Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

അല്ലാഹുവിന്റെ കാരുണ്യവും ദയാലുത്വവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-6

         ഇസ്‌ലാമിന്റെ മൂലമന്ത്രമാണ് 'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം' എന്നു പറഞ്ഞല്ലോ. 'കരുണാവാരിധിയും പരമദയാലുവുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നതാണ് പ്രസ്തുത മന്ത്രത്തിന്റെ അര്‍ഥം എന്നാണ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള അഭിജ്ഞരുടെ അഭിപ്രായം. ഒരേ അര്‍ഥത്തിലുള്ള വാക്കുകള്‍ ഒരു വാചകത്തില്‍ തന്നെ ഒന്നിനു പിറകെ ഒന്നെന്ന മട്ടില്‍ ആവര്‍ത്തിക്കുന്നത് പുനരുക്തി എന്ന ദോഷമാണെന്ന് സംസ്‌കൃത ഭാഷാ വ്യാകരണ പണ്ഡിതന്മാര്‍ പറയാറുണ്ട്. ഉദാഹരണത്തിന്, 'ദൈവം ഭേദവ്യത്യാസങ്ങളില്ലാത്തവനാണ്' എന്നെഴുതുന്നത് പുനരുക്തി ദോഷമാണ്. കാരണം ഭേദം, വ്യത്യാസം എന്നീ വാക്കുകള്‍ക്ക് ശബ്ദ വ്യത്യാസമല്ലാതെ അര്‍ഥഭേദം തെല്ലും ഇല്ല. ഇമ്മട്ടിലൊരു പുനരുക്തി ദോഷം 'കരുണാവാരിധിയും പരമദയാലുവുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്ന അല്‍ ഫാതിഹയിലെ ആരംഭ വാക്യത്തില്‍ ഉണ്ടോ? ഈയൊരു സംശയം ചിലരൊക്കെ പ്രകടിപ്പിച്ചിട്ടുണ്ട്. ഈയുള്ളവനും ആ സംശയത്തില്‍ തെല്ലൊരു ശരിയുണ്ടെന്ന് ഖുര്‍ആന്‍ പഠനം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ തോന്നിയിരുന്നു. എന്നാല്‍, പിന്നീട് അത്തരം സംശയങ്ങള്‍ തീര്‍ത്തും ഇല്ലാതായി. കാരുണ്യവും ദയാലുത്വവും ഒരേ അര്‍ഥതലങ്ങളുള്ള പദങ്ങളല്ല എന്നു ബോധ്യപ്പെട്ടെന്നു ചുരുക്കം. എങ്ങനെ ബോധ്യപ്പെട്ടെന്ന് ഒട്ടൊന്നു വിശദീകരിക്കാം.

''ഒരു പിടിയില്ലാതെയാകുന്നു കാണികള്‍-
ക്കൊരു പിടികൊണ്ടു ഞാന്‍ നീയാകുമ്പോള്‍''

എന്നൊരു ഈരടി എന്റെ ഗുരുനാഥനായ മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ ഒരു ശക്തിബോധ സൂക്തത്തില്‍ ഉണ്ട്. ഇതില്‍ ആദ്യത്തെ വരിയിലും രണ്ടാമത്തെ വരിയിലും 'പിടി' എന്ന പച്ച മലയാളപദം ഉപയോഗിച്ചിട്ടുള്ളത് തീര്‍ത്തും വ്യത്യസ്തമായ അര്‍ഥങ്ങളിലാണ്. അഥവാ രണ്ടര്‍ഥത്തിലാണ്. ആദ്യത്തെ വരിയിലെ 'പിടിയില്ലാതാകുന്നു' എന്ന പ്രയോഗത്തിനര്‍ഥം 'മനസ്സിലാകുന്നില്ല' എന്നതാണ്. രണ്ടാമത്തെ വരിയിലെ 'പിടികൊണ്ട്' എന്ന പ്രയോഗത്തിനര്‍ഥം 'ഭക്തികൊണ്ട്' എന്നാകുന്നു. 