നാദാപുരം <br>സൗഹൃദത്തിന്റെ വേറിട്ട അനുഭവങ്ങള്‍
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം നാദാപുരം മേഖലയില്‍ സംഘര്‍ഷം തിരിച്ചുവന്നിരിക്കുകയാണ്. ഇതിന് മുമ്പ് 2001-ലാണ് നാദാപുരം മേഖലയില്‍ ഏറ്റവുമൊടുവിലായി സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സി.പി.എം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിന്റെ കൊലപാതകവും പാറക്കടവ് താനക്കോട്ടൂരിലെ തയ്യുള്ളതില്‍ മൊയ്തു ഹാജിയുടെ വധവുമായി ബന്ധപ്പെട്ട് 2001-ല്‍ തെരുവന്‍ പറമ്പിലും പാറക്കടവ് ഭാഗങ്ങളിലും വീടാക്രമണവും വീട് തീവെച്ച് നശിപ്പിക്കലും കൊള്ളയും നടന്നു. ഇതില്‍നിന്ന് നാദാപുരം പ്രദേശത്തുകാര്‍ ഏറെ പാഠം പഠിച്ചു. വിലപ്പെട്ട ജീവനും സമ്പാദ്യങ്ങളും കലാപാഗ്നിയില്‍ ഹോമിക്കപ്പെട്ടപ്പോള്‍, ഇവരുടെ കുടുംബങ്ങളിലും ഇതിന് സാക്ഷികളാകേണ്ടിവന്ന സാധാരണക്കാരിലും സംഘര്‍ഷങ്ങളുടെ ബാക്കിപത്രങ്ങളെക്കുറിച്ചും അര്‍ഥമില്ലായ്മയെക്കുറിച്ചും ശക്തമായ പുനര്‍ ചിന്ത രൂപപ്പെട്ടതോടെയാണ് ഒരു തിരിഞ്ഞ് നടത്തത്തിന് കളമൊരുങ്ങിയത്. സംഘര്‍ഷങ്ങള്‍ക്കെതിരെയുള്ള പൊതുവികാരം രൂപപ്പെട്ടത് അങ്ങനെയാണ്.
അറുതിയില്ലാത്ത പോലീസ് കേസിന്റെ നൂലാമാലകളും ലുക്കൗട്ട് നോട്ടീസിന്റെ പേരില്‍ എയര്‍പോര്‍ട്ടുകളിലടക്കമുള്ള പീഡനവും യുവാക്കളെയും മറുചിന്തക്ക് പ്രേരിപ്പിച്ചു.
അങ്ങനെയാണ് മേഖലയിലെ വിവിധയിടങ്ങളില്‍ കൊച്ചു കൊച്ചു കൂട്ടായ്മകള്‍ സംഘര്‍ഷങ്ങള്‍ക്കെതിരെ രൂപപ്പെട്ടത്. നാദാപുരത്തിന്റെ ശാപമായ വിഭാഗീയതകള്‍ പേറുന്നവരോട് സംവദിക്കാനും അവരെയും കൂട്ടായ്മയുടെ ഭാഗമാക്കാനും ഒരു പരിധിവരെ ഇത്തരം പൊതു വേദികള്‍ക്ക് കഴിഞ്ഞു.
നാദാപുരം കേന്ദ്രമായി രൂപപ്പെട്ട 'സൗഹൃദ വേദി'യാണ് ഈ രംഗത്ത് എടുത്തു പറയേണ്ട സംരംഭം. 'സൗഹൃദവേദി'യെക്കുറിച്ച് ആലോചന നടത്താന്‍ നാദാപുരത്തുകാരെ പ്രേരിപ്പിച്ച ഒരു പശ്ചാത്തലമുണ്ട്. യഥാര്‍ഥ നാദാപുരത്ത് ഒരിക്കലും സംഘര്‍ഷമോ കൊലപാതകമോ നടന്നിരുന്നില്ല. നാദാപുരത്തിന്റെ മനസ്സ് എന്നും സമാധാനത്തിന്റേതും സഹവര്‍ത്തിത്വത്തിന്റേതുമായിരുന്നു. എന്നാല്‍, പരിസര പ്രദേശങ്ങളില്‍ പലപ്പോഴായി നടന്ന സംഘര്‍ഷങ്ങളുടെ പേരുദോഷവും നോവുകളും പേറിയിരുന്നത് നാദാപുരത്തുകാരും. ഈയൊരു സാഹചര്യത്തിലാണ് സംഘര്‍ഷങ്ങള്‍ക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്തി 'നാദാപുരം സൗഹൃദ വേദി' നിലവില്‍ വന്നത്. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളും വ്യാപാരികളും വേദിയില്‍ പങ്കാളികളായി.
