മോഡല്‍ വില്ലേജും ഉത്തരേന്ത്യന്‍ ശാക്തീകരണവും
എല്ലാ സമൂഹത്തിനും സ്വയം വളരാനുള്ള ശേഷിയുണ്ട്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണത്താല്‍ ചില സമൂഹങ്ങളില്‍ ആ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നു മാത്രം. അത്തരം സമൂഹങ്ങളില്‍ മാറ്റങ്ങളുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കിയാല്‍ മാറ്റം വേഗത്തിലാവും. വിഷന്‍ 2016 എന്ന ബൃഹദ് പ്രൊജക്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മാറ്റത്തിനുള്ള ആ സാഹചര്യമാണ് ഒരുക്കുന്നത്. ഒരു സമൂഹത്തിനാവശ്യമുള്ള വിഭവങ്ങളെല്ലാം സൗജന്യമായി നല്‍കി അവരെ അലസരും മടിയന്മാരുമാക്കി മാറ്റുകയല്ല വിഷന്‍ ചെയ്യുന്നത്. ഓരോ പ്രദേശത്തുമുള്ള പ്രകൃതി വിഭവങ്ങളും മറ്റ് സാധ്യതകളും ഉപയോഗിച്ചു തന്നെ അവരെ സമ്പൂര്‍ണമായി ശാക്തീകരിക്കാനുള്ള പദ്ധതികളാവിഷ്‌കരിക്കുകയും അതുപയോഗിക്കാനവരെ പ്രാപ്തരാക്കുകയുമാണ് വിഷന്റെ ലക്ഷ്യം. സമൂഹത്തിനകത്ത് തന്നെയുള്ള വളരാനുള്ള ശേഷിക്ക് സപ്പോര്‍ട്ട് നല്‍കുകയാണ് ഇതുവഴി വിഷന്‍ 2016 ചെയ്യുന്നത്. സമൂഹത്തിന്റെ കഴിവും ശേഷിയും സാഹചര്യവും പഠിക്കാതെ സൗജന്യമായി പലതും നല്‍കുകയും പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നത് താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമായിരിക്കും. കുറഞ്ഞ കാലയളവില്‍ വിഷന്‍ ടീം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടക്കകാലത്ത് ചില പ്രദേശങ്ങളിലെല്ലാം നടപ്പാക്കിയ പദ്ധതികള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ അവിടെയുള്ളവര്‍ തന്നെ സന്നദ്ധത പ്രകടിപ്പിക്കാത്തതാണ് അത്തരം തിരിച്ചറിവുകള്‍ക്ക് നിമിത്തമായത്. ആ അനുഭവ പാഠങ്ങളില്‍ നിന്നാണ് എല്ലായിടത്തും പദ്ധതികള്‍ നടപ്പാക്കുക എന്നതില്‍ നിന്ന് ഒരു ഗ്രാമത്തെ സമ്പൂര്‍ണമായി ശാക്തീകരിക്കുക എന്നതിലേക്ക് വിഷന്‍ ടീം എത്തിയത്. ഗ്രാമങ്ങളെ പൂര്‍ണമായി ദത്തെടുത്ത് ശാക്തീകരിക്കുന്ന വിഷന്റെ ആ പ്രൊജക്ടിന്റെ പേരാണ് മോഡല്‍ വില്ലേജ്.