'ഭക്തികൊണ്ട് ഈശ്വരനോട് ചേര്‍ന്നുനില്‍ക്കുന്ന മനുഷ്യനെ കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് അയാള്‍ എന്തുതരം മനുഷ്യനാണ് എന്നു മനസ്സിലാക്കാനാകാതെ വരുന്നു' എന്നാണ് കവിതയുടെ താല്‍പര്യം. അല്ലാഹുവില്‍ അള്ളിപ്പിടിച്ചു ജീവിക്കാന്‍ തുടങ്ങിയ മുഹമ്മദ് നബിയെ മക്കക്കാരായ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകാതെ വന്ന സാഹചര്യത്തിലാണല്ലോ ഭക്തനായ മുഹമ്മദിന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. ഇപ്പറഞ്ഞത് മനസ്സില്‍ വെച്ച് മേല്‍പറഞ്ഞ കാവ്യശകലത്തിലെ 'പിടി' പ്രയോഗങ്ങള്‍ പഠിച്ചാല്‍ കവി ഉദ്ദേശിച്ചതെന്തെന്ന് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. പക്ഷേ ഇവ്വിധത്തില്‍ മനസ്സിലാക്കാന്‍ സഹൃദയത്വം എന്ന ഗുണം വേണ്ടതുണ്ട്. അല്ലാതെ ശബ്ദാര്‍ഥങ്ങളെ യാന്ത്രികമായി പരിചയപ്പെടുത്തിത്തരുന്ന നിഘണ്ടു പരിജ്ഞാനം മാത്രം മതിയാവില്ല. ഇതുപോലെ 'കരുണാവാരിധിയും പരമദയാലുവുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്ന അല്‍ഫാതിഹയുടെ ആരംഭ വാക്യത്തില്‍ കാരുണ്യവാനും ദയാലുവും എന്ന് അല്ലാഹുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് രണ്ട് അര്‍ഥത്തിലാണെന്ന് മനസ്സിലാക്കാനും അക്കാദമികമായ അറബിഭാഷാ നിഘണ്ടു പരിചയത്തേക്കാള്‍, അല്ലാഹുവിന്റെ കൃപയാല്‍ ഹൃദയം തുറന്നുകിട്ടിയാല്‍ മാത്രം ഉണ്ടാകുന്ന സഹൃദയത്വം എന്ന ഗുണം കൂടിയേ തീരൂ. പലതവണ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പാരായണം ചെയ്തപ്പോള്‍ ദൈവകൃപയാല്‍ എന്റെ ഹൃദയകവാടങ്ങള്‍ തെല്ലൊന്നു തുറക്കപ്പെട്ടു. അതോടെ ഈയുള്ളവന് അല്ലാഹുവിന്റെ ദയാലുത്വവും കാരുണ്യവും രണ്ടും രണ്ടാണെന്ന് തെളിഞ്ഞുകിട്ടി. എന്താണ് ദയാലുത്വവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം? എനിക്ക് മനസ്സിലാക്കാനായ വണ്ണം അക്കാര്യം സ്പഷ്ടമാക്കാന്‍ ശ്രമിക്കാം.

ദയ എന്നത് യാചിക്കുന്നവര്‍ക്ക് അഥവാ പ്രാര്‍ഥിക്കുന്നവര്‍ക്ക് മാത്രം ലഭിച്ചേക്കാനിടയുള്ള അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമാണ്. എന്നാല്‍, കാരുണ്യമാകട്ടെ യാചിക്കുന്നവര്‍ക്കും യാചിക്കാത്തവര്‍ക്കും അഥവാ പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കാത്തവര്‍ക്കും എല്ലാവര്‍ക്കും എപ്പോഴും അല്ലാഹു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹമാണ്. കിണറ്റിലെ വെള്ളവും മഴവെള്ളവും തമ്മിലുള്ള വ്യത്യാസം കാരുണ്യവും ദയാലുത്വവും തമ്മിലുണ്ട്. കിണറു കുഴിക്കുക എന്ന അധ്വാനം ചെയ്യുന്നവര്‍ക്കേ ഭൂമിക്കിടയിലെ ജലസ്രോതസ്സില്‍ നിന്ന് വെള്ളം ലഭിക്കാന്‍ ഇടയുള്ളൂ. ഇതുപോലെ അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ഥിക്കുന്നവര്‍ക്കേ അവിടുത്തെ ദയക്ക് പാത്രീഭൂതരാകാനുള്ള അവസരം ഉണ്ടാകൂ. എന്നാല്‍, അല്ലാഹുവിന്റെ കാരുണ്യം മഴവെള്ളം പോലെയാണ്. അത് പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കാത്തവര്‍ക്കും ഇരുകാലികള്‍ക്കും നാല്‍ക്കാലികള്‍ക്കും പറവകള്‍ക്കും പാറ്റകള്‍ക്കും