സംഘര്‍ഷങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍
നാദാപുരം കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷ പ്രദേശങ്ങളിലൊന്നാണ്. ആ സംഘര്‍ഷാരംഭത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാഷ്ട്രീയ ചേരിതിരിവിനൊപ്പം മതവും സമുദായവുമെല്ലാം അതില്‍ വ്യത്യസ്ത തരത്തില്‍ പങ്കാളിയാണ്. മുസ്‌ലിംകളില്‍ ഭൂരിപക്ഷവും മുസ്‌ലിം ലീഗും, ഈഴവ വിഭാഗത്തില്‍പെട്ട ഹിന്ദുക്കള്‍ ഭൂരിപക്ഷവും സി.പി.എമ്മുമായി രാഷ്ട്രീയമായി ചേരിതിരിഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് നാദാപുരം. ലീഗ്-സി.പി.എം രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമുദായിക സ്പര്‍ധയായി രൂപം മാറുന്നതാണ് നാദാപുരത്തിന്റെ സവിശേഷത. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പല കാരണങ്ങളാല്‍ രൂപപ്പെട്ട ഈ സാമുദായിക ചേരിതിരിവിനെ അങ്ങനെ തന്നെ നിലനിര്‍ത്തി വോട്ടു ബാങ്കായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ തന്ത്രമാണ് ലീഗും സി.പി.എമ്മും കാലങ്ങളായി ഇവിടെ പയറ്റുന്നത്.
ഹിന്ദുക്കളെ അപേക്ഷിച്ച് സാമുദായികമായി മുസ്‌ലിംകളില്‍ മിക്കവരും ഭൂവുടമസ്ഥരും സമ്പന്നരുമാണിവിടെ. ഹിന്ദുക്കളാവട്ടെ തെങ്ങുകയറ്റവും മറ്റുമായി ചെറുകിട ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഭൂരിഭാഗവും. ജന്മി-കുടിയാന്‍ കാലത്തുണ്ടായിരുന്ന ഫ്യൂഡല്‍ സ്വഭാവം മുസ്‌ലിം കുടുംബങ്ങളില്‍ ചിലരെങ്കിലും ഇന്നും ഇവിടെ തുടര്‍ന്നു പോരുന്നുണ്ട്. മുസ്‌ലിം കുടുംബങ്ങളിലെ കൊച്ചുകുട്ടികള്‍ പോലും ഈഴവരില്‍പെട്ട പ്രായമുള്ളവരെ പോലും ഒട്ടും ആദരവില്ലാതെ അഭിസംബോധന ചെയ്യുന്ന രീതി ഇന്നുമുണ്ട്. ഗള്‍ഫ് പ്രവാസം നല്‍കിയ സമ്പന്നത മുസ്‌ലിംകളില്‍ ചിലരെയെങ്കിലും ആഡംബര ജീവിതത്തിലേക്കും അതിന്റെ പ്രദര്‍ശനപരതയിലേക്കും നയിച്ചിട്ടുണ്ട്. ഇരു സമുദായങ്ങള്‍ക്കുമിടയിലുള്ള ഈ സാമ്പത്തിക സാമൂഹിക അസമത്വവും നാദാപുരം സംഘര്‍ഷത്തിന്റെ തീവ്രതക്ക് കാരണങ്ങളിലൊന്നാണ്. വ്യക്തിപരമായ ചില്ലറ പ്രശ്‌നങ്ങള്‍ കൊണ്ടാരംഭിക്കുന്ന സംഘട്ടനം രാഷ്ട്രീയപരമായ ചേരിതിരിവിലേക്കും കൊലയിലേക്കും പിന്നീട് കലാപത്തിലേക്കും നയിക്കുകയാണ് നാദാപുരത്തെ പതിവ് രീതി. ഇപ്രാവശ്യവും നടന്നത് അതു തന്നെയാണ്.
