നിക് അബ്ദുല്‍ അസീസ് <br>ഖലീഫമാരെ അനുസ്മരിപ്പിക്കുന്ന മാതൃകാ ജീവിതം
വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത അപൂര്‍വ വ്യക്തിത്വമാണ് ഫെബ്രുവരി 12-ന് വിടപറഞ്ഞ നിക് അബ്ദുല്‍ അസീസ്. മലേഷ്യയിലെ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷിയായ പാസിന്റെ ആത്മീയ നേതാവ് (മുര്‍ശിദുല്‍ ആം) ആയിരുന്നു അദ്ദേഹം. ഖലീഫമാരുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു മഹാ മാതൃക, കണ്ണഞ്ചിപ്പിക്കുന്ന ഭൗതിക സൗകര്യങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ വരെ പതറിപ്പോവുന്ന കാലത്തും സാധ്യമാണെന്ന് തെളിയിച്ചു; അതും ഭൗതിക പുരോഗതിയുടെ മേഖലയില്‍ ഒരുപാട് മുന്നോട്ടു സഞ്ചരിച്ച മലേഷ്യയില്‍ എന്നതാണ് നിക് അബ്ദുല്‍ അസീസിന്റെ ജീവിതം സവിശേഷമായി വിളംബരം ചെയ്യുന്നത്. ഖലീഫ ഉമറിനെ കാണാന്‍ ചെന്ന സഞ്ചാരിയുടെ അതേ അനുഭവം തന്നെയായിരിക്കും നിക് അബ്ദുല്‍ അസീസിന്റെ ഗ്രാമത്തില്‍ അദ്ദേഹത്തെ അന്വേഷിക്കുന്ന ആര്‍ക്കും അനുഭവപ്പെടുക. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് നമ്മുടെ മുമ്പിലുളളതെന്ന് ഗുരു നിക് അബ്ദുല്‍ അസീസിനെ കാണുമ്പോള്‍ ആരും ധരിക്കില്ല. എസ്‌കോര്‍ട്ട് കാറും പോലീസ് അകമ്പടിയും സര്‍ക്കാര്‍ ബംഗ്ലാവുമൊക്കെയാണ് അധികാരത്തിന്റെ പ്രതീകം എന്ന് ധരിക്കുന്ന ഒരുകാലത്ത് അവ മുഴുവന്‍ തിരസ്‌കരിച്ചുകൊണ്ട് ജനങ്ങളുടെ ഭാരം ലഘൂകരിക്കേണ്ടവനാണ് ഭരണാധികാരി എന്ന സന്ദേശമാണ് നിക് അബ്ദുല്‍ അസീസ് വിളംബരം ചെയ്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ പാരമ്പര്യമായി താന്‍ ഉപയോഗിച്ചുവരുന്ന, മരം കൊണ്ടുള്ള വീട് തന്നെ, മുഖ്യമന്ത്രിയായിരുന്ന 23 വര്‍ഷക്കാലവും ഉപയോഗിച്ചു അദ്ദേഹം. സ്വയം ഡ്രൈവ് ചെയ്തും, തന്നെ കാണാനാഗ്രഹിക്കുന്ന എല്ലാ സന്ദര്‍ശകര്‍ക്കും കാണാനവസരം ലഭിക്കാന്‍ സ്വുബ്ഹി നമസ്‌കാരവും അസ്വ്ര്‍ നമസ്‌കാരവും തന്റെ വീടിനടുത്തുള്ള, ഗ്രാമത്തിലെ പള്ളിയില്‍ നേതൃത്വം നല്‍കിയും, അതിനുശേഷമുള്ള സമയം യാതൊരു മുന്‍ നിശ്ചിത അപ്പോയ്ന്‍മെന്റുമില്ലാതെ തന്നെ കാണാനും പരാതി പറയാനും ആവശ്യങ്ങള്‍ ബോധിപ്പിക്കാനും എത്തുന്ന പൊതുജനങ്ങള്‍ക്ക് നീക്കിവെച്ചും ഇതാ ഇക്കാലത്തും ഒരു ഉമര്‍ അസാധ്യമല്ല എന്ന് നിക് അബ്ദുല്‍ അസീസ് തെളിയിക്കുകയുണ്ടായി. 