ഷാര്‍ലി എബ്‌ദോയില്‍ നിന്ന് <br>ചാപ്പല്‍ ഹില്ലിലെത്തുമ്പോള്‍
അമേരിക്കയിലെ നോര്‍ത്ത് കരലിന സംസ്ഥാനത്തെ ചാപ്പല്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് കരലിന സര്‍വകലാശാല കാമ്പസില്‍ ഫെബ്രുവരി 10നാണ് മിടുക്കരായ മൂന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സര്‍വകലാശാലയില്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയായിരുന്ന 23-കാരന്‍ ദിയാഅ് ശാദി ബറകാത്ത്, ഭാര്യ യുസ്ര്‍ മുഹമ്മദ് അബു സ്വല്‍ഹ, 19 കാരിയായ സഹോദരി റസാന്‍ മുഹമ്മദ് അബൂ സ്വല്‍ഹ എന്നിവരാണ് പോയന്റ് ബ്ലാങ്കില്‍ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളായ 3 പേരും അമേരിക്കന്‍ പൗരത്വം ഉള്ളവരായിരുന്നു. സ്വഭാവമഹിമ കൊണ്ട് ശ്രദ്ധനേടിയ മിടുക്കരായിരുന്നു മൂന്ന് പേരും. ദിയയും യുസ്ര്‍ മുഹമ്മദും നവദമ്പതികളായിരുന്നു. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് അധിക കാലമായിരുന്നില്ല. ഒരു കുടുംബ ജീവിതം നാമ്പിട്ട് തുടങ്ങും മുമ്പേ അസ്തമിച്ചു.
തന്റെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് ദിയാഅ് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. സിറിയന്‍ വംശജരായിരുന്നു ദിയാഉം ഭാര്യയും ഭാര്യാ സഹോദരിയും. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തി സര്‍വകലാശാലയില്‍ നേരത്തേ തന്നെ ദിയാഅ് പേര് കേട്ടിരുന്നു. ഇവര്‍ക്ക് നേരെയാണ് നിരീശ്വരവാദിയും മതവിരോധിയുമായ 46കാരന്‍ ക്രെയിഗ് സ്റ്റീഫന്‍ ഹിക്‌സ് നിറയൊഴിച്ചത്. തികച്ചും ആസൂത്രിത കൊലപാതകം. അയല്‍പക്കത്ത് താമസിച്ചിരുന്ന ഹിക്‌സ് ഇവരുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഒച്ചവെച്ചുവെന്നാരോപിച്ച് ഒരിക്കല്‍ ഹിക്‌സ് ഇവരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയുമുണ്ടായി. കാര്‍ പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കവും പല തവണയുണ്ടായി. മുഖ്യപ്രശ്‌നം ഇവ രണ്ടുമായിരുന്നില്ലെന്ന് സംശയിച്ച ഇരകളുടെ കുടുംബം ഹിക്‌സ് നടത്തിയ ഹീനമായ കൊലപാതകം മതവിരോധം മൂലമുള്ള കുറ്റമായി പരിഗണിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ദിയാഇന്റെ സഹോദരി സൂസന്‍ ബറകാത്ത് ഒരു സൈക്യാട്രിസ്റ്റ് കൂടിയാണ്. ഒരാള്‍ നിങ്ങളുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം അവര്‍ നിങ്ങളെ വെറുക്കുന്നു എന്നത് കൂടിയാണെന്നും അതിനാല്‍ ഇത് വംശീയ വിദ്വേഷ കുറ്റമായി കണക്കിലെടുത്ത് അന്വേഷിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
കടുത്ത നിരീശ്വരവാദിയായിരുന്ന കൊലയാളി ഹിക്‌സിന് മതവിരോധഭ്രാന്ത് തലക്ക് പിടിച്ചിരുന്നു. എല്ലാ മതങ്ങളോടുമുള്ള വെറുപ്പ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിറഞ്ഞുനിന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും ഹീനമായ കൊല നടന്നിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്താ ഏജന്‍സികളായ അസോസിയേറ്റ് പ്രസും ഏജന്‍സ് ഫ്രാന്‍സ് പ്രസും തുടക്കത്തില്‍ ഏതാനും വാര്‍ത്തകള്‍ നല്‍കി. റോയിട്ടേഴ്‌സ് തുടക്കത്തില്‍ ഇത്തരമൊരു വാര്‍ത്ത കണ്ടില്ലെന്ന മട്ടിലായിരുന്നു. അന്ന് മുതല്‍ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. മുസ്‌ലിം ലീവ്‌സ് മാറ്റേഴ്‌സ് എന്ന പേരിലും കാള്‍ ഇറ്റ് ടെററിസം എന്ന പേരിലും ഹാഷ്ടാഗ് കാമ്പയിനുകള്‍ നടന്നു. സോഷ്യല്‍മീഡിയ സമ്മര്‍ദം അവഗണിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. തുടര്‍ദിവസങ്ങളില്‍ സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ചര്‍ച്ചകള്‍ നടന്നു. വാറന്‍ ആന്‍ഡേഴ്‌സന്‍, സൂസന്‍ ബറകാത്തിനെ തന്നെ ചര്‍ച്ചയില്‍ കൊണ്ടുവന്നു.
ചാപ്പല്‍ ഹില്‍ കൊലയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്നതില്‍ ഏറെ അവധാനതയും സൂക്ഷ്മതയും നിലനിര്‍ത്തിയ മാധ്യമങ്ങളുടെ നിലപാടിലെ ഇരട്ടത്താപ്പ് ഇനിയാണ് പരിശോധിക്കേണ്ടത്. റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അവധാനത പോലെ, ഉപയോഗിക്കേണ്ട പദങ്ങളിലും പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കൃത്യതയുണ്ടായിരുന്നു. ചാനലുകളില്‍ നടന്ന ചര്‍ച്ച മുഴുവന്‍ കൊലയുടെ പ്രേരണ സംബന്ധിച്ചായിരുന്നു എന്നതാണ് അതില്‍ ശ്രദ്ധേയം. വിരോധക്കൊലയാണോ, പാര്‍ക്കിംഗ് തര്‍ക്കമാണോ എന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മം. മൂന്ന് മനുഷ്യ ജീവനുകള്‍ ക്രൂരമായി ഹിംസിക്കപ്പെട്ടിട്ടും 'ബ്രൂട്ടല്‍ മര്‍ഡര്‍' എന്ന വിശേഷണം ഈ കൊലക്ക് ലഭിച്ചില്ല. പ്രേരണ എന്തായാലും കൊല നടന്നല്ലോ എന്ന് മനസ്സിലാക്കിയായിരുന്നില്ല പല റിപ്പോര്‍ട്ടുകളും. വംശീയമായ വിദ്വേഷ സാധ്യതയും മൃഗീയമായ ഹിംസയുടെ ആഴവും കണക്കിലെടുത്ത്, നടന്നത് ഭീകരാക്രമണം ആണെന്ന് ഒരു മാധ്യമവും എവിടെയും പരാമര്‍ശിച്ച് കണ്ടില്ല. സാമൂഹിക സുരക്ഷയെ ബാധിക്കുന്നവയാണെന്ന് തോന്നുന്ന ആക്രമണങ്ങളാണ് ഭീകരാക്രമണങ്ങളായി മാധ്യമങ്ങള്‍ നല്‍കാറുള്ളത്. സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള ഈ ജാഗ്രത മുസ്‌ലിം ഇരകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നില്ല എന്നതാണ് ചാപ്പല്‍ ഹില്‍ സംഭവം വ്യക്തമാക്കുന്നത്. ഭീകരതയുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യവഹാരങ്ങളും മുസ്‌ലിം പ്രതിസ്ഥാനത്താകാന്‍ സാധ്യതയുള്ള ആക്രമണങ്ങള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ഉരുത്തിരിഞ്ഞ് വരുന്ന ആഗോള അഭിപ്രായ ഐക്യം.
കൊലയാളിയായ ഹിക്‌സിനെ മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും വിശേഷിപ്പിച്ചത് മാന്‍ എന്നാണ്. കീഴടങ്ങിയ കൊലയാളി വെളുത്തവനായത് കൊണ്ടാണോ ഇത് എന്ന മറുചോദ്യം ഉന്നയിക്കപ്പെട്ടത് അപ്പോഴാണ്. മതങ്ങള്‍ ഹിംസാത്മകമാണ് എന്ന് ആക്രോശിച്ചാണ് ആധുനികത നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചത്. പക്ഷേ ചാപ്പല്‍ ഹില്‍ കൊലയാളി കടുത്ത മതവിരോധിയായ നിരീശ്വരവാദിയാണ്. ഹിംസയുടെ കാരണം ദീര്‍ഘകാലമായി നിലനിന്ന പാര്‍ക്കിംഗ് തര്‍ക്കമാണെങ്കിലും അല്ലെങ്കിലും പെട്ടെന്നുള്ള പ്രകോപനം ഇല്ലാതിരുന്നിട്ടും ഇത്തരമൊരു കൊലയെങ്ങനെ നടത്താനായി എന്ന ചോദ്യം മുഖ്യധാരയില്‍ എവിടെയും ഉന്നയിക്കപ്പെട്ടില്ല. മൂല്യബോധം ഒട്ടും ഇല്ലാത്ത നിരീശ്വരവാദത്തിന്റെ ജനിതക ദൗര്‍ബല്യമായും ഇത് കണക്കാക്കപ്പെട്ടില്ല. ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോയില്‍ കൊല നടന്നിട്ട് അധികം ആയിട്ടില്ല. ഒരു ഹിംസ ഭീകരകൃത്യവും മറ്റൊരു ഹിംസ കേവല കൊലപാതകവുമാകുന്നു എന്നതാണ് ഷാര്‍ലി എബ്‌ദോയില്‍ നിന്ന് ചാപ്പല്‍ ഹില്ലിലേക്കുള്ള ദൂരം. പ്രേക്ഷകരിലും വായനക്കാരിലും ചില സംഭവങ്ങളില്‍ മാത്രം വലിയ ആകുലതയും പ്രതിഷേധവുമുണ്ടാക്കുന്നതിന്റെ രസതന്ത്രം അറിയണമെങ്കില്‍ മാധ്യമങ്ങള്‍ ഇവ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി. ഷാര്‍ലി എബ്‌ദോ കൊലപാതകം പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് കൂടി കാണുക. സംഭവം നടന്ന ഉടനെ വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സും അസോസിയേറ്റ് പ്രസും എ.എഫ്.പിയും ബ്രേക്കിങ് ന്യൂസായി തന്നെ ട്വീറ്റ് ചെയ്യുന്നു. അല്‍ജസീറ, ബി.ബി.സി, സി.എന്‍.എന്‍ മുതലായ ഭീമന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ എന്‍.ഡി.ടി.വിയും ടൈംസ് നൗവും അടക്കമുള്ള ഇന്ത്യയിലെ ദേശീയ മാധ്യമഭീമന്മാര്‍ വരെ സംഭവം ബ്രേക്കിങ് ന്യൂസ് ആയി നല്‍കുന്നു. സ്വഭാവികമായും ഏഷ്യാനെറ്റും മാതൃഭൂമിയും മീഡിയവണും ഉള്‍പ്പെടെ എല്ലാ മലയാള വാര്‍ത്താ ചാനലുകളുടെയും ബ്രേക്കിങ് ന്യൂസില്‍ വാര്‍ത്ത ഇടം പിടിച്ചു. കൊല നടന്ന് വിശദമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം മണിക്കൂറുകള്‍ക്കകം ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഓലന്റ് സംഭവം ഭീകരാക്രമണമാണെന്നാണ് പ്രഖ്യാപിച്ചതും നാം കണ്ടു.
ഷാര്‍ലി എബ്‌ദോ ആക്രമണത്തിന്റെ പ്രതികളെ പിടികൂടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ തിരക്കഥക്ക് സമാനമാണ്. സംഭവം നടക്കുന്നത് ഈ വര്‍ഷം ജനുവരി ഏഴിന്. തൊട്ടടുത്ത ദിവസം ക്രൈം തില്ലര്‍ സിനിമയുടെ സീന്‍ ബൈ സീന്‍ മുറക്കുള്ള ചിത്രീകരണമായിരുന്നു. പ്രതികളെ പിടികൂടുന്നതാണ് രംഗം. ആദ്യം പ്രതികള്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കുന്ന കാര്‍ ഫ്രഞ്ച് പോലീസ് കണ്ടെത്തുന്നു. കാര്‍ പോലീസ് പിന്തുടരുന്നു. കാറിനുള്ളില്‍ രണ്ട് പേരെ ബന്ദികളാക്കിയതായി സംശയം. പിന്നീട് കാറില്‍ നിന്ന് പോലീസിന് നേരെ വെടിയുതിര്‍ക്കുന്നു. പോലീസ് ഹെലികോപ്റ്ററിലും കാറിനെ പിന്തുടരുന്നു. പോലീസിനെ വെട്ടിച്ച് കാറ് കടന്നുകളയുന്നു. കാറ് വ്യവസായ കോംപ്ലക്‌സിനകത്തേക്ക് കയറുന്നു. അവിടെയുള്ളവരെയും ബന്ദികളാക്കിയതായി ഫ്രഞ്ച് പോലീസ് അറിയിക്കുന്നു. ഒടുവില്‍ രക്തസാക്ഷികളായാലും കീഴടങ്ങില്ലെന്ന് പ്രതികള്‍ പറയുന്നതായി ഫ്രഞ്ച് പോലീസ് അറിയിക്കുന്നു. ശേഷം വെടിവെച്ച് ഇവരെ കൊലപ്പെടുത്തിയതായി ലോകത്തിലെ ഏറ്റവും മികച്ച ഭീകരവിരുദ്ധസേനയുള്ള ഫ്രഞ്ച് പോലീസ് അറിയിക്കുന്നു. ദുരൂഹതകള്‍ ഏറെ ബാക്കി നിര്‍ത്തിയ ഈ പോലീസ് ഓപ്പറേഷന്‍ നിമിഷങ്ങള്‍ ഓരോന്നായി ബ്രേക്കിങ് ന്യൂസായാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഇത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ആകുലത വലുതായിരിക്കും എന്ന് തീര്‍ച്ച.