സൗഹൃദവേദി സംഘടിപ്പിച്ച സമൂഹ ഓണസദ്യയും നോമ്പ് തുറയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതോടെ കൂട്ടായ്മയുടെ സന്ദേശം മേഖലയിലാകെ പ്രചരിച്ചു. ഇതിന്റെ തുടര്‍ച്ചയായി അയല്‍ പഞ്ചായത്തുകളില്‍ പൊതുവേദികളും കൂട്ടായ്മകളും രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് 2004-ല്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാദാപുരത്തെ വേദിയാക്കാന്‍ അധികൃതര്‍ ആലോചിച്ചത്. സംഘര്‍ഷങ്ങളുടെ ഭൂമിയില്‍ ജില്ലാ യുവജനോത്സവം നടത്തുന്നതെങ്ങനെ? ജില്ലയിലെ വിവിധ രംഗങ്ങളില്‍ നിന്ന് കുട്ടികളെ ഇവിടേക്കയക്കാന്‍ രക്ഷിതാക്കള്‍ തയാറാവുമോ? എല്ലാവരുടെയും മനസ്സുകളില്‍ നിറഞ്ഞുനിന്ന ആശങ്ക ഇതായിരുന്നു. ചെറിയ ഉരസലുകള്‍ പോലും വന്‍ കലാപമായി പടരുന്ന മുന്നനുഭവങ്ങള്‍ കലാമേളയെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കുന്നതില്‍ അധികൃതരെ കുഴക്കി.
എന്നാല്‍, നാദാപുരത്തെ സൗഹൃദ കൂട്ടായ്മയുടെ സ്‌നേഹപൂര്‍വമുള്ള സമ്മര്‍ദത്തിലും ഉറപ്പിലും അധികൃതര്‍ കലാമേള നടത്താന്‍ തന്നെ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ജില്ലാ സ്‌കൂള്‍ കലോത്സവം വന്‍ വിജയമായി. ഉറക്കമൊഴിഞ്ഞ് പരിപാടികള്‍ വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി ഒഴുകിയെത്തിയത് സ്‌കൂള്‍ കലാമേളാ ചരിത്രത്തില്‍ വേറിട്ട അനുഭവമായി. നാദാപുരത്തെക്കുറിച്ച് ഭീതിയോടെ കേട്ടറിഞ്ഞവര്‍ ഇവിടത്തുകാരുടെ ഉള്ളില്‍ തട്ടിയ ആതിഥ്യമര്യാദകള്‍ അടുത്തറിഞ്ഞു.
മേള നടത്തിപ്പിന് പൂര്‍ണമായും വളണ്ടിയര്‍ ചുമതല വഹിച്ചിരുന്നത് നാദാപുരം സൗഹൃദവേദി ഒരുക്കിയ യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. ഇവരില്‍ വിവിധ മത-രാഷ്ട്രീയ വിഭാഗങ്ങളില്‍ പെട്ടവരുണ്ടായിരുന്നു. സൗഹൃദവേദിക്ക് കീഴില്‍ ഇവരെല്ലാം ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. വളണ്ടിയര്‍മാരുടെ പരിശീലന പരിപാടി നാദാപുരം പോലീസ് സ്റ്റേഷനിലാണ് നടന്നത്.