മുസ്‌ലിം സമുദായത്തില്‍ പുതുതായി രംഗപ്രവേശം ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് നാദാപുരം ഭാഗത്ത് നിന്ന് ചെറിയ ഒഴുക്കുണ്ടായിരുന്നു. അത്തരമൊരു കൊഴിഞ്ഞുപോക്കിനെ തടയാന്‍ ലീഗ് തന്ത്രം മെനഞ്ഞിരുന്നു. സമുദായത്തിന് സംരക്ഷണവും പ്രതിരോധവും ഒരുക്കാന്‍ ലീഗിനും സാധിക്കുമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അവിടെ ലീഗിന്റെ ഭാഗത്തുനിന്നുണ്ടായത് ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ചില ക്രിമിനല്‍ സ്വഭാവമുള്ള ചെറുപ്പക്കാരെ നാദാപുത്ത് ലീഗ് സപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങനെയാണ്. അതില്‍ പെട്ട തെയ്യമ്പാടി ഇസ്മാഈല്‍ എന്ന ക്രിമിനലും സംഘവുമാണ് ചെറിയൊരു വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഷിബിന്‍ എന്ന പത്തൊമ്പത് വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയും കാപ്പ നിയമപ്രകാരം ജയിലില്‍ കിടന്ന ഗുണ്ടയുമാണ് ഇസ്മാഈല്‍. കൈമഴു, വാള്‍ എന്നിവ ഉപയോഗിച്ച് നിഷ്ഠൂരമായാണ് ഷിബിനെ കൊലയാളി സംഘം വെട്ടിക്കൊന്നത്.
കൊല്ലപ്പെട്ടത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കൊല നടത്തിയത് ലീഗ് പിന്തുണയുള്ളവരുമായതിനാല്‍ ഉടനടി രാഷ്ട്രീയ പ്രതികാരം ഉറപ്പായിരുന്നു. കൊല്ലപ്പെട്ടവരുടെ വിലാപ യാത്രയുടെ മറവില്‍ സംഘര്‍ഷങ്ങള്‍ അഴിച്ചുവിടുക എന്നത് നാദാപുരത്തെ ഇതിനുമുമ്പുള്ള സംഘര്‍ഷങ്ങളിലെല്ലാമുണ്ടായ പതിവ് രീതിയുമാണ്. അത്തരം സംഘട്ടനങ്ങള്‍ തടയാനുള്ള എല്ലാ സംവിധാനവുമുള്ള വജ്രം കാറ്റഗറി പോലീസ് സ്റ്റേഷനുള്ള പ്രദേശമാണ് നാദാപുരം. കണ്‍ട്രോള്‍ റൂം സംവിധാനവും ഫയര്‍സ്റ്റേഷനുമെല്ലാം അതിന്റെ ഭാഗമായി നാദാപുരത്തുണ്ട്. ഈ സംവിധാനം നിലനില്‍ക്കുന്ന കേരളത്തിലെ ഏക ഗ്രാമീണ മേഖലയാണ് നാദാപുരം. എന്നിട്ടും ഷിബിന്റെ വിലാപയാത്രയോടനുബന്ധിച്ചും തുടര്‍ന്നുമുണ്ടാകാന്‍ ഇടയുള്ള സംഘര്‍ഷ സാധ്യത മനസ്സിലാക്കി മുന്‍കരുതലെടുക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറായില്ല. പോലീസിന്റെ ബോധപൂര്‍വമുള്ള ഈ നിഷ്‌ക്രിയത്വമാണ് മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയത്. പോലീസ് എന്തുകൊണ്ട് നിഷ്‌ക്രിയമായി എന്ന ചോദ്യത്തിനുത്തരം സി.പി.എം നേതാക്കള്‍ അവരെ ഭീഷണിപ്പെടുത്തി എന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ മാറാന്‍ അധിക കാലമില്ലെന്നും അടുത്ത ഭരണം തങ്ങള്‍ക്കായിരിക്കുമെന്നും അതിനാല്‍ 'ഇടപെട്ടാല്‍' വിവരം അന്നറിയുമെന്നും സി.പി.