ഒരു നാണക്കേട് മാറ്റാന്‍ മറ്റൊന്ന്...
ഫണ്ട് തിരിമറി കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകം അങ്ങ് മുംബൈയിലെ ടീസ്റ്റ സെറ്റില്‍വാദിന്റെ വസതിയില്‍ പോലീസ് എത്തിച്ചേര്‍ന്നതിന് യുക്തിസഹമായ എന്തു വിശദീകരണമാണ് നല്‍കാനാവുക? പോലീസ് കൃത്യവിലോപം കൂടാതെ അവരുടെ ജോലി ചെയ്യാന്‍ എത്തിയെന്നാവുമോ? കോടതികള്‍ മുഖം നോക്കാതെ വിധി പറഞ്ഞുവെന്നാണോ? ഗുജറാത്തില്‍ വിധി പറയുമ്പോഴേക്കും മുംബൈ പോലീസും ഗുജറാത്ത് പോലീസിലെ ചില ഉദ്യോഗസ്ഥരും എങ്ങനെ ഇവ്വിധം ഒത്തൊരുമിച്ച് അറസ്റ്റ് നടപ്പാക്കാനെത്തി? ടീസ്റ്റയും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ സുപ്രീംകോടതിയുടെ സ്റ്റേ പുറത്തിറങ്ങുന്നതിനു മുമ്പേ ഗുജറാത്ത് പോലീസിന് ഒരു കൊലച്ചിരിക്കുള്ള അവസരം കിട്ടുമായിരുന്നു. സാധാരണഗതിയില്‍ ഇങ്ങനെയൊരു കേസിലെ ഉത്തരവ് കോടതിയില്‍ നിന്ന് വാറണ്ടായി പുറത്തെത്താനുള്ള സമയം ബാക്കിവെച്ചായിരുന്നില്ല ഈ പോലീസ് സംഘം മുംബൈയില്‍ എത്തിച്ചേര്‍ന്നത്. ക്ഷണനേരത്തിനകം അവര്‍ ഗേറ്റില്‍ എത്തിയിരുന്നു. കോടതി വിധിക്കാന്‍ പോകുന്നത് എന്താണെന്ന് പോലീസിന് നേരത്തേ അറിയാമായിരുന്നു എന്നാണ് ഈ നീക്കം നല്‍കിയ സൂചന. കോടതി വിധി നേരത്തേ പോലീസിന് അറിയാന്‍ കഴിയുന്നതെങ്ങനെ? കേസില്‍ വിധി പറയുന്നതിനു മുമ്പേ ഗുജറാത്തിലെ പോലീസുകാര്‍ക്ക് എങ്ങനെ ഔദ്യോഗികാവശ്യാര്‍ഥം യാത്ര ചെയ്യാനായി? അല്ലെങ്കില്‍ ഈ യാത്ര ആരാണ് സ്‌പോണ്‍സര്‍ ചെയ്തത്?
ഗുജറാത്ത് കലാപക്കേസിലെ ഇരകള്‍ക്കു വേണ്ടി സ്വരൂപിച്ച സബ്‌രംഗിന്റെ ഫണ്ട് ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് വഴിമാറി ഉപയോഗിച്ചുവെന്നാണ് കേസ്. വീട്ടുപകരണങ്ങളും മറ്റു ജീവിതാവശ്യങ്ങളും നിറവേറ്റാന്‍ സ്വകാര്യ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇരുവരും ട്രസ്റ്റ് ഫണ്ടിലെ പണം തിരിമറി ചെയ്തുവെന്നും പോലീസിന്റെ എഫ്.ഐ.ആറിലുണ്ട്. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്ലടച്ച എല്ലാ കാര്യങ്ങളും ഒന്നുകില്‍ സ്വകാര്യം, അല്ലെങ്കില്‍ അഴിമതി എന്നാണ് പോലീസിന്റെ നിലപാട്. വിമാനടിക്കറ്റ്, ജീവനക്കാരുടെ ശമ്പളം മുതലായവ ഇതില്‍ നിന്ന് ഒഴിവാക്കിയാല്‍ മറ്റു ബില്ലുകള്‍ മാത്രമായി ഒഴിവാക്കാനാവില്ല എന്ന തലതിരിഞ്ഞ വാദമായിരുന്നു ഗുജറാത്ത് പോലീസിന്റേത്. കലാപത്തിന്റെ ഓര്‍മക്ക് മ്യൂസിയം നിര്‍മിക്കാനായി പിരിച്ചെടുത്ത തുകയെക്കുറിച്ച വ്യാജ പരാതിയുമായി ചിലര്‍ പോലീസില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കങ്ങളുടെ തുടക്കം. പക്ഷേ ഇങ്ങനെയൊരു തുക സബ്‌രംഗ് പിരിച്ചെടുത്തിട്ടില്ല എന്നും ഈ ആവശ്യാര്‍ഥം ചിലര്‍ നല്‍കിയ സംഭാവന ഇപ്പോഴും അക്കൗണ്ടിലുണ്ടെന്നുമാണ് ടീസ്റ്റ ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല ഈ പരാതി ആരുടേതെന്ന ചോദ്യം ബോധപൂര്‍വം മറച്ചുപിടിക്കുകയുമാണ്. സൊസൈറ്റിയുടെ കൃത്രിമ ലെറ്റര്‍ഹെഡില്‍ ചില വ്യാജന്മാരാണ് ഈ പരാതി നല്‍കിയത്. ഈ ആരോപണവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി സൊസൈറ്റിയുടെ സെക്രട്ടറി ഗുല്‍സാര്‍ ഫിറോസ് പത്താന്‍ രംഗത്തെത്തിയിരുന്നു. ഈ വിശദീകരണം കോടതി