2007-ല്‍ മുഖ്യമന്ത്രിയെ കാണാന്‍ ഡോ. അബ്ദുസ്സലാം അഹ്മദിനോടൊപ്പം കെലന്താന്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ പഴയ വീടും കാറും കണ്ട് അത്ഭുതപ്പെട്ട നിമിഷം മായാതെ നിലനില്‍ക്കുന്നുണ്ട് മനസ്സില്‍. സന്ദര്‍ശകനായി വന്ന വിദേശിയായ ഒരു മാനൃദേഹം ഫിഖ്ഹുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് വിശദീകരിക്കുന്നതിനിടയില്‍ തന്റെ ഷെല്‍ഫ് തെരഞ്ഞ് ഒരു ഗ്രന്ഥം തേടിപ്പിടിച്ച് അതിലെ പരാമര്‍ശങ്ങള്‍ സന്ദര്‍ശകന് വായിച്ചു കൊടുത്ത് സംശയ നിവാരണം നടത്തുന്ന, കളളിമുണ്ടും നീളന്‍ കുപ്പായവും ധരിച്ച് പ്രസ്തുത സംസാരം തുടര്‍ന്ന മുഖ്യമന്ത്രിയുടെ ചിത്രം ഒരിക്കലും മനസ്സില്‍നിന്ന് മറയാത്ത മുദ്ര തന്നെയാണ്. ദയൂബന്തില്‍ നിന്ന് ബിരുദവും ശേഷം അല്‍ അസ്ഹറില്‍ ഉപരി പഠനവും നടത്തിയ പണ്ഡിതനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആയ തന്നെപ്പോലെയുള്ള പണ്ഡിതനോട് വാദിക്കാന്‍ ഇയാള്‍ക്ക് എന്തധികാരമാണുള്ളത് എന്ന അഹന്തയല്ല; എല്ലാവര്‍ക്ക് മുമ്പിലും താഴ്മയും വിനയവും ഉയര്‍ത്തിപ്പിടിക്കുക എന്ന മഹാ തത്ത്വമാണ് പ്രസ്തുത ചര്‍ച്ചയില്‍ ഉടനീളം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
മലേഷ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിക് അബ്ദുല്‍ അസീസിന്റെ ഏറ്റവും വലിയ നേട്ടം, സാമുദായിക രാഷ്ട്രീയ മുഖമുള്ള പാര്‍ട്ടി ഇസ്‌ലാം സേ മലേഷ്യ(പാസ്) എന്ന സുശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തെ സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖവും അജണ്ടയും നല്‍കി മാറ്റി പണിതു എന്നതാണ്. '30-കളില്‍ ഈജിപ്തിലും '40-കളില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലും തുടക്കം കുറിച്ചതും '60-കളില്‍ മുസ്‌ലിം ലോകത്ത് സജീവമായി വളരാന്‍ ആരംഭിച്ചതുമായ ഇസ്‌ലാമിക നവജാഗരണം 1957-ല്‍ സ്വാതന്ത്ര്യം ലഭിച്ച മലേഷ്യയില്‍ ആദ്യകാലത്ത് വലിയ ചലനമൊന്നും സൃഷ്ടിച്ചിട്ടുണ്ടായിരുന്നില്ല. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യ പോരാട്ടം നടത്തിയ യുനൈറ്റഡ് മലയന്‍ നാഷ്‌നല്‍ ഓര്‍ഗനൈസേഷന്‍ (അംനോ) എന്ന ദേശീയ പ്രസ്ഥാനം ഒരു പരിധിവരെ ഇസ്‌ലാമിനെയും ദേശീയതയെയും സമന്വയിപ്പിക്കുന്ന ഒരു പ്രതലത്തില്‍ ഊന്നിനിന്നാണ് ജനങ്ങളെ സംഘടിപ്പിച്ചത്. പക്ഷേ, മുസ്‌ലിം താല്‍പര്യങ്ങളില്‍ അംനോ വിട്ടുവീഴ്ച ചെയ്യുന്നു എന്നു തോന്നിയ ഒരു ഘട്ടത്തിലാണ് ദേശീയ പ്രസ്ഥാനമായ അംനോവില്‍ അണിചേര്‍ന്ന മത പണ്ഡിതന്മാര്‍ അതില്‍നിന്ന് പുറത്ത് വന്ന് പാ മലയന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനം രൂപവത്കരിച്ചത്. അംനോവിന്റെ ദേശീയ മുഖത്തെക്കാള്‍ മലായ് വംശജരുടെ സാമുദായിക മുഖം തങ്ങള്‍ക്കാണുള്ളത് എന്ന് തെളിയിക്കാനാണ് ഈ പ്രസ്ഥാനം ആരംഭ കാലത്ത് ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം അധികാരം കൈയടക്കിയ അംനോവിനെതിരെ പ്രതിപക്ഷം എന്ന നിലയില്‍ പിന്നീടത് മുന്നോട്ടു പോവുകയും ചെയ്തു. ഇടക്കാലത്ത് ഈ പ്രതിപക്ഷ പ്രസ്ഥാനത്തിന്റെ പേര് പാസ് (പാര്‍ട്ടി ഇസ്‌ലാം സെ മലേഷ്യ) എന്നാക്കി മാറ്റി കുറച്ചുകൂടി ഇസ്‌ലാമിക മുഖത്തിന് ഊന്നല്‍ നല്‍കി. പക്ഷേ, എഴുപതുകളുടെ തുടക്കത്തില്‍ പാസ് കൂടുതല്‍ സാമുദായിക മുഖവും ദേശീയ മുഖവും സ്വീകരിക്കുകയാണുണ്ടായത്. ചൈനീസ്-മലായ് വംശജര്‍ തമ്മില്‍ ഇടക്കാലത്തുണ്ടായ കലാപത്തെത്തുടര്‍ന്ന് അംനോവുമായി സന്ധിയിലേര്‍പ്പെട്ട പാസ് അവരുമായി ഭരണം പങ്കിടുകയും മുസ്‌ലിം ഐക്യം എന്ന പേരില്‍ ദേശീയ-സാമുദായിക അസ്തിത്വത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്ത ഈ വേളയിലാണ് ദയൂബന്തിലെയും അസ്ഹറിലെയും പഠന ശേഷം നിക് അബ്ദുല്‍ അസീസ് മലേഷ്യയില്‍ തിരിച്ചെത്തുന്നത്. തന്റെ മുപ്പത്തിയാറാമത്തെ വയസ്സില്‍ പാസില്‍ ചേര്‍ന്ന നിക്, സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പാസിലെ യുവതുര്‍ക്കികളായ മുസ്‌ലിം പണ്ഡിതരെ അണിനിരത്തി പാസിന്റെ നിവിലുള്ള നേതൃത്വത്തിന്റെ സാമുദായികവത്കരണത്തെയും ദേശീയ പരികല്‍പനകളെയും ചോദ്യം ചെയ്യുകയും ഇസ്‌ലാമിക മുഖമുള്ള ഒരു പ്രസ്ഥാനം എന്ന പരികല്‍പന അവതരിപ്പിക്കുകയും ചെയ്തു. ഈ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം 1982-ല്‍ നിലവിലുള്ള പ്രസിഡന്റിന് പാസില്‍ നിന്ന് രാജിവെക്കേണ്ടിവന്നു. യൂസുഫ് റവാ എന്ന പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാസ് പിന്നീട് സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മലേഷ്യന്‍ മുഖം എന്ന രീതിയില്‍ പുനരവതരിക്കുകയാണുണ്ടായത്. 1991-ല്‍ പാസിന്റെ മുര്‍ശിദുല്‍ ആം ആയി നിക് നിയോഗിക്കപ്പെട്ടതോടെ ഈ മുഖം പാസില്‍ വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്. 1990-ലെ തെരഞ്ഞെടുപ്പില്‍ അംനോനിനെ പരാജയപ്പെടുത്തി അദ്ദേഹം കെലന്താന്‍ സംസ്ഥാനം പിടിച്ചെടുത്തു. അന്നു മുതല്‍ 2013 ഫെബ്രുവരിയില്‍ ശാരീരികാസുഖത്തെത്തുടര്‍ന്ന് തന്റെ ഡെപ്യൂട്ടിക്ക് ഭരണം കൈമാറുന്നത് വരെ പ്രസ്തുത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും 84-ാം വയസ്സില്‍ മരിക്കുന്നത് വരെ പാസിന്റെ ആത്മീയ ഗുരുവായും തുടര്‍ന്നു.