ഇങ്ങനെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ചാപ്പല്‍ ഹില്‍ ഭീകരാക്രമണത്തെ അതിലാഘവത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ ഇരു സംഭവങ്ങളും കൈകാര്യം ചെയ്തതില്‍ അവര്‍ കൈക്കൊണ്ട വിവേചനമാണ് സ്പഷ്ടമാകുന്നത്. ചാപ്പല്‍ ഹില്‍ സംഭവം നടന്നിട്ട് ഒബാമ പ്രതികരിച്ചത് ഒരാഴ്ച കഴിഞ്ഞാണ്; അതും വാര്‍ത്താകുറിപ്പിലൂടെ. ഷാര്‍ലി എബ്‌ദോ സംഭവത്തില്‍ ഒബാമ നടത്തിയ പ്രതികരണം ഇതിലും നേരത്തേയായിരുന്നു. വിശദമായ അന്വേഷണം നടക്കുന്നതിന് മുമ്പായി നടന്നത് ഭീകരാക്രമണമാണ് എന്ന് പ്രഖ്യാപിച്ച ഷാര്‍ലി എബ്‌ദോ സംഭവത്തെക്കുറിച്ച് ഒബാമക്കും സംശയമുണ്ടായില്ല. എന്നാല്‍ സ്വന്തം പൗരന്മാര്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട ചാപ്പല്‍ ഹില്‍ കൊലയില്‍ 'അന്വേഷണം നടക്കുന്നുണ്ടെ'ന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആദ്യപ്രതികരണം. എന്നാല്‍ വൈറ്റ് ഹൗസിന് മുന്നില്‍ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും ആളുകള്‍ എത്തി. സമ്മര്‍ദം ശക്തമായതോടെയാണ് ഒബാമയുടെ വാര്‍ത്താകുറിപ്പ് വരുന്നതും എഫ്.ബി.ഐ ചാപ്പല്‍ ഹില്‍ കൊലയുടെ അന്വേഷണം ഏറ്റെടുത്തതും. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസ്താവന വരുന്നത്; അതും വക്താവ് മുഖേന.
ഷാര്‍ലി എബ്‌ദോ കൊലപാതകം നടന്നപ്പോള്‍ മൃഗീയമായ ഹിംസയെ അപലപിച്ച് കൊണ്ട് തന്നെ, സംഭവത്തെത്തുടര്‍ന്ന് നടന്ന ഇസ്‌ലാം ഭീതിയോടെയുള്ള മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ മുസ്‌ലിം ലോകത്ത് നിന്ന് പലരും വിമര്‍ശിക്കുകയുണ്ടായി. ഇത് ആക്രമണത്തെ ന്യായീകരിക്കലാണ് എന്ന് കുറ്റപ്പെടുത്തിയുള്ള വിമര്‍ശങ്ങളാണ് അപ്പോള്‍ ഉയര്‍ന്നത്. എന്നാല്‍ പാരീസിലും പ്രാന്തപ്രദേശങ്ങളിലും മുസ്‌ലിംകള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും നേരെ ഗ്രനേഡ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടന്നുവെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വവും ഇത്തരം മൃഗീയമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലം അപലപിച്ചാല്‍ മാത്രം പോരെന്ന ഉപദേശവും ലോകവ്യാപകമായി ഉയര്‍ന്നു. കേരളത്തിലും ഇന്ത്യയിലും ഇത്തരം പഴി മുസ്‌ലിംകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. മുസ്‌ലിംകള്‍ പ്രതികളാകുമ്പോള്‍ മാത്രം ഇത്രയധികം മാധ്യമശ്രദ്ധ എങ്ങനെ കൈവരുന്നു എന്ന വിശകലനം മുസ്‌ലിം ലോകത്ത് നിന്ന് ഈ സമയത്തുണ്ടായിരുന്നു. ഈ വിശകലനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ചാപ്പല്‍ ഹില്‍ സംഭവത്തോടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നിരീശ്വരവാദിയായ ഹിക്‌സ് നടത്തിയ നിഷ്ഠുര കൊലപാതകം അപലപിക്കാന്‍ പോലും ഇവിടെ ആരും മുതിര്‍ന്നില്ല. 'നിങ്ങളുടെ കൂട്ടരെന്തേ ഇങ്ങനെ' എന്ന വിമര്‍ശമോ ആക്ഷേപമോ ഒരു നിരീശ്വരവാദിയും കേള്‍ക്കേണ്ടിയും വന്നിട്ടില്ല!
Comments