എം നേതാക്കള്‍ പോലീസ് മേധാവികളെ ഭീഷണിപ്പെടുത്തി എന്നു വേണം അനുമാനിക്കാന്‍. പട്ടാപ്പകല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന തീവെയ്പും കൊള്ളയും നടന്നിട്ടും പോലീസ് തിരിഞ്ഞ് നോക്കാതിരിക്കാന്‍ മറ്റൊരു കാരണം കാണുന്നില്ല. 'ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ജീവന്‍ വേണമെങ്കില്‍ വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ടോ' എന്നുമായിരുന്നു പോലീസിനോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയെന്ന് നാദാപുരം ഇരകള്‍ നേരിട്ട് പറഞ്ഞതില്‍ നിന്ന് പോലീസിന്റെ നിഷ്‌ക്രിയത്വത്തിന്റെ രാഷ്ട്രീയ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. പോലീസ് സംവിധാനം പുലര്‍ത്തിയ നിഷ്‌ക്രിയത്വം പോലെ ജില്ലാഭരണകൂടത്തിന്റെ അലംഭാവവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നൂറിനടുത്ത് കുടുംബങ്ങള്‍ക്ക് നാടു വിട്ടുപോകേണ്ട സാമൂഹികാവസ്ഥയുണ്ടായിട്ടും ജില്ലാ ഭരണാധികാരി കൂടിയായ കലക്ടര്‍ അങ്ങോട്ട് തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല.
ഷിബിന്റെ വിലാപയാത്രക്ക് ശേഷം അരങ്ങേറിയ ആസൂത്രിത ആക്രമണങ്ങളില്‍ 74 വീടുകളാണ് പൂര്‍ണമായും നശിപ്പിക്കപ്പെട്ടത്. 70 വീടുകളില്‍ നിന്നായി 700 പവന്‍ സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കവര്‍ന്നു. വിലപിടിപ്പുള്ള വീട്ടുപകരണങ്ങളെല്ലാം കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. കിണറുകളടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗശൂന്യമാക്കി. എല്ലാ വീടുകളും ആക്രമിക്കപ്പെട്ടത് ഒരേ മാതൃകയിലായിരുന്നു. അക്രമങ്ങളില്‍ കൃത്യമായ ആസൂത്രണവും സംഘടനാ മികവും പ്രതിഫലിച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ട വീടുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം സാധാരണക്കാരുടേതാണ്. പലരും ഗള്‍ഫിലും മറ്റും കഷ്ടപ്പെട്ട് ഒരായുഷ്‌ക്കാലം കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നങ്ങളാണ് നിമിഷങ്ങള്‍ കൊണ്ട് അക്രമി സംഘം കത്തിച്ച് ചാമ്പലാക്കിയത്. അവര്‍ഗീയ സംഘടനയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സി.പി.എമ്മിന്, മുസ്‌ലിംകളായി എന്നതിന്റെ പേരില്‍ മാത്രം സാധാരണക്കാരുടെ വീടും വസ്തുവകകളും നശിപ്പിക്കാന്‍ പ്രവര്‍ത്തകരെ സന്നദ്ധരാക്കാന്‍ എങ്ങനെയാണ് സാധിച്ചതെന്ന് ഇനിയും മനസ്സിലാവാത്ത കാര്യമാണ്. തങ്ങളുടെ പ്രവര്‍ത്തകരല്ല അക്രമികള്‍ എന്ന് സി.പി.എമ്മിന്റെ ചില നേതാക്കള്‍ പ്രസ്താവനകളിറക്കിയിരുന്നു. എന്നാല്‍ നാദാപുരം സന്ദര്‍ശന വേളയില്‍ കണ്ട ഇരകളായ കുടുംബിനികളില്‍ പലരും അക്രമികളെ തിരിച്ചറിഞ്ഞവരായിരുന്നു. അവരെല്ലാം സി.പി.എം പ്രവര്‍ത്തകരായിരുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതക്കാള്‍ക്കത് നിഷേധിക്കാനുമാവില്ല.
ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എക്കാലത്തും നാദാപുരം സംഘര്‍ഷങ്ങളില്‍ പങ്കാളിത്തമുണ്ടാവാറുണ്ട്. ചിലപ്പോഴത് ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. ഓരോ സംഘര്‍ഷം കഴിയുമ്പോഴും താല്‍ക്കാലിക രാഷ്ട്രീയ അടവുനയങ്ങളുടെ ഭാഗമായി സമാധാന ചര്‍ച്ചകളും നേതാക്കന്മാര്‍ തമ്മിലുള്ള സൗഹൃദ ഹസ്തദാനങ്ങളും നാദാപുരത്തുണ്ടാവും. അത്തരം താല്‍ക്കാലിക വെടിനിര്‍ത്തലല്ല സ്ഥിരമായ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനുള്ള പദ്ധതികളാണ് നാദാപുരത്തിനാവശ്യം. നിര്‍ഭയമായി ജീവിക്കാനുള്ള അവസ്ഥയുണ്ടായാലേ തിരിച്ചുപോകാന്‍ ധൈര്യമുള്ളൂവെന്നാണ് വീട് വിട്ട് ഓടിപ്പോവേണ്ടി വന്ന സ്ത്രീകളധികവും പറയുന്നത്. അതിനാവശ്യം ഇരു സമുദായങ്ങള്‍ക്കുമിടയിലുള്ള വിടവ് കുറക്കാന്‍ വേണ്ട തുടര്‍പദ്ധതികള്‍ ആസൂത്രണം ചെയ്യലാണ്. പക്ഷേ, അത്തരം ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുക വയ്യ. താല്‍ക്കാലിക വെടിനിര്‍ത്തലുകളിലാണ് അവര്‍ക്കെന്നും താല്‍പര്യം. ഇടക്കെല്ലാം സംഘര്‍ഷമുണ്ടാവുന്നത് അവരുടെ വോട്ടു ബാങ്കിന് ഗുണകരമാണെന്നാണ് അവരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ പാണക്കാട് ഹൈദരലി തങ്ങള്‍, കൊല്ലപ്പെട്ട ഷിബിന്റെ വീട് സന്ദര്‍ശിക്കുമെന്ന് കേട്ടപ്പോഴേക്കും സി.പി.എം ജില്ലാ സെക്രട്ടറി ക്ഷണമില്ലാഞ്ഞിട്ടും അവിടെ ഓടിയെത്തി. പാണക്കാട് തങ്ങളുമായി സംസാരിച്ചു. ഹസ്തദാനം നല്‍കി. വൈകാതെ കൊലപാതകത്തിന് പിന്നിലെ ക്രിമിനലുകള്‍ പോലീസിന് കീഴടങ്ങി. ഇനി പതിവുപോലെ ചില സമാധാന ചര്‍ച്ചകളും സാമ്പത്തിക പാക്കേജുകളും സര്‍ക്കാര്‍ പ്രഖ്യാപിക്കും. അതോടെ പ്രശ്‌നം പരിഹരിച്ചതായി ഇരുകൂട്ടരും പ്രസ്താവനയിറക്കും. മൗലികമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ ഇരുവിഭാഗവും തയാറാവില്ല. അതിന് മുന്നിട്ടിറങ്ങുന്നവരെ അംഗീകരിക്കുകയുമില്ല. കാരണം സംഘര്‍ഷം എന്നന്നേക്കുമായി അവസാനിക്കുന്നത് രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തും. കേരളത്തിലെ കലാപ പ്രദേശങ്ങളിലെല്ലാമുള്ള മൗലിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ കാരണമിതാണ്. ജനം അത് തിരിച്ചറിയാത്തിടത്തോളം കാലം ഇവിടങ്ങളിലെല്ലാം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യത.
Comments