സങ്കീര്‍ണമായ രാഷ്ട്രീയ ഘടനയില്‍ തനതായ ഇസ്‌ലാമിക വ്യക്തിത്വത്തെയും സങ്കീര്‍ണമായ സാമൂഹിക- രാഷ്ട്രീയ ഘടനയെയും കോര്‍ത്തിണക്കി മുന്നോട്ടു പോവുക എന്നത് അതീവ ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. മലായ്-ഇന്ത്യന്‍-ചൈനീസ് വംശജര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന മലേഷ്യയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനത്തെ ഇത്തരം സങ്കീര്‍ണമായ ഘടനകളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കി എന്നത് പണ്ഡിതനായ ഈ ഭരണാധികാരിയുടെ പ്രധാന നേട്ടമാണ്. ആത്യന്തിക സെക്യുലരിസ്റ്റുകളായി അറിയപ്പെടുന്ന ഡെമോക്രാറ്റിക് ആക്്ഷന്‍ പാര്‍ട്ടിയുമായി സഹകരിച്ചുകൊണ്ട് അന്‍വര്‍ ഇബ്‌റാഹീം രൂപവത്കരിച്ച ജനകീയ സഖ്യത്തില്‍ പാസ് എന്ന ഇസ്‌ലാമിക കക്ഷിയെ നിക് അബ്ദുല്‍ അസീസ് കണ്ണിചേര്‍ത്തത് അറബ് വസന്താനന്തരം ശൈഖ് റാശിദുല്‍ ഗനൂശി കാഴ്ചവെച്ച തുനീഷ്യന്‍ മാതൃകക്കും മുമ്പാണ്. ഈ കൂട്ടിക്കെട്ടല്‍ ഇന്നും പലര്‍ക്കും ദഹിക്കുന്നില്ല എന്നത് വസ്തുതയാണ്. ബല്‍ദത്തുന്‍ ത്വയ്യിബ അഥവാ മനോഹരമായ ഒരു ക്ഷേമരാഷ്ട്രം എന്ന പ്രക്രിയക്ക് തുടക്കം കുറിക്കാന്‍ മലേഷ്യയില്‍ അതാവശ്യമാണ് എന്നതായിരുന്നു നിക് അബ്ദുല്‍ അസീസിന്റെ നിലപാട്.
അഴിമതി, സ്വജനപക്ഷപാതം, വംശീയത എന്നീ മനുഷ്യവിരുദ്ധവും ദേശവിരുദ്ധവുമായ തിന്മകളെ ഇല്ലായ്മ ചെയ്യാന്‍ മതേതര കക്ഷികളുമായി സഹകരിക്കണം എന്ന നിലപാടാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മലേഷ്യക്ക് ഏറ്റവും സുശക്തമായ ഒരു പ്രതിപക്ഷ നിരയെ സമ്മാനിച്ചത്. വിശാലമായ ഇസ്്‌ലാമിക താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഈ നിലപാടിനെ അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള കുറുക്കുവഴിയായി അവതരിപ്പിച്ച് അവമതിക്കാനുള്ള ശ്രമത്തെ സ്വന്തം ജീവിത മാതൃകയിലൂടെ തരണംചെയ്യാന്‍ സാധിച്ച ഒരുപക്ഷേ അപൂര്‍വം നേതാവാണ് നിക് അബ്ദുല്‍ അസീസ്. അധികാരം ഒരവസരമല്ല, ഒരു മഹാ ഉത്തരവാദിത്തമാണ് എന്നും അതിനാല്‍ കുറുക്കുവഴികള്‍ തേടിക്കൊണ്ട് ഉറപ്പുവരുത്താന്‍ ശ്രമിക്കേണ്ട ഒരു മഹാ സൗഭാഗ്യമല്ല അതെന്നും ജീവിതം കൊണ്ട് തെളിയിക്കാനായി അദ്ദേഹത്തിന്.