പുല്ലിനും വന്മരത്തിനും ജീവനുള്ളവക്കും ജീവനില്ലാത്തവക്കും എല്ലാം ലഭിക്കും. സൂര്യപ്രകാശവും ചൂടും പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കാത്തവര്‍ക്കും ലഭിക്കുന്നുണ്ടല്ലോ. പ്രാണവായുവും ഇതുപോലെ ഏവര്‍ക്കും ലഭിക്കുന്നുണ്ടല്ലോ. ഈ പ്രകൃതി സംഭവങ്ങളെല്ലാം ദൃഷ്ടാന്തീകരിക്കുന്നത് അല്ലാഹുവിന്റെ സര്‍വചരാചര പരിരക്ഷണക്ഷമമായ മഹാ കാരുണ്യത്തെയാണ്. മഹത്തരമായ ഈ കാരുണ്യം സര്‍വലോകാധിപനും സര്‍വശക്തനുമായ അല്ലാഹുവിന് ഇല്ലായിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊന്നും ജീവിച്ചിരിക്കുമായിരുന്നില്ല. നിരീശ്വരവാദികളും ജീവിച്ചിരിക്കുമായിരുന്നില്ല. തന്നെ സ്തുതിക്കുന്നവര്‍ക്കു മാത്രമേ ചൂടും പ്രകാശവും പ്രാണവായുവും ജീവജലവും ലഭ്യമാക്കൂ എന്ന് സര്‍വശക്തനായ അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ വായുവും വെള്ളവും ലഭിക്കാതെ നിരീശ്വരവാദികള്‍ മരിച്ചുപോകുമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ്. ജീവനസാഹചര്യം ഏവര്‍ക്കും ഉറപ്പാക്കാവുന്ന വിധം നീതിയുക്തനായ അല്ലാഹു ആകാശത്തെയും ഭൂമിയെയും സംവിധാനിച്ചിരിക്കുന്നതിനാല്‍ മാത്രമാണ് ദൈവനിന്ദകരും പ്രാണവായു ശ്വസിച്ച് ഭൂമുഖത്ത് ജീവിച്ച് മണ്‍മറയാനിടവരുന്നത്. അല്ലാഹുവിന്റെ ഇപ്പറഞ്ഞ മഹാ കാരുണ്യത്തിലേക്ക് വിശ്വ പ്രപഞ്ച പ്രവര്‍ത്തനങ്ങളെ കണ്ടറിഞ്ഞ് ഉള്ളിണക്കം ഉണ്ടായിപ്പോയ ഒരു മുസ്‌ലിമിനും മതവിശ്വാസിയല്ലാത്ത മനുഷ്യരെ മുഴുവന്‍ ചുട്ടെരിക്കണമെന്ന് ചിന്തിക്കാനാവില്ല. എന്നിട്ടും ചിലര്‍ അവിശ്വാസികളെ ചുട്ടെരിക്കണമെന്നൊക്കെ ചിന്തിച്ചുപോവുകയും, കൈവെട്ടിയും തലയറുത്തും കുഴപ്പങ്ങളും അക്രമങ്ങളും ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ 'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം' എന്ന് നാവു കൊണ്ട് പറയുകയല്ലാതെ ചൊല്ലുന്ന മഹാ മന്ത്രത്തിന്റെ അര്‍ഥം ഹൃദയം കൊണ്ട് ഗ്രഹിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടുപോയവരാണ് എന്നേ പറയേണ്ടൂ. എന്തായാലും ആരും ചോദിക്കാതെ തന്നെ എല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന സാഹചര്യമായ ചൂടും പ്രകാശവും പ്രാണവായുവും വെള്ളവും വിളനിലമായ ഭൂമിയും എല്ലാവര്‍ക്കുമായി പ്രദാനം ചെയ്തിരിക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തെ ആധാരമാക്കി ചിന്തിച്ചാല്‍, മതമില്ലാത്ത ജീവന്മാരെയും ജീവിക്കാവുന്നേടത്തോളം ജീവിക്കാന്‍ അനുവദിക്കേണ്ട ബാധ്യത കൂടിയുള്ളതാണ് ഇസ്‌ലാം എന്നു പറയേണ്ടിവരും. ഈ അര്‍ഥത്തില്‍ ഇസ്‌ലാം സെക്യുലറാണ്. കരുണാവാരിധിയായ അല്ലാഹുവുമായി ഉള്ളിണക്കമുണ്ടായാല്‍ അങ്ങനെ മാത്രമേ പറയാനാകൂ.

