Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

എല്ലാവര്‍ക്കും ഇടമുള്ള ഭൂപടം

നിഷാദ് തളിക്കുളം

എല്ലാവര്‍ക്കും ഇടമുള്ള 
ഭൂപടം

വഴിവിളക്കിന്റെ വെളിച്ചത്തിരുന്ന്
എത്രകാലം നാം
സ്വാതന്ത്ര്യത്തിന്റെ 
സ്വപ്നങ്ങള്‍ നെയ്തു.
എത്ര ജീവന്‍ ബലികൊടുത്തുനാം
മൂന്നിറപ്പതാകയൊന്നുയര്‍ത്തുവാന്‍.
മംഗള്‍പാണ്ഡെയില്‍ നിന്ന്
മംഗള്‍യാനിലേക്കുള്ള ദൂരം
എത്ര ഭംഗിയായി അളന്നു തീര്‍ന്നു.
ആഗസ്റ്റിന്റെ ആണ്ടറുതികളില്‍
ആഞ്ഞുകയറും കയ്പുരസത്തില്‍
വറുതിയെണ്ണുന്ന ആദിവാസികള്‍
നിന്നു തീരുന്ന ആദിസ്വപ്നങ്ങള്‍.
ചരിത്രം പുറംകാലുകൊണ്ട് തട്ടി
ചവറ്റുകൊട്ടയില്‍ തള്ളാനുള്ളതല്ല.
വിളക്കുമാടത്തില്‍ നാട്ടി
മുന്നേറാനുള്ളതാണ്.
ഉയരത്തിലിരുന്ന് നമ്മെ നോക്കാന്‍
വല്യേട്ടന്മാര്‍ ഇനിയുംവരും.
വളച്ചൊടിക്കാനും
തിരിച്ചുകൊണ്ട് പോകാനും
ചിലപ്പോള്‍ പുതിയത് രചിക്കാനും.
ഇരുമ്പഴിയിലെ ഇരുള്‍വീഴ്ചക്ക്
കരിനിയമങ്ങളുടെ ചീഞ്ഞമണമാണ്.
തടവറയിലെ തണുത്ത ഇരുട്ട്
വെയില്‍ ചൂട് സ്വപ്നം കാണുന്നു.
സഞ്ചാര സ്വപ്നങ്ങളുടെ
ചങ്കില്‍ കുത്തും ചുങ്കത്തറകള്‍
പ്രിയപ്പെട്ടതെല്ലാം ചോര്‍ത്തും
പ്രിസത്തില്‍ ചാരവലക്കണ്ണികള്‍
ഓരോന്നായ് പൊട്ടിച്ചെറിയും
സ്‌നോഡന്‍മാര്‍ ഒന്നിച്ചെത്തുംവരെ
കൂട്ടമായ് സൈബര്‍ ദാഹികള്‍ക്ക്
വാട്ട്‌സ് ആപ്പില്‍ കയറിയിറങ്ങി
കാലം കൊതിച്ചു തീര്‍ക്കാം.
പുഴ മൊത്തമായ് വിറ്റ്
മീനുകള്‍ ഇനിമുതല്‍ 
ഇറക്കുമതി ചെയ്ത്
ലോകബാങ്കിന്റെ കടം വീട്ടാം.
മെട്രോ റെയിലിലൂടെ 
പെട്ടെന്ന് അട്ടപ്പാടിയിലെത്താം.
ആദിവാസിപ്പെണ്ണുങ്ങളുടെ
ഗര്‍ഭകാല ചികിത്സയില്‍
ഗവേഷണബിരുദം നേടി 
ചാനല്‍ ചര്‍ച്ചയില്‍
ഞെളിഞ്ഞിരിക്കാം.
ഗാന്ധിക്കെട്ടുകള്‍ ചില്ലറ ഡോളറിന്
അന്താരാഷ്ട്ര വിപണിയില്‍ 
തൂക്കിവില്‍ക്കാം.
എല്ലാ ജീവനും
ആവിയായിത്തീരും വരെ
ആണവക്കരാറുകള്‍
ഒപ്പിട്ടുകൊണ്ടേയിരിക്കാം.
ഒളിഞ്ഞും തെളിഞ്ഞും
ഒളിക്കാമറ കണ്ണുകള്‍
വഴിയോരങ്ങളില്‍,
കാലിച്ചന്തയില്‍,
കടത്തിണ്ണയില്‍ കിടപ്പറയില്‍...
കരുതിയിരിക്കുക.
ആഗോള ദല്ലാളന്മാര്‍ ഇനിയുമെത്തും
ഭരണകൂടത്തില്‍ ഒളിഞ്ഞിരുന്ന്
പ്രതിവിപ്ലവത്തിന്റെ 
തീപ്പൊരിയെറിഞ്ഞ്
പുതുവസന്തങ്ങളെ കരിച്ചുകളയാന്‍.
ഇരുള്‍ നീളുമീ വഴിയില്‍
പൂച്ചക്കണ്ണുകള്‍ പോലെ
എപ്പോഴെങ്കിലും
സ്വാതന്ത്ര്യത്തുള്ളികള്‍ തിളങ്ങാം.
എല്ലാവര്‍ക്കും ഇടമുള്ള 
ഭൂപടം തീര്‍ക്കാന്‍
ഗാന്ധിമാര്‍ ഇനിയുമെത്തും.
പുതിയ പാഠശാലകള്‍ തുറക്കാന്‍
മലാലമാരെത്തും.
മയിലമ്മമാര്‍ പുതിയ 
ജലരാശി തീര്‍ക്കും.
ബുള്‍ഡോസറുകള്‍ക്ക്
ഞെരിച്ചമര്‍ത്താനാകാത്ത
റേച്ചല്‍കോറിമാര്‍ 
പിറവിയെടുക്കും
കരിനിയമങ്ങള്‍
കാറ്റില്‍ പറത്താന്‍
ഇറോമുമാരെത്തും.
അതുവരെ.........? 

നിഷാദ് തളിക്കുളം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