1991-ല്‍ കെലന്താന്‍ പാസ് പിടിച്ചെടുത്ത നാളുകളില്‍ മുഖ്യമന്ത്രിയാവണമെന്ന പാര്‍ട്ടി നിര്‍ദേശത്തെ പരമാവധി മറികടക്കാന്‍ ശ്രമിച്ച ഒരാള്‍ കൂടിയാണ് ഈ പണ്ഡിതന്‍. മുഖ്യമന്ത്രി പദത്തിന് പകരം സ്പീക്കര്‍ പദവി സ്വീകരിച്ചുകൊണ്ട് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥനായി നിലയുറപ്പിക്കാം എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. പക്ഷേ, പാര്‍ട്ടിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ആ തീരുമാനം ഒരായിരം തവണ ശരിയായിരുന്നു എന്ന് അനുഭവങ്ങള്‍ തെളിയിച്ചു. നിക് ജീവിക്കുന്ന കാലത്തോളം കെലന്താനില്‍ പാസിനെ പരാജയപ്പെടുത്താന്‍ സാധ്യമല്ല എന്ന് എതിരാളികള്‍ക്ക് വരെ സമ്മതിക്കേണ്ടിവന്നു. ആത്യന്തിക മതേതരവാദികളും കടുത്ത ഇസ്‌ലാംവിരുദ്ധ നിലപാട് വെച്ചു പുലര്‍ത്തുന്ന വ്യക്തികളും വരെ നിക് അബ്ദുല്‍ അസീസിന്റെ ജീവിത ലാളിത്യത്തെയും വിനയത്തെയും പ്രതി എല്ലാ വിമര്‍ശനങ്ങള്‍ക്കുമതീതനായി അദ്ദേഹത്തെ നിലനിര്‍ത്തി എന്നതാണ് മലേഷ്യന്‍ ചരിത്രം.
ഒരു പാരമ്പര്യ പണ്ഡിതനില്‍ നിന്ന് ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയിലെ പലരും പ്രകടിപ്പിക്കുമ്പോള്‍ അതിനെതിരായി തന്റെ ശബ്ദം എന്നും ഉയര്‍ത്തിപ്പിടിച്ചു എന്നത് നിക് അബ്ദുല്‍ അസീസിന്റെ പ്രധാന നേട്ടമാണ്. വംശീയതയും സാമുദായികതയും പാസിന് കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കും എന്ന കാര്യം അവഗണിച്ച് അവ രണ്ടും ഇസ്‌ലാമിന്നന്യമാണ് എന്ന് തന്റെ അനുചരന്മാരെ എപ്പോഴും ബോധ്യപ്പെടുത്താന്‍ നിക് ശ്രമിച്ചു. അതേയവസരം ഇസ്‌ലാമിനെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിന്ന് പുറത്ത് നിര്‍ത്തുന്ന മുസ്‌ലിം സെക്യുലരിസ്റ്റുകള്‍ക്കെതിരെ ഏറ്റവും കടുത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു അദ്ദേഹം. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആത്യന്തിക മതേതര പാര്‍ട്ടികളുമായി സഹകരിച്ചുകൊണ്ട് തന്നെയാണ് ഇസ്‌ലാമിനെ വെറുമൊരു ആചാര മതമായി ന്യൂനീകരിക്കുന്ന മുസ്‌ലിം നിലപാടിനെതിരെ നിക് പ്രതികരിക്കാറുള്ളത്. സ്വന്തം ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാതെ പൊതു ക്ഷേമത്തിന് വേണ്ടി മറ്റുള്ളവരുമായി സഹകരിക്കണം എന്ന തത്ത്വത്തിലൂന്നിക്കൊണ്ടാണ് ഈ നിലപാട് അദ്ദേഹം വികസിപ്പിച്ചത്. വിദ്യാ സമ്പന്നരായ നല്ലൊരു വിഭാഗം യുവതലമുറയെ പാസിലേക്ക് ആകര്‍ഷിക്കാന്‍ ഇത് കാരണമായി.
