കര്‍മാവേശമുണര്‍ത്തിയ ജമാഅത്ത് അംഗങ്ങളുടെ ദ്വിദിന സമ്മേളനം
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിലെ അംഗങ്ങള്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു; നാലു വര്‍ഷത്തിനുശേഷം 2015 ഫെബ്രുവരി 14, 15 തീയതികളില്‍. 2011 ഫെബ്രുവരി 12, 13 തീയതികളിലായിരുന്നു കഴിഞ്ഞ സമ്മേളനം, പത്തിരിപ്പാലയിലെ മൗണ്ട് സീന കാമ്പസില്‍. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ശാന്തപുരം അല്‍ജാമിഅഃ കാമ്പസിലായിരുന്നു ഇത്തവണ അംഗങ്ങളുടെ സമ്മേളനം. പ്രസ്ഥാനത്തിന്റെ ഒന്നാം തലമുറയിലെ വന്ദ്യവയോധികരും ഏറ്റവും പുതിയ തലമുറയിലെ ചെറുപ്പക്കാരുമെല്ലാം ശാന്തപുരത്ത് സംഗമിച്ചു.
സംസ്ഥാന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളെ സംബന്ധിച്ചേടത്തോളം ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്. വയോവൃദ്ധരും മാരകരോഗത്തിനടിപ്പെട്ടവരുമെല്ലാം എങ്ങനെയോ അവിടെ എത്തിപ്പെടുന്നു. പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്തവരെ വരെ മറ്റുള്ളവര്‍ താങ്ങിപ്പിടിച്ചുകൊണ്ടു വരുന്നു. ഇത്തവണയും ചിലരെങ്കിലുമെത്തിയത് വീല്‍ചെയറിലാണ്. മാരക രോഗത്തിനടിപ്പെട്ട മാതാപിതാക്കളെയും ഭാര്യാഭര്‍ത്താക്കന്മാരെയും മക്കളെയുമൊക്കെ വീട്ടില്‍ നിര്‍ത്തി എത്തിയവരും വിരളമല്ല. അവരുടെയൊക്കെ സജീവ സാന്നിധ്യം തന്നെ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനോര്‍ജം പകര്‍ന്നു നല്‍കുന്നതായിരുന്നു.
പ്രൗഢമായ ഉദ്ഘാടനം
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗം വി.കെ അലിയുടെ ഖുര്‍ആന്‍ ക്ലാസോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയ, അന്തര്‍ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം വിശദീകരിക്കുന്നതായിരുന്നു അമീറിന്റെ പ്രൗഢമായ പ്രഭാഷണം. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മത, സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സംസ്‌കാരവും സാമൂഹിക ക്രമവും സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്തെ ശൈഥില്യത്തിലേക്കാണ് നയിക്കുകയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ലൗ ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ വിവാദമുണ്ടാക്കി പൗരന്റെ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തെ ഹനിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരായ കടന്നാക്രമണം കൂടിയാണ്. ഭരണകൂടത്തിന്റെ സഹായ സഹകരണത്തോടെ നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതന്യൂനപക്ഷങ്ങളെ മാത്രമല്ല, മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്ത് സമാധാനവും സൈ്വരജീവിതവും നീതിയും നിയമവാഴ്ചയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും മൗനം വെടിഞ്ഞ് പൗരബാധ്യത നിര്‍വഹിക്കേണ്ട സന്ദര്‍ഭമാണിതെന്നും അമീര്‍ പറഞ്ഞു. അഖിലേന്ത്യാ അമീറിന്റെ പ്രസംഗം കെ.എ യൂസുഫ് ഉമരി പരിഭാഷപ്പെടുത്തി.
സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. നാലു വര്‍ഷത്തെ സംഭവഗതികളെ വളരെ സംക്ഷിപ്തമായി പരാമര്‍ശിച്ച അമീര്‍, അബ്ദുല്‍ അഹദ് തങ്ങളും സാദിഖ് മൗലവിയും ഉള്‍പ്പെടെ ഇടക്കാലത്ത് വിടപറഞ്ഞ 84 അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു; രോഗികളുടെ രോഗശമനത്തിനും.
കര്‍മനിരതമായ നാലു വര്‍ഷം
ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ അവതരിപ്പിച്ച നാല് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സദസ്സിന് ആവേശവും ആത്മവിശ്വാസവും പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. വിവിധ മേഖലകളില്‍ നാലു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ വിപുലവും ബഹുമുഖവുമാണ്. കോട്ട പോലെ ഭദ്രമായ സംഘടന, മനഃസംസ്‌കരണം സാധ്യമാകുന്ന ശിക്ഷണം, വ്യത്യസ്ത തലങ്ങളിലെ ജനസേവന പ്രവര്‍ത്തനങ്ങള്‍, പരലോകബോധമുണര്‍ത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍, കുടുംബ ഭദ്രത ഉറപ്പുവരുത്താനാവശ്യമായ ബോധവല്‍ക്കരണം, സമുദായ ഐക്യത്തിന്നും സംസ്‌കരണത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ പിന്നിട്ട നാലു വര്‍ഷം കൊണ്ട് പ്രസ്ഥാനത്തിന് ഒട്ടൊക്കെ സാധിച്ചു.
നാലു വര്‍ഷത്തെ സംക്ഷിപ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പോരായ്മയും എടുത്തു പറയുന്നുണ്ട്: ''ആശയ തലത്തില്‍ പ്രസ്ഥാനം അതിവേഗം ബഹുദൂരം മുന്നേറിയിട്ടുണ്ട്. ആശയപരമായി കേരളത്തിലെ മതസംഘടനകള്‍ ജമാഅത്തെ ഇസ്‌ലാമിയോട് കലഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്നതാണ് പുതിയ കാഴ്ച. ആശയപരമായി നമുക്കുള്ള സ്വീകാര്യത സംഘടനാ വളര്‍ച്ചയില്‍ വേണ്ടത്ര സ്വാധീനിച്ചിട്ടില്ല. കാഴ്ചപ്പാടുകളെയും ആശയങ്ങളെയും വികസിപ്പിക്കുന്നതില്‍ നാം പുലര്‍ത്തുന്ന ജാഗ്രതയും വിശാലതയും നമ്മുടെ ഘടന, പ്രവര്‍ത്തന സ്വഭാവം, വ്യക്തിത്വ സങ്കല്‍പം, വ്യക്തിത്വ രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. സംഘടനാ ഘടനയെയും വ്യക്തികളോടുള്ള സമീപനരീതികളെയും പൊളിച്ചെഴുത്തിന് വിധേയമാക്കിക്കൊണ്ട് പുതിയ തലമുറയെ കൂടുതലായി ആകര്‍ഷിക്കാനും പുതുകാല പ്രവണതകളെ ത്യാജ്യഗ്രാഹ്യബോധത്തോടെ അഭിമുഖീകരിക്കാനും പ്രസ്ഥാനത്തിനു സാധിക്കണം. ആശയം മാത്രമല്ല ഘടനയും കാലികമാകാതെ വിവിധ തലങ്ങളിലുള്ള വ്യക്തികളെ ഉള്‍ച്ചേര്‍ക്കാനാവില്ല. വ്യത്യസ്ത കഴിവുള്ളവരുടെ പ്രവര്‍ത്തനരീതികളിലെ വൈവിധ്യതയെ ഉള്‍ക്കൊള്ളാനും ഘടനാപരമായ പങ്കാളിത്തം സാധ്യമാക്കുന്ന വ്യത്യസ്തതകളെ അംഗീകരിക്കാനും നമുക്ക് സാധിക്കണം. ഇത് സാധ്യമാകുംവിധം പ്രവര്‍ത്തകരുടെ മനോഘടനയും സമീപനവും മാറണം.''