പക്ഷേ, അയാചിതമായ അനുഗ്രഹം സര്‍വജീവരാശിക്കു മേലും ചൊരിയുന്ന കാരുണ്യവാന്‍ മാത്രമല്ല അല്ലാഹു, യാചിക്കുന്നവര്‍ക്ക് സവിശേഷമായ അനുഗ്രഹം പ്രത്യേകം പ്രദാനം ചെയ്യുന്ന വിധിദിനാധിപനായ പരമാധികാരി കൂടിയാണ് അല്ലാഹു. ഇവിടെയാണ് അല്ലാഹുവിന്റെ ദയാലുത്വം. മനുഷ്യര്‍ പ്രാര്‍ഥിച്ചു നേടേണ്ടതാണ് അല്ലാഹുവിന്റെ ദയാലുത്വം. ഇതാണ് ഇസ്‌ലാമിന്റെ മതാത്മകതക്ക് ആധാരം.

ജീവനുള്ളവക്കെല്ലാം ജീവിക്കാന്‍ ചൂടും പ്രകാശവും വായുവും വെള്ളവും മണ്ണും കൂടിയേ തീരൂ. ഭാരതീയ ഭാഷയില്‍ പറഞ്ഞാല്‍ പഞ്ചഭൂതങ്ങള്‍ കൂടാതെ ജീവന്‍ നിലനിര്‍ത്താനാവില്ല. ജീവിക്കാന്‍ വേണ്ടുന്ന പഞ്ചഭൂതങ്ങള്‍ ചോദിക്കാതെതന്നെ അല്ലാഹു എല്ലാവര്‍ക്കുമായി പ്രദാനം ചെയ്തിട്ടുണ്ട്. ഇതവിടുത്തെ മഹാ കാരുണ്യം. പക്ഷേ, മനുഷ്യന്‍ ജീവിക്കുന്നത് ഈ കാരുണ്യത്തെ മാത്രം അവലംബിച്ചല്ല. മനുഷ്യന്റെ ശരീര ഘടനയും ബോധഘടനയും ഒട്ടേറെ വ്യത്യസ്തവും സവിശേഷവുമാണ്. ഈ സവിശേഷത കൊണ്ടാണ് മനുഷ്യന് ഭാഷ ഉണ്ടായത്, കവിതയുണ്ടായത്, മതവും ശാസ്ത്രവും ഉണ്ടായിരിക്കുന്നതും. അതിനാല്‍ പന്നികളെയും പാറ്റകളെയും പോലെ മതമില്ലാത്ത ജീവന്മാരായി ജീവിച്ചിരിക്കാന്‍ മനുഷ്യന് ആവുകയില്ല. മതത്തിന്റെ അടിസ്ഥാനഭാവം തന്നെ പ്രാര്‍ഥനയാണ്. പ്രാര്‍ഥനയില്ലാതെ മതമില്ല. പ്രാര്‍ഥനയിലൂടെ മനുഷ്യന്‍ മുട്ടുമ്പോള്‍ മനുഷ്യന് തുറന്നു കിട്ടുന്നതും, പ്രാര്‍ഥനയിലൂടെ മനുഷ്യന്‍ അന്വേഷിക്കുമ്പോള്‍ അവനും അവള്‍ക്കും കണ്ടെത്താനാകുന്നതുമാണ് അല്ലാഹുവിന്റെ ദയാലുത്വം. പ്രാര്‍ഥനാ നിഷ്ഠയിലൂടെ അല്ലാഹുവിനോടുള്ള ദയ യാചിക്കാനുള്ള മാനവിക മാത്രമായ സാധ്യതക്ക് ആവിഷ്‌കാരം നല്‍കുന്ന ഒരു ജീവിത സമ്പ്രദായം ഉള്‍ക്കൊള്ളുന്നതിനാലാണ് ഇസ്‌ലാം മതാത്മകമാകുന്നത്.

