത്വം ലോകത്തിന് മുമ്പില്‍ സാക്ഷ്യപ്പെടുത്തുമെന്ന് നാം ആശിച്ചു. പക്ഷേ, വിടപറയുമ്പോള്‍ മതപരമായ അസഹിഷ്ണുതക്കും സാമുദായിക സ്പര്‍ധക്കും അറുതിവരുത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വികസനം അസാധ്യമാകുമെന്ന ഗുണപാഠമുപദേശിക്കുകയാണദ്ദേഹം ചെയ്തത്. ജനങ്ങള്‍ അതു നന്നായി കേട്ടുവെങ്കിലും സഗൗരവം കേള്‍ക്കേണ്ട സര്‍ക്കാര്‍ കേട്ടതായി ഭാവിച്ചില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനത്തിന് വിശദീകരണം നല്‍കാന്‍ തയാറായതുമില്ല. തിരിച്ച് വാഷിംഗ്ടണിലെത്തിയ ഒബാമ തന്റെ വിമര്‍ശനം ഇന്ത്യയില്‍ വെച്ചു നടത്തിയതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ ആവര്‍ത്തിച്ചുവെന്നതാണതിന്റെ ഫലം. അദ്ദേഹം പറഞ്ഞു: ''ഗാന്ധിജി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഇന്നു നടമാടുന്ന മത അസഹിഷ്ണുതയും സ്പര്‍ധയും അദ്ദേഹത്തിന് വമ്പിച്ച ആഘാതമാകുമായിരുന്നു. ഗാന്ധിജിയുടെയും, അഹിംസയിലും മതസഹിഷ്ണുതയിലും അധിഷ്ഠിതമായ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെയും പേരില്‍ ഇന്ത്യ അഭിമാനം കൊള്ളുകയും അതിന്റെ മഹത്വം ലോകമെങ്ങും കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ അവിടെ വളരുന്ന അസഹിഷ്ണുതയും സ്പര്‍ധയും അദ്ദേഹത്തിന് ഒട്ടും സഹിക്കാനാകുമായിരുന്നില്ല.''
അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതിയുടെ തലപ്പത്തിരിക്കുന്ന കത്രീന ലിന്റന്‍സ്, പ്രസിഡന്റ് ഒബാമയുടെ പ്രസ്താവനയെ പൂര്‍ണമായി ശരിവെക്കുകയുണ്ടായി. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പേരില്‍ അമേരിക്കന്‍ മത സ്വാതന്ത്ര്യ കമീഷന്‍ ഇന്ത്യയെ രണ്ടാംകിട രാഷ്ട്രങ്ങളുടെ ഗണത്തിലുള്‍പ്പെടുത്തിയതായി അവര്‍ വെളിപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ ഏറ്റവും സ്വാധീനവും പ്രചാരവുമുള്ള പത്രമായ ന്യൂയോര്‍ക്ക് ടൈംസ് എഴുതി: ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ആ മനുഷ്യനില്‍ നിന്ന് ഒരു വിശദീകരണമുണ്ടായിട്ടില്ല. എല്ലാ പൗരന്മാരുടെയും പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണദ്ദേഹം. ക്രൈസ്തവരും മുസ്‌ലിംകളും ഭീഷണിക്കു വിധേയരാവുകയും കൂട്ട മതംമാറ്റത്തിന് നിര്‍ബന്ധിതരാവുകയും ചെയ്ത അനേകം സംഭവങ്ങളുണ്ടായപ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം ദീക്ഷിക്കുകയായിരുന്നു. ഒന്നുകില്‍ അദ്ദേഹം ഇത്തരം നടപടികള്‍ തടയാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ തടയാന്‍ അദ്ദേഹത്തിന് കഴിവില്ല... മതപരമായ അസഹിഷ്ണുതയുടെയും സ്പര്‍ധയുടെയും കാര്യത്തില്‍ പാലിക്കുന്ന ബധിര മൂകത നരേന്ദ്രമോദി വെടിഞ്ഞേ തീരൂ. ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പ്രധാനമന്ത്രിയാണദ്ദേഹം.