ആവേശദായകമായ സാന്നിധ്യം
ആദ്യ ദിവസത്തെ മഗ്‌രിബിനുശേഷമുള്ള പരിപാടികളാരംഭിച്ചത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ നുസ്രത്ത് അലിയുടെ തര്‍ബിയത്തിനെ സംബന്ധിച്ച പഠന ക്ലാസോടെയാണ്. തര്‍ബിയത്തിന് രണ്ടു വശമുണ്ടെന്നും ഒന്നാമത്തേത് വ്യക്തിയുടെ നാനാവിധമായ വളര്‍ച്ചയും രണ്ടാമത്തേത്, പ്രസ്ഥാനമാര്‍ജിക്കുന്ന പ്രതിഛായയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്ഥാനത്തിന്റെ ആദര്‍ശവും നയപരിപാടികളും പ്രവര്‍ത്തനങ്ങളും പോലെ തന്നെ പ്രധാനമാണ് ആര്‍ അതിനെ എങ്ങനെ പ്രതിനിധീകരിക്കുന്നുവെന്നത്. പ്രവര്‍ത്തകര്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കി ആത്മീയ വളര്‍ച്ച നേടുന്നതുപോലെത്തന്നെ പ്രധാനമാണ് അവരുടെ വൈജ്ഞാനിക വികാസവും ചിന്താപരമായ പക്വതയും സ്വഭാവ സംസ്‌കരണവും. സെക്രട്ടറി ജനറലിന്റെ പഠന ക്ലാസ് പി.സി ഹംസ പരിഭാഷപ്പെടുത്തി.
പ്രവര്‍ത്തകരെ ഏറെ ആഹ്ലാദഭരിതരും പ്രചോദിതരുമാക്കിയത് അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സാന്നിധ്യവും ആവേശകരമായ സംസാരവുമാണ്. രോഗാവസ്ഥ കാരണമായുണ്ടായ ഇടവേളക്കുശേഷം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന ആ കര്‍മയോഗിക്ക്, ഇന്ത്യന്‍ മുസ്‌ലിംകളില്‍ വളര്‍ത്തിയ പ്രതീക്ഷകളും ഉണര്‍ത്തിയ സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ഇനിയുമിനിയും സാധിക്കുമാറാകട്ടെയെന്ന നിരന്തര പ്രാര്‍ഥനയോടെ സദസ്സ് ആ പ്രസംഗം നെഞ്ചേറ്റി. തുടര്‍ന്ന് ടി.കെ അബ്ദുല്ല സാഹിബ് നടത്തിയ പ്രൗഢോജ്വല പ്രസംഗവും സദസ്സിന് ആവേശവും കര്‍മോത്സുകതയും പകരുന്നതായിരുന്നു. അമേരിക്കയുടെ ഏകധ്രുവ ലോകത്തിന് ഇസ്‌ലാമിനോടുള്ള ശത്രുതയും മാനവികവിരുദ്ധതയും വിശദമാക്കിയ ടി.കെ അതിനെ നേരിടാന്‍ നടത്തുന്ന ശ്രമങ്ങളെയും സൂക്ഷ്മമായി വിലയിരുത്തി.