മുഖവിലക്കെടുക്കാതെയാണ് ടീസ്റ്റക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാന്‍ അനുവാദം നല്‍കിയത്. ടീസ്റ്റയെ അപമാനിക്കാനായി അഞ്ച് തവണ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച ചരിത്രമുള്ള ഗുജറാത്ത് പോലീസ് ഇത്തവണ അപവാദ പ്രചാരണത്തിലും ബഹുദൂരം മുന്നോട്ടുപോയി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടീസ്റ്റ മദ്യം പോലും വാങ്ങിയിട്ടുണ്ടെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. 2002-ല്‍ കലാപകാലത്ത് പഞ്ച്മഹലില്‍ കൊന്നു കുഴിച്ചുമൂടിയ 28 മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചത് ടീസ്റ്റ ആയിരുന്നു. ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും കുറിച്ച് ഏറെയൊന്നും അന്വേഷണം നടത്താന്‍ ഗുജറാത്ത് പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അനുമതിയില്ലാതെ മൃതദേഹം പുറത്തെടുത്തതിന് ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് ടീസ്റ്റക്കെതിരെ കേസെടുത്ത് ഒടുവില്‍ സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങി നാണം കെടുകയാണ് ഗുജറാത്ത് പോലീസ് ചെയ്തത്. ഗുജറാത്തിന്റെ അഭിമാനത്തിന് ഒട്ടും ഭൂഷണമല്ല ഇത്തരം കേസുകള്‍ എന്നു പോലും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും നാണക്കേടിന്റെ അടുത്ത പര്‍വം താണ്ടാനൊരുങ്ങുകയാണ് സംസ്ഥാന പോലീസ്.
ആരോപിക്കപ്പെട്ട ക്രമക്കേടിന്റെ മഹാഭൂരിപക്ഷം തുകയും ടീസ്റ്റയും ഭര്‍ത്താവും നടത്തിയ വിമാനയാത്രകളുടെ ബില്ലടച്ച ചെലവുകളാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം സാധാരണഗതിയില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ആവശ്യമായി വരാറുള്ളതും. സ്വകാര്യ കാര്‍ഡു കൊണ്ട് വാങ്ങിയ ടിക്കറ്റുകളുടെ തുക സബ്‌രംഗിന്റെ ഫണ്ടില്‍ നിന്ന് ടീസ്റ്റ തിരികെ വാങ്ങിയതിന് കേസെടുത്ത പോലീസ് ജോയന്റ് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകാറില്ലെന്ന യാഥാര്‍ഥ്യം മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. കലാപകേസുകളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകള്‍ക്ക് ടീസ്റ്റ സബ്‌രംഗില്‍ നിന്നു തന്നെയാണ് പണം വാങ്ങിയത്. പക്ഷേ ആദ്യം സ്വന്തം കാര്‍ഡുപയോഗിച്ചു വാങ്ങി പിന്നീട് എഴുതിയെടുക്കുക മാത്രമായിരുന്നു അത്. ജീവനക്കാരുടെ ശമ്പളത്തിനും ഇതേ അക്കൗണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചിട്ടുണ്ട്. ടീസ്റ്റയുടെ സന്നദ്ധ സംഘടനയുടെ അക്കൗണ്ട് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ അരിച്ചു പെറുക്കുന്നതും അവ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതുമാണ്. എന്നിരിക്കെ മോദി അധികാരത്തിലേറിയതിനു ശേഷം മുന്‍കാല പ്രാബല്യത്തില്‍ ഇങ്ങനെയൊരു കേസുമായി ഗുജറാത്ത് പോലീസ് രംഗത്തെത്തുന്നതില്‍ എവിടെയോ ഒരു പന്തികേടില്ലേ? മോദിയുടെ ഭരണകൂടത്തിലെ ഒരു മന്ത്രിയെ അടക്കം കലാപകേസുകളില്‍ ഇതാദ്യമായി 127 ബി.ജെ.പിക്കാരെ ജയിലിലയച്ച ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയോട് പക പോക്കുകയായിരുന്നില്ലേ സംസ്ഥാന സര്‍ക്കാര്‍?
Comments