സൗഹൃദവേദി ഭാരവാഹികള്‍, പരിശീലനത്തിനെത്തിയ റൂറല്‍ എസ്.പി അടക്കമുള്ള ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒരു കാര്യം മാത്രമാണ് പറഞ്ഞത്: ''ഇവരെല്ലാം വിവിധ ആശയഗതികളുള്ളവരും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. ഇവരില്‍ പലര്‍ക്കും നെഗറ്റീവ് ഊര്‍ജമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇവരിലെ പോസിറ്റീവ് ഊര്‍ജത്തെ ഉദ്ദീപിപ്പിക്കാനാണ് ശ്രമിച്ചത്. അത് ഫലം കണ്ടു. സന്നദ്ധ സേവനത്തിനായി ഇവരെ ഒരുക്കൂട്ടാന്‍ കഴിഞ്ഞത് ഇതിനാലാണ്.'' കലാമേള വിജയകരമായി പര്യവസാനിച്ചപ്പോള്‍, ക്രമസാധാന ചുമതലയടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എല്ലാ വളണ്ടിയര്‍മാര്‍ക്കും പോലീസ് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി. ഇതിന്റെ മാതൃക പിന്‍പറ്റി പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ പരിപാടികള്‍ നടക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ നാദാപുരത്തിന് ഇന്ന് ഏറ്റവും ആവശ്യവും എന്നാല്‍ ലഭിക്കാത്തതുമായ കാര്യമിതാണെന്ന് തോന്നാറുണ്ട്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കര്‍മശേഷി ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അവരിലെ പോസിറ്റീവ് വശങ്ങളെ പരിപോഷിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നില്ല.
നാദാപുരത്തിന്റെ രാഷ്ട്രീയവും സാമൂഹിക പശ്ചാത്തലവും ഇനിയും ഏറെ മാറേണ്ടതുണ്ടെന്ന് തൂണേരി സംഘര്‍ഷം നമ്മെ ഓര്‍മപ്പെടുത്തുന്നു. സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും, ഉണ്ടാകുമ്പോള്‍ ഇടപെടലുകള്‍ നടത്താനും ഇനിയും കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണം.
തൂണേരി സംഘര്‍ഷ സ്ഥലത്തെ വിവിധ സംഘടനകള്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ പോലും അറിഞ്ഞോ അറിയാതെയോ വിഭാഗീയ രീതിയിലായിരുന്നു എന്നു കാണാം. ഇതിന് അപവാദമായി കണ്ടത് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി. ആരിഫലിയുടെ നേതൃത്വത്തില്‍ സംഘര്‍ഷ സ്ഥലത്തെത്തിയ സാംസ്‌കാരിക നേതാക്കളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ്. നിഷ്ഠുര കൊലപാതകത്തിലും, വീട് തീവെപ്പിലും കൊള്ളയിലും വിറങ്ങലിച്ച, പ്രദേശത്തെ ശ്രദ്ധേയമായ സന്ദര്‍ശനവും ഇതായിരുന്നുവെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തും.
സാഹിത്യ, സാംസ്‌കാരിക നായകന്മാരായ പി.കെ ഗോപി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബി.എം സുഹറ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, തായാട്ട് ബാലന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ പി. മുജീബുര്‍റഹ്മാന്‍, എന്‍.എം അബ്ദുര്‍റഹ്മാന്‍, ഖാലിദ് മൂസാ നദ്‌വി, സമദ് കുന്നക്കാവ്, പി. റുക്‌സാന എന്നിവരടങ്ങിയ സംഘമാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രദേശം സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലും അഗ്നിക്കിരയാക്കപ്പെട്ട വീടുകളിലും സംഘം എത്തിയിരുന്നു.
മഹല്ല് നേതൃത്വവും രാഷ്ട്രീയ, മത സംഘടനകളും വിഭാഗീയതകള്‍ക്കതീതമായ കൂട്ടായ്മകള്‍ രൂപപ്പെടുത്തിയാലേ നാദാപുരത്തെ മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂ. പരസ്പരമുള്ള അവിശ്വാസവും തെറ്റിദ്ധാരണകളും മാറ്റിയെടുക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കണം. തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് താല്‍ക്കാലിക സമാധാനം തിരിച്ചുവന്നേക്കാം. എന്നാല്‍, അവസരം ഒത്തുവരുമ്പോള്‍ വിദ്വേഷത്തിന്റെ തീ തിരിച്ചുവരും. രാഷ്ട്രീയ ലാഭത്തിന്റെ കണ്ണടയില്‍ കൂടി കാര്യങ്ങള്‍ നോക്കിക്കാണുന്ന പതിവ് രീതിയില്‍ നിന്ന് നാദാപുരത്തെ തിരിച്ചുനടത്താന്‍ രാഷ്ട്രീയ നേതൃത്വവും ഇഛാശക്തി പ്രകടിപ്പിക്കണം.
Comments