ഒരു ഗ്രാമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് അവരെയും അവിടത്തെ വിഭവങ്ങളെയും സാമൂഹിക വിദ്യാഭ്യാസ സാഹചര്യങ്ങളെയും വിശദമായി പഠിച്ച് അവരെ സമ്പൂര്‍ണമായി ശാക്തീകരിക്കാനുള്ള തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിന്റെ ആദ്യ പടിയായി തെരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ എം.എസ്.ഡബ്ല്യൂ ബിരുദധാരികളെ ഉപയോഗിച്ച് സര്‍വേ നടത്തും. വീടുകള്‍ ഉള്ളവര്‍, ഇല്ലാത്തവര്‍, നിലവിലെ വീടിന്റെ സൗകര്യം, ടോയ്‌ലറ്റ് ഇല്ലാത്തവര്‍, കുടിവെള്ള സൗകര്യം, വിദ്യാഭ്യാസം, പാതിവഴിക്ക് പഠനം നിര്‍ത്തിയവര്‍, ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവര്‍, സ്ത്രീകളുടെ അവസ്ഥ തുടങ്ങി ഓരോ കുടുംബത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും. അതിന് ശേഷം ഗ്രാമത്തിന് പൊതുവായി വേണ്ട പ്രൊജക്ടുകള്‍, ഓരോ വീടിനും വേണ്ട പദ്ധതികള്‍ എന്നിവ നടപ്പാക്കും. മിക്ക ഗ്രാമങ്ങളിലും ഇരുപതോ അതിലധികമോ ശതമാനം വീടില്ലാത്തവര്‍ തന്നെയുണ്ടാകും. കുടിവെള്ള സൗകര്യവും ടോയ്‌ലറ്റുമില്ലാത്തവര്‍ അതിലധികമായിരിക്കും. ഈ അടിസ്ഥാന സൗകര്യമൊരുക്കിയതിന് ശേഷം വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവരുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. വിദ്യാലയങ്ങളില്‍ നിന്ന് ഇടക്ക്‌വെച്ച് കൊഴിഞ്ഞുപോയ കുട്ടികളെ വീണ്ടും സ്‌കൂളില്‍ പറഞ്ഞയക്കാനുള്ള പദ്ധതി ആദ്യം നടപ്പാക്കും. അതിന് എന്താണോ തടസ്സം അത് പരിഹരിക്കും. ഗ്രാമത്തിന്റെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ സ്‌കൂളില്ലെങ്കില്‍ ഗ്രാമത്തിനകത്ത് തന്നെ ഏകാധ്യാപക വിദ്യാലയം ആരംഭിക്കും. സ്‌കൂള്‍ പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ കുട്ടികളുണ്ടെങ്കില്‍ കേരളത്തിലടക്കം കൊണ്ടുവന്ന് അവര്‍ക്ക് ഉപരിപഠനം നല്‍കും. ഇങ്ങനെ എഞ്ചിനീയറിംഗ് കേളേജിലടക്കം പഠിക്കുന്ന മിടുക്കന്മാര്‍ ചില മോഡല്‍ വില്ലേജുകളിലുണ്ട്. മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികള്‍ക്കാവശ്യമായ മരുന്നും ചികിത്സയും നല്‍കും. ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്ക് കേരളത്തിലെ എം.ഇ.എസ്, മിംസ്, കിംസ് ഹോസ്പിറ്റലുകള്‍ പോലെ, വിഷനുമായി സഹകരിക്കുന്ന ആതുരാലയങ്ങളില്‍ തുടര്‍ചികിത്സ ലഭ്യമാക്കും.
മുന്നൂറ്റിഅമ്പതിനടുത്ത് വീടുകള്‍ ഓരോ മോഡല്‍ ഗ്രാമത്തിലുമുണ്ട്. തുഛ കൂലി പറ്റുന്നവരാണെങ്കിലും മിക്ക പുരുഷന്മാരും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവരാണ്. എന്നാല്‍ കാര്യമായ അധ്വാനമൊന്നുമില്ലാത്ത അഞ്ചോ ആറോ സ്ത്രീകള്‍ ഓരോ വീട്ടിലുമുണ്ടാകും. അവരെ വീടിനുള്ളിലും ഗ്രാമത്തിലും കൂട്ടായ്മകളൊരുക്കി വിദ്യാഭ്യാസപരമായും സാമ്പത്തികമായും ശാക്തീകരിക്കാനുള്ള