ഗ്രൂപ്പ് ചര്‍ച്ച
സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ സമയം നീക്കിവെച്ചത് അംഗങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമാണ്. പിന്നിട്ട നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്ന നാലു വര്‍ഷത്തെ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു. അംഗങ്ങളെ മൊത്തം എട്ടു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ദിവസം ഉച്ച മുതല്‍ വൈകുന്നേരം വരെ തുറന്ന ചര്‍ച്ചക്കായി നീക്കിവെച്ചു; രണ്ടാം ദിവസം രാവിലെ ചര്‍ച്ചകളുടെ സംഗ്രഹം സമര്‍പ്പിക്കാനും. എട്ടു ഗ്രൂപ്പിനും ഒരു നേതാവും ഒരു സഹായിയുമാണുണ്ടായിരുന്നത്. ഖാലിദ് മൂസാ നദ്‌വി, അബ്ദുര്‍റസാഖ് പാലേരി, എം. സാജിദ്, കെ.ടി ഹുസൈന്‍ നദ്‌വി, അബ്ദുല്‍ ഹകീം നദ്‌വി, സുബൈര്‍ ചേന്ദമംഗല്ലൂര്‍, എസ്. ഖമറുദ്ദീന്‍, എ.എ ഹലീം എന്നിവരായിരുന്നു ഗ്രൂപ്പ് ലീഡര്‍മാര്‍. വിലപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. അവ സമാഹരിച്ചുകൊണ്ട് സംസ്ഥാന അമീര്‍ ടി. ആരിഫലി, നിര്‍ദേശങ്ങളെല്ലാം സംസ്ഥാന ശൂറ ചര്‍ച്ച ചെയ്യുകയും നയപരിപാടികള്‍ ആവിഷ്‌കരിക്കുമ്പോള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
തുടര്‍ന്ന് ദേശീയ നേതൃത്വത്തോട് അംഗങ്ങള്‍ക്ക് അന്വേഷിക്കാനുള്ള അവസരമായിരുന്നു. ചോദ്യങ്ങള്‍ക്ക് അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയും സെക്രട്ടറി ജനറല്‍ നുസ്രത്ത് അലിയും വിശദീകരണം നല്‍കി. രണ്ടാം ദിവസത്തെ പരിപാടികളാരംഭിച്ചത് പി. അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരിയുടെ ഹദീസ് ദര്‍സോടെയാണ്. സി.ടി സാദിഖ് മൗലവിയായിരുന്നു അതിന് നിശ്ചയിക്കപ്പെട്ടിരുന്നത്.
സമാപന സമ്മേളനം
രണ്ടാം ദിവസത്തെ ഉച്ചക്കുശേഷമുള്ള പരിപാടികളാരംഭിച്ചത് സംസ്ഥാന നേതൃത്വത്തോടുള്ള അന്വേഷണങ്ങളോടെയാണ്. ഹല്‍ഖാ അമീര്‍ ടി. ആരിഫലി, ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍, അസിസ്റ്റന്റ് അമീര്‍മാരായ എം.ഐ അബ്ദുല്‍ അസീസ്, എം.കെ മുഹമ്മദലി, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സമകാലിക കേരളീയ സാഹചര്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രമേയങ്ങള്‍ ടി.കെ ഫാറൂഖ്, അബ്ദുല്‍ ഹമീദ് വാണിയമ്പലം, കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ അവതരിപ്പിച്ചു.
തന്റെ സമാപന പ്രസംഗത്തില്‍ ഹല്‍ഖാ അമീര്‍ ടി. ആരിഫലി രാഷ്ട്രീയ നേതൃത്വത്തിന്റെയും മത-സമുദായ-ജാതി സംഘടനകളുടെയും വര്‍ത്തമാനത്തിലും പ്രവര്‍ത്തനത്തിലും വര്‍ധിച്ചുവരുന്ന മതധ്രുവീകരണം കേരളത്തിന്റെ ഭാവിക്ക് വമ്പിച്ച ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടു. വര്‍ഗീയ ഫാഷിസത്തിന്റെ അജണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നാദാപുരം തൂണേരിയില്‍ കണ്ടത്. മതമൈത്രിക്കും സാമുദായിക സൗഹാര്‍ദത്തിനും ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രസ്ഥാന പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് അമീര്‍ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രാര്‍ഥനയോടെ പ്രവര്‍ത്തകരില്‍ അനല്‍പമായ കര്‍മോര്‍ജം വളര്‍ത്തിയ സമ്മേളനം സമാപിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമായി പാതിയോളം പ്രവാസി അംഗങ്ങളും വന്നെത്തിയെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
Comments