ഇപ്രകാരം പാസിലേക്ക് കടന്നുവന്ന പുരോഗമന ശക്തികളും എന്നാല്‍ ഇപ്പോഴും പരമ്പരാഗത സാമുദായിക വാദത്തിന്റെ പുറംതോടില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാത്ത വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം പാസില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിലാണ് നിക് അബ്ദുല്‍ അസീസ് വിടപറയുന്നത്. ഒരര്‍ഥത്തില്‍ പാണ്ഡിത്യത്തിന്റെ ഗരിമയുള്ള നിക് അബ്ദുല്‍ അസീസിന്റെ സാന്നിധ്യമായിരുന്നു പാസിലെ പാരമ്പര്യവാദികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി. കാരണം പാസിലെ ബഹുജനം ഒന്നടങ്കം അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ് വില കല്‍പിക്കുന്നത്. പുരോഗമന സ്വഭാവമുള്ള പാസിലെ യുവ നേതൃത്വത്തിന് ആശ്വാസവും ഈ നിലപാടായിരുന്നു. നിക് അബ്ദുല്‍ അസീസ് വിടപറഞ്ഞിരിക്കെ പാസ് എങ്ങോട്ടാണ് സഞ്ചരിക്കുക എന്നത് വലിയ ചോദ്യചിഹ്നമാവുന്നത് ഇക്കാരണത്താലാണ്. ഒരുപക്ഷേ രണ്ട് ചേരികളും വഴിപിരിയാനുള്ള സാധ്യതകള്‍ വരെ ആര്‍ക്കും തള്ളിക്കളയാനാവില്ല. എല്ലാവരെയും കൂട്ടി ഘടിപ്പിക്കാനുള്ള ആകര്‍ഷണ ശക്തിയാണ് നിക് അബ്ദുല്‍ അസീസിന്റെ നിയോഗത്തോടെ പാസിനും ഇസ്‌ലാമിക രാഷ്ട്രീയത്തിനും നഷ്ടപ്പെട്ടിരിക്കുന്നത്.
പേരിനേക്കാളും പ്രശസ്തിയേക്കാളും ആദര്‍ശത്തിന് വില കല്‍പിക്കുന്ന ഒരു മാതൃകയായി ജീവിച്ചത് കാരണം ഒരുപക്ഷേ മലേഷ്യക്ക് പുറത്ത് നിക് അബ്ദുല്‍ അസീസ് സുപരിചിതനല്ലായിരിക്കാം. ലോക ഇസ്‌ലാമിക വേദികളിലും സമ്മേളനങ്ങളിലും പ്രത്യക്ഷപ്പെടാനോ ഭൂഖണ്ഡങ്ങള്‍ താണ്ടി തന്റെ പേരിനെ വാനോളം ഉയര്‍ത്താനോ ഒരു സ്വൂഫിയെ പോലെ ജീവിച്ച നിക് അബ്ദുല്‍ അസീസ് ഒരുകാലത്തും ശ്രമിച്ചില്ല. തന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോകം മുഴുക്കെ യുവനേതൃത്വം സഞ്ചരിക്കുമ്പോഴാണ് 'വറഇന്റെ'യും 'ഖൗഫി'ന്റെയും അവിസ്മരണീയ മാതൃക കാഴ്ചവെച്ച് നിക് ജീവിച്ചത്.
Comments