സായിപ്പിന്റെ കണ്ണുരുട്ടലും ദല്‍ഹിയിലെ ദയനീയമായ പരാജയവും ബി.ജെ.പിയെ അല്‍പമൊന്നുണര്‍ത്തിയെന്നു തോന്നുന്നു. ഒബാമ പറഞ്ഞത് അമേരിക്കന്‍ ഹിന്ദുക്കളെ ആക്രമിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചാണെന്നത്രേ സംഘ്പരിവാറിന്റെ ആദ്യ പ്രതികരണം. അമേരിക്ക ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനവും ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു. എങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാനാവാത്ത പരുവത്തിലായി. ജനങ്ങളും ജനപ്രതിനിധികളും എത്ര മുറവിളി കൂട്ടിയിട്ടും പ്രശ്‌നത്തെക്കുറിച്ച് മിണ്ടാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ഒടുവില്‍ വായ തുറന്നിരിക്കുന്നു. ഫെബ്രുവരി 17-ന് ദല്‍ഹിയിലെ ഒരു ക്രൈസ്തവ മതാഘോഷവേദിയില്‍ അതിഥിയായെത്തി സംസാരിക്കവെ, രാജ്യത്ത് പൂര്‍ണമായ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും മത വിദ്വേഷം വളര്‍ത്താന്‍ ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെട്ട ഒരു മത വിഭാഗത്തെയും അനുവദിക്കുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ആര്‍ക്കും ഇഷ്ടമുള്ള ഏത് മതം ആചരിക്കാനും ഏതു മതത്തില്‍ നിന്നും ഇഷ്ടമുള്ള ഏതു മതത്തിലേക്കും മാറാനുമുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
മതസഹിഷ്ണുതയും സാമുദായിക സൗഹാര്‍ദവും ആഗ്രഹിക്കുന്ന സമാധാന പ്രേമികള്‍ക്ക് ഏറെ ആശ്വാസദായകമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പക്ഷേ, തന്റെ വാക്കുകള്‍ പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന വലിയൊരു ചോദ്യമുണ്ട്. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച ഹിന്ദുത്വശക്തികളില്‍ നിന്നുണ്ടായ പ്രതികരണം ഒട്ടും ആശാവഹമല്ല. മോദിയുടെ മതസ്വാതന്ത്ര്യ പ്രസ്താവനയുടെ പിറ്റേന്നുതന്നെ വി.എച്ച്.പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിനിന്റെ പ്രസ്താവന വന്നു: ''മോദി സംസാരിച്ചത് അമേരിക്കയില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചാണ്. പ്രധാനന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഹിന്ദുക്കളെ ഉദ്ദേശിച്ചുള്ളതല്ലാത്തതിനാല്‍ ഘര്‍വാപസിയും ലൗജിഹാദ് വിരുദ്ധ സമരവും തുടരുക തന്നെ ചെയ്യും.'' ഈ ധാര്‍ഷ്ട്യത്തെ നേരിടാന്‍ മോദി തയാറാകുമോ? 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ പ്രധാമന്ത്രി വാജ്‌പേയി പറഞ്ഞത് ഓര്‍ത്തുപോകുന്നു: ''സര്‍ക്കാര്‍ രാജധര്‍മം പാലിച്ചിട്ടില്ല. നമ്മുടെ ശിരസ്സ് ലജ്ജയാല്‍ താണുപോകുന്നു. ഇനിയെങ്ങനെ നാം ലോകത്തിന്റെ മുഖത്ത് നോക്കും?'' അമേരിക്കന്‍ പ്രസിഡന്റും പത്രങ്ങളും മതസ്വാതന്ത്ര്യ കമീഷനുമെല്ലാം പറയുന്നതിന്റെ സാരവും ഇതുതന്നെയാണ്.
Comments