ശ്രമമാണ് മോഡല്‍ വില്ലേജ് പ്രൊജക്ടിലെ മറ്റൊരു മുഖ്യപദ്ധതി. ഓരോ പ്രദേശത്തുമുള്ള വിഭവങ്ങളും പ്രദേശവാസികളുടെ കഴിവും ശേഷിയും കണ്ടറിഞ്ഞ് ഉപയോഗിച്ചു തന്നെയുള്ള പദ്ധതികളാണ് ഈ രംഗത്ത് വിഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെയും ബംഗാളിലെയും സ്ത്രീകള്‍ സാരി, ചുരിദാര്‍ പോലുള്ള ഡ്രസ്സുകളില്‍ ഹാന്‍ഡ്ക്രാഫ്റ്റിംഗ് വര്‍ക്ക് ചെയ്യുന്നതില്‍ നൈപുണ്യമുള്ളവരാണ്. ആ ഗ്രാമീണ സ്ത്രീകള്‍ ദിവസം 50 രൂപക്ക് തുന്നുന്ന ഹാന്‍ഡ്ക്രാഫ്റ്റുകളുള്ള സാരികളാണ് കേരളത്തിലടക്കമുള്ള ടെക്‌സ്റ്റൈല്‍സുകളില്‍ അയ്യായിരവും അതിനു മുകളിലുമുള്ള തുകക്ക് വില്‍ക്കുന്നത്. ഇടനിലക്കാരാണ് ഈ ബിസിനസില്‍ കൊള്ള ലാഭം കൊയ്യുന്നത്. ഈ ചൂഷണം അവസാനിപ്പിച്ച് കേരളത്തിലടക്കമുള്ള പ്രമുഖ ടെക്‌സ്റ്റൈല്‍സുകളുമായി കരാറുണ്ടാക്കി മാന്യമായ കൂലിയും ലാഭത്തിന്റെ നിശ്ചിത ശതമാനവും ഉറപ്പുവരുത്തി അവരുടെ കഴിവുകള്‍ വിനിയോഗിക്കുവാന്‍ വിഷന് പദ്ധതികളുണ്ട്. ഇതുപോലെ ഓരോ പ്രദേശത്തും ലഭ്യമായ പ്രകൃതി വിഭവങ്ങളുപയോഗിച്ച് വിപണിക്കാവശ്യമായ പ്രൊഡക്ടുകളുണ്ടാക്കാന്‍ ഗ്രാമീണര്‍ക്ക് ട്രെയ്‌നിംഗ് കൊടുക്കാനും അവക്ക് വിപണി കണ്ടെത്താനും ശ്രമങ്ങളും നടത്തുന്നുണ്ട്. ചില ഗ്രാമങ്ങളില്‍ ഉരുളക്കിഴങ്ങ് സുലഭമായി ലഭിക്കും. നിലവില്‍ ലെയ്‌സ് പോലുള്ള ഉല്‍പന്നങ്ങളുണ്ടാക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തുഛമായ വിലക്ക് ഇടനിലക്കാര്‍ വഴി ഗ്രാമീണരുടെ വിളകള്‍ മൊത്തം വിലക്കെടുക്കുന്ന ദുരവസ്ഥയുണ്ട്. മോഡല്‍ വില്ലേജിലെ സ്ത്രീകളെ ഉപയോഗിച്ച് ഉരുളക്കിഴങ്ങു കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. കിഷന്‍ഗഞ്ച് പോലുള്ള പ്രദേശങ്ങളില്‍ പൈനാപ്പിളും മാള്‍ഡയില്‍ മാമ്പഴവും മറ്റുചിലയിടങ്ങളില്‍ ലിച്ച് എന്ന പഴവും ധാരാളം ലഭിക്കും. ഇവയെല്ലാമുപയോഗിച്ച് ജാം അടക്കമുള്ള പ്രൊഡക്ടുകള്‍ അവിടെത്തന്നെ ഉണ്ടാക്കുവാന്‍ സാധിക്കും. കടുക് കൃഷി ചെയ്യുന്ന ഗ്രാമങ്ങളില്‍ കടുകെണ്ണയും ഇങ്ങനെ ഉല്‍പാദിപ്പിക്കാവുന്നതാണ്. ബിഹാറിലെയും അസമിലെയും വെള്ളം കെട്ടിനില്‍ക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ചണം നിര്‍മിക്കുന്നത്. 200 ഇരട്ടി വരെ ലാഭമെടുത്താണ് ഇടനിലക്കാര്‍ ഇവിടത്തെ ഗ്രാമങ്ങളില്‍നിന്ന് വിദേശത്തേക്കടക്കം ചണം കയറ്റുമതി ചെയ്യുന്നത്. ചണത്തിന്റെ വിപണി സാധ്യത പരമാവധി ഉപയോഗിച്ച് ബാഗുകള്‍ അടക്കമുള്ള പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്ന യൂനിറ്റ് തുടങ്ങാന്‍ വിഷന് പദ്ധതികളുണ്ട്. ഇതിനെല്ലാം ആസൂത്രണ മികവും സന്മനസ്സുമുള്ള ബിസിനസുകാരുടെ സഹായം വിഷന് ലഭിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്കും ഗ്രാമീണര്‍ക്കും സഹായകമാകുന്ന വലിയ പ്രൊജക്ടുകളായി ഇവയെല്ലാം വികസിപ്പിക്കാന്‍ സാധിക്കും.