പ്രാര്‍ഥിക്കാതെയും ജീവിക്കാനാകുമെന്ന് അങ്ങേയറ്റത്ത് കാള്‍ മാര്‍ക്‌സ് മുതല്‍ ഇങ്ങേയറ്റത്ത് കാട്ടു പോത്തുകള്‍ വരെ തെളിയിച്ചിരിക്കെ എന്തിനാണ് പ്രാര്‍ഥിക്കുന്നത്, പ്രത്യേകിച്ചും അല്ലാഹുവിന്റെ കാരുണ്യം ചൂടും പ്രകാശവും വായുവും വെള്ളവും ഫലമൂലാദികള്‍ വിളയുന്ന മണ്ണും പ്രാര്‍ഥിക്കാത്തവര്‍ക്കും ലഭ്യമാകും വിധം വിശാലമായിരിക്കെ? ഇത്തരം ചോദ്യങ്ങള്‍ ഉയരാം. അതിന് മറുപടിയായി പറയാനാകുന്ന കുറഞ്ഞ സമാധാനം, പ്രാര്‍ഥിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമേയുള്ളൂ എന്നതിനാല്‍ മനുഷ്യന്‍ ആ കഴിവ് ഉപയോഗപ്പെടുത്തണം എന്നതാണ്. ചിന്തിക്കാനും വായിക്കാനും പഠിക്കാനും സംസാരിക്കാനും ആടാനും പാടാനും ഓടാനും നീന്താനും ഒക്കെയുള്ള കഴിവുകള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതും ശരിയാണ്. എങ്കില്‍ തീര്‍ച്ചയായും പ്രാര്‍ഥിക്കാനുള്ള മനുഷ്യന്റെ കഴിവ് ഉപയോഗിക്കുന്നതിലും വികസിപ്പിക്കുന്നതിലും ശരിയുണ്ട്. ആ ശരി കണ്ടെത്താന്‍ കഴിഞ്ഞതിനാലാണ് കേരളത്തിന്റെ നവോത്ഥാന നായകനായ നാരായണ ഗുരു പോലും 'ദൈവമേ കാത്തുകൊള്‍കങ്ങു' എന്നു തുടങ്ങുന്ന 'ദൈവദശകം' എന്ന പ്രാര്‍ഥന എഴുതി ബഹുജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.

മനുഷ്യന്‍ ആടാനും പാടാനുമുളള കഴിവുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അങ്ങേയറ്റം നേടുന്നത് ലോകത്തിന്റെ അംഗീകാരമാണ്. എന്നാല്‍ പ്രാര്‍ഥിക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ നാരായണ ഗുരുവിനെ പോലെ ലോകത്തിന്റെയും ലോകനാഥനായ ദൈവത്തിന്റെയും അംഗീകാരത്തിന് അര്‍ഹത നേടുന്നു. എന്തുകൊണ്ട് ഭൗമ ജീവികളില്‍ മനുഷ്യര്‍ക്ക് മാത്രം പ്രാര്‍ഥിക്കാനുള്ള കഴിവുണ്ടായി? ഈയൊരു ചോദ്യവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. പ്രസ്തുത ചോദ്യത്തിന് നല്‍കാനാകുന്ന ഏറ്റവും ചുരുക്കത്തിലുള്ള മറുപടി, പാപം ചെയ്യാന്‍ മനുഷ്യനു മാത്രമേ കഴിവുള്ളൂ എന്നതിനാല്‍ പാപപരിഹാരാര്‍ഥമുള്ള പ്രാര്‍ഥന ചെയ്യാനുള്ള കഴിവും മനുഷ്യനു മാത്രമേ ഉള്ളൂ എന്നതാണ്. മനുഷ്യനെ പതിപ്പിക്കുന്ന മനോ-വാഗ്- കര്‍മങ്ങളാണ് പാപം. പ്രകൃതിയില്‍ മറ്റൊരു ജീവിയും വ്യഭിചരിക്കുക, മോഷ്ടിക്കുക, ചതിക്കുക തുടങ്ങിയ പാപങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍ മനുഷ്യന്‍ ഇതൊക്കെ ചെയ്തു പോകുന്നവരാണ്. അതുകൊണ്ടുതന്നെ പാപമോചനാര്‍ഥമുള്ളതും പശ്ചാത്താപ വിവശവുമായ പ്രാര്‍ഥനാ നിഷ്ഠകളിലൂന്നിയ മത സമ്പ്രദായങ്ങള്‍ മനുഷ്യന് സ്വയം ശുദ്ധീകരിക്കാനായി ആവശ്യമായിരിക്കുന്നു. മനുഷ്യന് പാപമോചനം നല്‍കാനുള്ള അധികാരവും പ്രാപ്തിയും സര്‍വലോകങ്ങള്‍ക്കും നാഥനായ അല്ലാഹുവിന് അഥവാ സര്‍വേശ്വരനു മാത്രമേയുള്ളൂ. അതിനാല്‍ മനുഷ്യന് പാപങ്ങളില്‍ അകപ്പെടാതെ, തന്നെ കാത്തുരക്ഷിക്കുന്നതിനായും, അറിഞ്ഞും അറിയാതെയും അകപ്പെട്ടുപോയ പാപങ്ങളില്‍ നിന്നും അതിന്റെ ദുഷ്ഫലങ്ങളില്‍ നിന്നും തനിക്ക് വിടുതല്‍ ലഭിക്കാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടിവരുന്നു. ഇങ്ങനെ പ്രാര്‍ഥിക്കുന്നവര്‍ മാത്രമേ അല്ലാഹുവിന്റെ ദയാലുത്വത്തിന് പാത്രീഭൂതരാവുകയുള്ളൂ. ആരുടെ വധശിക്ഷയും ഇളവ് ചെയ്യാനുള്ള അധികാരം ഇന്ത്യയില്‍ രാഷ്ട്രപതിക്കുണ്ട്. പക്ഷേ, രാഷ്ട്രപതി വധശിക്ഷ ഇളവ് ചെയ്യണമോ വേണ്ടയോ എന്ന് പരിഗണിക്കണമെങ്കില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍  നിയമാനുസൃതമായി പ്രത്യേക അപേക്ഷ രാഷ്ട്രപതിക്ക് സമര്‍പ്പിക്കണം. ഇതുപോലെ പാപങ്ങള്‍ പൊറുത്തുകിട്ടാനും മനുഷ്യന്‍അല്ലാഹുവിന്റെ സമക്ഷം പ്രാര്‍ഥിക്കണം. പ്രാര്‍ഥന പരിഗണിച്ച് അല്ലാഹു ദയാകടാക്ഷം കാണിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടും. ഇല്ലാത്ത പക്ഷം ചെയ്തുകൂട്ടിയ പാപങ്ങളാല്‍ മനുഷ്യന്‍ ഇഹത്തിലും പരത്തിലും വെറുക്കപ്പെടുകയും വറുക്കപ്പെടുകയും ചെയ്യും.

മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മങ്ങളെക്കൊണ്ടും വ്യഭിചാരാദി പാപങ്ങളേതും താന്‍ ചെയ്തിട്ടില്ലെന്നും ചെയ്യുകയില്ലെന്നും നൂറു ശതമാനവും തീര്‍ച്ചയുള്ളവര്‍ക്ക് (അങ്ങനെ അവകാശപ്പെട്ടുവരുന്ന പകല്‍ മാന്യന്മാര്‍ക്കല്ല) ഒരു പക്ഷേ പ്രാര്‍ഥനയുടെ ആവശ്യം ഇല്ലായിരിക്കാം. പക്ഷേ, അകം സ്വര്‍ഗരാജ്യമായ, ശിശുക്കളെ പോലെ നിഷ്‌കളങ്കരായ, സമ്പൂര്‍ണ പവിത്ര ജീവന്മാര്‍ മനുഷ്യര്‍ക്കിടില്‍ എത്ര പേരുണ്ടാകും! വിരലിലെണ്ണാവുന്നത്ര പോലും ഉണ്ടാവില്ലെന്നു തീര്‍ച്ച. ഭൂരിപക്ഷം മനുഷ്യരും പാപവൃത്തിയില്‍ അകപ്പെടുന്നവരാണ്. പണ്ടത്തേക്കാള്‍ ഇക്കാലത്ത് പാപവൃത്തികള്‍ക്ക് ലോകത്ത് സാധ്യത വര്‍ധിച്ചിട്ടുമുണ്ട്. സൈബര്‍ രതിയും മറ്റും ഇതിനെ ഉദാഹരിക്കുന്നു. 'അതിവേഗം ബഹുദൂരം' എന്നത് വികസനത്തിന്റെ കാര്യത്തില്‍ എന്നതിനേക്കാള്‍ അഴിമതി, അക്രമം, അനീതി, അവിഹിത വേഴ്ച, കൊള്ളപ്പലിശ എന്നിവയുടെ കാര്യത്തിലാണല്ലോ പ്രബുദ്ധ കേരളത്തില്‍ പോലും യാഥാര്‍ഥ്യമായിരിക്കുന്നത്. അതിനാല്‍ പാപമോചനം തേടുന്ന പ്രാര്‍ഥനകള്‍ക്ക് ഇക്കാലത്തും വളരെ പ്രസക്തിയുണ്ട്.