ഇങ്ങനെ ഓരോ പ്രദേശത്തും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചുതന്നെ ഗ്രാമങ്ങളെ എങ്ങനെ ശാക്തീകരിക്കാമെന്നാണ് വിഷന്‍ ആലോചിക്കുന്നത്. ഇത്തരം പദ്ധതികള്‍ നടത്തുന്നതിന് കേരളത്തിലെ കുടുംബശ്രീ സംവിധാനം പോലെ മോഡല്‍ വില്ലേജുകളില്‍ സ്ത്രീ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ചൂട്ട്‌ബേഗ്, സോപ്പ് നിര്‍മാണം, ഫയല്‍ നിര്‍മാണം, ഡ്രസ്സുകളിലെ ഹാന്‍ഡ്ക്രാഫ്റ്റിംഗ്, ഫാമുകള്‍, ആടു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നീ പ്രോജക്ടുകള്‍ നടപ്പാക്കാനുള്ള പദ്ധതികളുണ്ട്. ചില വില്ലേജുകളില്‍ ടൈലറിംഗ് യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. പലഹാരങ്ങളുണ്ടാക്കി പാക്ക് ചെയ്ത് വില്‍ക്കുന്നതില്‍ പ്രാഗത്ഭ്യമുള്ള കേരളത്തിലെ കുറച്ച് സ്ത്രീകള്‍ ഈ ഗ്രാമീണ സ്ത്രീകളെ അതു പഠിപ്പിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. സോപ്പ് നിര്‍മാണത്തിനും അതിന്റെ വിപണന സഹായത്തിനുമായി ഗ്ലാഡിസ്, ലക്‌സസ് സോപ്പ് നിര്‍മാതാക്കളായ ആഷിഖ് എന്റര്‍പ്രൈസസ് കമ്പനി വിഷനുമായി ഈ വിഷയത്തില്‍ ഒന്നാം ഘട്ട ചര്‍ച്ച നടന്നിട്ടുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കൊല്‍ക്കത്ത ബ്രാഞ്ചിന് ആവശ്യമുള്ള ഔഷധ സസ്യങ്ങള്‍ രാസവളമില്ലാതെ മോഡല്‍ വില്ലേജില്‍ കൃഷി ചെയ്യുന്ന പദ്ധതിയും പ്ലാനിലുണ്ട്. ഈ അര്‍ഥത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ആ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കുന്ന വലിയ ദൗത്യമാണ് വിഷന്‍ 2016 ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമങ്ങളിലെ നിലവിലുള്ള മണ്‍വീടുകള്‍ പൊളിച്ച് ടെറസ് വീട് പണിയാനല്ല വിഷന്‍ ശ്രമിക്കുന്നത്. മണ്‍വീടുകളില്‍ തന്നെ ജീവിച്ച് വിദ്യാഭ്യാസവും മാന്യമായ ജോലിയും ലഭിക്കുന്ന ഒരു തലമുറയുടെ വളര്‍ച്ചയാണതിന്റെ ലക്ഷ്യം.
ഇത്തരമൊരു ബൃഹത്തായ പ്രൊജക്ടിന് ഒരുപാട് സഹായങ്ങള്‍ ആവശ്യമുണ്ട്. ചെറുതും വലുതുമായ സഹകരണ ഓഫറുകള്‍ കൊണ്ട് ഏത് മലയാളിക്കും പങ്കാളിയാകാവുന്ന പദ്ധതിയാണ് വിഷന്‍ 2016. സാമ്പത്തിക സഹായം കാര്യമായി ലഭിക്കുന്നത് കേരളത്തില്‍നിന്ന് തന്നെയാണ്. വലിയ ബിസിനസുകാര്‍ മുതല്‍ കൂലിവേല ചെയ്ത് ലഭിക്കുന്ന സംഖ്യ സ്വരൂപിച്ച് വര്‍ഷത്തിലൊരു തുക കൃത്യമായി വിഷന് നല്‍കുന്ന സ്ത്രീകള്‍ വരെ ഈ ശൃംഖലയില്‍ പങ്കാളികളാണ്. സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ വിഷന്‍ പ്രോജക്ടുകള്‍ കൊണ്ടുനടത്താനും മേല്‍നോട്ടം വഹിക്കാനും ശേഷിയുള്ള മനുഷ്യരുടെ കമ്മിയാണ് വിഷന്‍ അനുഭവിക്കുന്നത്. സേവന മനസ്ഥിതിയും സന്നദ്ധതയും കഴിവുമുള്ള വളണ്ടിയര്‍മാരെ ഇനിയും വിഷന് ലഭിച്ചിട്ടു വേണം മുകളില്‍ സൂചിപ്പിച്ച പ്രോജക്ടുകളെല്ലാം വിജയിപ്പിച്ചെടുക്കാന്‍. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വിഷന്‍ ടീമിനോടൊപ്പം സേവനം ചെയ്യാന്‍ സന്നദ്ധരായവരെ വിഷന് ആവശ്യമുണ്ട്. ഭാഷയുടെ പരിമിതികളൊന്നും സേവനത്തിന് തടസ്സമല്ല എന്നതാണ് അനുഭവം. സ്വയം സന്നദ്ധരായി വരുന്നവര്‍ക്ക് ഇരുപതിനായിരവും അതിലധികവുമുള്ള മാന്യമായ ശമ്പളം നല്‍കാന്‍ വിഷന്‍ തയാറാണ്. വിഷന്‍ വളണ്ടിയര്‍മാര്‍ക്ക് നല്ല ശമ്പളം കണ്ടെത്തുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് പ്രൊജക്ടുകളുണ്ട്. കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും നടത്തുന്നവര്‍ക്കും, അവരുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം നല്‍കുന്ന കൂട്ടത്തില്‍ അതേ ഉയര്‍ന്ന ശമ്പളം ഒരു വിഷന്‍ വളണ്ടിയര്‍ക്കും നല്‍കി ഈ പ്രൊജക്ടില്‍ പങ്കാളികളാകാവുന്നതാണ്. ഈ രംഗത്ത് സേവനത്തിന് തയാറാകുന്നവര്‍ക്ക് മികച്ച ശമ്പളം ഉറപ്പുവരുത്തിയാല്‍ വിഷന്‍ ടീമിലേക്ക് കൂടുതല്‍ മികവുള്ളവരെ ആകര്‍ഷിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഉദാരമതികള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാവുന്ന പ്രൊജക്ടുകളും മോഡല്‍ വില്ലേജ് പദ്ധതിയിലുണ്ട്. ഏകാധ്യാപക വിദ്യാലയമാണ് അതിലൊന്ന്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളില്ലാത്ത ഗ്രാമത്തിലാണ് വിഷന്‍ ഏകാധ്യാപക വിദ്യാലയം നടത്തുന്നത്. അധ്യാപികയുടെ ശമ്പളമടക്കം ഒരു വര്‍ഷം രണ്ട് ലക്ഷം രൂപയാണ് ഈ പ്രൊജക്ടിന്റെ ചിലവ്. മോഡല്‍ ഗ്രാമത്തില്‍ പത്ത് മെഷീനുകളുള്ള ഒരു ടൈലറിംഗ് യൂനിറ്റ് സ്ഥാപിക്കാന്‍ രണ്ട് ലക്ഷവും, അമ്പതിലധികം കുടുംബങ്ങള്‍ക്ക് സ്ഥിരം കുടിവെള്ള സംവിധാനം ഒരുക്കാന്‍ ഒന്നര ലക്ഷം രൂപയും ചിലവ് വരും. ഒന്നോ അതിലധികമോ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഈ പ്രൊജക്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മോഡല്‍ വില്ലേജ് പദ്ധതിയില്‍ പങ്കുചേരാവുന്നതാണ്. മോഡല്‍ വില്ലേജിലെ മിടുക്കരായ ചില വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ്, എഞ്ചിനീയറിംഗ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും കാലെടുത്തുവെച്ചു കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ പണവും സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്താനാവുമെന്നാണ് വിഷന്‍ പ്രതീക്ഷിക്കുന്നത്. അടുത്ത പത്തു വര്‍ഷം കൊണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള 100 ഗ്രാമങ്ങളെങ്കിലും ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചെടുക്കണമെന്നാണ് വിഷന്‍ ആഗ്രഹിക്കുന്നത്. വിഷന്റെ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നന്മേഛുക്കളായ നിങ്ങളോരോരുത്തരുടെയും പങ്കാളിത്തവും സഹകരണവും പ്രാര്‍ഥനയും ആവശ്യമുണ്ട്. നിലവില്‍ അത് ലഭിക്കുന്നുണ്ട്. ഇനിയും അത് തുടരുമെന്നു തന്നെയാണ് വിഷന്‍ പ്രതീക്ഷിക്കുന്നത്.
(ലേഖകന്‍ മോഡല്‍ വില്ലേജ് പ്രോജക്ടുകളുടെ കോ-ഓര്‍ഡിനേറ്ററാണ്- 09447046003)
Comments