പാപമോചനം തേടുന്നതിനു വേണ്ടി പ്രാര്‍ഥന എന്ന കഴിവ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ലഭിച്ചേക്കാവുന്ന 'പാപങ്ങള്‍ പൊറുത്തുകൊണ്ടുള്ള' അനുഗ്രഹത്തെയാണ് അല്ലാഹുവിന്റെ ദയാലുത്വം എന്നു പറയുന്നത്. അപേക്ഷിച്ചവര്‍ക്കേ ജോലി ലഭിക്കൂ, പരീക്ഷ എഴുതിയവര്‍ക്കേ ജയസാധ്യതയുള്ളൂ. ഇതുപോലെ തന്നെ പ്രാര്‍ഥിക്കുന്നവര്‍ക്ക് മാത്രമേ 'പാപങ്ങള്‍ പൊറുത്തു'കൊണ്ടുള്ള അല്ലാഹുവിന്റെ ദയക്കും അര്‍ഹതയുള്ളൂ. ചോദിക്കാതെ തന്നെ സര്‍വ ജീവജാലങ്ങള്‍ക്കും അടിസ്ഥാനപരമായ ജീവന സാഹചര്യം പ്രദാനം ചെയ്യുന്ന അല്ലാഹുവിന്റെ കാരുണ്യത്തെയും, ചോദിക്കുന്നവര്‍ക്ക് പാപമോചനം ലഭ്യമാക്കിയേക്കാവുന്ന അല്ലാഹുവിന്റെ ദയാലുത്വത്തെയും ഒരുപോലെ ഉള്‍ക്കൊണ്ടിരിക്കുന്ന ഒരു ആദര്‍ശജീവിത പദ്ധതിയാണ് ഇസ്‌ലാം എന്ന് 'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം' എന്ന വിശുദ്ധ ഖുര്‍ആനിലെ ആരംഭ വാക്യത്തിന്റെ അര്‍ഥതലങ്ങള്‍ മനനം ചെയ്താല്‍ മനസ്സിലാക്കാനാവും. അല്ലാഹുവിന്റെ കാരുണ്യം കൂടാതെ ജീവിതം അസാധ്യമായ മനുഷ്യര്‍ക്കെല്ലാം അതായത് ചൂടും പ്രകാശവും പ്രാണവായുവും വെള്ളവും മണ്ണും ഉള്ളതിനാല്‍ മാത്രം ജീവിക്കുന്നവരായ മനുഷ്യര്‍ക്കെല്ലാം, അല്ലാഹുവിന്റെ ദയ യാചിക്കാനുള്ള വിനയവും ജീവിത വിവേകവും ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ ആയിരിക്കുന്ന മനുഷ്യന്‍ അല്ലാഹുവിന്റെ കാരുണ്യം ആകാശവിശാലതയെക്കാള്‍ വലുതാണെന്നറിഞ്ഞ് അവിടുത്തെ ദയാലുത്വത്തിന് പ്രാര്‍ഥനയിലൂടെ ഉടലും ഉള്ളവും ഉയിരും അര്‍പ്പിച്ച് ധ്യാനനിരതനാകേണ്ടതുണ്ട്. ഇത്തരം ധ്യാനനിരതയാണ് ദീനീനിഷ്ഠയുടെ ആത്മാവ്. അതിന്റെ ചൈതന്യം മുഴുവന്‍ ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം എന്ന ഇസ്‌ലാമിന്റെ മൂലമന്ത്രത്തിലുണ്ട്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